ഐഎസ് ഭീകരരിൽ നിന്നും രക്ഷപെട്ട ഒരമ്മയുടെ ഹൃദയഭേദകമായ ജീവിതാനുഭവങ്ങൾ 

സന വീണ്ടും അവരോട് കരഞ്ഞു പറഞ്ഞു: “എന്റെ ഭർത്താവിനെയും മക്കളെയും വെറുതെ വിടൂ.”

പക്ഷേ, അതിനു മറുപടി പറഞ്ഞത് തോക്കിൻമുനയായിരുന്നു. കണ്ണീരോടെയാണ് സന ഐഎസ് -കാരുടെ അടുക്കൽ തന്റെ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അവർ കയറാൻ ആവശ്യപ്പെട്ട വാഹനത്തിൽ കയറിപ്പോയത്. ആ ദിവസം കണ്ണീരോടെ മാത്രമേ അവർക്ക് ഓർക്കാൻ കഴിയുന്നുള്ളൂ.

സന ഇപ്പോഴുള്ളത് ഇറാഖിലെ നഗരമായ എർബിലെ തന്റെ ഭവനത്തിലാണ്. മുഖം കണ്ടാലേ അറിയാം അവർ വളരെ ക്ഷീണിതയാണെന്ന്‌. തന്റെ ഭർത്താവിനെയും മക്കളെയും ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയിട്ട് നാളുകളായി. അവർ തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയിലാണ് സന ഇപ്പോഴും.

എപ്പോഴും ഒരു നിർവികാരതയാണ് സനയുടെ മുഖത്ത്. പക്ഷേ, സ്വന്തം മക്കളെക്കുറിച്ചു ചോദിക്കുമ്പോൾ മാത്രം ആ മുഖം കുറച്ചൊന്നു വിടരും. മൂന്നു മക്കളാണ് സനക്കുള്ളത് – റ്റാനിയ, ടോണി, ഇസ. ഇവരിൽ ടോണിയും ഇസയും ഭീകരരുടെ കയ്യിലാണ്.

തന്റെ ജീവിതകഥ ആരോടും പറയാൻ സനക്ക് താല്പര്യമില്ല; കാരണം ജീവനോടെ ഉണ്ടെന്നു താൻ വിശ്വസിക്കുന്ന ഭർത്താവിനും കുട്ടികൾക്കും അതു മൂലം എന്തെങ്കിലും സംഭവിച്ചാലോ എന്ന ഭയമാണ് അതിനു പിന്നിൽ. എന്നാൽ ഇപ്പോൾ തന്റെ മൂത്ത മകളായ റ്റാനിയയുടെ നിർബന്ധമാണ് സനയെ സംസാരിക്കാൻ പ്രേരിപ്പിച്ചത്. തന്റെ വാക്കുകൾ കേൾക്കുന്ന ആർക്കെങ്കിലും തന്റെ ഭർത്താവും കുട്ടികളും എവിടെയാണെന്ന് പറയാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ സന.

സനയും കുടുംബവും കരഖോഷിൽ താമസിച്ചിരുന്ന കാലത്താണ് ഐഎസ് ഭീകരരുടെ ആക്രമണമുണ്ടാകുന്നത്. കുടുംബത്തോടൊപ്പം അവസാനമായി ദേവാലയത്തിനു മുന്നിൽ നിന്നെടുത്ത ചിത്രം അവർ ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്നു. ചിത്രത്തിൽ തന്റെ മകൻ ഇസയുടെ മുഖത്തേക്കു നോക്കുമ്പോൾ അറിയാതെ തന്നെ സനയുടെ കണ്ണുകൾ ഈറനണിയുന്നു.

നഗരം കീഴടക്കിയപ്പോൾ 

2014  -ലെ വേനലിലാണ് കരഖോഷ് കീഴടക്കാൻ ഐഎസ് ഭീകരർ എത്തുന്നത്. എന്നാൽ എന്നത്തേയും പോലെ അവർ ഇത്തവണയും പരാജിതരാകും എന്ന കണക്കുകൂട്ടലിലായിരുന്നു സനയും ഭർത്താവായ സാബയും. ഐഎസ് ഭീകരർ നഗരത്തിന്റെ അടുത്തെത്തിയിരിക്കുന്നുവെന്ന് അറിഞ്ഞിട്ടുപോലും അവിടെ നിന്ന് പലായനം ചെയ്യാൻ സനയും കുടുംബവും തയ്യാറായില്ല. മറ്റു പല കുടുംബങ്ങളും ആ സമയത്ത് അവിടെ നിന്ന് രക്ഷപെട്ടിരുന്നു; അക്കൂട്ടത്തിൽ സ്വന്തം മകൾ റ്റാനിയയുമുണ്ടായിരുന്നു.

ആഗസ്റ്റ് 7- നാണ് സനയുടെ കുടുംബത്തെ ചിതറിച്ച സംഭവം നടക്കുന്നത്. “ഞങ്ങളെല്ലാവരും ഉറങ്ങുകയായിരുന്നു. അപ്പോൾ ചില അസ്വാഭാവിക ശബ്ദങ്ങൾ കേട്ടു; ഒപ്പം ആളുകളുടെ നിലവിളിയും” – സന പറയുന്നു. “സാബക്ക് അസുഖമായതിനാൽ, മൂത്ത മകൻ ടോണിയെ ഉണർത്തി, ശബ്ദം കേട്ട ഭാഗത്തേക്ക് ശ്രദ്ധിച്ചു. ‘കരാഖോഷ് ഇപ്പോൾ നമ്മുടേതാണ്’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഐഎസ് ഭീകരർ തെരുവിലൂടെ നടക്കുകയാണ്!” ആ സംഭവത്തെക്കുറിച്ചു പറയുമ്പോൾ സനയുടെ കണ്ണുകളിൽ ഒരു ഭയം നിഴലിക്കുകയാണ്.

ആശങ്കയുടെ നാളുകളായിരുന്നു പിന്നീടങ്ങോട്ട്. സനയുടെ കുടുംബം വീടിനുള്ളിൽ ഒതുങ്ങി താമസിച്ചു. അവർ ലൈറ്റുകൾ അണച്ച് ലൈറ്ററിന്റെ അരണ്ട വെളിച്ചത്തിൽ രക്ഷപെടാനുള്ള വഴി കണ്ടെത്തി.

“രാത്രിയിൽ ഐഎസ് ഭീകരർ തെരുവുകളിൽ അലഞ്ഞുതിരിയുന്നതും നിരവധി ഭവനങ്ങളുടെ വാതിലുകൾ തകർക്കുന്നതും ഞങ്ങൾക്ക് കേൾക്കാമായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരുപാട് പ്രാർത്ഥിക്കുകയും ഒരുമിച്ചു നിൽക്കുമെന്ന് പരസ്പരം വാഗ്ദാനം ചെയ്യുകയും ചെയ്തു. അതായിരുന്നു ഞങ്ങളുടെ ആശ്വാസം” – കണ്ണീരോടെ സന കൂട്ടിച്ചേർത്തു.

എന്നാൽ അന്നു നടന്ന ഒരു സംഭവം ഇന്നും സനയുടെ മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുകയാണ്. “കുഞ്ഞ് ഇസ എന്റെ മടിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. പെട്ടെന്ന് അവൻ ഞെട്ടിയെഴുന്നേറ്റു. കാര്യമന്വേഷിച്ച എന്നോട്, ‘തിളങ്ങുന്ന വസ്ത്രത്തിൽ യേശു വരുന്നത് ഞാൻ കണ്ടു; യേശു എന്നെ നോക്കി പുഞ്ചിരിച്ചു’ എന്ന് അവൻ പറഞ്ഞു – സന ഓർക്കുന്നു.

ഐഎസ് ഭീകരർ നഗരം പിടിച്ചെടുത്ത് രണ്ടാഴ്ചയിലേറെയായി. ഒരു ദിവസം സിവിൽ വസ്ത്രം ധരിച്ച നാലു പേർ, ഒളിവിൽ താമസിക്കുന്ന സനയുടെ കുടുംബത്തെ കണ്ടെത്തി. അപ്പോൾ 12 വയസ്സു മാത്രം പ്രായമുള്ള  ഇസ എത്രമാത്രം ഭയന്നിരുന്നുവെന്ന് സന ഓർക്കുന്നു. സൗഹൃദപരമായാണ് അവർ സംസാരിച്ചത്. അവർ പറഞ്ഞു: “ഭയപ്പെടേണ്ട, നിങ്ങൾ സുരക്ഷിതരാണ്. നിങ്ങളുടെ പക്കൽ ആയുധങ്ങൾ ഉണ്ടോ എന്നറിയാൻ വന്നതാണ് ഞങ്ങൾ.” അതിനു ശേഷം അവർ വീട് മുഴുവൻ തിരച്ചിൽ നടത്തിയിട്ട് പോയി. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഞങ്ങൾക്ക് ഭക്ഷണം കൊണ്ടുത്തരാൻ വേണ്ടി ഒരു ഇമാം (ഇസ്ലാമിക നേതാവ്) വന്നു” – സന പറയുന്നു.

എവിടേക്കെന്നറിയാതെ ഒരു യാത്ര

കുറേ ദിവസങ്ങൾക്കു ശേഷം സനയുടെ കുടുംബത്തെ സിറ്റി ഹോസ്പിറ്റലിലേക്ക് വിളിപ്പിച്ചു. അവരെ അവിടെ നിന്ന് എർബിലിലെ ക്രിസ്ത്യൻ നഗരമായ  അങ്കാവയിലേക്ക് കൊണ്ടുപോകാനാണെന്നു പറഞ്ഞു.

എന്നാൽ ആശുപത്രിയിലെത്തിയപ്പോൾ കണ്ട കാഴ്ച സനയെ ഭയപ്പെടുത്തി. “ഞാൻ അവിടെ കണ്ട പുരുഷന്മാർ സാധാരണ വസ്ത്രമായിരുന്നില്ല ധരിച്ചിരുന്നത്. കറുത്ത വസ്ത്രം ധരിച്ച അവരുടെ പക്കൽ  ആയുധങ്ങളുമുണ്ടായിരുന്നു.”

ആശുപത്രിയിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. ബസുകൾ വന്നു പോയി. താൻ എത്തുമ്പോൾ 30- ഓളം പേർ ആശുപത്രിക്കു പുറത്ത് കാത്തുനിന്നിരുന്നതായി സന ഓർക്കുന്നു.

“അവർ ഞങ്ങളുടെ പക്കൽ നിന്നും ഐഡി കാർഡുകൾ വാങ്ങിച്ചു. എന്നിട്ട് അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും വിലപിടിപ്പുള്ള വസ്തുക്കൾ പിടിച്ചുവാങ്ങുകയും സ്ത്രീകളെയും പുരുഷന്മാരെയും വേർപെടുത്തുകയും ചെയ്തു. അത് ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു നിമിഷമായിരുന്നു” – സന പറയുന്നു.

“എന്റെ ആൺകുട്ടികൾ ഭയന്നു. ഞങ്ങൾ ഒരിക്കലും പരസ്പരം പിരിഞ്ഞിരുന്നിട്ടില്ല. ഞങ്ങൾക്ക് എല്ലാവർക്കും അങ്കാവയിൽ വീണ്ടും കാണാമെന്നും അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും അവർ ഞങ്ങളോട് പറഞ്ഞു. ഇസ ആകെ പേടിച്ചു പോയി. അവൻ എന്നോട് അവസാനമായി ചോദിച്ചത്, ‘അമ്മേ, അമ്മ എങ്ങോട്ടാണ് പോകുന്നത്?’ എന്നായിരുന്നു.”

ആൺകുട്ടികളും ഭർത്താവും ഇല്ലാതെ ബസിൽ കയറിയപ്പോൾ സനയുടെ ഹൃദയം തകർന്നു. “ഐഎസ് പോരാളികളിലൊരാളോട് സന ചോദിച്ചു: “ദയവായി, എന്നോട് പറയൂ, നിങ്ങൾ എന്റെ ഭർത്താവിനെയും മക്കളെയും എവിടേക്കാണ് കൊണ്ടുപോകുന്നത്?” എന്നാൽ അയാൾ തന്റെ കയ്യിലുണ്ടായിരുന്ന തോക്ക് സനയുടെ നെറ്റിയിൽ ചൂണ്ടിക്കൊണ്ടു പറഞ്ഞു, “നീ മിണ്ടാതിരിക്കുക; അല്ലെങ്കിൽ എനിക്ക് നിന്നെ കൊല്ലേണ്ടതായി വരും.”

അതിനു ശേഷം സന തന്റെ മക്കളെയും ഭർത്താവിനെയും കണ്ടിട്ടില്ല. സനയക്ക് മകൾ റ്റാനിയയാണ് ഇപ്പോൾ ഏക ആശ്വാസം.

“ഞങ്ങൾ തമ്മിൽ വളരെ അടുപ്പമായിരുന്നു. പക്ഷേ, ഇറാഖ് പോലുള്ള ഒരു മിഡിൽ ഈസ്റ്റേൺ രാജ്യത്ത് സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്നത് സാധാരണമല്ല” – സന പറയുന്നു. “ദൈനംദിന ജീവിതം കൂടുതൽ ദുഷ്‌കരമാണെന്നും ചില സ്ഥലങ്ങളിൽ ഒരു സ്ത്രീയെന്ന നിലയിൽ തനിയെ പോകുന്നത് സുരക്ഷിതമല്ലെന്നും എനിക്കറിയാം” – സന കൂട്ടിച്ചേർത്തു.

ദൈവമാണ് ഏക ആശ്രയം 

2016 -ൽ കരഖോഷിന്റെ മോചനത്തിനു ശേഷം, തന്റെ കുടുംബം വീണ്ടും ഒന്നിക്കുമെന്ന് സന പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ആരിൽ നിന്നും പ്രതീക്ഷയുടെ ഒരു വാക്കും പോലും കേട്ടില്ല. തന്റെ ഭർത്താവും ആണ്മക്കളും ഇപ്പോൾ ജീവിച്ചിരിപ്പില്ലേ എന്ന് പോലും സന ഭയപ്പെടുന്നു.

ഈ അവസാന സാധ്യതയെക്കുറിച്ച് ഉറക്കെ പറയാൻ സന ധൈര്യപ്പെടുന്നില്ല.

തന്റെ ഭർത്താവിനെയും മക്കളെയും കണ്ടെത്താൻ വേണ്ടി, അവൾ ഇപ്പോഴും വിശ്വസിക്കുന്ന ഒരേയൊരു ദൈവത്തെ  മുറുകെപ്പിടിച്ചിരിക്കുകയാണ്.

“സർവ്വശക്തനായ ദൈവത്തിലുള്ള എന്റെ വിശ്വാസം വളരെ വലുതാണ്. അവർ തിരിച്ചു വരണമെന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. എനിക്ക് അവർ മാത്രമേയുള്ളൂ. അവർ മടങ്ങിവരും” – സന പറയുന്നു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.