രൂക്ഷമായി പെരുമാറുന്നവരോട് സമാധാനപരമായി ഇടപെടാം, ഈ മാർഗങ്ങളിലൂടെ

പലപ്പോഴും വ്യക്തിപരമായോ അല്ലാതെയോ ഒരു കാര്യവുമില്ലാതെ നിങ്ങളോട് ദേഷ്യത്തോടെ പെരുമാറുന്ന ആളുകളുണ്ടാകാം. ജീവിതത്തിൽ എപ്പോഴെങ്കിലും ഇത്തരത്തിലുള്ള ആളുകളുമായി ഇടപെടേണ്ടി വന്നിട്ടുള്ളവരാകാം നാം. “ഇവരെന്താ ഇങ്ങനെ?”, “ഇവർക്ക് ശാന്തമായി സംസാരിക്കാൻ അറിയില്ലേ?” തുടങ്ങി അനേകം ചോദ്യങ്ങൾ ഇത്തരം ആളുകളോട് സംസാരിച്ചു കഴിയുമ്പോൾ നമ്മുടെ മനസ്സിൽ ഉയരാം. ഇത്തരത്തിൽ എപ്പോഴും പരുഷമായും രൂക്ഷമായും പെരുമാറുന്ന ആളുകളെ എങ്ങനെ സമചിത്തതയോടെ നേരിടാമെന്ന് നമുക്ക് നോക്കാം.

വ്യക്തിപരമായി എടുക്കാതിരിക്കുക

ഒരാൾ നിങ്ങളോട് വ്യക്തിപരമായ ദേഷ്യമോ മറ്റു കാര്യങ്ങളോ ഇല്ലാതെ മോശമായി പെരുമാറുന്നുണ്ടെങ്കിൽ അത് അവരുടെ സ്വന്തം മാനസികസമ്മർദം, വിഷമങ്ങൾ അല്ലെങ്കിൽ ഉള്ളിലെ മുറിവുകൾ എന്നിവയുടെ പ്രതിഫലനമാണ് എന്ന് മനസിലാക്കാനുള്ള തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. അവരുടെ പ്രതിസന്ധികളിൽ നിന്നാണ് അവർ അങ്ങനെ പെരുമാറുന്നത് എന്ന തിരിച്ചറിവ് അവരോട് കരുണയോടെ പെരുമാറാൻ നമ്മെ സഹായിക്കും. ഈ സമയങ്ങളിൽ പരമാവധി ശാന്തമായിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം.

ക്ഷമയോടെ കേൾക്കുക

അവർ പറയുന്നത് ക്ഷമയോടെ കേൾക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അവർ കടുപ്പമേറിയ ഭാഷയിൽ സംസാരിക്കുമ്പോൾ പെട്ടെന്ന് പ്രതികരിക്കുന്നതിന് പകരം ആ വ്യക്തി പറയുന്നത് ശ്രദ്ധയോടെ കേൾക്കാൻ ശ്രമിക്കുക. അപ്പോൾ അവർക്ക് തങ്ങൾ പരിഗണിക്കപ്പെടുന്നു എന്ന തോന്നൽ ഉണ്ടാകും. അത് അവരെ കുറച്ചുകൂടെ ശാന്തതയിലേക്ക് നയിക്കുകയും ചെയ്യും.

എന്നിട്ട് ശാന്തതയോടെ തിരിച്ചു മറുപടി പറയുക. അല്പം ശാന്തത പാലിക്കുന്നത് തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും. “ശാന്തമായ മറുപടി ക്രോധത്തെ ശമിപ്പിക്കുന്നു” എന്ന ബൈബിൾ വചനം പോലെ, രോഷത്തോടെ സംസാരിക്കുന്നവരോട് സൗമ്യമായി പ്രതികരിക്കുന്നത് അവരുടെ പ്രകോപനത്തിന്റെ ആഘാതം കുറയ്ക്കും.

ആത്മനിയന്ത്രണം പാലിക്കുക

ഇത്തരം ആളുകളോട് സംസാരിക്കാൻ പോകുന്നതിനു മുൻപ് ദീർഘമായി ശ്വാസമെടുത്ത് മനസ്സിനെ ശാന്തമാക്കുക. കോപത്തിന് കോപം കൊണ്ട് മറുപടി നൽകുന്നത് സ്ഥിതി കൂടുതൽ വഷളാക്കുകയേ ഉള്ളൂ. സൗമ്യത പുലർത്തുന്നതിനോടൊപ്പം തന്നെ ആത്മാഭിമാനം സംരക്ഷിക്കാനും മാന്യമായ രീതിയിൽ വ്യക്തമായ അതിരുകൾ നിശ്ചയിക്കാൻ ശ്രദ്ധിക്കുകയും വേണം. അല്ലാത്തപക്ഷം നിങ്ങൾ പുലർത്തുന്ന നീതി തിരികെ ലഭിക്കണം എന്നില്ല.

പ്രാർഥനയിൽ സമർപ്പിക്കുക

ബുദ്ധിമുട്ടുണ്ടാക്കുന്ന വ്യക്തികൾക്കായി പ്രാർഥിക്കുന്നത് ക്രൈസ്തവ ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. ഇത് അവരോട് കരുണ കാണിക്കാനും നമ്മുടെ മനസ്സിന് ശാന്തത ലഭിക്കാനും സഹായിക്കും. ദേഷ്യത്തോടെ സംസാരിക്കുന്ന ഒരാളോട് നമ്മളും ദേഷ്യപ്പെട്ട് സംസാരിച്ചത്‌ അത് അവരുടെ സമാധാനത്തെക്കാൾ നമ്മുടെ സമാധാനത്തെയായിരിക്കും ഇല്ലാതാക്കുക എന്ന തിരിച്ചറിവ് എപ്പോഴും ഉണ്ടായിരിക്കണം. ഈ തിരിച്ചറിവ് വഴി മോശം അനുഭവങ്ങളെ അതിജീവിക്കാനും ആന്തരിക സമാധാനം നിലനിർത്താനും സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.