പ്രതീക്ഷയുടെ യാത്ര 180: കരമേലോ

വാക്കുകളേക്കാൾ ആഴമുള്ള മൗനവും നിസ്വാർഥമായ സ്നേഹവുമാണ് പലപ്പോഴും ഒരു മൃഗത്തിന് നമ്മോട് പങ്കുവയ്ക്കാനുള്ളത് എന്ന് ഓർമ്മിപ്പിക്കുന്ന ഹൃദ്യമായ ഒരു ചലച്ചിത്രമാണ് ഡീഗോ ഫ്രെയ്റ്റസ് സംവിധാനം ചെയ്ത് 2025 ൽ പുറത്തിറങ്ങിയ ബ്രസീലിയൻ ചിത്രമായ ‘കരമേലോ’ (Caramelo). കഠിനമായ രോഗാവസ്ഥയുടെ ഇരുളിൽ അകപ്പെട്ടുപോകുന്ന ഒരു മനുഷ്യന്റെ ജീവിതത്തിലേക്ക് ഒരു തെരുവുനായ നൽകുന്ന പ്രത്യാശയുടെയും സ്നേഹത്തിന്റെയും കഥ പറയുന്ന ഈ ചിത്രം, ആത്മീയവും മാനുഷികവുമായ ഒട്ടനവധി ചിന്തകളാണ് ഓരോ പ്രേക്ഷകന്റെയും മനസ്സിൽ അവശേഷിപ്പിക്കുന്നത്.

ഈ സിനിമയുടെ കേന്ദ്രബിന്ദു പെഡ്രോ എന്ന യുവ ഷെഫും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കരമേലോ എന്ന തെരുവുനായയുമാണ്. കഠിനാധ്വാനത്തിലൂടെ താൻ ആഗ്രഹിച്ച പ്രശസ്തമായ റെസ്റ്റോറന്റിൽ ഹെഡ് ഷെഫ് പദവിയിലേക്കുയരുന്ന പെഡ്രോയുടെ ജീവിതം വലിയൊരു സന്തോഷത്തിലൂടെ കടന്നുപോകുമ്പോള്‍ അപ്രതീക്ഷിതമായി കാന്‍സര്‍ അദ്ദേഹത്തെ ബാധിക്കുന്നു. കാന്‍സര്‍ രോഗത്തിലൂടെ പെഡ്രോയുടെ ജീവിതം തകിടം മറിയുമ്പോൾ, യാതൊരു നിബന്ധനകളുമില്ലാത്ത സ്നേഹവുമായി കരമേലോ അദ്ദേഹത്തിന് കൂട്ടായി ഒപ്പമുണ്ട്.

പെഡ്രോയുടെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലാണ് കമീല എന്ന പെൺകുട്ടി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. താൻ ജോലി ചെയ്യുന്ന റെസ്റ്റോറന്റിന് സമീപമുള്ള ഒരു ഡോഗ് കെയർ സെന്റർ നടത്തുന്ന കമീലയുമായി പെഡ്രോ പ്രണയത്തിലാകുന്നു. രോഗാവസ്ഥയുടെ എല്ലാ ഭാരങ്ങളും അനിശ്ചിതത്വങ്ങളും മുന്നിൽ നിൽക്കുമ്പോഴും, യാതൊരു സ്വാർഥതയുമില്ലാതെ പെഡ്രോയ്ക്ക് ഒപ്പം നിൽക്കാൻ അവള്‍ തയ്യാറാകുന്നു. കാൻസർ ചികിത്സയുടെ കഠിനമായ വേദനകളിലൂടെയും ആശങ്കകളിലൂടെയും കടന്നുപോകുമ്പോൾ, ആ പ്രണയം പെഡ്രോയുടെ മനസ്സിൽ വലിയൊരു ആശ്വാസവും ജീവിക്കാനുള്ള ആത്മവിശ്വാസവുമാണ് പകർന്നുനൽകുന്നത്. സ്നേഹിക്കാനെത്തുന്ന മനുഷ്യർക്ക് രോഗാവസ്ഥ പോലും ഒരു തടസ്സമല്ലെന്ന് ആ ബന്ധം നമ്മെ ഓർമ്മിപ്പിക്കുന്നു.

ലോകത്തിലെ ഏറ്റവും വിശ്വസ്തമായ ബന്ധങ്ങളിലൊന്നാണ് മനുഷ്യനും വളർത്തുമൃഗങ്ങളും തമ്മിലുള്ളത്. യാതൊരു നിബന്ധനകളോ, പ്രതീക്ഷകളോ ഇല്ലാതെ സ്നേഹിക്കാൻ അറിയുന്നവയാണ് ഇത്തരം മൃഗങ്ങള്‍. സ്വാർഥതയും തെറ്റിധാരണകളും നിറഞ്ഞ ലോകത്തു നിന്ന്, തികച്ചും നിഷ്കളങ്കമായ ഒരു ലോകത്തിലേക്ക് മനുഷ്യനെ തിരികെ നടത്താൻ ഇവയ്ക്ക് സാധിക്കുന്നു. വെറുമൊരു കൂട്ടുകൂടൽ എന്നതിലുപരി, നമ്മുടെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാൻ കഴിയുന്ന നിലവാരത്തിലേക്ക് ഇവര്‍ മാറുന്നു. പരസ്പരപൂരകമായ ഈ സൗഹൃദം വെറുമൊരു ശീലമല്ല, മറിച്ച് മാനസികമായ സൗഖ്യവും വലിയൊരു തിരിച്ചറിവുമാണ്.

പെഡ്രോയുടെ ജീവിതത്തിലെ ഇരുണ്ട ഘട്ടങ്ങളിൽ അദ്ദേഹത്തിന് താങ്ങായി മാറുന്നത് കരമേലോയും കമീലയും മാത്രമല്ല, ആശുപത്രിയിലെ ചികിത്സാവേളകളിൽ വച്ച് അദ്ദേഹം കാണുന്ന ലിയോ ഉൾപ്പെടെയുള്ള കാന്‍സര്‍ രോഗികളും കൂടിയാണ്. പ്രതിസന്ധികളെയും കടുത്ത വേദനകളെയും പുഞ്ചിരിയോടെ നേരിടുന്ന ആ മനുഷ്യർ പരസ്പരം നൽകുന്ന മാനസികപിന്തുണ വലുതാണ്. വര്‍ണ്ണവും ജോലിയും നോക്കാതെ, ഒരേ അവസ്ഥയിലൂടെ കടന്നുപോകുന്ന മനുഷ്യർ പരസ്പരം സാന്ത്വനമാകുന്ന ആ കാഴ്ച ജീവിതത്തിന്റെ യഥാർഥ അർഥം നമ്മെ പഠിപ്പിക്കുന്നു. ഒറ്റപ്പെടലിന്റെ നടുവിലും അവർ പങ്കുവയ്ക്കുന്ന സ്നേഹവും പ്രതീക്ഷയും രോഗബാധിതരായ മനുഷ്യരുടെ മനസ്സിന്റെ കരുത്ത് എത്രത്തോളമാണെന്ന് വെളിപ്പെടുത്തുന്നു.

പെഡ്രോയും കരമേലോയും തമ്മിലുള്ള ബന്ധം വെറുമൊരു ഉടമസ്ഥന്റെയും വളർത്തുമൃഗത്തിന്റെയും അപ്പുറത്തേക്ക് വളരുകയാണ്. സിനിമയുടെ ക്ലൈമാക്സിലേക്കെത്തുമ്പോൾ കഥ കൂടുതൽ വൈകാരികമാകുന്നു. രോഗം മൂർച്ഛിച്ച് തളർന്നുപോകുന്ന പെഡ്രോ തീയില്‍പെടുന്ന ഒരു നിർണ്ണായക ഘട്ടത്തിൽ, വിശ്വസ്തനായ കരമേലോ കൃത്യസമയത്ത് ഇടപെടുകയും മറ്റുള്ളവരെ വിവരമറിയിച്ച് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു.

തുടർന്ന് വിജയകരമായ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും ശേഷം കമീലയുടെയും കരമേലോയുടെയും സ്നേഹത്തണലിൽ ജീവിതത്തിലേക്ക് തിരികെവരുന്ന പെഡ്രോ തന്റെ പുതിയൊരു അധ്യായം ആരംഭിക്കുകയാണ്. സ്നേഹം, സൗഹൃദം, ആനന്ദം, വിശ്വാസം എന്നിവയിലൂടെ നമ്മെ നടത്തുന്ന സിനിമയാണിത്.

ജീവിതം അതിന്റെ ഏറ്റവും അനിശ്ചിതമായ മുഹൂർത്തങ്ങളിൽ നമ്മെ പരീക്ഷിക്കുമ്പോൾ, ആ കൈപിടിച്ചുയർത്താൻ സ്നേഹത്തിന്റെ ചില ചെറിയ അടയാളങ്ങൾ നമുക്കു ചുറ്റുമുണ്ടാകും. പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പുതിയൊരു പ്രഭാതം സമ്മാനിക്കുന്ന ‘കരമേലോ,’ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാനും പരസ്പരം താങ്ങായി മാറാനും നമ്മെ ഓർമ്മിപ്പിക്കുന്നു. ഇരുളിനെ തോൽപിച്ച് സ്നേഹത്തിന്റെ വെളിച്ചം നിറയ്ക്കുന്ന ഇത്തരം ഹൃദ്യമായ അനുഭവങ്ങൾ എന്നും നമ്മുടെ വഴികാട്ടിയായി കൂടെയുണ്ടാകട്ടെ!

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.