
ലോകമെമ്പാടുമുള്ള യുദ്ധബാധിത പ്രദേശങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും തങ്ങളുടെ കാരുണ്യപ്രവർത്തനങ്ങൾ വിപുലീകരിച്ച് കത്തോലിക്കാ സന്നദ്ധ സംഘടനയായ ‘സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ട’. നിലവിൽ യുദ്ധവും ആഭ്യന്തര കലാപങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ഏകദേശം 90 ലക്ഷത്തോളം ആളുകൾക്കാണ് സംഘടന ലോകത്തിന്റെ വിവിധ കോണുകളിലായി സഹായം എത്തിക്കുന്നത്.
സംഘടനയുടെ അന്താരാഷ്ട്ര പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഗ്രാൻഡ് ഹോസ്പിറ്റലർ ജോസഫ് ബ്ലോട്ട്സ് ആണ് പുതിയ ദുരിതാശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചത്. ലോകത്ത് സഹായം ആവശ്യമുള്ളവരുടെ എണ്ണം വൻതോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേൽ-ഹമാസ് യുദ്ധം മൂലം കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്ന ഗാസ സ്ട്രിപ്പിൽ ഓർഡർ ഓഫ് മാൾട്ട പുതിയ മെഡിക്കൽ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. യുദ്ധത്തിൽ ആരോഗ്യരംഗം പൂർണ്ണമായി തകർന്ന ഗാസയിലെ ജനങ്ങൾക്ക് അടിയന്തിര ചികിത്സ, ഗർഭിണികൾക്കുള്ള പരിചരണം, അത്യാഹിത വിഭാഗം എന്നിവ ഈ ക്ലിനിക്ക് വഴി ലഭ്യമാക്കും.
ഉക്രൈയിനിലെ റഷ്യൻ അധിനിവേശം സൃഷ്ടിച്ച നാശനഷ്ടങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി വലിയ തോതിലുള്ള പുനരധിവാസ പ്രവർത്തനങ്ങളാണ് സംഘടന നടത്തുന്നത്. അടിയന്തിര ഭക്ഷണ-മരുന്ന് വിതരണത്തിന് പുറമെ, യുദ്ധത്തിൽ കൈകാലുകൾ നഷ്ടപ്പെട്ടവർക്കായി അത്യാധുനിക കൃത്രിമ അവയവ നിർമ്മാണ കേന്ദ്രങ്ങളും പുനരധിവാസ പരിപാടികളും ഓർഡർ ഓഫ് മാൾട്ട സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, യുദ്ധത്തിൽ പരിക്കേറ്റ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും മാനസിക പിന്തുണ നൽകുന്നതിനായി പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
ലത്തീൻ അമേരിക്കൻ രാജ്യമായ വെനസ്വേല നേരിടുന്ന കടുത്ത സാമ്പത്തിക-സാമൂഹിക പ്രതിസന്ധിയെത്തുടർന്ന് അടിയന്തിര സഹായ ദൗത്യസംഘത്തെ സംഘടന അങ്ങോട്ട് അയച്ചിട്ടുണ്ട്. അവിടെ നിലനിൽക്കുന്ന പോഷകാഹാരക്കുറവ്, മരുന്നുകളുടെ ക്ഷാമം, തകർന്ന പൊതുജനാരോഗ്യ സംവിധാനം എന്നിവയ്ക്ക് പരിഹാരം കാണുന്നതിനായി നേരിട്ട് മെഡിക്കൽ സഹായവും ഭക്ഷണവും എത്തിക്കുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യം.
പതിനൊന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഓർഡർ ഓഫ് മാൾട്ട, ലോകത്തിലെ ഏറ്റവും പഴയ കത്തോലിക്കാ ജീവകാരുണ്യ സംഘടനകളിൽ ഒന്നാണ്. അന്താരാഷ്ട്ര നിയമപ്രകാരം പരമാധികാരമുള്ള ഒരു പ്രത്യേക പദവിയാണ് ഈ സംഘടനയ്ക്കുള്ളത്.




