ജോലിസ്ഥലത്ത് ശാന്തരായി തുടരണോ? ഈ ഏഴു കാര്യങ്ങൾ ശീലിക്കാം

ജോലിസ്ഥലത്ത് സമ്മർദം നേരിടുന്നത് ഇന്ന് മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമാണ്. ജോലിഭാരം, സമയപരിധി, അപ്രതീക്ഷിത വെല്ലുവിളികൾ എന്നിവയ്ക്കിടയിലും ചിലർ ശാന്തതയും ആത്മനിയന്ത്രണവും കൈവിടാറില്ല. അതിന് കാരണം അവരുടെ ചില നല്ല ശീലങ്ങളാണ്. ജോലിസ്ഥലത്ത് മനസ്സമാധാനത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറാൻ സഹായിക്കുന്ന ഏഴ് ശീലങ്ങൾ പരിചയപ്പെടാം.

1. ശരീരാരോഗ്യത്തിന് മുൻഗണന

ശരീരവും മനസ്സും പരസ്പരം ബന്ധപ്പെട്ടതാണ്. അതിനാൽ ആരോഗ്യകരമായ ഭക്ഷണക്രമവും മതിയായ ഉറക്കവും അവർ ശീലമാക്കും. ആരോഗ്യമുള്ള ശരീരം സമ്മർദത്തെ ശാന്തമായി നേരിടാൻ സഹായിക്കും.

2. വ്യായാമം ദിനചര്യയാക്കുക

പതിവായ വ്യായാമം ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണം ചെയ്യും. ദിവസവും കുറച്ച് സമയം നടക്കുകയോ യോഗ പോലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നത് സമ്മർദം കുറയ്ക്കുകയും മനസ്സിന് ശാന്തതയും ഊർജവും നൽകുകയും ചെയ്യും.

3. മനസ്സിന് ശാന്തത നൽകുക

ധ്യാനം, ശ്വാസാഭ്യാസം, അല്ലെങ്കിൽ ദിവസവും കുറച്ച് സമയം ശാന്തമായി ചെലവിടുന്നത് മനസ്സിന് സ്ഥിരത നൽകും. ഇതിലൂടെ സമ്മർദകരമായ സാഹചര്യങ്ങളിലും വ്യക്തമായി ചിന്തിക്കാനും മികച്ച തീരുമാനങ്ങൾ എടുക്കാനും കഴിയും.

4. നന്ദിയുള്ള മനോഭാവം

ജീവിതത്തിലെ നല്ല കാര്യങ്ങളെ നന്ദിയോടെ കാണുന്ന ശീലം മനസ്സിന് പോസിറ്റീവ് ചിന്ത നൽകും. ഓരോ ദിവസവും നന്ദിയുള്ള ചില കാര്യങ്ങൾ ഓർക്കുന്നത് സമ്മർദം കുറയ്ക്കാനും മനസ്സമാധാനം വർധിപ്പിക്കാനും സഹായിക്കും.

5. സമ്മർദത്തിന്റെ കാരണം തിരിച്ചറിയുക

സമ്മർദം അനുഭവപ്പെടുമ്പോൾ അതിന്റെ യഥാർഥ കാരണം കണ്ടെത്താൻ അവർ ശ്രമിക്കും. കാരണം മനസ്സിലാക്കിയാൽ പ്രശ്നത്തെ ശാന്തമായി നേരിടാനും ശരിയായ പരിഹാരം കണ്ടെത്താനും എളുപ്പമാകും.

6. വെല്ലുവിളികളിൽ അവസരം കണ്ടെത്തുക

പ്രതിസന്ധികളെ അവർ നിരാശയോടെ കാണില്ല. പകരം, അതിൽ നിന്ന് എന്ത് പഠിക്കാമെന്നും എങ്ങനെ മെച്ചപ്പെടാമെന്നും ചിന്തിക്കും. ഈ സമീപനം ആത്മവിശ്വാസം വർധിപ്പിക്കുകയും ഓരോ അനുഭവവും വളർച്ചയുടെ അവസരമാക്കുകയും ചെയ്യും.

7. ശ്വാസനിയന്ത്രണത്തിലൂടെ ശാന്തത വീണ്ടെടുക്കുക

സമ്മർദം കൂടുമ്പോൾ ശ്വാസം പതുക്കെ നിയന്ത്രിക്കുന്നത് മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാൻ സഹായിക്കും. കുറച്ച് നിമിഷങ്ങൾ ആഴത്തിൽ ശ്വാസം എടുക്കുകയും പതുക്കെ പുറത്തുവിടുകയും ചെയ്യുന്നത് സമ്മർദം കുറച്ച് മനസ്സമാധാനം വീണ്ടെടുക്കാൻ സഹായിക്കും.

ജോലിസ്ഥലത്തെ സമ്മർദം ഒഴിവാക്കാൻ എല്ലായ്‌പ്പോഴും കഴിയണമെന്നില്ല. എന്നാൽ അതിനെ ശാന്തമായി നേരിടാൻ പഠിക്കാം. ആരോഗ്യകരമായ ജീവിതശൈലി, പോസിറ്റീവ് ചിന്ത, ആത്മനിയന്ത്രണം എന്നിവ പോലുള്ള ചെറിയ ശീലങ്ങൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഈ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കിയാൽ ജോലിസ്ഥലത്ത് കൂടുതൽ ആത്മവിശ്വാസത്തോടെയും മനസ്സമാധാനത്തോടെയും മുന്നേറാൻ കഴിയും.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.