ഞായർ പ്രസംഗം: കൈത്താക്കാലം രണ്ടാം ഞായര്‍ ജൂലൈ 19, യോഹ 15: 1-8 ക്രിസ്തുവിനോട് ചേര്‍ന്നുനില്‍ക്കാം

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

ഇന്ന് നാം ശ്രവിച്ച തിരുവചനഭാഗം വി. യോഹന്നാന്റെ സുവിശേഷം 15-ാം അധ്യായം ഒന്ന് മുതല്‍ എട്ട് വരെയുള്ള വാക്യങ്ങളാണ്. യേശുക്രിസ്തു, താന്‍ മുന്തിരിവള്ളിയും തന്റെ ശിഷ്യന്മാര്‍ ശാഖകളുമാണെന്ന് പറയുന്ന ഇന്നത്തെ സുവിശേഷഭാഗം, ഒരു വിശ്വാസിയുടെ ആത്മീയജീവിതത്തിന്റെ അടിസ്ഥാനസത്യങ്ങളെ വെളിപ്പെടുത്തുന്നു. പ്രത്യേകിച്ചും അഞ്ചാം വാക്യത്തില്‍, ”ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ ശാഖകളുമാകുന്നു. ഒരാള്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍ അവന്‍ വളരെ ഫലം കായ്ക്കും; എന്നെക്കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനും കഴിയുകയില്ല” എന്ന് കര്‍ത്താവ് അരുളിച്ചെയ്യുമ്പോള്‍, ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധത്തിന്റെ അനിവാര്യതയാണ് അവിടെ ഊന്നിപ്പറയുന്നത്.

വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ‘ക്രിസ്തി ഫെദെലെസ് ലായിച്ചി’ (Christifideles Laici) എന്ന പ്രബോധനം ആരംഭിക്കുന്നതു തന്നെ, ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ ശാഖകളുമാണ് എന്ന തിരുവചനം ഉദ്ധരിച്ചുകൊണ്ടാണ്. നമ്മുടെയൊക്കെ വിളിയും ദൗത്യവും ക്രിസ്തുവുമായുള്ള ആഴമായ ഐക്യത്തില്‍ അധിഷ്ഠിതമാണെന്ന് മാര്‍പാപ്പ ഇതിലൂടെ ഓര്‍മ്മിപ്പിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ‘സുവിശേഷത്തിന്റെ സന്തോഷം’ (Evangelii Gaudium) എന്ന പ്രബോധനത്തിലും, ക്രിസ്തുവിനോട് ചേര്‍ന്നുനില്‍ക്കാതെ നമ്മുടെ ഏതൊരു സുവിശേഷവല്‍ക്കരണദൗത്യവും പ്രവര്‍ത്തനങ്ങളും ഫലമണിയുകയില്ല എന്ന് വ്യക്തമാക്കുന്നുണ്ട്. കാരണം, മുന്തിരിച്ചെടിയോടു ചേര്‍ന്നുനില്‍ക്കുന്ന ശാഖ മുന്തിരിച്ചെടിയുടെ അതേ സ്വഭാവം പേറുന്നവയാണ്. ഈ സത്യം തങ്ങളുടെ ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുതന്നവരാണ് വിശുദ്ധര്‍. ചെറിയ കാര്യങ്ങള്‍ വലിയ സ്‌നേഹത്തോടെ ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞത്, ക്രിസ്തു എന്ന മുന്തിരിവള്ളിയില്‍ നിന്ന് ലഭിച്ച പോഷകം കൊണ്ടാണ്.

1875 ല്‍ ഹവായിയിലെ ‘മൊളൊകായ്’ എന്ന ദ്വീപിലേക്ക് കുഷ്ഠരോഗികളെ ശുശ്രൂഷിക്കാന്‍ വിശുദ്ധ ഡാമിയൻ കടന്നുചെന്നു. അക്കാലത്ത് പ്രത്യാശ നഷ്ടപ്പെട്ട്, നരകതുല്യമായി കഴിഞ്ഞിരുന്ന ആ സമൂഹത്തിനു വേണ്ടി വീടുകള്‍ വച്ചും മുറിവുകള്‍ വച്ചുകെട്ടിയും അവരിലൊരാളായി അദ്ദേഹം ജീവിച്ചു. ഭീകരമായ ഒറ്റപ്പെടലും രോഗത്തിന്റെ ഭയവും നിറഞ്ഞ ആ ചുറ്റുപാടില്‍ സ്വന്തം ശക്തിയിലല്ല, മറിച്ച് ദിവസവും മണിക്കൂറുകളോളം വിശുദ്ധ കുര്‍ബാനയ്ക്കു മുന്നിലിരുന്ന് പ്രാര്‍ഥിച്ചാണ് അദ്ദേഹം കരുത്ത് നേടിയത്. ദൈവസാനിധ്യമില്ലായിരുന്നെങ്കില്‍ താന്‍ എപ്പോഴേ അവിടെ നിന്ന് ഓടിപ്പോയേനെ എന്ന് അദ്ദേഹം കത്തുകളില്‍ എഴുതിയിട്ടുണ്ട്. ഒടുവില്‍ 11 വര്‍ഷത്തെ സേവനത്തിനു ശേഷം അദ്ദേഹത്തിനും കുഷ്ഠരോഗം ബാധിച്ചെങ്കിലും, 1889 ല്‍ മരിക്കുന്നതു വരെ ക്രിസ്തുവാകുന്ന മുന്തിരിവള്ളിയില്‍ ശാഖയായി പറ്റിനിന്നുകൊണ്ട്, ആ ദ്വീപിനെ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും വലിയൊരു സമൂഹമാക്കി മാറ്റാന്‍ വിശുദ്ധ ഡാമിയന് സാധിച്ചു.

ഒരിക്കല്‍ ഒരു കൊച്ചുപെണ്‍കുട്ടി തന്റെ മനോഹരമായ റോസാച്ചെടിയില്‍ വിരിഞ്ഞുനിന്ന പൂക്കള്‍ കണ്ടു. അവള്‍ക്ക് ആ പൂക്കളോട് വലിയ ഇഷ്ടം തോന്നി. അവള്‍ വിചാരിച്ചു, ‘ഈ പൂക്കള്‍ ചെടിയില്‍ കിടക്കുന്നതിനേക്കാള്‍ ഭംഗി എന്റെ മുറിയിലെ മേശപ്പുറത്ത് ഇരിക്കുമ്പോഴാണ്. അവള്‍ വേഗം തന്നെ ആ പൂക്കള്‍ തണ്ടോടെ പറിച്ചെടുത്ത് തന്റെ മുറിയിലെ ഫ്‌ളവര്‍ വേസില്‍ കൊണ്ടുവച്ചു. ആദ്യത്തെ ദിവസം ആ പൂക്കള്‍ അതീവസുന്ദരമായി, സുഗന്ധം പരത്തി അവിടെയിരുന്നു. എന്നാല്‍, രണ്ടാം ദിവസമായപ്പോഴേക്കും അതിന്റെ ഇതളുകള്‍ വാടാന്‍ തുടങ്ങി. മൂന്നാം ദിവസം അവ പൂര്‍ണ്ണമായും കരിഞ്ഞ് നിലത്തുവിണു.

ലോകത്തിന്റെ കണ്ണില്‍ നാം ആ ഫ്‌ളവര്‍ വേസിലെ പൂക്കളെപ്പോലെ അതിമനോഹരമായിരിക്കാം. എന്നാല്‍, ജീവന്റെ സ്രോതസായ ദൈവവുമായി നമുക്ക് ബന്ധമില്ലെങ്കില്‍, പ്രാര്‍ഥനയിലൂടെ ആ തായ്ത്തടിയോട് നാം ചേര്‍ന്നുനില്‍ക്കുന്നില്ലെങ്കില്‍, സാവധാനം നമ്മുടെ ആത്മീയജിവിതം വാടിപ്പോകും. ഉള്ളിലെ സമാധാനവും സന്തോഷവും നഷ്ടപ്പെട്ട് നാം ശൂന്യതയിലേക്ക് വീണുപോകും. അപ്പോഴാണ് യേശുവിന്റെ ഈ വാക്കുകള്‍ ഒരു വലിയ സത്യമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്: ”എന്നെക്കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല.”

ഇതൊരു ഏകപക്ഷീയമായ ബന്ധമല്ല, മറിച്ച് പരസ്പര മുള്ള ഒരു വസിക്കലാണ്. ക്രിസ്തു നമ്മിലും നമ്മള്‍ ക്രിസ്തുവിലും വസിക്കുന്ന ഈ അവസ്ഥയാണ് ആത്മീയഫലദാനത്തിന്റെ രഹസ്യം. ദൈവവചനത്തില്‍ വിശ്വസിക്കുകയും കൂദാശകളിലൂടെയും പ്രാര്‍ഥനയിലൂടെയും കര്‍ത്താവിനോട് ഐക്യപ്പെടുകയും ചെയ്യുമ്പോഴാണ് ഈ വസിക്കല്‍ പൂര്‍ണ്ണമാകുന്നത്. നാം ക്രിസ്തുവില്‍ വസിക്കുമ്പോള്‍, അവനാണ് നമ്മുടെ ചിന്തകളെയും വാക്കുകളെയും പ്രവൃത്തികളെയും നയിക്കുന്നത്. ഇതിന്റെ ഫലമായി നമ്മുടെ ചിന്തകളിലും വാക്കുകളിലും പ്രവര്‍ത്തികളിലും സ്‌നേഹത്തിന്റെയും ക്ഷമയുടെയും കരുണയുടെയും കരുതലിന്റെയും നല്ല ഫലങ്ങള്‍ തനിയെ പുറത്തുവരും.

ക്രിസ്തുവാകുന്ന മുന്തിരിച്ചെടിയോടു ചേര്‍ന്നുനില്‍ക്കുന്നവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമെന്ന് തുടര്‍ന്നുവരുന്ന വചനത്തിലൂടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഫലം കായ്ക്കുന്ന ശാഖയെ അത് കൂടുതല്‍ ഫലം കായ്ക്കാന്‍ അവന്‍ വെടിപ്പാക്കുന്നു. ഒരു തോട്ടക്കാരന്‍ മുന്തിരിച്ചെടിയുടെ ശാഖകള്‍ വെട്ടിമാറ്റുന്നത് അതിനെ നശിപ്പിക്കാനല്ല, മറിച്ച് കൂടുതല്‍ തഴച്ചുവളരാനും മികച്ച ഫലങ്ങള്‍ തരാനും വേണ്ടിയാണ്. അതുപോലെ, നമ്മുടെ ജീവിതത്തിലുണ്ടാകുന്ന കഷ്ടതകളും പ്രതിസന്ധികളും ദൈവത്തിന്റെ ശിക്ഷയല്ല, മറിച്ച് നമ്മുടെ ആത്മീയവളര്‍ച്ചയ്ക്കായുള്ള ദൈവത്തിന്റെ ‘ചെത്തിവെടിപ്പാക്കല്‍’ പ്രക്രിയയാണ്. ദൈവം പല സാഹചര്യങ്ങളിലൂടെ വെട്ടിമാറ്റുമ്പോള്‍ ആ സമയത്ത് നമുക്ക് വലിയ വേദന തോന്നാമെങ്കിലും അത് നമ്മെ കൂടുതല്‍ ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.

ജീവിതത്തില്‍ ഒത്തിരിയേറെ സഹനങ്ങള്‍ ഉണ്ടായപ്പോള്‍ വി. അല്‍ഫോന്‍സാമ്മയോട് മറ്റ് സഹോദരിമാരുടെ, ”എങ്ങനെ ഇത്ര സന്തോഷത്തോടെ സ്‌നേഹിക്കാന്‍ കഴിയുന്നു” എന്ന ചോദ്യത്തിന് ”ഞാന്‍ സഹിക്കുകയല്ല, ഈശോയെ സ്‌നേഹിക്കുകയാണ്” എന്ന് അവള്‍ മറുപടി പറഞ്ഞു. ജീവിതത്തിലെ വേദനകള്‍ക്കിടയിലും മുന്തിരിച്ചെടിയായ ക്രിസ്തുവിനോട് അവള്‍ ചേര്‍ന്നുനിന്നു. നമ്മുടെ ജീവിതത്തിലും പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ തളര്‍ന്നുപോകാതെ കൂടുതല്‍ മനോഹരവും അനുഗ്രഹിക്കപ്പെട്ടതുമായ ഒരു ജീവിതത്തിനായി ദൈവം നമ്മെ ഒരുക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് അവിടുത്തോട് ചേര്‍ന്നുനില്‍ക്കാം.

ഒരു ബള്‍ബ് പ്രകാശിക്കുന്നത് അതിന് ഇലക്ട്രിക് ലൈനുമായി ബന്ധമുണ്ടാകുമ്പോഴാണ്. ബള്‍ബിലെ പ്രകാശം എത്ര മനോഹരമാണെങ്കിലും, വയറുമായി ബന്ധമില്ലെങ്കില്‍ അത് ഇരുട്ടാണ്. പലപ്പോഴും നമ്മുടെ ജീവിതവും ഇങ്ങനെയല്ലേ? നമ്മള്‍ പുറമേക്ക് ക്രിസ്ത്യാനികളായി കാണപ്പെട്ടേക്കാം. എന്നാല്‍, ഉള്ളില്‍ ക്രിസ്തുവിന്റെ സ്‌നേഹപ്രവാഹം ഇല്ലാത്തതുകൊണ്ട് നമ്മുടെ ജീവിതം ഇരുട്ടായിപ്പോകുന്നു.

അതുകൊണ്ട് പ്രിയപ്പെട്ടവരേ, ഇന്ന് നമ്മള്‍ പരിശോധിക്കേണ്ടത് നാം മുന്തിരിവള്ളിയായ ക്രിസ്തുവിനോട് എത്രത്തോളം ചേര്‍ന്നുനില്‍ക്കുന്നു എന്നതാണ്. സഭയോടും കൂദാശകളോടും ചേര്‍ന്നുനില്‍ക്കുമ്പോഴാണ് നാം ക്രിസ്തുവിനോട് ചേര്‍ന്നുനില്‍ക്കുന്നത്.

ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ക്രിസ്തുവിനെ മറന്നുപോകാതെ, ഏതു നിമിഷവും അവിടുത്തെ സന്നിധിയില്‍ വസിക്കാന്‍ നമുക്ക് പരിശ്രമിക്കാം. ക്രിസ്തു നമ്മിലും നമ്മള്‍ അവനിലും വസിക്കുമ്പോള്‍, നമ്മുടെ ജിവിതം സ്‌നേഹം, സന്തോഷം, സമാധാനം തുടങ്ങിയ ആത്മാവിന്റെ ഫലങ്ങളാല്‍ നിറയുകയും അത് ദൈവത്തിന് മഹത്വകരമായിത്തീരുകയും ചെയ്യും. ഈ തിരിച്ചറിവോടെ, ക്രിസ്തുവില്‍ മാത്രം ആശ്രയിച്ച് വിശുദ്ധരെപ്പോലെ ഫലദായകമായ ഒരു ജീവിതം നയിക്കാന്‍ ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ. ആമ്മേന്‍.

ബ്രദര്‍ ശരത് മാത്യു MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.