
ജാപ്പനീസ് നാടോടിക്കഥകളിൽ ഏറ്റവും ആഴത്തിൽ മനുഷ്യഹൃദയങ്ങളെ സ്പർശിക്കുന്ന ഒന്നാണ് ‘ഉബാസുതേയാമ’ (Ubasute-yama) എന്ന കഥ. ഇതിന് പല വകഭേദങ്ങളുണ്ട്. അതില്‍ മനോഹരമായ ഒരെണ്ണം ഇങ്ങനെയാണ്. വളരെ പണ്ട്, ദാരിദ്ര്യം നിറഞ്ഞ ഒരു കാലത്ത്, വായോധികരെ പരിപാലിക്കാൻ കഴിയാത്ത അവസ്ഥയിൽ, അവരെ മലമുകളിൽ കൊണ്ടുപോയി ഉപേക്ഷിക്കണമെന്ന ക്രൂരമായ ഒരു നിയമം ഒരു പ്രഭു പുറപ്പെടുവിച്ചു. അക്കാലത്ത് ജീവിച്ചിരുന്ന ഒരു മകൻ, മനസ്സില്ലാമനസ്സോടെ തന്റെ വൃദ്ധയായ അമ്മയെ തോളിലേറ്റിക്കൊണ്ട് ആ ഉയരമുള്ള മലയിലേക്ക് യാത്രയായി. വഴിയിലൊരിടത്തും തങ്ങാതെ, വേഗത്തിൽ മല കയറുകയായിരുന്നു ആ മകൻ. എന്നാൽ, വഴിയിൽ താൻ കടന്നുപോകുന്ന മരച്ചില്ലകൾ അമ്മ ഒടിച്ച് താഴെയിടുന്നത് അവൻ ശ്രദ്ധിച്ചു. മകൻ ചോദിച്ചു:
“അമ്മേ, എന്തിനാണ് അനാവശ്യമായി ചില്ലകൾ ഒടിക്കുന്നത്?”
നിറഞ്ഞ കണ്ണുകളോടെ അമ്മ നൽകിയ മറുപടി ഇതായിരുന്നു: “മോനേ, നീ ഒറ്റയ്ക്ക് താഴേക്ക് മടങ്ങുമ്പോൾ വഴിതെറ്റാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഈ അടയാളങ്ങൾ ഇടുന്നത്.”
മരണത്തിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോഴും തന്റെ മകന്റെ മടക്കയാത്രയെക്കുറിച്ചു മാത്രം ചിന്തിക്കുന്ന ആ അമ്മയുടെ വാക്കുകൾ മകന്റെ ഉള്ളിലെ കൽഹൃദയത്തെ ഉടച്ചുകളഞ്ഞു. അവൻ അമ്മയെയും കൊണ്ട് മലയിറങ്ങി, നിയമത്തെ ധിക്കരിച്ച് അമ്മയെ രഹസ്യമായി സംരക്ഷിച്ചു.
ഈ കഥ മാതൃത്വത്തിന്റെ ഏറ്റവും തീക്ഷ്ണമായ അവസ്ഥയാണ് നമുക്കു മുന്നിൽ തുറന്നുകാട്ടുന്നത്. മരണം തനിക്കു മുന്നിൽ നിഴൽ വീഴ്ത്തുമ്പോഴും അമ്മയുടെ ചിന്ത മകന്റെ സുരക്ഷിതത്വത്തിലാണ്. ഒരു അമ്മയുടെ സ്നേഹം എന്നത് ഭൂമിയിലെ എല്ലാ നിയമങ്ങളേക്കാളും, എല്ലാ സാഹചര്യങ്ങളേക്കാളും മുകളിൽ നിൽക്കുന്ന ഒന്നാണെന്ന് ഈ നാടോടിക്കഥ തെളിയിക്കുന്നു. മകൻ ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും, അവനെ ശാസിക്കുന്നതിനു പകരം, അവന് വരാനിരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചോർത്ത് ആശങ്കപ്പെടുന്ന ആ അമ്മ, മാതൃത്വത്തിന്റെ ത്യാഗനിർഭരമായ തലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.
മാതാപിതാക്കളെ ആദരിക്കുക എന്നത് വെറുമൊരു സാമൂഹിക മര്യാദയല്ല; അതൊരു ധാർമ്മികമായ കടമയും ജീവിതത്തിന്റെ അടിസ്ഥാനവുമാണ്. ഈ കഥയിലൂടെ ജാപ്പനീസ് സംസ്കാരം നൽകുന്ന വലിയ സന്ദേശം ഇതാണ്: മക്കൾക്കു വേണ്ടി ജീവിതം മുഴുവൻ ഹോമിച്ച മാതാപിതാക്കളെ, അവർക്ക് ആവശ്യം വരുന്ന സമയത്ത് കൈവിടുന്നത് ആത്മീയമായ ഒരു വലിയ നഷ്ടമാണ്. അമ്മ ഒടിച്ചിട്ട ആ ചെറിയ കൊമ്പുകൾ, യഥാർഥത്തിൽ അവർ നമുക്ക് നൽകിയ മൂല്യങ്ങളും ഉപദേശങ്ങളുമാണ്. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും, നാം വഴുതിവീഴാതിരിക്കാൻ വഴിയിൽ അടയാളങ്ങൾ വച്ചുതന്നത് അമ്മയാണ്. കാലം മാറുമ്പോൾ അമ്മയുടെ ശരീരം തളരാം, പക്ഷേ അവരുടെ സ്നേഹം പകർന്നുനൽകിയ പാഠങ്ങൾ എന്നും നമ്മെ നയിക്കുന്ന ദീപങ്ങളായി ഉണ്ടാകും.
മാതൃത്വം എന്നത് ദൈവം ഭൂമിയിൽ ഏൽപിച്ച ഏറ്റവും വലിയ ശുശ്രൂഷയാണ്. നാം എത്ര വലിയ പദവികളിലെത്തിയാലും, എത്ര സമ്പാദ്യങ്ങൾ ഉണ്ടാക്കിയാലും ഒരമ്മയുടെ കണ്ണീരിനേക്കാളും പ്രാർഥനയേക്കാളും വിലപ്പെട്ടതൊന്നും ലോകത്തുണ്ടാവില്ല. ഉബാസുതേയാമയിലെ ആ മകൻ ഒടുവിൽ തിരിച്ചറിഞ്ഞതുപോലെ, മാതാപിതാക്കൾ ഒപ്പമുള്ള കാലം അവരെ ചേർത്തുപിടിക്കുക എന്നതാണ് ഏറ്റവും വലിയ പുണ്യം. അവരുടെ കൈയിലെ ചുളിവുകളിൽ നാം കാണേണ്ടത്, നമ്മെ വളർത്താൻ അവർ ചെലവഴിച്ച കഠിനാധ്വാനത്തിന്റെ കഥകളാണ്.
ഈ നാടോടിക്കഥ നമ്മെ പഠിപ്പിക്കുന്നത് കൃതജ്ഞതയാണ്. പ്രായമാകുമ്പോൾ മാതാപിതാക്കളെ ഭാരമായി കാണുന്ന ആധുനിക കാലത്ത്, ഈ കഥ തെളിനീരു പോലെ നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുന്നു. അമ്മയുടെ ത്യാഗം ഒരു കടലോളം വലുതാണ്. ആ സ്നേഹത്തിന്റെ ആഴമളക്കാൻ നമുക്ക് കഴിയില്ലെങ്കിലും, അതിൽ നിന്ന് ലഭിക്കുന്ന കരുത്ത് കൊണ്ട് ജീവിതം ധന്യമാക്കാം. അവരുടെ പഴയ കഥകൾ കേൾക്കുക, അവരോടൊപ്പം സമയം ചിലവഴിക്കുക, അവരുടെ കൈപിടിച്ചു നടക്കുക. മാതൃത്വം എന്ന പുണ്യം നമ്മുടെ ജീവിതത്തിലുള്ളിടത്തോളം കാലം, നാം ഒറ്റപ്പെടുകയില്ല. ആ സ്നേഹത്തണലിൽ എന്നും അഭിമാനത്തോടെ ജീവിക്കാം. ആ സ്നേഹം നൽകിയ വഴികളിലൂടെ, വഴിതെറ്റാതെ മക്കൾക്ക് മുന്നോട്ടുപോകാൻ കഴിയട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS




