നീലകണ്ഠ പിള്ള എന്ന വിശുദ്ധ ദേവസഹായം

സി. നിമിഷ റോസ് CSN

ഇന്ത്യയുടെ ആദ്യത്തെ രക്തസാക്ഷിയും അത്മായ വിശുദ്ധനുമാണ് ദേവസഹായം പിള്ള. ഹൈന്ദവനായി ജനിച്ച, തിരുവിതാംകൂറിന്റെ സൈന്യാധിപനായിരുന്ന ഒരു മനുഷ്യൻ ക്രിസ്‌തുവിനുവേണ്ടി വിശ്വസിക്കാനാവാത്തവിധം സഹനങ്ങൾ ഏറ്റുവാങ്ങി 40-ാം വയസ്സിൽ രക്തസാക്ഷിയായ കഥ അവിശ്വസനീയമായി തോന്നിയേക്കാം. അത്രമേൽ ക്രൂരമായ പീഡനങ്ങളിലൂടെ ഈ മനുഷ്യൻ കടന്നുപോകേണ്ടിവന്നു. മൂന്നുവർഷമാണ് കഠിനമായ യാതനകളിലൂടെ അദ്ദേഹം കടന്നുപോയത്. ഒരു പക്ഷേ, വിസ്മയത്തോടെമാത്രം സമീപിക്കാവുന്ന അദ്ദേഹത്തിന്റെ ജീവിതം കൂടുതൽ അറിയാം.

“എന്റെ സ്നേഹഭാജനമേ, എന്നെ ഓർത്ത് നീ സങ്കടപ്പെടേണ്ട. ഇതെല്ലാം ദൈവത്തിനു കാണിക്കയായി നല്കി സ്വർഗഭാഗ്യത്തിന് അർഹയാകണം. നമുക്കു രണ്ടുപേർക്കും സ്വർഗത്തിൽ പിതാവിന്റെ അടുത്ത് ഒന്നായി ജീവിക്കാം. ആ ദിവസത്തിനായി നീ ജീവിക്കണം.” മരണം വിദൂരത്തല്ലാത്ത ജീവിത വിനാഴികയിൽ ദേവസഹായം എന്ന നീലകണ്ഠ പിള്ള തന്റെ ഭാര്യ ജ്ഞാനപ്പൂവിനെ (ഭാർഗവിയമ്മ) ശക്തിപ്പെടുത്തിയ വാക്കുകളായിരുന്നു ഇത്. ഈ രംഗവും വാക്കുകളും കണ്ണുകളെ ഈറനണിയിച്ചു എങ്കിലും ജ്ഞാനപ്പൂവിന്റെ ഹൃദയം ബലപ്പെട്ടു. ആ മരണമുഖത്ത് അവരൊന്നിച്ചു മുട്ടുകുത്തി കൈകൾ കൂപ്പി ഇങ്ങനെ പ്രാർഥിച്ചു: ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ….’ പിന്നെ അവർ എന്നന്നേക്കുമായി പിരിഞ്ഞു.

ഒരിടത്തൊരിടത്ത്

തിരുവിതാംകൂറിന് തിരുവിതാംകോട് എന്നു പേരുണ്ടായിരുന്ന കാലം. പത്മനാഭപുരം ആയിരുന്ന തലസ്ഥാന നഗരത്തിനടുത്തുള്ള നട്ടാലം ഗ്രാമത്തിൽ പൂജാരിയായിരുന്ന മരുതം കുളങ്ങര വാസുദേവൻ നമ്പൂതിരിയുടെയും ദേവകിയമ്മയുടെയും മകനായി 1712 ഏപ്രിൽ 23-ന് നീലകണ്ഠ പിള്ള ജനിച്ചു. ബ്രാഹ്മണർക്കും ക്ഷത്രിയർക്കുംമാത്രം വിദ്യാഭ്യാസം അനുവദനീയമായ കാലമായിരുന്നു അത്. നീലകണ്ഠ പിള്ള സംസ്കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളിലും തർക്കം, വേദാന്തം, വ്യാകരണം മുതലായ വിഷയങ്ങളിലും അറിവുനേടി. പുരാണപാരായണത്തിലും ആയുധാഭ്യാസത്തിലും സാമർഥ്യം തെളിയിച്ച നീലകണ്ഠപ്പിള്ള പ്രകൃത്യാ സുശീലനായിരുന്നു. അറിവിലും പ്രാപ്തിയിലും മുന്നിട്ടുനിന്ന നീലകണ്ഠ പിള്ള തന്നെയായിരുന്നു കുടുംബകാര്യങ്ങൾ നോക്കിനടത്തിയിരുന്ന യുവകാരണവർ. ഉയർന്ന വിദ്യാഭ്യാസവും സഹാനുഭൂതിയും കൈമുതലായ നീലകണ്ഠ‌പ്പിള്ളയെ ‘സേനാനായകൻ’, ‘ദീനദയാലു’ എന്നൊക്കെയാണ് സമീപവാസികളായ കുടിയാന്മാർ വിളിച്ചിരുന്നത്. തിരുവിതാംകോടിനടുത്തുള്ള മേക്കാട് തറവാട്ടിൽ നിന്ന് ഭാർഗവിയമ്മയെ ജീവിതസഖിയായി അദ്ദേഹം സ്വീകരിച്ചു.

നീലകണ്ഠ പിള്ളയുടെ വാഗ്വിലാസവും സ്വഭാവമഹിമയും ഉത്തരവാദിത്വബോധവും ജനപ്രീതിയും ശ്രദ്ധയിൽപെട്ട തിരുവിതാംകൂർ രാജാവായ അനിഴം തിരുനാൾ മാർത്താണ്‌ഡവർമ്മ 21 വയസ്സുമാത്രം പ്രായമുള്ള ആ ചെറുപ്പക്കാരനെ സൈന്യാധിപത്യവും കൊട്ടാരമേലന്വേഷണവും ഭരമേല്പിച്ചു.

കുളച്ചൽ യുദ്ധവും പുതിയ സൗഹൃദവും

ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയും മാർത്താണ്ഡവർമ്മയും തമ്മിലുണ്ടായ ചരിത്രപ്രസിദ്ധമായ കുളച്ചൽയുദ്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് (1741) നീലകണ്ഠപിള്ളയുടെ ജീവിതത്തിന്റെ ഗതി മാറ്റിയ ഒരു സൗഹൃദം രൂപപ്പെട്ടത്.

ഡച്ച് നാവികസേനയെ കീഴ്പ്‌പെടുത്തി സൈന്യാധിപനായ യുസ്‌താക്കിയൂസ് ബെനഡിക്ട് ഡിലനോയെ യുദ്ധത്തടവുകാരനായി മാർത്താണ്ഡവർമ്മ പിടികൂടി. തടവുകാരൻ ഡിലനോയുടെ ബുദ്ധിവൈഭവവും കർമ്മകുശലതയും മനസ്സിലാക്കിയ മാർത്താണ്ഡവർമ്മ രാജാവ് അദ്ദേഹത്തെ തിരുവിതാംകോട്ടെ സൈന്യവിഭാഗത്തിന്റെ ചുമതല ഏല്പിച്ചു. അങ്ങനെ സൈനികസംബന്ധമായ കാര്യങ്ങളിലൂടെ നീലകണ്ഠ‌പ്പിള്ളയും ഡിലനോയും ഉറ്റ സുഹൃത്തുക്കളായി.

ഒരുദിവസം നീലകണ്ഠപ്പിള്ളയുടെ മുഖത്ത ദുഃഖഭാവം കണ്ട് ഡിലനോയി കാര്യം തിരക്കി. കുടുംബത്തിലെ രോഗവും മറ്റു കഷ്‌ടപ്പാടുകളുമാണ് അസ്വസ്ഥതയുടെ കാരണമെന്നു നീലകണപ്പിള്ള പറഞ്ഞു. ഡിലാനോയി താൻ അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ പരിചയപ്പെടുത്തിക്കൊണ്ട് നീതിമാനായ ജോബിനെക്കുറിച്ചും ക്രിസ്തുവിനെപ്രതിയുള്ള സഹനങ്ങളുടെ മൂല്യത്തെക്കുറിച്ചും വാചാലനായി. ഇത്തരം സംഭാഷണങ്ങൾ ക്രിസ്തുവിനോടുള്ള സ്നേഹത്താൽ നീലകണ്ഠപ്പിള്ളയുടെ ഹൃദയം ജ്വലിക്കുന്നതിനിടയാക്കി. എത്രയും വേഗം ക്രിസ്തുവിന്റെ അനുയായി ആയി മാറാൻ നീലകണ്ഠപ്പിള്ള ആഗ്രഹിച്ചു. ജ്ഞാനസാന അഭ്യർഥനയുമായി ഡിലനോയുടെ വികാരിയായിരുന്ന ഫാ. പീറ്റർ പെരിയോറോസിനെ സമീപിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം വടക്കൻകുളം ഇടവക വികാരി ഫാ. ജോൺ ബാപ്റ്റിസ്‌റ്റ് പുട്ടാരിയുടെ അടുത്തെത്തിയെങ്കിലും ഉടനടിയുള്ള ജ്ഞാനസ്നാനം നിഷേധിക്കപ്പെട്ടു. നീലകണ്ഠപ്പിള്ള പറഞ്ഞു: “ആരുടെയും നിർബന്ധത്തിനു വഴങ്ങിയല്ല, ദൈവഹിതമാണെന്നു തിരിച്ചറിഞ്ഞുകൊണ്ടാണ് ഞാൻ ഈ തീരുമാനം എടുത്തത്. പരിശുദ്ധാത്മാവ് എന്റെ സഹായത്തിനുണ്ട്. എന്റെ വിശ്വാസം തെളിയിക്കാനായി ഞാൻ യേശുവിന്റെ കാൽവരി യാത്രയെ പിന്തുടരും. എന്റെ സ്വത്തും സുഖങ്ങളും ആത്മാവിനെപ്പോലും ദൈവത്തിനായി സമർപ്പണം ചെയ്യാൻ ഞാൻ തയ്യാറാണ്. അതിനാൽ എന്നെ സത്യസഭയിൽ ചേർത്തരുളണം.” അങ്ങനെ 1745 മെയ് 17-ന് നീലകണ്ഠപ്പിള്ള മാമ്മോദീസ സ്വീകരിച്ച് ദേവസഹായം പിള്ള (ലാസർ) ആയിത്തീർന്നു. ദേവസഹായത്തിന്റെ ക്രിസ്‌ത്വനുഭവങ്ങൾ താമസിയാതെ ഭാർഗവിയമ്മയെയും ക്രിസ്തുവിലേക്കടുപ്പിച്ചു. അവളും ജ്ഞാനസ്നാനം സ്വീകരിച്ച് ജ്ഞാനപ്പൂവ് (ത്രേസ്യ) എന്ന പേര് സ്വീകരിച്ചു.

ഉത്തമ ക്രൈസ്‌തവരായി രണ്ടുപേർ

ഇരുവരുടെയും സുകൃതജീവിതം അയൽക്കാരെയും ബന്ധുക്കളെയും ക്രിസ്‌തുവിലേക്ക് ആകർഷിച്ചു. ഉന്നതകുലജാതരുടെ കൂട്ടത്തോടെയുള്ള ക്രിസ്‌തുമത ആശ്ലേഷം രാജാവിനെയും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയായിരുന്ന രാമയ്യൻ ദളവയെയും രോഷാകുലരാക്കി. മൂവായിരത്തോളംപേർ ദേവസഹായംവഴി ക്രിസ്‌തുമതം സ്വീകരിച്ച വിവരമറിഞ്ഞ് ദേവസഹായത്തെ രാജസന്നിധിയിലേക്കു വിളിപ്പിച്ച് ക്രിസ്‌തുമതം ഉപേക്ഷിക്കാൻ കല്പിച്ചു. അല്ലെങ്കിൽ എല്ലാ ക്രൈസ്‌വരെയും നാടുകടത്തുമെന്നും ദേവസഹായത്തെ പീഡിപ്പിച്ചുകൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ, അദ്ദേഹം പറഞ്ഞു: “എന്റെ പേരിൽ ക്രൈസ്തവരെ ശിക്ഷിക്കരുത്. ഏതു ശിക്ഷയും സ്വീകരിക്കാൻ എന്റെ ശരീരം ഞാൻ നിങ്ങൾക്കു തരുന്നു. എന്റെ ആത്മാവ് ദൈവത്തിനുള്ളതാണ്.”

മരണത്തിലേക്കു ചുവടുറപ്പിച്ച്

അവസാനത്തെ സന്ദർശനത്തിനായി വീട്ടിലെത്തിയ സുഹൃത്ത് ഡിലനോയോട് അദ്ദേഹം ‘യേശുവിലുള്ള വിശ്വാസത്തെപ്രതി രക്തസാക്ഷിയാകാൻ ഞാൻ തയ്യാറാണ്’ എന്ന് ഏറ്റുപറഞ്ഞു. ആ അവസാന കൂടിക്കാഴ്‌ചയ്‌ക്കൊടുവിൽ ഡിലാനോയും ദേവസഹായവും ജ്ഞാനപ്പൂവും ഒന്നിച്ച് പത്മനാഭപുരത്തുള്ള ദൈവാലയത്തിൽ ദിവ്യബലിയിൽ പങ്കുകൊണ്ട് ദിവ്യകാരുണ്യം സ്വീകരിച്ചു പരസ്പ‌രം ശക്തിപ്പെടുത്തി. മരണത്തിനുപോലും വേർപെടുത്താനാകാത്ത സുഹൃത്തിന്റെ വിശ്വാസദാർഢ്യം കണ്ട ധീരസേവകനായ ഡിലനോയുടെ കണ്ണുകൾ ഒരു നിമിഷം ഈറനണിഞ്ഞെങ്കിലും ജപമാലയുടെ സംരക്ഷണകോട്ട തീർത്ത് ആ സുഹൃത്ത് ദേവസഹായത്തെ അദ്ദേഹത്തിന്റെ മരണംവരെയും അനുധാവനം ചെയ്തിരുന്നു.

പീലാത്തോസിന്റെ മുൻപിൽ നിന്ന ക്രിസ്തവിനെപ്പോലെ ദേവസഹായം രാജസന്നിധിയിൽ ‘കുറ്റാരോപിതനായി നിർത്തപ്പെട്ടു. ക്രിസ്തുവിനെപ്രതി ഏതു ശിക്ഷയും സ്വീകരിക്കാൻ താൻ തയ്യാറാണെന്ന ദേവസഹായത്തിന്റെ വാക്കുകൾ രാജാവിനെ തെല്ലൊന്ന് അമ്പരപ്പിച്ചു. ഒരു നിമിഷം പതറിയ അദ്ദേഹം ദേവസഹായത്തെ കാരാഗൃഹത്തിലടച്ചു. 1749 ഫെബ്രുവരി 23-നായിരുന്നു അത്. അവിടെവച്ച് രാമയ്യൻ ദളവയുടെ നേതൃത്വത്തിൽ പുറംലോകമറിയാത്ത അനേകം പീഡനങ്ങളിലൂടെ ദേവസഹായം കടന്നുപോയി.

ഭക്ഷണവും വെള്ളവുമില്ലാതെയും ചാട്ടവാറടികൾ ഏറ്റും ദേവസഹായം ഏറെ ക്ഷീണിതനായി. എങ്കിലും തന്നോടൊപ്പം തടവിലുണ്ടായിരുന്ന തൊമ്മമുത്ത് എന്ന കവിയോടൊപ്പം പൗലോസിനെയും സീലാസിനെയുംപോലെ തടവറയിൽ അവർ ദൈവസ്തുതികൾ ഉച്ചത്തിൽ ആലപിച്ചുകൊണ്ടിരുന്നു. യേശുവിനെപ്രതി ദേവസഹായം കാരാഗൃഹത്തിൽ പീഡനമേറ്റുകൊണ്ടിരുന്ന സമയങ്ങളിൽത്തന്നെ നാടിന്റെ പലഭാഗത്തും അനേകം ക്രിസ്ത്യാനികളെ മരങ്ങളിൽ കെട്ടിയിട്ട് ജീവനോടെ തോലുരിഞ്ഞും, ചുണ്ണാമ്പ് ചൂളയിൽ ഇട്ടും, കുരുമുളക് അരച്ച് കുടിപ്പിച്ചും കൊലപ്പെടുത്തിയിരുന്നു. ക്രിസ്തു‌വിന്റെ പീഡാസഹനങ്ങളെ ധ്യാനിച്ച് ഒരു രക്തസാക്ഷിക്കടുത്ത സ്ഥൈര്യം ആർജിച്ച ദേവസഹായം കാരാഗൃഹത്തിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു.

എരുക്കിൻ മാലയണിയിച്ച് എരുമപ്പുറത്തിരുത്തി ഗ്രാമങ്ങൾതോറും ദേവസഹായത്തെ പരിഹാസ രാജാവായി പ്രദർശിപ്പിച്ചു. ഒരുമാസത്തോളം നീണ്ടുനിന്ന പ്രദർശനയാത്രകളിൽ ദിനംപ്രതി ഉള്ളംകാലിൽ 30 അടി വീതം നൽകുമായിരുന്നു. മർദിച്ചും വലിച്ചിഴച്ചും നീങ്ങിയിരുന്ന ആ പ്രദർശന യാത്ര ഹൃദയഭേദകമായിരുന്നു. നിരവധി വ്യാജതെളിവുകൾ നിരത്തി ദേവസഹായത്തെ കടൽക്കരയിൽ കൊണ്ടുപോയി ഉടമുള്ളുകൊണ്ട് അടിച്ച് ശരീരം മുഴുവൻ മുറിവുണ്ടാക്കി ഒരു മാസത്തോളം വെയിലത്തു കിടത്തി. പീഡനങ്ങൾക്ക് അപ്പോഴും അവസാനമായില്ല. മരത്തിൽ കെട്ടിയിട്ട് കാരമുള്ളുകൾ കൊണ്ട് അടിച്ചുമുറിവുണ്ടാക്കി മുഖത്തും കണ്ണിലും മുറിവുകളിലും മുളകുപൊടി തേച്ചും വീണ്ടുംവീണ്ടും അവർ അദ്ദേഹത്തെ പീഡിപ്പിച്ചു. എങ്കിലും അവസാനശ്വാസത്തോളവും ക്രിസ്തുവിനായി ജീവിക്കുന്നതിനുള്ള തന്റെ ആഗ്രഹത്തിൽ ദേവസഹായം ശക്തിപ്പെട്ടുകൊണ്ടിരുന്നു. ദേവസഹായത്തിന്റെ നിശ്ചയദാർഢ്യത്തിനുമുമ്പിൽ കുപിതരായ അധികാരികൾ ഒരു മുറിയിൽ തീക്കുണ്ഡം തയ്യാറാക്കി മൺകുടങ്ങളിൽ പലതരം മുളക് നിറച്ചു കത്തിച്ച് ദേവസഹായത്തെ ശ്വാസംമുട്ടിക്കാൻ ശ്രമിച്ചെങ്കിലും പ്രാർഥനയുടെ കരുത്തിൽ അദ്ദേഹം അതിനെ അതിജീവിച്ചു.

അത്ഭുതങ്ങളുടെ തണൽ

കടൽ കക്കയും കരിയും ചേർത്തു നിർമ്മിച്ച ചുണ്ണാമ്പുചൂളയെയും ദേവസഹായത്തിന് അതിജീവിക്കേണ്ടിയിരുന്നു. ചുറ്റും ഉയർന്ന ചൂളയ്ക്കുമധ്യേ മുട്ടുകുത്തി ദേവസഹായം ദൈവത്ത സ്‌തുതിച്ചു. ചൂള വിഴുങ്ങാതെപോയ ദേവസഹായത്തെ വധിക്കാനുള്ള മറ്റു മാർഗങ്ങളെക്കുറിച്ച് രാജാവ് ആലോചിച്ചുകൊണ്ടിരുന്നു. ദേവസഹായത്തെ വധിക്കാനായി കൊണ്ടുപോകുന്ന വഴിയിൽ ക്ഷീണിതനായി ദാഹജലം ചോദിച്ചെങ്കിലും അല്പം മലിനജലമാണ് അവർ നല്കിയത്. ദാഹംതീരാതെ വലഞ്ഞ ദേവസഹായം പ്രാർഥനയോടെ പാറയിൽ തന്റെ കൈമുട്ടുകൊണ്ട് ഇടിച്ചു. ഇസ്രായേലിന്റെ ദാഹം തീർത്ത ദൈവം പാറയിൽനിന്ന് ഉറവ പുറപ്പെടുവിച്ചു. ഈ സംഭവത്തിനു തെളിവായി ‘മുട്ടിടിച്ചാൻ പാറ’ എന്നപേരിൽ ഒരു പാറയും ഉറവയും ഇന്നും അവിടെയുണ്ട്. തീർഥാടകർ അതിൽനിന്നു വെള്ളം കുടിക്കുകയും പാത്രങ്ങളിൽ കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, മനോഹരമായ ഒരു ദൈവാലയവും ഇന്ന് അവിടെയുണ്ട്.

ആരാച്ചാരുടെ വീടിനരികിലെ ഉണങ്ങിയ വേപ്പുമരത്തിലാണ് വധശിക്ഷ നടപ്പിലാക്കുന്നതിനുമുമ്പ് പൊരിവെയിലിൽ ദേവസഹായത്തെ കെട്ടിയിട്ടിരുന്നത്. എന്നാൽ, അത്ഭുതകരമായി ആ വേപ്പ് തളിരണിഞ്ഞ് അദ്ദേഹത്തിനു തണൽ നല്‍കി. അദ്ദേഹത്തിന്റെ വിശുദ്ധി കേട്ടറിഞ്ഞ് ഒത്തിരിമനുഷ്യർ പ്രാർഥനാസഹായംതേടി അവിടേക്കെത്തി. പല അത്ഭുതങ്ങളും രോഗസൗഖ്യങ്ങളും ലഭിച്ചു. ഒടുവിൽ ആരാച്ചാരായി നിയോഗിക്കപ്പെട്ട മനുഷ്യൻപോലും തനിക്ക് കുഞ്ഞുങ്ങളില്ലാത്തതിന്റെ സങ്കടം ഉണർത്തിക്കുകയും അദ്ദേഹം അവർക്കുവേണ്ടി പ്രാർഥിക്കുകയും അവർക്ക് ഒരു കുഞ്ഞിനെ ലഭിക്കുകയും ചെയ്‌തു. തന്റെ സഹനങ്ങളെല്ലാം തിരുസഭയ്ക്കുവേണ്ടി കാഴ്‌ചവച്ച ദേവസഹായത്തിന് തിരു കുടുംബത്തിന്റെ ദർശനവും ദൈവം നല്‍കി.

മരണം

ദേവസഹായംപിള്ളയെ ഇനിയും ജീവിക്കാനനുവദിച്ചാൽ തങ്ങൾ ബ്രാഹ്മണരെല്ലാം നാടുവിട്ടുപോകുമെന്ന് രാജാവിനെ അറിയിച്ചതോടെ ഭയന്ന രാജാവ് അദ്ദേഹത്തെ കാറ്റാടിമലയിൽ കൊണ്ടുപോയി വെടിവച്ചുകൊല്ലാൻ ഉത്തരവിട്ടു. അങ്ങനെ വർഷങ്ങൾ നീണ്ടുനിന്ന പീഡനങ്ങൾക്കൊടുവിൽ 1752 ജനുവരി 14 വെള്ളിയാഴ്‌ച കാറ്റാടിമല എന്ന സ്‌ഥലത്തേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. ഒരു ഉടമുൾമരം കൈകാലുകളിലെ വിലങ്ങുകൾക്കിടയിലൂടെ കടത്തി മൃഗത്തെ കെട്ടിത്തൂക്കുംവിധമാണ് ഭടന്മാർ അദ്ദേഹത്തെ കൊണ്ടുപോയത്. ഞരമ്പുകൾ മുറിഞ്ഞും രക്തം വാർന്നും കൂടുതൽ ക്ഷീണിതനായ അദ്ദേഹത്തെ കാറ്റാടിമലയിൽ എത്തിച്ചു. അവിടെ മരണത്തിനു തൊട്ടു മുൻപായി മുട്ടുകുത്തി പ്രാർഥിച്ച ദേവസഹായത്തിന്റെ കാൽമുട്ടുകളും കൈമുട്ടുകളും വരുംതലമുറയ്ക്ക് ഒരു അടയാളമായി ആ പാറയിൽ അവശേഷിക്കാൻ ദൈവം അനുവദിച്ചു. തുടർന്ന് അദ്ദേഹത്തെ പാറയിൽ നിറുത്തി മൂന്ന് ഭടന്മാർ ഒരേസമയം വെടിവച്ചെങ്കിലും അദ്ദേഹം മരണമടഞ്ഞില്ല. “അങ്ങയെ വധിക്കാതെ രാജസന്നിധിയിൽ ചെന്നാൽ ഞങ്ങളെ രാജാവ് വധിക്കും. ഞങ്ങളോടു ദയവുണ്ടാകണം” എന്നു ഭടന്മാർ അപേക്ഷിച്ചു. ശേഷിക്കുന്ന വെടിയുണ്ടകൾകൊണ്ട് വീണ്ടും തന്നെ വെടിവയ്ക്കാനായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. ആ വെടിയൊച്ചകൾക്കൊപ്പം ഒരു ശബ്ദവും ഉയർന്നു. “എന്റെ യേശുവേ… എന്റെ അമ്മേ…”

പിന്നെ ദേവസഹായം നിശ്ചലനായി. 1752 ജനുവരി പതിനാലിനായിരുന്നു അത്. അങ്ങനെ 40 വയസ്സു പൂർത്തിയാകാൻ നാലുമാസംകൂടി ബാക്കിനില്‍ക്കെ അദ്ദേഹം ധീരരക്ത സാക്ഷിത്വം വരിച്ചു. ആ മരണത്തിനു മൂകസാക്ഷിയായി നിൽക്കേണ്ടിവന്ന പ്രകൃതിയിൽപോലും ഭാവഭേദങ്ങൾ ഉണ്ടായിരുന്നത്രെ! ആ വിശുദ്ധ മുഹൂർത്തത്തിന് സാക്ഷ്യംവഹിച്ച ആൽമരത്തിന്റെ ഏതാനും ശാഖകളിലെ ഇലകളെല്ലാം അപ്പോൾത്തന്നെ മഞ്ഞനിറമായി മാറിയിരുന്നു. മരണസമയം വലിയ മണിനാദത്തോടെ പിളർന്നുവീണ പാറയിൽ ഇന്നും ആ മണിനാദം അവശേഷിക്കുന്നുണ്ട്. മണിയടിച്ചാൻപാറ എന്ന പേരിലറിയപ്പെടുന്ന ആ പാറക്കഷണത്തിന്റെ ഒരു ഭാഗം ഗ്രില്ലിട്ട് സൂക്ഷിച്ചിരിക്കുന്നു.

ഭടന്മാർ പിള്ളയുടെ ശരീരം താഴെയുള്ള പാറക്കെട്ടിലെറിഞ്ഞ് സ്ഥലംവിട്ടു. അഞ്ചാറു ദിവസത്തോളം ആരുമറിയാതെ കിടന്ന മൃതദേഹം വന്യമൃഗങ്ങൾ തിന്നുതീർത്തു. എല്ലുമാത്രം അവശേഷിച്ചു. വിവരമറിഞ്ഞ ക്രൈസ്‌തവർ ആ തിരുശേഷിപ്പുകൾ ശേഖരിച്ച് കോട്ടാർ സെൻ്റ് ഫ്രാൻസിസ് ദൈവാലയത്തിൽ പ്രധാന ബലിപീഠത്തിനുതാഴെ സ്ഥാപിക്കുകയും ചെയ്തു.

നാമകരണ നടപടിലേക്ക്

അന്നത്തെ കൊച്ചി മെത്രാൻ ഈശോസഭാക്കാരനായ റവ. ക്ലെമെന്റ് ജോസഫ് കൊലാസോ ലയിത്താവെ 1756-ൽ ദേവസഹായം പിള്ളയുടെ വിശുദ്ധി സാക്ഷ്യപ്പെടുത്തിക്കൊണ്ട് അന്നത്തെ മാർപാപ്പയ്ക്ക് (ബെനഡിക്ട് പതിനാലാമൻ) റിപ്പോർട്ടു നല്കി. പക്ഷേ, ആ കത്ത് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ ഇരുന്നൂറ്റി അമ്പതിലധികം വർഷങ്ങൾ പിന്നിട്ടു. ഒടുവിൽ 2005 ഒക്ടോബർ 28-ന് റോമിലുണ്ടായിരുന്ന റവ. ഫാ. ഇ. ജോൺ കുഴന്തെ വത്തിക്കാനിലെ രഹസ്യശേഖരത്തിൽനിന്ന് ഈ കത്ത് കണ്ടെടുത്ത് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ ഏല്പ്‌പിക്കുകയും 2012-ൽ അദ്ദേഹം ദേവസഹായത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും ചെയ്തു.

ദേവസഹായം പിള്ള അന്ത്യവിശ്രമം കൊള്ളുന്ന കോട്ടാറിലെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിൽ വച്ചായിരുന്നു ആ ചടങ്ങുകൾ. പാപ്പയുടെ പ്രതിനിധി കർദിനാൾ അമാത്തോ ആയിരുന്നു ചടങ്ങുകൾക്ക് നേതൃത്വം നല്‍കിയത്. 2022 മെയ് 15-ന് ഫ്രാൻസിസ്‌പാപ്പ അദ്ദേഹത്തെ വിശുദ്ധനെന്നു നാമകരണം ചെയ്തതോടെ അദ്ദേഹം ആഗോളസഭയുടെ വണക്കത്തിനു യോഗ്യനായിത്തീർന്നു. മാത്രമല്ല, ഇന്ത്യയിൽനിന്നുള്ള ആദ്യത്തെ അത്മായ വിശുദ്ധൻ എന്ന പദവികൂടി അദ്ദേഹത്തിനു കൈവന്നു.

സി. നിമിഷ റോസ് CSN

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.