
1901 ജൂൺ 24 നാണ് പാബ്ലോ പിക്കാസോ പാരീസിലെ പ്രശസ്തമായ റൂ ലാഫിറ്റിലെ ഗാലറിയിൽ തന്റെ ആദ്യത്തെ പ്രധാന പ്രദർശനം നടത്തിയത്. പാബ്ലോ പിക്കാസോ പതിമൂന്നാം വയസ്സിൽ തന്റെ പ്രദർശനം തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ പിതാവ് റോയ്സ് ഒരു ചിത്രകാരനായിരുന്നു. മകന്റെ സ്വാഭാവിക കഴിവുകൾ വളർത്തിയെടുക്കാൻ ആ പിതാവിനു കഴിഞ്ഞു. ചെറുപ്പത്തിലേ പ്രദർശനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും ജൂൺ 24 ലെ പ്രദർശനം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു.
ഓസ്ട്രേലിയയുടെ രാഷ്ട്രീയചരിത്രത്തിൽ ആദ്യമായി ഒരു വനിതാ പ്രധാനമന്ത്രി അധികാരത്തിലെത്തുന്നത് 2010 ജൂൺ 24 നായിരുന്നു. ഉപപ്രധാനമന്ത്രിയായി സേവനം ചെയ്തിരുന്ന ജൂലിയ ഗില്ലാർഡാണ് ആദ്യ വനിതാ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. ജനപിന്തുണയും പാർട്ടി പിന്തുണയും നഷ്ടപ്പെട്ട ലേബർ പാർട്ടി നേതാവ് കെവിൻ റൂഡ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോഴാണ് ജൂലിയ ഗില്ലാർഡ് ആ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഓസ്ട്രേലിയ വർക്കേഴ്സ് യൂണിയന്റെ ശക്തമായ പിന്തുണയുള്ള നേതാവായിരുന്നു ജൂലിയ.
ആപ്പിൾ ഡെയ്‌ലി എന്ന പത്രം പ്രസിദ്ധീകരണം നിർത്തിയത് 2021 ജൂൺ 24 നാണ്. ഹോങ്കോങിൽ പ്രചാരത്തിലിരുന്ന പത്രമായിരുന്നു ആപ്പിൾ ഡെയ്‌ലി. ജനാധിപത്യ പ്രക്ഷോഭകരെ പിന്തുണച്ചതിന്റെപേരിൽ ചൈനീസ് ഭരണകൂടത്തിന്റെ അനിഷ്ടം നേരിട്ടതിനാലാണ് പത്രത്തിന് പ്രസിദ്ധീകരണം നിർത്തേണ്ടിവന്നത്. ജൂൺ 24 ന് അച്ചടിച്ച അവസാനപ്രതിയുടെ പത്തുലക്ഷം കോപ്പികളും രാവിലെ പത്തുമണിയോടെ വിറ്റുതീർന്നു. ഹോങ്കോങിനെ നിയന്ത്രിക്കാൻ ചൈന നടത്തുന്ന ശ്രമങ്ങളെ പത്രം ശക്തമായി എതിർത്തിരുന്നു. ദേശീയ സുരക്ഷാനിയമം ലംഘിച്ചു എന്ന ആരോപണത്തെത്തുടർന്ന് ചീഫ് എഡിറ്റർ അടക്കമുള്ളവർ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് 26 വർഷത്തെ പാരമ്പര്യമുള്ള പത്രം പ്രസിദ്ധീകരണം അവസാനിപ്പിച്ചത്.
തയ്യാറാക്കിയത്: സുനിഷ വി എഫ്




