

കാസർഗോഡ് പാലാവയൽ സ്വദേശിയായ ബൈജു-ജെസി ദമ്പതികൾക്ക് ആറ് മക്കളാണുള്ളത്. ദൈവം തങ്ങൾക്ക് നൽകിയ സമ്മാനമായിട്ടാണ് ഈ മാതാപിതാക്കൾ അവരെ സ്വീകരിച്ചിരിക്കുന്നത്. കാരണം, മക്കളുണ്ടാകില്ലെന്നു പറഞ്ഞ മെഡിക്കൽ റിപ്പോർട്ടിനെയെല്ലാം മറികടന്നുണ്ടായതാണ് ഈ ആറ് മക്കളും. പ്രവാസികളായിരിക്കുമ്പോൾ ഉണ്ടായ ആറ് മക്കളെയും നല്ല രീതിയിൽ വളർത്താനും ജോലിത്തിരക്കുകൾ മക്കളുടെ വളർച്ചയ്ക്ക് ഒരു തടസ്സമാകാതെയിരിക്കാനും ഇവർ നാട്ടിൽ തിരിച്ചെത്തി. ഇന്ന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പന്നി-കോഴി ഫാം ഇവർക്കുണ്ട്. മക്കളും ഇക്കാര്യങ്ങളിലൊക്കെ സജീവപങ്കാളികളാണ്. തുടർന്നു വായിക്കുക.
ചെറുപ്പത്തിൽ തന്നെ പ്രവാസജീവിതത്തിലേക്ക്
പത്താം ക്ലാസ്സ് കഴിഞ്ഞ് സലേഷ്യൻ സെമിനാരിയുടെ പടവുകൾ കയറുമ്പോൾ ബൈജുവിന്റെ മനസ്സിൽ ആത്മീയതയുടെ വഴികളായിരുന്നു. എന്നാൽ, മൂന്ന് വർഷത്തെ പ്രാർഥനകൾക്കൊടുവിൽ തന്റെ ‘ദൈവവിളി’ ഇതല്ലെന്ന് ബൈജു തിരിച്ചറിഞ്ഞു. തുടർന്ന്, പ്രീഡിഗ്രിയും ഐടിഐയും പൂർത്തിയാക്കി. ഒപ്പം സോഷ്യോളജിയിൽ ബിരുദവും നേടി.
ഇരുപതാം വയസ്സിൽ പ്രവാസജീവിതം ആരംഭിച്ച ബൈജു 2003 ൽ അബുദാബിയിലെത്തുമ്പോൾ കൂടെയുണ്ടായിരുന്ന അഞ്ഞൂറോളം പേരിലെ ഒരേയൊരു മലയാളി ആയിരുന്നു. ബാക്കിയെല്ലാവരും പാക്കിസ്ഥാനികളും ഉത്തരേന്ത്യക്കാരും. ആ ഭാഷാ-സാംസ്കാരിക ഒറ്റപ്പെടലിൽ ബൈജുവിന് ആകെയുണ്ടായിരുന്ന കൂട്ട് പ്രാർഥനയായിരുന്നു. ആ നാളുകളിലാണ് അദ്ദേഹം ഷാർജയിലെയും അബുദാബിയിലെയും ‘ജീസസ് യൂത്ത്’ പ്രസ്ഥാനത്തിന്റെ സജീവ സാരഥിയാകുന്നത്.
‘കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്ന’ മെഡിക്കൽ റിപ്പോർട്ട് തിരുത്തിയെഴുതിയ ജീവിതം
2007 ലാണ് അബുദാബിയിൽ ജനിച്ചുവളർന്ന ജെസിയെ ബൈജു വിവാഹം കഴിക്കുന്നത്. ഒരു കുഞ്ഞുണ്ടാകാൻ മെഡിക്കൽപരമായി യാതൊരു സാധ്യതയുമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതിനാൽ, വിവാഹജീവിതമേ വേണ്ടെന്നുവച്ചിരിക്കുകയായിരുന്നു ജെസി. ആ പ്രതിസന്ധിയെ സ്നേഹത്തോടെയും വിശ്വാസത്തോടെയും നേരിടാൻ ബൈജു തയ്യാറായതോടെ ആ ദാമ്പത്യത്തിന് തുടക്കമായി.
അവിടെയാണ് ശാസ്ത്രത്തെ തോൽപിച്ച് ദൈവം അദ്ഭുതം കാട്ടിയത്. ദൈവഹിതത്തിനു മുൻപിൽ ‘ആമ്മേൻ’ പറഞ്ഞ ആ ദമ്പതികൾക്ക് ദൈവം നൽകിയത് ആറ് മക്കളെയാണ്. സാമ്പത്തികമായി വലിയ ഉന്നതിയിലൊന്നും അല്ലാതിരുന്നിട്ടും ദൈവം നൽകിയ ആറ് മക്കളെയും അവർ സന്തോഷത്തോടെ സ്വീകരിച്ചു. കോസ്മെറ്റിക്സ് സെയിൽസ് രംഗത്ത് ജോലിചെയ്തിരുന്ന ജെസിയുടെയും ബൈജുവിന്റെയും ഈ വലിയ കുടുംബം പ്രവാസലോകത്തെ പല ദമ്പതികൾക്കും ഗർഭച്ഛിദ്രം പോലുള്ള തെറ്റായ തീരുമാനങ്ങളിൽ നിന്ന് പിന്മാറാനും കുടുംബബന്ധങ്ങൾ വീണ്ടെടുക്കാനും വലിയൊരു പ്രചോദനമായി മാറി.
പ്രവാസജീവിതത്തിൽ നിന്നും നാട്ടിലേക്ക്
നാൽപത് വയസ്സാകുമ്പോഴേക്കും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങണമെന്നത് ബൈജുവിന്റെ വലിയൊരു ആഗ്രഹമായിരുന്നു. വലിയ സമ്പാദ്യങ്ങളൊന്നും ബാക്കിവയ്ക്കാനില്ലായിരുന്നെങ്കിലും, സ്വന്തമായി ഒരു വീടും കുറച്ച് സ്ഥലവും അവർ സമ്പാദിച്ചിരുന്നു. അങ്ങനെ 2018 മെയ് മാസത്തിൽ, പ്രവാസത്തിന്റെ തിരക്കുകളിൽ നിന്നും മക്കളെയും കൂട്ടി അവർ നാട്ടിലേക്ക് തിരിച്ചെത്തി.ആ സമയത്ത് നാട്ടിലെത്തിയതിനാൽ 2020 ലെ കോവിഡ് പ്രതിസന്ധിക്ക് തൊട്ടുമുൻപു തന്നെ നാട്ടിൽ സുരക്ഷിതമായി സെറ്റിലാകാൻ ബൈജുവിനും കുടുംബത്തിനും കഴിഞ്ഞു. പ്രവാസലോകത്ത് പലർക്കും ജോലി നഷ്ടപ്പെട്ട ആ നാളുകളിൽ, പ്രകൃതിയോടിണങ്ങി സ്വന്തം മണ്ണിൽ ജീവിക്കാൻ കഴിഞ്ഞത് ദൈവത്തിന്റെ വലിയ കരുതലായി ഇവർ കാണുന്നു.
നാട്ടിൽ തിരിച്ചെത്തിയ ശേഷം മറ്റ് ജോലികളിലേക്കൊന്നും പോകാതെ കാർഷികമേഖലയിലേക്കു തന്നെ അദ്ദേഹം തിരിഞ്ഞു. ഫാമിലെ ജോലികളിലും കൃഷിമേഖലകളിലുമെല്ലാം ബൈജുവിനോടൊപ്പം തന്നെ ജെസിയുമുണ്ട്; കൂടെ മക്കൾ ആറുപേരും!
ഇന്ന് പാലാവയലിലെ ഒരു മികച്ച കർഷകനാണ് ബൈജു. ആധുനികരീതിയിലുള്ള ഒരു വലിയ പന്നിഫാമും കോഴിഫാമും കൃഷിയുമൊക്കെയായി അദ്ദേഹം തിരക്കിലാണ്. വിവിധ പ്രായത്തിലുള്ള 250 ഓളം പന്നികളാണ് ഇവരുടെ ഫാമിലുള്ളത്. ഹോട്ടലുകളിൽ നിന്നും മറ്റും പ്രതിദിനം എത്തുന്ന മൂന്ന് ടൺ ഭക്ഷണാവശിഷ്ടങ്ങളാണ് ഈ ഫാമിൽ തീറ്റയായി ഉപയോഗിക്കുന്നത്.
മൂത്തമകൻ കോട്ടയത്ത് നീറ്റ് (NEET) പരിശീലനത്തിലാണ്. ബാക്കി അഞ്ച് മക്കളും സ്കൂൾ വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഡേവിഡ്, ക്രിസ്റ്റീന, അൽഫോൻസ, തെരേസ, ആൻ മരിയ, ആന്റണി എന്നീ ആറ് മക്കളും ഭാര്യ ജെസിയും ബൈജുവിനൊപ്പം ഫാമിന്റെയും കൃഷിയുടെയും എല്ലാ കാര്യങ്ങളിലും സജീവമായി ഒപ്പമുണ്ട്. മാതാപിതാക്കളുടെ വഴിയിലൂടെ മക്കളും ജീസസ് യൂത്തിന്റെ ഭാഗമായി വളരുന്നു.
മാറുന്ന മലയാളിചിന്തകൾക്കിടയിൽ, കൂടുതൽ കുഞ്ഞുങ്ങൾ ഭാരമാണെന്ന് കരുതുന്ന പുതുതലമുറയ്ക്കു മുൻപിൽ വിശ്വാസവും അധ്വാനവുമുണ്ടെങ്കിൽ ജീവിതം മനോഹരമാക്കാമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയാണ് ബൈജുവും ജെസിയും.
സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ




