
കേരളത്തിന്റെ ആത്മീയചരിത്രത്തിൽ പ്രകാശപൂർണ്ണമായ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് പ്രമുഖ മരിയൻ തീർഥാടനകേന്ദ്രമായ കൃപാസനത്തിന്റെ നേതൃത്വത്തിൽ അഖണ്ഡ ജപമാല മഹാറാലി പ്രാർഥനാനിർഭരമായി നടന്നു. ലോകസമാധാനവും കുടുംബങ്ങളുടെ ആത്മീയനന്മയും ലക്ഷ്യമിട്ട് ഒത്തുചേർന്ന ഈ മഹാസംഗമത്തിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് പ്രാർഥനാപൂർവം അണിനിരന്നത്.
കലവൂർ കൃപാസനം തീർഥാടനകേന്ദ്രത്തിൽ നിന്ന് ആരംഭിച്ച മഹാറാലി അർത്തുങ്കൽ ബസിലിക്ക വരെ ഏകദേശം 14 കിലോമീറ്ററോളം ദൂരമാണ് പിന്നിട്ടത്. ഈ പാതയിലുടനീളം കൈകളിൽ ജപമാലയേന്തിയും, ജപമാല ചൊല്ലിയും ആലപിച്ചും ഒഴുകിനീങ്ങിയ ജനസാഗരം ഭക്തിസാന്ദ്രമായ അന്തരീക്ഷമൊരുക്കി. തീരദേശ റോഡിലൂടെയും പാതയോരങ്ങളിലൂടെയും നീങ്ങിയ ഈ ജനപ്രവാഹം ജാതിമത വ്യത്യാസങ്ങൾക്കതീതമായി നാടിന്റെ ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും ഉത്തമ പ്രതീകമായി മാറി.
റാലി കടന്നുപോയ വഴികളിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വേറിട്ട കാഴ്ചകൾക്കാണ് എല്ലാവരും സാക്ഷ്യം വഹിച്ചത്. റാലി കടന്നുപോകുന്ന വഴികളിലെ വീടുകളിലുള്ളവരും നാട്ടുകാരും ചേർന്ന് തീർഥാടകർക്ക് കുടിവെള്ളവും ലഘുഭക്ഷണവും വിശ്രമിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയത് വലിയൊരു മാതൃകയായി.
നൂറുകണക്കിന് ജപമണികളിലൂടെ ഉയർന്ന യാചനകളും പ്രാർഥനകളും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ, ഓരോ വിശ്വാസിയും തങ്ങളുടെ കുടുംബങ്ങളെയും നാടിനെയും, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴി ദൈവകരുണയ്ക്ക് സമർപ്പിച്ചു. മരിയൻ ഭക്തിയുടെയും അഗാധമായ വിശ്വാസത്തിന്റെയും പാരസ്പര്യത്തിന്റെയും മഹത്തായ സന്ദേശമാണ് ഈ അഖണ്ഡ ജപമാല റാലി ലോകത്തിന് പകർന്നുനൽകിയത്.
ആലപ്പുഴ ജില്ലയിലെ കലവൂരിൽ, ആലപ്പുഴ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഒരു മരിയൻ തീർഥാടനകേന്ദ്രവും സാമൂഹിക-സാംസ്കാരിക കേന്ദ്രവുമാണ് കൃപാസനം. 1990 ൽ ഫാ. ഡോ. വി.പി. ജോസഫ് വലിയവീട്ടിലിന്റെ നേതൃത്വത്തിലാണ് ഈ പ്രാർഥനാകേന്ദ്രത്തിന് തുടക്കക്കമിട്ടത്.



