
കത്തോലിക്കാ കുടുംബങ്ങളിൽ പ്രാർഥനാ ശീലം വളർത്തുന്നതിൽ ജപമാല പ്രാർഥനയ്ക്ക് വലിയ സ്ഥാനമുണ്ട്. എന്നാൽ കൊച്ചുകുട്ടികളെ ഒരു സ്ഥലത്ത് ഇരുത്തി ശ്രദ്ധയോടെ ജപമാല ചൊല്ലിക്കുക എന്നത് പല മാതാപിതാക്കൾക്കും ശ്രമകരമായ ഒരു കാര്യമാണ്. നീണ്ട പ്രാർഥനകൾക്കിടയിൽ കുട്ടികളുടെ ശ്രദ്ധ തിരിയുന്നതും അവർ പലകാര്യങ്ങളിൽ വ്യാപൃതരാകുന്നതും സ്വാഭാവികമാണ്.
എന്നാൽ ചെറിയ ചില മാറ്റങ്ങളിലൂടെയും സർഗാത്മകമായ ആശയങ്ങളിലൂടെയും ജപമാല പ്രാർഥനയെ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതും രസകരവുമാക്കാൻ സാധിക്കും. കുട്ടികളിൽ പ്രാർഥനാ അനുഭവവും ഭക്തിയും വളർത്താൻ സഹായിക്കുന്ന മൂന്ന് സർഗാത്മക വഴികൾ ഇതാ:
1 . പല നിറങ്ങളിലുള്ള മുത്തുകൾ നൽകാം
കുഞ്ഞുങ്ങളുമായി പ്രാർഥിക്കാൻ ഇരിക്കുമ്പോൾ അവരുടെ കയ്യിൽ പല നിറങ്ങളിൽ ഉള്ള മുത്തുകൾ നൽകാം. ഒരു ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർഥന ചൊല്ലുമ്പോഴും ഈ മുത്തുകൾ നീക്കി വച്ച് പ്രാർഥനയിൽ പങ്കുചേരുവാൻ കുഞ്ഞുങ്ങളോട് ആവശ്യപ്പെടാം. ഇത് അവർക്ക് കൂടുതൽ ആവേശവും ആനന്ദവും പകരും.
2 . പുറത്തിരുന്നു പ്രാർഥിക്കാം
പതിവായി മുറിക്കുള്ളിൽ ഇരുന്നു പ്രാർഥിക്കുമ്പോൾ കുട്ടികൾക്ക് മടുപ്പ് അനുഭവപ്പെടാം. ഇത്തരം സാഹചര്യങ്ങളിൽ വീടിനു പുറത്ത് പ്രകൃതിയോട് ചേർന്ന് ഇരുന്നു പ്രാർഥിക്കുന്നത് കുട്ടികൾക്കും ഒപ്പം മുതിർന്നവർക്കും നവ്യാനുഭവം പകരും. ഇത്തരം സാഹചര്യങ്ങളിൽ ഓരോ പ്രാർഥനയും ചൊല്ലുമ്പോഴും കല്ലുകൾ കൂട്ടി വയ്ക്കാനോ കല്ലുകൾ വച്ച് ജപമാല ഉണ്ടാക്കാനോ കുട്ടികളെ പ്രേരിപ്പിക്കാം.
3 . ചിത്രങ്ങൾ വരപ്പിക്കാം
ഓരോ ജപമാല രഹസ്യവും ധ്യാനിക്കുമ്പോൾ അതിനു അനുചിതമായ ചിത്രങ്ങൾ വരയ്ക്കാൻ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കാം. അത് അവരുടെ താല്പര്യം വർധിപ്പിക്കുകയും പതിവായി കുട്ടികൾ തന്നെ മുൻകൈയെടുത്ത് പ്രാർഥന നടത്തുന്ന വിധത്തിലേക്ക് എത്തുകയും ചെയ്യും. ഈ മാർഗങ്ങളിലൂടെ നമുക്കും നമ്മുടെ കുഞ്ഞുങ്ങളെ പ്രാർഥനയിൽ സജീവമാക്കാം.




