ഇസ്രായേൽ – ഹമാസ് യുദ്ധം: അന്താരാഷ്ട്ര കോടതിയുടെ ഇടക്കാല ഉത്തരവ് ഫലം കാണുമോ?

ഹമാസ് ഇസ്രായേലിൽനിന്നു പിടിച്ചുകൊണ്ടുപോയ ബന്ദികളെ ഉപാധിരഹിതമായി ഉടനടി മോചിപ്പിക്കാൻ ഹമാസ് തയ്യാറാകണം. രണ്ടാമതായി, ജനവാസമേഖലകളിൽ യുദ്ധംചെയ്യുമ്പോൾ സിവിലിയന്മാരുടെ ജീവൻ സംരക്ഷിക്കാൻ ഇസ്രായേൽ അതീവജാഗ്രത പുലർത്തുകയും ഹ്യുമാനിറ്റേറിയൻ എയ്ഡ് ഏജൻസികളുടെ പ്രവർത്തനത്തിനു തടസ്സമുണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തുകയും ചെയ്യണം. 

ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ അന്തരാഷ്ട്ര കോടതിയുടെ ഇടക്കാല ഉത്തരവ് ഗാസയിലെ ദുരിതത്തിന് അറുതിവരുത്തുമോ? ഗാസയിൽ ‘വംശഹത്യ’ സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ ഇസ്രായേലിനു നിർദേശം നൽകിയ കോടതി, ഒരു മാസത്തിനുശേഷം പുരോഗതി വിലയിരുത്തും. യുദ്ധം തുടരുകയാണ്!

‘ഇസ്രായേൽ വംശഹത്യ നടത്തുന്നു’ എന്ന ദക്ഷിണാഫ്രിക്കയുടെ ആരോപണത്തിൽ കഴമ്പുണ്ടോ, പ്രസ്തുത ആരോപണം നിലനിൽക്കുമോ, തുടങ്ങിയ കാര്യങ്ങൾ കോടതി പരിശോധിക്കാനിരിക്കുന്നതേയുള്ളൂ. എന്നാൽ, ലോകത്ത് വംശഹത്യകൾ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമായ നിയമസംവിധാനങ്ങൾ നിലനിൽക്കുന്ന ഒരു ലോകക്രമത്തിൽ, ഗാസയിലെ സിവിലിയന്മാരായ പലസ്‌തീൻ ജനതയുടെ കെടുതികൾക്ക് അല്പമെങ്കിലും ആശ്വാസം പകരാൻ കോടതിയുടെ ഇടപെടലിനു കഴിഞ്ഞു എന്നുവരാം.

ഇത് പ്രധാനമായും രണ്ടുകാര്യങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഒന്നാമതായി, 2023 ഒക്ടോബർ 7-നു, ഇസ്രായേലിൽനിന്നു പിടിച്ചുകൊണ്ടുപോയ ബന്ദികളെ ഉപാധിരഹിതമായി ഉടനടി മോചിപ്പിക്കാൻ ഹമാസ് തയ്യാറാകണം. രണ്ടാമതായി, ജനവാസമേഖലകളിൽ യുദ്ധംചെയ്യുമ്പോൾ സിവിലിയന്മാരുടെ ജീവൻ സംരക്ഷിക്കാൻ ഇസ്രായേൽ അതീവജാഗ്രത പുലർത്തുകയും ഹ്യുമാനിറ്റേറിയൻ എയ്ഡ് ഏജൻസികളുടെ പ്രവർത്തനത്തിനു തടസ്സമുണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തുകയും ചെയ്യണം. ഒപ്പം, ഇരുവിഭാഗങ്ങളും പ്രകോപനപരമായ പ്രസ്താവനകളും പ്രസംഗങ്ങളും നിയന്ത്രിക്കണം.

ഇതുവരെ, യു.എൻ പറഞ്ഞുകൊണ്ടിരുന്നതിനപ്പുറം അന്താരാഷ്ട്ര നീതിന്യായകോടതി ഇക്കാര്യത്തിൽ എന്തെങ്കിലും പറഞ്ഞോ എന്നു വ്യക്തമല്ല. യുദ്ധവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ വിഷയങ്ങളുടെ പരിഗണനയിലേക്ക് കോടതി പ്രവേശിക്കാനിരിക്കുന്നതേയുള്ളൂ എന്നുവേണം കരുതാൻ. ഉക്രൈന്‍ ആക്രമണവേളയിൽ റഷ്യക്കു നൽകിയതിനുതുല്യമായ ചില നിർദേശങ്ങൾ ഇസ്രായേലിനും നൽകിയിരിക്കുന്നു. അത് മനുഷ്യദുരിതത്തിന്റെ അളവ് അല്പമെങ്കിലും കുറയ്ക്കാൻ സഹായിക്കുമെങ്കിൽ, അത്രകണ്ട് ആശ്വാസകരമാണ്. സ്വാഗതാർഹവുമാണ്.

യഥാർഥത്തിൽ, റഷ്യ – ഉക്രൈന്‍ യുദ്ധത്തിൽനിന്നും തികച്ചും വ്യത്യസ്തമാണ് ഇസ്രായേൽ – ഹമാസ് യുദ്ധം. നിയമബദ്ധമായി പ്രവർത്തിക്കുന്ന ലോകക്രമത്തിൽ, രാജ്യങ്ങൾ പുലർത്തേണ്ട അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ റഷ്യയും ഉക്രൈനും ഒരുപോലെ ബാധ്യസ്ഥരാണ്. എന്നാൽ, നിയമാധിഷ്ഠിത അന്താരാഷ്ട്ര ലോകക്രമത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ, തങ്ങളുടെ കരുത്തുകാട്ടി ഭീഷണിപ്പെടുത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്ന ഭീകരപ്രസ്ഥാനങ്ങളെ രാഷ്ട്രങ്ങൾ എങ്ങനെ നേരിടണം എന്ന ഗൗരവതരമായ നിയമപ്രശ്നത്തെ കോടതി പരിശോധിക്കേണ്ടിവരും എന്നതാണ് ഈ കേസിന്റെ സവിശേഷത.

‘ഭീകരപ്രസ്ഥാനങ്ങൾ’ എന്നാൽ എന്താണ്? അവയ്ക്കുള്ള അന്താരാഷ്ട്ര അംഗീകാരവും നിയമപരമായ പദവിയും എന്താണ്? ഒരു നിർദിഷ്ട രാഷ്ട്രത്തിനുള്ളിൽ നിന്നുകൊണ്ട് അതിനെതിരെ പൊരുതുന്ന തീവ്രവാദ – ഭീകരപ്രസ്ഥാനങ്ങൾക്കും, രാഷ്ട്രത്തിനു വെളിയിൽനിന്നു കടന്നുകയറി അക്രമം പ്രവർത്തിക്കുന്ന സംഘങ്ങൾക്കും അതിൽ അംഗങ്ങളായ വ്യക്തികൾക്കുമുള്ള നിയമപരമായ അവകാശങ്ങളും സംരക്ഷണവും എന്തൊക്കെയാണ്? അവരുമായി ഏറ്റുമുട്ടേണ്ടിവരുന്ന നിയമപാലകരും സൈനികരും പാലിക്കേണ്ട അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും നിയന്ത്രണങ്ങളും എന്തൊക്കെയാണ്? പരമാധികാര രാഷ്ട്രങ്ങളും ഭീകരപ്രസ്ഥാനങ്ങളുമായി യുദ്ധമുണ്ടാകുന്ന ആധുനിക സാഹചര്യത്തിൽ, നിലവിലുള്ള അന്താരാഷ്ട്ര നിയമാധിഷ്ഠിത സംവിധാനങ്ങൾക്കു ഫലപ്രദമായി തങ്ങളുടെ തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയുന്ന സംവിധാനങ്ങളുണ്ടോ? ഉദാഹരണമായി, ബന്ദികളെ ഉടനടി മോചിപ്പിക്കണമെന്ന് ഹമാസിനോടു കല്പിച്ച അന്താരാഷ്ട്ര കോടതിക്ക് അത് നടപ്പിൽവരുത്തുന്നതിന് എന്തുചെയ്യാനാവും? ബന്ദികളെ മോചിപ്പിച്ചാൽ യുദ്ധം അവസാനിപ്പിക്കാം എന്ന ഇസ്രായേലിന്റെ നിർദേശം ഹമാസ് തള്ളിക്കളഞ്ഞതല്ലേ?

ഇതാണ് ഇന്നുള്ള അന്താരാഷ്ട്ര നിയമസംവിധാനങ്ങളുടെ പരിമിതി. നിയമത്തെയും നിയമാധിഷ്ഠിത ലോകക്രമത്തെയും വെല്ലുവിളിച്ചുകൊണ്ട് ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽനിന്നാണ് ഇസ്രായേൽ – ഹമാസ് യുദ്ധം ആരംഭിച്ചതും അന്താരാഷ്ട്ര നിയമങ്ങളെയും ചട്ടങ്ങളെയും നോക്കുത്തിയാക്കിക്കൊണ്ട് അതു തുടരുന്നതും! ലോകം ഭീകരതയോട് ഏറ്റുമുട്ടേണ്ടിവരുന്ന ആധുനിക കാലത്ത്, നിലവിലുള്ള നിയമസംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാൻ കൂട്ടായ നീക്കം ഉണ്ടാകണം.

ഫാ. വർഗീസ് വള്ളിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.