പ്രതീക്ഷയുടെ യാത്ര 158: കാറ്റാടിയന്ത്രം 

ചിവെറ്റൽ എജിയോഫോർ (Chiwetel Ejiofor) സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ‘ദ ബോയ് ഹൂ ഹാർനെസ്ഡ് ദ വിൻഡ്’ (The Boy Who Harnessed the Wind) എന്ന സിനിമ, മനുഷ്യന്റെ ഇച്ഛാശക്തി പ്രകൃതിയെപ്പോലും കീഴടക്കുമെന്ന വലിയ സത്യത്തിന്റെ ദൃശ്യാവിഷ്കാരമാണ്. മലാവിയിലെ ഒരു ദരിദ്രഗ്രാമത്തിൽ കടുത്ത വരൾച്ചയെത്തുടർന്നുണ്ടായ പട്ടിണിയും പ്രതിസന്ധികളും തരണം ചെയ്യാൻ, പതിമൂന്നുകാരനായ വില്യം കംക്വാംബ എന്ന ബാലൻ തന്റെ അറിവും പ്രയത്നവും കൊണ്ട് ഒരു കാറ്റാടിയന്ത്രം നിർമ്മിക്കുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയ സിനിമയാണിത്.

മലാവിയിലെ ഒരു കൊച്ചുഗ്രാമത്തിൽ കഠിനാധ്വാനം ചെയ്ത് ജീവിക്കുന്ന കർഷക കുടുംബത്തിലാണ് വില്യം ജനിക്കുന്നത്. എന്നാൽ, അപ്രതീക്ഷിതമായി എത്തിയ കടുത്ത വരൾച്ച ഗ്രാമത്തിലെ കൃഷിയെ പൂർണ്ണമായും നശിപ്പിക്കുകയും ഭക്ഷ്യക്ഷാമവും പട്ടിണിയും ഗ്രാമത്തെ വിഴുങ്ങുകയും ചെയ്യുന്നു. കുടുംബത്തിന്റെ തകർച്ചയും സാമ്പത്തിക പരാധീനതകളും കാരണം വില്യമിന് സ്കൂളിൽ പോകാൻ കഴിയാത്ത അവസ്ഥയായി. എന്നാൽ, തളരാത്ത മനസ്സോടെ വില്യം സ്കൂൾ ലൈബ്രറിയിൽ നിന്ന് സയന്‍സ് സംബന്ധമായ പുസ്തകങ്ങളെടുത്ത് സ്വയം പഠിക്കാൻ തുടങ്ങുന്നു. തന്റെ ഗ്രാമത്തിലെ ജലദൗര്‍ലഭ്യപ്രശ്നത്തിന് പരിഹാരമായി ഒരു കാറ്റാടിയന്ത്രം നിർമ്മിക്കാൻ അവൻ തീരുമാനിക്കുന്നു. പലരുടെയും പരിഹാസങ്ങളും അച്ഛന്റെ എതിർപ്പുകളും അവഗണിച്ച്, പാഴ്വസ്തുക്കൾ ഉപയോഗിച്ച് അവൻ ആ യന്ത്രം നിർമ്മിക്കുകയും അതുവഴി കൃഷിക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്ത് ഗ്രാമത്തെ പട്ടിണിയിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ ചുരുക്കം.

ഈ സിനിമയുടെ ഏറ്റവും കരുത്തുറ്റ ഭാഗം വില്യമിന്റെ പിതാവും അവനും തമ്മിലുള്ള ബന്ധമാണ്. തുടക്കത്തിൽ വില്യമിന്റെ ആശയങ്ങളെ അവിശ്വസിക്കുകയും അതിനെ ഒരു ബാലചാപല്യമായി കാണുകയും ചെയ്യുന്ന പിതാവ്, പിന്നീട് മകന്റെ ലക്ഷ്യബോധത്തിനു മുന്നിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്നു. ഒരു പിതാവ് തന്റെ കുടുംബത്തെ രക്ഷിക്കാൻ നടത്തുന്ന പോരാട്ടങ്ങളും മകൻ ലോകത്തെ രക്ഷിക്കാൻ നടത്തുന്ന പരിശ്രമങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. മകന്റെ സ്വപ്നങ്ങളെ മനസ്സിലാക്കാൻ കഴിയാതെപോകുന്ന ഒരു പിതാവിന്റെ നിസ്സഹായാവസ്ഥയും ഒടുവിൽ ആ സ്വപ്നങ്ങളിൽത്തന്നെ തന്റെ അതിജീവനത്തിന്റെ മാർഗം കണ്ടെത്തുകയും ചെയ്യുന്ന മാറ്റം വളരെ ഹൃദയസ്പർശിയാണ്. വില്യം നിർമ്മിക്കുന്ന ആ കാറ്റാടിയന്ത്രം കേവലം ലോഹങ്ങളും പാഴ്വസ്തുക്കളും ചേർത്തൊരുക്കിയ ഉപകരണമല്ല; അത് അവന്റെ കുടുംബത്തിന്റെ പ്രതീക്ഷയുടെ പ്രതീകമാണ്‌.

നമ്മുടെ ജീവിതത്തിൽ പലപ്പോഴും അറിവ് എന്നത് പാഠപുസ്തകങ്ങളിൽ ഒതുങ്ങിപ്പോകുന്നുണ്ട്. എന്നാൽ, ആ അറിവിനെ ജീവിതയാഥാർഥ്യങ്ങളുമായി ബന്ധിപ്പിക്കുമ്പോഴാണ് അത് യഥാർഥത്തിൽ അർഥവത്താകുന്നത്. വില്യം പുസ്തകത്തിലെ ശാസ്ത്രതത്വങ്ങളെ തന്റെ ഗ്രാമത്തിലെ വരൾച്ച മാറ്റാനുള്ള മാർഗമാക്കി മാറ്റി. പുറംലോകത്തെ തിരക്കുകളിൽ നമ്മൾ പലപ്പോഴും മറന്നുപോകുന്ന ‘പ്രശ്നപരിഹാരത്തിനായുള്ള കഴിവിനെ’ (Problem-solving ability) ഈ സിനിമ ഓർമ്മിപ്പിക്കുന്നു. ബുദ്ധിമുട്ടുകൾ വരുമ്പോൾ പരാതി പറയുന്നതിനു പകരം, ഉള്ള വിഭവങ്ങളുപയോഗിച്ച് എങ്ങനെ പരിഹാരം കണ്ടെത്താമെന്ന് വില്യം നമുക്ക് കാണിച്ചുതരുന്നു.

സിനിമയുടെ തുടക്കത്തിൽ മണ്ണിൽ വിത്ത് പാകുമ്പോൾ മഴയ്ക്കായി കാത്തിരിക്കുന്നവരായിരുന്നു വില്യമിന്റെ ഗ്രാമവാസികൾ. എന്നാൽ, കാറ്റാടിയന്ത്രം കറങ്ങിത്തുടങ്ങുമ്പോൾ, മഴയെ മാത്രം ആശ്രയിക്കാതെ, ജീവിതം പച്ചപിടിപ്പിക്കാൻ കഴിയുമെന്ന് അവർ തിരിച്ചറിയുന്നു. വില്യം അറിവിന്റെ പുതിയൊരു വാതിൽ ഗ്രാമത്തിനായി തുറന്നുകൊടുക്കുകയാണ്. സാഹചര്യങ്ങൾ നമ്മളെ തളർത്താൻ ശ്രമിക്കുമ്പോൾ, അതിനു മുകളിലേക്ക് ചിറകുവിരിച്ചു പറക്കാൻ ഇച്ഛാശക്തി മാത്രം മതി എന്ന വലിയ സന്ദേശമാണ് വില്യം ലോകത്തിന് നൽകുന്നത്.

‘ദ ബോയ് ഹൂ ഹാർനെസ്ഡ് ദ വിൻഡ്’ നമ്മെ പഠിപ്പിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടം സാഹചര്യങ്ങളോടല്ല, സ്വന്തം പരിമിതികളോടാണെന്നാണ്. ഏത് പ്രതിസന്ധിയിലും പ്രതീക്ഷ കൈവിടാതെ, ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയാണ് വില്യം കംക്വാംബയിൽ നമ്മൾ കാണുന്നത്. ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന ഓരോ ചെറിയ അവസരവും ഓരോ അറിവും എത്രത്തോളം വിലപ്പെട്ടതാണെന്ന് ഈ ചിത്രം ഓർമ്മിപ്പിക്കുന്നു. കാറ്റിന്റെ ദിശ മാറ്റാൻ കഴിയില്ലെങ്കിലും, പായമരങ്ങൾ ക്രമീകരിച്ച് നമ്മൾ ഉദ്ദേശിക്കുന്നിടത്തേക്ക് എത്തിച്ചേരാൻ കഴിയുമെന്ന സത്യം വില്യമിന്റെ യാത്ര നമ്മെ ബോധ്യപ്പെടുത്തുന്നു.

ജീവിതത്തിൽ പലതും നഷ്ടപ്പെട്ടെന്ന് കരുതി വിലപിക്കുന്നവർക്കു മുന്നിൽ, ഒന്നിനും കഴിയില്ലെന്ന് പറയുന്നവർക്കു മുന്നിൽ വില്യം ഉയർത്തുന്നത് വലിയൊരു ചോദ്യമാണ്: “നിങ്ങൾ ശ്രമിച്ചുനോക്കിയോ?” അവസാനം, കറങ്ങുന്ന ആ കാറ്റാടിയന്ത്രം വഴി കിണറ്റില്‍ നിന്നും വെള്ളം പമ്പ് ചെയ്തു തുടങ്ങുമ്പോള്‍, വില്യമിന്റെ കണ്ണുകളിൽ വിരിയുന്ന സന്തോഷം, പ്രയത്നത്തിന്റെ വിജയമാണ്. വഴി മുടങ്ങുന്നിടത്ത് പുതിയൊരു വഴി വെട്ടിത്തുറക്കാൻ ഓരോ മനുഷ്യനും കഴിയുമെന്നും ആത്മവിശ്വാസത്തോടെയുള്ള ഏതൊരു തുടക്കവും മാറ്റത്തിന് കാരണമാകുമെന്നും ഈ സിനിമ നമ്മോട് പറയുന്നു. കാറ്റാടിയന്ത്രം കറങ്ങുമ്പോള്‍, അത് വില്യമിന്റെ മാത്രമല്ല, ലോകത്തെ മുഴുവൻ സ്വപ്നം കാണുന്നവരുടെ പ്രതീക്ഷകളെയാണ് ആകാശത്തേക്ക് ഉയർത്തുന്നത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.