പ്രതീക്ഷയുടെ യാത്ര 166: ഉപ്പുപാതയിലെ അതിജീവനം

2013 ൽ നടന്ന യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി റെയ്നർ വിൻ (Raynor Winn) 2018 ൽ എഴുതിയ പ്രശസ്തമായ അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ ഓർമ്മക്കുറിപ്പിനെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട ഹൃദ്യമായ ചിത്രമാണ് ‘ദ സോൾട്ട് പാത്ത്’ (The Salt Path). സാമ്പത്തിക പ്രതിസന്ധികൾ മൂലം, ഉള്ള വീടും വസ്തുവകകളും നഷ്ടപ്പെട്ട്, പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവന്ന ഒരു ഭാര്യയുടെയും ഭര്‍ത്താവിന്റെയും അവിശ്വസനീയമായ ജീവിതയാത്രയുടെയും അതിജീവനത്തിന്റെയും കഥയാണിത്. നിരാശയുടെയും സങ്കടങ്ങളുടെയും കറുത്ത പശ്ചാത്തലത്തിൽ ആരംഭിക്കുന്ന ഈ യാത്ര ഒടുവിൽ ശാന്തിയുടെയും പ്രത്യാശയുടെയും വെളിച്ചത്തിലാണ് അവസാനിക്കുന്നത്.

എല്ലാ പ്രതീക്ഷകളും അസ്തമിച്ച സാഹചര്യത്തിൽ, ഇംഗ്ലണ്ടിന്റെ തെക്കുപടിഞ്ഞാറൻ തീരത്ത് കൂടിയുള്ള, ഏകദേശം 630 മൈൽ (1,014 കിലോമീറ്റർ) ദൈർഘ്യമുള്ള ‘സൗത്ത് വെസ്റ്റ് കോസ്റ്റ് പാത്ത്’ എന്ന പുരാതന പാതയിലൂടെ ഒരു വർഷം നീണ്ടുനിൽക്കുന്ന കാൽനടയാത്ര പോകാൻ ഇവർ തീരുമാനിക്കുന്നു. എന്നാല്‍, ഇവരുടെ കൈയിൽ അതിനുള്ള പണമില്ല. ഇരുവരുടെയും തോളിലേറ്റിയ വലിയ ബാഗുകളിൽ രാത്രി ഉറങ്ങാനുള്ള ടെന്റും കുറച്ച് പാത്രങ്ങളും ഗവൺമെന്റിൽ നിന്ന് ആഴ്ചയിലൊരിക്കൽ ലഭിക്കുന്ന തുച്ഛമായ തുകയും മാത്രം കൈമുതലാക്കിയാണ് അവർ യാത്ര തിരിക്കുന്നത്. ദുർഘടമായ പർവതങ്ങളും മലനിരകളും സമതലങ്ങളും കടൽതീരത്തെ കടൽക്കാറ്റും താണ്ടി അവർ മുന്നോട്ടുനീങ്ങുമ്പോൾ, പ്രകൃതിയുടെ അദ്ഭുതകരമായ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനൊപ്പം അവരുടെ ഉള്ളിലെ മാനസിക അസ്വസ്ഥതകളെയും ചിത്രം വരച്ചുകാട്ടുന്നു.

ഈ സിനിമ നൽകുന്ന ഏറ്റവും മനോഹരമായ ഒരു പാഠം, കഠിനമായ ദുരന്തമുഖത്തും മനുഷ്യത്വവും അനുകമ്പയും വറ്റിപ്പോകാത്ത മനുഷ്യരായി നമ്മള്‍ മറണമെന്നാണ്. വഴിയിൽകാണുന്ന പല മനുഷ്യരും ഇവരെ സ്വാധീനിക്കുന്നുണ്ട്. കുടിക്കാൻ വെള്ളം മാത്രം ചോദിച്ചപ്പോൾ ആ തണുപ്പത്ത് കുടിക്കാനായി സ്നേഹത്തോടെ ചൂടുവെള്ളം നൽകിയ ഹോട്ടലുടമയും, കൈയിലുള്ള ഭക്ഷണസാധനങ്ങൾ ആരും കാണാതെ പൊതിഞ്ഞുനൽകിയ ബേക്കറി ജീവനക്കാരിയും, കടൽതീരത്തു നിന്ന് പറിച്ചെടുത്ത ബ്ലാക്ക്ബെറി പഴങ്ങൾ പങ്കുവച്ച് “ഇതെല്ലാം പ്രകൃതി സൗജന്യമായി നൽകുന്നതാണ്” എന്ന് ഓർമ്മിപ്പിച്ച മനുഷ്യനുമെല്ലാം ലോകത്ത് നന്മ അറ്റുപോകുന്നില്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. കൈയിൽ പണമില്ലാതെ വലഞ്ഞ സമയത്ത് ഐസ്ക്രീമിന്റെ തുക നൽകിയ അപരിചിതനും, വാസസ്ഥലമില്ലാതെ അലയുന്ന ജിപ്സികളുടെ സ്നേഹവും ഇവരുടെ യാത്രയ്ക്ക് ആശ്വാസമേകുന്നു.

തങ്ങളേക്കാൾ വിഷമം അനുഭവിക്കുന്നവരോട് കരുണ കാണിക്കാൻ തങ്ങളുടെ ദാരിദ്ര്യത്തിനിടയിലും അവർ മടിക്കുന്നില്ല. വഴിമധ്യേ കണ്ട, ജീവിതത്തില്‍ മുറിവേറ്റ ഒരു പെൺകുട്ടിയെ തങ്ങളോടൊപ്പം കൂട്ടുകയും അവൾ പിരിഞ്ഞുപോകുമ്പോൾ കൈയിലുള്ള തുച്ഛമായ പണത്തിന്റെ ഒരു വിഹിതം നൽകി സഹായിക്കുകയും ചെയ്യുന്ന ഭാഗം ഇരുവരുടെയും വിശാലമനസ്കത വെളിവാക്കുന്നു. സ്വന്തം സങ്കടങ്ങളിൽ മാത്രം ഒതുങ്ങാതെ മറ്റുള്ളവർക്ക് കരുതലാകാൻ കഴിയുമ്പോഴാണ് ജീവിതത്തിന് മൂല്യമുണ്ടാകുന്നത് എന്ന വലിയ സത്യമാണിത്.

‘ദ സോൾട്ട് പാത്ത്’ നമ്മെ പഠിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം ദാമ്പത്യബന്ധത്തിന്റെ വിശുദ്ധിയും പരസ്പരസ്നേഹവുമാണ്. സർവതും നഷ്ടപ്പെട്ട് തെരുവിൽ അലയേണ്ടിവന്നിട്ടും അവർ പരസ്പരം കുറ്റപ്പെടുത്തുകയോ, അകലുകയോ ചെയ്യുന്നില്ല. പരസ്പരം താങ്ങും തണലുമായി, സ്നേഹിച്ചും പ്രോത്സാഹിപ്പിച്ചും അവർ മുന്നോട്ടുപോകുന്നു. ഭർത്താവിന്റെ പാത്രത്തിലേക്ക് തനിക്കുള്ള ഭക്ഷണത്തിന്റെ പങ്ക് പോലും രഹസ്യമായി മാറ്റിവയ്ക്കുന്ന ഭാര്യയുടെ കരുതൽ ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള സ്നേഹത്തിന്റെ ശക്തി പ്രകടമാക്കുന്നു. എല്ലാ അഭയകേന്ദ്രങ്ങളും നഷ്ടപ്പെട്ടപ്പോഴും “നീയാണ് എന്റെ വീട്” (You are my home) എന്ന് ഭർത്താവിനോട് ഭാര്യ പറയുന്നത്, യഥാർഥ വീടെന്നത് ഇഷ്ടിക കൊണ്ടുണ്ടാക്കിയ കെട്ടിടമല്ല, മറിച്ച് പരസ്പരമായ ആഴമേറിയ സ്നേഹബന്ധമാണെന്ന് അടിവരയിടുന്നു.

കൂടാതെ, പ്രകൃതിയുമായുള്ള നമ്മുടെ ആത്മബന്ധം നമ്മെ പരിപൂർണ്ണമായി മാറ്റുമെന്ന ചിന്തയും ചിത്രം മുന്നോട്ടുവയ്ക്കുന്നുണ്ട്. കടൽതീരത്തു കൂടിയുള്ള യാത്രയിൽ കാറ്റിലെ ഉപ്പുരസം അവരുടെ ശരീരത്തിലും ജീവിതത്തിലും പടരുമ്പോൾ, ദുരന്തങ്ങളെ നേരിട്ട് ജീവിതത്തിന് ഉപ്പുരസവും മൂല്യവും കൈവരിച്ചവരായി അവർ മാറുന്നു. എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതുന്നിടത്ത് പോലും ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള അവസരങ്ങൾ ദൈവം നൽകുമെന്നും നിരാശയിലേക്ക് വീണുപോകാതെ പ്രത്യാശയോടെ ജീവിക്കണമെന്നും ഈ ചിത്രം ഓർമ്മിപ്പിക്കുന്നു.

ചുരുക്കത്തിൽ, ‘ദ സോൾട്ട് പാത്ത്’ കേവലം ഒരു യാത്രയുടെ വിവരണമല്ല, മറിച്ച് പ്രതിസന്ധികളിൽ തളരാതെ സ്നേഹത്തിലൂടെയും ക്ഷമയിലൂടെയും പ്രകൃതിയോട് ചേർന്നുനിന്നുകൊണ്ട് അതിജീവനം സാധ്യമാക്കാം എന്നതിന്റെ ഉത്തമസാക്ഷ്യമാണ്. കണ്ണീരിൽ തുടങ്ങി പ്രത്യാശയുടെ പ്രകാശത്തിൽ അവസാനിക്കുന്ന ഈ കഥ നമ്മിൽ പ്രകാശവും ആശ്വാസവും നിറയ്ക്കുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.