ദേഷ്യക്കാരായ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാം

നിഷ്കളങ്കതയുടെ ഏറ്റവും സൂക്ഷ്മമായ മുഖമായാണ് കുട്ടികളെ ലോകത്തിൽ അവതരിപ്പിക്കുന്നത്. അവരുടെ വികാരങ്ങൾ എന്തുതന്നെയായാലും അവർ അത് പ്രകടിപ്പിക്കും. ചിലപ്പോഴൊക്കെ സാഹചര്യം നോക്കാതെയും അവർ പെരുമാറും.

കുട്ടിക്കാലം മുതൽ നാം ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ അവർ ഈ സ്വഭാവം തുടരുകയും ഭാവിയിൽ ഗുരുതരമായ പ്രശ്നങ്ങൾക്കു വഴി തെളിക്കുകയും ചെയ്യും. കുട്ടികളിലെ ഇത്തരം മോശം പെരുമാറ്റങ്ങൾ മാറ്റാനുള്ള ചില കുറുക്കുവഴികളാണ് ചുവടെ നിർദ്ദേശിക്കുന്നത്.

1. കുട്ടിയെ പ്രോത്സാഹിപ്പിക്കരുത്

വീട്ടിൽ കുട്ടികൾ അമിതമായി ദേഷ്യപ്പെടുകയും വികാരങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ ‘അവൻ എപ്പോഴും ഇങ്ങനെയാണ്’ എന്ന മട്ടിൽ കമന്റ് പറയരുത്. കാരണം നമ്മൾ അത് പറയുമ്പോൾ ദേഷ്യപ്പെടുന്നതിൽ തെറ്റില്ലെന്നും അവർക്ക് രക്ഷപ്പെടാനുള്ള എളുപ്പവഴി ഇതാണെന്നും തെറ്റിദ്ധരിക്കും.

2. നിരുപാധികമായി സ്നേഹിക്കുക

മാതാപിതാക്കളുടെ കുട്ടികളോടുള്ള സ്നേഹം അനന്തമാണെന്ന് പറയേണ്ടതില്ലല്ലോ. അതിനാൽ, സ്നേഹം നിരുപാധികമായിരിക്കണം. അതായത്, ഒരു മോശം അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ നമ്മൾ സാധാരണയായി നമ്മുടെ കുട്ടികളോട് കാണിക്കുന്നതിനേക്കാൾ കൂടുതൽ സ്നേഹവും കരുതലും കാണിക്കുന്നു. ഏത് സാഹചര്യത്തിലും മാതാപിതാക്കൾ കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസം അവനിൽ പകരുന്നു. ദേഷ്യം വകവയ്ക്കാതെ അമ്മയും അച്ഛനും കൂടുതൽ വാത്സല്യത്തോടെ പെരുമാറുന്നത് കാണുമ്പോൾ, അവരിൽ മാറ്റങ്ങൾക്ക് തുടക്കമിടും.

3. കുട്ടികളുമായി സമയം ചെലവഴിക്കുക, അവരോട് സംസാരിക്കുക

കുട്ടികൾ കാര്യങ്ങളോട് വളരെ വേഗത്തിൽ പ്രതികരിക്കുന്നു. അതിനാൽ മാതാപിതാക്കൾ അവരെ ശാന്തരാക്കാൻ ശ്രമിക്കണം, എന്തുകൊണ്ടാണ് അവർ ഇങ്ങനെ പെരുമാറുന്നതെന്ന് പതുക്കെ ചോദിക്കുക. അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു, എങ്ങനെ നിയന്ത്രിക്കാം എന്നീകാര്യങ്ങൾ സൗമ്യതയോടെ അവരോട് സംസാരിക്കാം. പെട്ടന്നൊരു ദിവസം മാറ്റങ്ങളൊന്നും ഉണ്ടാകില്ല. ക്ഷമയോടെ ഇത് തുടരുക. മാറ്റങ്ങൾ സംഭവിക്കും.

4. മറ്റുള്ളവരുടെ ദുരവസ്ഥ മനസ്സിലാക്കുക

നമ്മൾ ദേഷ്യപ്പെടുമ്പോഴോ പരുഷമായ വാക്ക് പറയുമ്പോഴോ അത് മറ്റുള്ളവരെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് കുട്ടികളെ പഠിപ്പിക്കുക. മറ്റുള്ളവരോട് സഹാനുഭൂതി വളർത്തിയെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക  സുഹൃത്തുക്കളുടെയും സഹോദരങ്ങളുടെയും കണ്ണീരിന്റെ വിലയെക്കുറിച്ചു അവരെ ബോധ്യപ്പെടുത്തുക. അപ്പോൾ അവർ എല്ലാവരോടും ദയയോടെ പെരുമാറും.

5. അവർ നന്നായി പെരുമാറുമ്പോൾ അഭിനന്ദിക്കുക

കുട്ടികൾ സമൂഹത്തിന് മുന്നിൽ നന്നായി ഇടപഴകുമ്പോൾ, നല്ല കാര്യങ്ങൾ ചെയ്തതിന് അവരെ അഭിനന്ദിക്കുക. അങ്ങനെ ചെയ്താൽ എല്ലാവരുടെയും മുന്നിൽ തങ്ങൾ നല്ല കുട്ടിയാണെന്നും എല്ലാവർക്കും ഇഷ്ടപ്പെടുമെന്നും അക്കാര്യങ്ങൾ തുടർന്നും ശീലിക്കാൻ അവർ ശ്രമിക്കും.

സുനീഷാ വി. എഫ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.