മുൻപ് സ്വന്തം കുഞ്ഞിനെ ഗർഭാവസ്ഥയിൽ നശിപ്പിച്ചു; ഇന്ന് ഗർഭച്ഛിദ്രത്തിനെതിരെ പ്രവർത്തിക്കുന്നു – കൊളംബിയൻ നടിയുടെ ജീവിതസാക്ഷ്യം

“ഗർഭച്ഛിദ്രം നടത്തിയിട്ട് സമാധാനത്തോടെ ജീവിക്കുന്ന ഒരു സ്ത്രീയെയും എനിക്കറിയില്ല. അവർ എന്നെപ്പോലെ തന്നെ ഹൃദയത്തിൽ ആഴമായ മുറിവുമായി ജീവിക്കുന്നവരാണ്. ദൗർഭാഗ്യവശാൽ എനിക്കും ഗർഭച്ഛിദ്രം ചെയ്യേണ്ടിവന്നു. എന്നാൽ അതിനു ശേഷം വർഷങ്ങളായി ഞാൻ അനുഭവിക്കുന്നത് കടുത്ത മാനസികസംഘർഷമാണ്. ദൈവവുമായുള്ള ബന്ധം എനിക്ക് ഒരു പുതിയ ജീവിതം നൽകി” – കൊളംബിയൻ നടിയും മോഡലുമായ അമാഡ റോസ പെരസ് പറയുന്നു.

ഇപ്പോൾ 45 വയസുള്ള അമാഡ, വിവാഹിതയും അഞ്ചു വയസുള്ള ഒരു കുട്ടിയുടെ അമ്മയുമാണ്. 18 -ാം വയസ്സിലാണ് അവൾ കൊളംബിയയിൽ മോഡലിംഗ് രംഗത്തേക്ക് കടന്നുവരുന്നത്. ഇന്നും മുമ്പത്തേതിനേക്കാൾ വളരെ സുന്ദരിയാണ് അമാഡ. മുൻപ് അറിയപ്പെടുന്ന ബ്രാൻഡുകളുടെ മുഖമായിരുന്നു അവൾ. നിരവധി സോപ്പ് ഓപ്പറകളിൽ അഭിനയിച്ചു. ആയിരക്കണക്കിന് ആരാധകരുണ്ടായിരുന്നു അമാഡ എന്ന ഈ മോഡലിന്. എന്നാൽ, വർഷങ്ങൾ പിന്നിടുമ്പോൾ ഇന്നവൾ ആ ലോകത്തെ ഉപേക്ഷിച്ചു. ശുദ്ധതയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്ന, അനേകർക്ക് പ്രചോദനം നൽകുന്ന വ്യക്തിയാണ് ഈ കൊളംബിയൻ അഭിനേത്രി ഇന്ന്.

“ഞാൻ ഒരിക്കലും ഗർഭച്ഛിദ്രത്തെ അനുകൂലിച്ചിരുന്ന ഒരാളായിരുന്നില്ല. ഭയം കൊണ്ടാണ് എനിക്ക് ഗർഭച്ഛിദ്രം ചെയ്യേണ്ടിവന്നത്. കാരണം എന്റെ ജീവിതപങ്കാളി എന്നെ സമ്മർദ്ദത്തിലാക്കി. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്റെ സ്വപ്നങ്ങളും എന്റെ ജോലിയുമാണെന്ന് അവർ എന്നോട് പറഞ്ഞത് ഞാൻ വിശ്വസിച്ചു. ഗർഭച്ഛിദ്രത്തെ തുടർന്ന് എനിക്ക് ജീവിതത്തിൽ അവശേഷിച്ചത് കടുത്ത മാനസികവേദനയും കുറ്റബോധവുമായിരുന്നു” – അമാഡ റോസ പറയുന്നു.

“വിവാഹത്തിന് മുമ്പുള്ള ബന്ധങ്ങൾ പുലർത്തുന്നതിൽ പക്വതയുള്ളവരാണെന്ന് പലപ്പോഴും നാം സ്വയം കരുതുന്നു. പക്ഷേ, ഒരു നല്ല അമ്മയാകാനും കുടുംബിനിയാകാനുമുള്ള പക്വത പലർക്കുമില്ല. പുരുഷന്റെയും സ്ത്രീയുടെയും സംയോജനത്തിൽ നിന്ന് ഉണ്ടാകുന്ന ഏറ്റവും സ്വാഭാവികമായ കാര്യമാണ് ഒരു കുഞ്ഞ്. എന്നാൽ വിവാഹബന്ധത്തിന് പുറത്ത് അത് ഭയവും ഉത്കണ്ഠയും നൽകുന്നു” – അമാഡ പറയുന്നു.

പവിത്രത, സ്വന്തം ശരീരത്തോടുള്ള ബഹുമാനം, വിവാഹത്തിനായുള്ള കാത്തിരിപ്പ് എന്നിവയുടെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് അവൾ വിളിക്കപ്പെടുന്നു. കാരണം യഥാർത്ഥ സ്നേഹം കാത്തിരിക്കുന്നു. കൂടാതെ, ഈ ശുദ്ധതയുടെ സംസ്കാരം നിരസിക്കുന്നത് സ്ത്രീകളെ ലൈംഗികവസ്തുക്കളായി ഉപയോഗിക്കാനും അവരെ ഉപേക്ഷിക്കാനും പുരുഷന്മാരെ തെറ്റിദ്ധരിപ്പിക്കുന്നതിന് കാരണമാകുന്നു.

ഗർഭാവസ്ഥയുടെ 24-ാം ആഴ്ച വരെ ഗർഭച്ഛിദ്രം നടത്തുന്നതു പോലും ക്രിമിനൽ കുറ്റമല്ലാത്ത രാജ്യമാണ് കൊളംബിയ. എന്നാൽ ഇന്ന് ഗർഭച്ഛിദ്രത്തിനെതിരെ സ്വരമുയർത്തുന്ന വ്യക്തികളിൽ ഒരാളാണ് അമാഡ റോസ പെരസ്. പ്രോ-ലൈഫ് ഗ്രൂപ്പകളിലൂടെയും വ്യക്തികളിലൂടെയും അവർ തങ്ങളുടെ പ്രവർത്തനം ശക്തമാക്കി. അതോടൊപ്പം ഗർഭച്ഛിദ്രം നടത്താൻ ആഗ്രഹിക്കുന്ന, ഇതിനകം ഗർഭച്ഛിദ്രം നടത്തിയിട്ടുള്ള സ്ത്രീകളെ പിന്തുണയ്ക്കുന്നതിനായി അമാഡ പ്രവർത്തിക്കുന്നു.

മാതൃത്വത്തിന്റെ മൂല്യം എടുത്തുകളയാൻ ആഗ്രഹിക്കുന്ന, മക്കളുടെ ജീവിതം അവസാനിപ്പിച്ചാൽ അവർ സ്വതന്ത്രരാകുമെന്ന് കരുതുന്ന പെൺകുട്ടികളുടെയും സ്ത്രീകളുടെയും മനസ്സും ഹൃദയവും തകർക്കുന്ന ഒരു മരണസംസ്കാരത്തിലാണ് നാം ജീവിക്കുന്നത്. ഇതിനു പിന്നിൽ ആരാണെന്ന് നമ്മൾ സ്വയം ചോദിക്കണം. സ്ത്രീകളുടെ ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ ആരോഗ്യത്തിന് ഹാനികരമാകുമ്പോൾ, അവർ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുകയാണെന്ന് സ്ത്രീകളെ വിശ്വസിപ്പിക്കുന്ന പുരുഷന്മാർ നടത്തുന്ന വലിയ ബിസിനസും ഗർഭച്ഛിദ്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നു.

തന്റെ സംഭാഷണങ്ങളിലും സോഷ്യൽ നെറ്റ്‌വർക്കുകളിലെ സന്ദേശങ്ങളിലും അഭിമുഖങ്ങളിലുമെല്ലാം ഗർഭച്ഛിദ്രത്തിനെതിരെ സംസാരിക്കുന്ന വ്യക്തിയാണ് അമാഡ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഏറ്റവും വലിയ അതിക്രമമായാണ് അവൾ ഇതിനെ കാണുന്നത്. കൂടാതെ, ഗർഭച്ഛിദ്രങ്ങൾ ലോകത്തിലെ സ്ത്രീകളുടെ എണ്ണം കുറക്കുന്നതിനും കാരണമാകുന്നു.

ഗർഭച്ഛിദ്രം നടത്തിയാൽ അതിൽ നിന്നും കരകയറുന്നത് എളുപ്പമല്ലെന്ന് സ്വന്തം അനുഭവത്തിലൂടെ അമാഡ വെളിപ്പെടുത്തുന്നു. മനുഷ്യഹൃദയത്തെ നശിപ്പിക്കുന്ന ഈ തിന്മക്ക് പുരുഷന്മാരും വലിയ തോതിൽ പങ്കുവഹിക്കുന്നുണ്ടെന്ന് അവൾ പറയുന്നു. “കർത്താവിന്റെ വഴികളിൽ ആയിരുന്നിട്ടും ഗർഭച്ഛിദ്രത്തെക്കുറിച്ച് സംസാരിക്കാൻ കഴിയാത്ത നിരവധി സ്ത്രീകളെ എനിക്കറിയാം. ഗർഭച്ഛിദ്രം ‘ആത്മാവിനെ തിന്നുകളയുന്ന കുറ്റബോധം’ സൃഷ്ടിക്കുകയും ഉത്കണ്ഠ, ആഴത്തിലുള്ള വിഷാദം, വൈകാരിക ശൂന്യത, പേടിസ്വപ്നങ്ങൾ എന്നിവ സൃഷ്ടിക്കുകയും ചെയ്യുന്നു. ഗർഭച്ഛിദ്രം നടത്തിയവരിൽ ചിലർ പുറമെ ശാന്തരായി കാണപ്പെടുന്നവരാണെങ്കിലും ഉള്ളിൽ വലിയ സംഘർഷം അനുഭവിക്കുന്നവരാണ്. ഞാൻ പല അഭിമുഖങ്ങളിലും ചിരിച്ചുകൊണ്ട് സംസാരിച്ചിരുന്നു. പക്ഷേ, എന്റെ ഹൃദയം തകർന്നിരുന്നു” – അവൾ കൂട്ടിച്ചേർത്തു.

ഗർഭച്ഛിദ്രത്തിനു ശേഷം ആത്മഹത്യാചിന്തകൾ ഉണ്ടായിരുന്നെന്നും അമാഡ തുറന്നു സമ്മതിക്കുന്നു. കുഞ്ഞിനെ കൊന്നതിനാൽ താൻ ജീവിക്കാൻ യോഗ്യയല്ലെന്ന് അവൾ വിശ്വസിച്ചു. മാത്രവുമല്ല, ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട ഓർമ്മകൾ അവളെ വല്ലാതെ തളർത്തിക്കളഞ്ഞു. ഗർഭച്ഛിദ്രത്തിന്റെ അനന്തരഫലങ്ങളിൽ ഒന്ന് ആർദ്രത നഷ്ടപ്പെടുന്നതാണ്. സ്ത്രീഹൃദയം കഠിനമാകുന്നു.

“ഞാൻ ഒരു മണൽത്തരി മാത്രമാണ്. എന്റെ സന്ദേശങ്ങൾ നൽകാൻ ഒരു പൊതുപ്രവർത്തകയാകാൻ ദൈവം എന്നെ അനുവദിച്ചു. എന്നെ ഒരിക്കലും കൈവിടരുതെന്നും ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ കഴിയണമെന്നും മാത്രമേ ഞാൻ പ്രാർത്ഥിച്ചിരുന്നുള്ളു” – അമാഡ പറയുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.