
റോബർട്ട് സെമെക്കിസ് സംവിധാനം ചെയ്ത് ടോം ഹാങ്ക്സ് പ്രധാന വേഷത്തിലെത്തിയ ‘കാസ്റ്റ് എവേ’ (2000) എന്ന സിനിമ കേവലമൊരു അതിജീവന കഥയല്ല, മറിച്ച് മനുഷ്യന്റെ മനക്കരുത്തിന്റെയും പ്രതീക്ഷയുടെയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു ദൃശ്യവിസ്മയമാണ്. ഒരു വിമാനാപകടത്തെ തുടർന്ന് പസഫിക് സമുദ്രത്തിലെ വിജനമായ ഒരു ദ്വീപിൽ ഒറ്റപ്പെട്ടുപോയ, ഫെഡ്‌എക്സ് കൊറിയറിലെ ജീവനക്കാരനായ ചക്ക് നോളൻഡിന്റെ നാലുവർഷത്തെ ജീവിതമാണ് ഈ സിനിമയുടെ ഇതിവൃത്തം.
നമ്മൾ സാധാരണ ജീവിതത്തിൽ നിസ്സാരമെന്ന് കരുതുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. തീ കത്തിക്കുക, കുടിവെള്ളം കണ്ടെത്തുക, ഭക്ഷണം സമ്പാദിക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ. എന്നാല്‍, ഒരു പ്രതികൂല സാഹചര്യത്തിൽ ഇവയൊക്കെ ലഭിക്കണമെങ്കിൽ മനുഷ്യൻ എത്രത്തോളം പോരാടേണ്ടിവരുമെന്ന് ഈ സിനിമ കാണിച്ചുതരുന്നു. സമയം കൃത്യമായി പാലിച്ച് ജീവിച്ചുകൊണ്ടിരുന്ന ചക്കിന്റെ ജീവിതം ദ്വീപിലെത്തിയതോടെ അടിമുടി മാറുന്നു. അവിടെ പ്രകൃതിയുടെ നിയമങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ആ ശൂന്യതയിലും പ്രതീക്ഷ കൈവിടാതെ, കഠിനമായ സാഹചര്യങ്ങളെ അതിജീവിച്ച് അയാൾ മുന്നോട്ടുപോകുന്നു.
ഈ സിനിമയുടെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗം ചക്കും ‘വിൽസൺ’ എന്ന വോളിബോളും തമ്മിലുള്ള ബന്ധമാണ്. ദ്വീപിലെ കടുത്ത ഏകാന്തതയിൽ ഭ്രാന്ത് പിടിക്കാതെ പിടിച്ചുനിൽക്കാൻ ചക്ക് കണ്ടെത്തുന്ന മാർഗമാണ് വിൽസൺ. ഒരു പന്തിൽ മുഖം വരച്ച്, അതിന് വിൽസൺ എന്ന പേരും നൽകി, അയാള്‍ അതിനോട് സംസാരിക്കുകയാണ്.
അയാൾക്ക് ഭ്രാന്ത് പിടിച്ചിട്ടല്ല അങ്ങനെ ചെയ്യുന്നത്; ഭ്രാന്ത് പിടിക്കാതിരിക്കാനാണ്. മനുഷ്യന്‍ ഒരു സമൂഹജീവിയാണെന്നും ജീവിക്കാന്‍ മറ്റൊരാളുടെ സാന്നിധ്യം ആവശ്യമാണെന്നമുള്ളതിന്റെ തെളിവാണിത്. സംസാരിക്കാൻ ഒരാളില്ലാത്ത ലോകത്ത്, സ്വന്തം വികാരങ്ങൾ പങ്കുവയ്ക്കാനും തളരുമ്പോൾ ആശ്വാസം പകരാനും ചക്കിന് വിൽസൺ ആവശ്യമായിരുന്നു. വിൽസൺ കേവലം ഒരു പന്തല്ല, ചക്കിന്റെ ആത്മധൈര്യത്തിന്റെ പ്രതീകമാണ്. കടലിൽ വച്ച് വിൽസനെ നഷ്ടപ്പെടുമ്പോൾ ചക്ക് അനുഭവിക്കുന്ന തീവ്രമായ ദുഃഖം, ആ സൗഹൃദം എത്രത്തോളം ആഴമുള്ളതായിരുന്നു എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. മനുഷ്യൻ മറ്റുള്ളവരുമായി ബന്ധപ്പെടാൻ എത്രത്തോളം ആഗ്രഹിക്കുന്നുവെന്നതിന്റെ മനോഹരമായ ഒരു ആവിഷ്കാരമാണിത്.
നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒപ്പമുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളും പലപ്പോഴും നമ്മൾ ശ്രദ്ധിക്കാത്ത ഒരു സാന്നിധ്യമായി മാറുന്നുണ്ട്. ചക്കിന് വിൽസൺ എന്ന വോളിബോൾ നൽകിയ ആശ്വാസം, മനുഷ്യബന്ധങ്ങളുടെ അനിവാര്യതയെക്കുറിച്ചുള്ള വലിയൊരു പാഠമാണ് നമുക്ക് നല്‍കുന്നത്. യഥാർഥത്തിൽ, വിൽസൺ എന്നത് ചക്കിന്റെ തന്നെ മനസ്സിന്റെ പ്രതിഫലനമാണ്. തന്നോടു തന്നെ സംസാരിക്കാനും തന്റെ കുറ്റസമ്മതങ്ങൾ കേൾക്കാനും പ്രതിസന്ധികളിൽ ആത്മവിശ്വാസം നൽകാനും അയാള്‍ക്ക് മറ്റൊരാളെ ആവശ്യമായിരുന്നു. പുറംലോകത്തെ തിരക്കുകളിൽ നമ്മൾ പലപ്പോഴും മറന്നുപോകുന്ന ‘കേൾക്കാനുള്ള മനസ്സ്’ എന്ന വലിയ നന്മയെയാണ് ചക്കിന്റെ ആ പെരുമാറ്റം ഓർമ്മിപ്പിക്കുന്നത്. മൗനം ഭേദിക്കാൻ ഒരു ശബ്ദമെങ്കിലും വേണമെന്നത് ഏതൊരു മനുഷ്യന്റെയും അടിസ്ഥാനപരമായ ആവശ്യമാണ്.
സിനിമയുടെ തുടക്കത്തിൽ സമയം മനുഷ്യനെ നിയന്ത്രിക്കുന്ന ഒന്നായിരുന്നുവെങ്കിൽ, ദ്വീപിലെ നാലുവർഷങ്ങൾക്കു ശേഷം സമയം എന്നത് വെറും കടന്നുപോകുന്ന ഒന്നാണെന്ന് ചക്ക് തിരിച്ചറിയുന്നു. ദ്വീപിൽ നിന്ന് രക്ഷപെട്ട ശേഷം തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ, താൻ പ്രണയിച്ച വ്യക്തിക്ക് മറ്റൊരു ജീവിതമുണ്ടായെന്ന യാഥാർഥ്യം അയാൾ മനസ്സിലാക്കുന്നു. അവിടെ അയാൾ തകർന്നുപോകുന്നില്ല, മറിച്ച് പ്രതീക്ഷയോടെ ജീവിതം മുൻപോട്ടു നയിക്കുക എന്ന തിരിച്ചറിവിലേക്ക് അയാൾ എത്തുന്നു.
‘കാസ്റ്റ് എവേ’ നമ്മെ പഠിപ്പിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടം പുറംലോകത്തോടല്ല, സ്വന്തം മനസ്സിനോടാണെന്നാണ്. ഏകാന്തതയിലും, പ്രതീക്ഷ കൈവിടാതെ, ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയാണ് ചക്ക് നോളൻഡിൽ നമ്മൾ കാണുന്നത്. ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന ഓരോ നിമിഷവും, ഓരോ ചെറിയ സൗകര്യവും എത്രത്തോളം വിലപ്പെട്ടതാണെന്ന് ഈ ചിത്രം ഓർമ്മിപ്പിക്കുന്നു. കടൽത്തിരകൾക്കിടയിൽ കാണാതായ വിൽസൺ, നഷ്ടപ്പെട്ട സൗഹൃദങ്ങളുടെയും ഓർമ്മകളുടെയും പ്രതീകമായി ഇന്നും പ്രേക്ഷകരുടെ മനസ്സിൽ അവശേഷിക്കുന്നു.
ജീവിതത്തിൽ നാം പലതും നഷ്ടപ്പെട്ടെന്ന് കരുതി വിലപിക്കാറുണ്ട്. എന്നാൽ, നഷ്ടങ്ങൾക്കപ്പുറം വലിയൊരു തുടക്കം കാത്തുനിൽക്കുന്നുണ്ടെന്ന സത്യം ചക്കിന്റെ യാത്ര നമ്മെ ബോധ്യപ്പെടുത്തുന്നു. ദ്വീപിലെ ആ നാലുവർഷം കൊണ്ട് അയാള്‍ക്ക് ലഭിച്ചത് വെറുമൊരു അതിജീവനം മാത്രമല്ല, മറിച്ച് തന്റെ ജീവിതത്തിന്റെ യഥാർഥ അർഥത്തെക്കുറിച്ചുള്ള തിരിച്ചറിവ് കൂടിയാണ്. തിരികെ നാട്ടിലെത്തുമ്പോൾ, പഴയ ലോകം തനിക്കു വേണ്ടി കാത്തുനിന്നില്ല എന്ന് മനസ്സിലാക്കുമ്പോഴും, അവസാന രംഗത്ത് അയാൾ ഒരു ജംഗ്ഷനിൽ നിൽക്കുമ്പോൾ അയാളില്‍ വിരിയുന്ന പുഞ്ചിരി പ്രതീക്ഷയുടെ വലിയൊരു സന്ദേശമാണ് നമുക്ക് നല്‍കുന്നത്. വഴിപിരിയുന്നിടത്ത് ജീവിതം അവസാനിക്കുന്നില്ലെന്നും ഓരോ അവസാനവും പുതിയൊരു തുടക്കമാണെന്നും ആ പുഞ്ചിരി ലോകത്തോട് പറയുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS




