ക്രൂരതയുടെ പര്യായമായി മാറുന്ന ഹമാസ്

ഹമാസ് തീവ്രവാദികൾ പുറത്തുവിട്ട വീഡിയോകൾ നമ്മെ പിടിച്ചുലയ്ക്കും. രാഷ്ട്രീയലക്ഷ്യങ്ങൾക്കപ്പുറം ഹമാസ് തീവ്രവാദികളുടെ കൊടുംകാടത്തത്തിന്റെ അവസരമായി മാറുകയാണ് ഈ ആക്രമണം. ഏതാനും വർഷങ്ങൾക്കു മുൻപ് ഇറാഖിലും സിറിയയിലും ഐ.എസ് ഭീകരർ അനുവർത്തിച്ച അതേ ക്രൂരതയുടെ പിന്തുടർച്ചയാണ് ഇസ്രായേലിൽ ഇന്ന് ഹമാസ് നടത്തുന്നതും. ഹമാസിനെ ന്യായീകരിക്കുന്നവർ എങ്ങനെ ഈ ക്രൂരസംഭവങ്ങളെ ന്യായീകരിക്കും? എന്തായാലും ആക്രമണവും യുദ്ധവും ഒന്നിനും പരിഹാരമല്ല. തുടർന്നു വായിക്കുക.

‘വിവസ്ത്രയാക്കി അതിക്രൂരമായി പീഡിപ്പിച്ചുകൊലപ്പെടുത്തി. എന്നിട്ടും അരിശംതീരാതെ നിശ്ചലമായ ശരീരം വാഹനത്തിന്റെ പിറകിൽ കെട്ടിയിട്ടു. തുടർന്ന് നഗരത്തിലൂടെ വലിച്ചിഴച്ചുകൊണ്ട് ഗാസയിലേക്ക് കൊണ്ടുപോയി.’ ഇസ്രയേലിലെ ഒരു വനിത സൈനികോദ്യോഗസ്ഥയെ കൊലപ്പെടുത്തി ഹമാസ് നടത്തിയ പൈശാചിക ക്രൂരവിനോദത്തിലെ ദൃശ്യമാണിത്. ക്രൂരതകൾ അവിടംകൊണ്ടും അവസാനിക്കുന്നില്ല. യുദ്ധംപ്രഖ്യാപിക്കാതെ ഇസ്രായേൽമണ്ണിൽ അതിക്രമിച്ചുകയറി, ഒരു വനിതയെ പിടികൂടി ജീപ്പിലിട്ട് ക്രൂരമായി റേപ്പ് ചെയ്യുമ്പോഴും ആ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് പകർത്തുമ്പോഴും അവർ ആർത്തുവിളിച്ചു – ബോലോ തക്ബീർ, അല്ലാഹു അക്ബർ എന്ന്!

ഇസ്രായേലിൽനിന്നും പുറത്തുവന്ന ഏതാനും ചില ദൃശ്യങ്ങളിലെ ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് ഇവ. ലോകമനഃസാക്ഷിയെ ഞെട്ടിച്ച ഹമാസ് തീവ്രവാദികളുടെ കൊടുംക്രൂരതയുടെ നേർചിത്രങ്ങളാവുകയാണ് ഈ സംഭവങ്ങൾ. രാഷ്ട്രീയലക്ഷ്യങ്ങൾക്കപ്പുറം ചിലർക്ക്  ഇതൊരു കൊടുംകാടത്തത്തിന്റെ അവസരമായി മാറുകയാണ് എന്നതാണ് യാഥാർഥ്യം. ഏതാനും വർഷങ്ങൾക്കു മുൻപ് ഇറാഖിലും സിറിയയിലും ഐ.എസ് ഭീകരർ അനുവർത്തിച്ച അതേ ക്രൂരതയുടെ പിന്തുടർച്ചയാണ് ഇസ്രായേലിൽ ഇന്ന് ഹമാസ് ഭീകരർ നടത്തുന്നതും. ഇതിന്റെയെല്ലാം പിന്നിലുള്ളത് എന്താണന്ന് എല്ലാവരും കണ്ണുതുറന്നു കാണണം.

ഇസ്രയേൽ-പാലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹികമാധ്യമങ്ങളിൽനിന്നും പുറത്തുവരുന്ന മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ചില സംഭവങ്ങൾ ഭീകരമാണ്.

തെക്കൻ ഇസ്രയേലിൽ നുഴഞ്ഞുകയറിയ ഹമാസ് പ്രവർത്തകർ വഴിയാത്രക്കാർക്കുനേരെ വെടിയുതിർത്ത് അവരെ വധിച്ചു. ഭവനങ്ങളിൽ അതിക്രമിച്ചു കടന്ന് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിന് ഇസ്രായേലി സിവിലിയന്മാരെ  കൊലപ്പെടുത്തി; ബന്ദികളാക്കി. ഇത്തരം ക്രൂരവിനോദങ്ങളാണ് ഹമാസ് ഇസ്രായേലിനുനേരെ ഐ.എസ് മാതൃകയിൽ നടത്തിയത്.

“കുടുംബം മുഴുവനും ഒത്തുചേരാൻ പോകുന്ന സമയം’

ഇസ്രായേലിൽ നടന്ന സൂപ്പർനോവ ഫെസ്റ്റിവലിനായി രാജ്യത്തെ സംഗീതപ്രേമികൾ വളരെ ആവേശത്തോടെയാണ് കാത്തിരുന്നത്. ഗാസ-ഇസ്രയേൽ അതിർത്തിക്കടുത്തുള്ള ഗ്രാമീണമേഖലയിലെ ഔട്ട്ഡോർ നോവ ഫെസ്റ്റിവൽ ഇവന്റ് രാത്രി മുഴുവൻ ഗാനങ്ങളും നൃത്തവുമായി ആഘോഷിക്കുകയായിരുന്നു അവർ.

“കുടുംബം മുഴുവനും വീണ്ടും ഒത്തുചേരാൻ പോകുന്ന സമയം വന്നിരിക്കുന്നു, എന്ത് രസമായിരിക്കുമത്…” പരിപാടി ആരംഭിക്കുന്നതിനുമുൻപ് സംഘാടകർ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെയാണ്. എന്നാൽ സംഗീതപരിപാടി ആരംഭിച്ച് നിമിഷങ്ങൾക്കകം സംഗീതനാദങ്ങൾക്കുപകരം അലമുറയും നിലവിളിയും  ഉയർന്നു. തൊട്ടുപിന്നാലെ ഹമാസ് ഭീകരരുടെ ക്രൂരതയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപിച്ചു. ഇതിലൊന്നാണ് സംഗീതപരിപാടിയിൽ പങ്കെടുക്കാനെത്തിയ ഇരുപത്തിയഞ്ചുകാരിയെ മോട്ടോർ സൈക്കിളിൽ ഹമാസ് സംഘം തട്ടിക്കൊണ്ടുപോയ കാഴ്ച.

‘ഇനി ഇവളെ മറന്നേക്കൂ’ – ആക്രോശവുമായി ഭീകരർ

‘നൊഅ അർഗമണി എന്ന ഇസ്രയേലി പെൺകുട്ടിയെ തോക്കുധാരികളായ രണ്ടുപേർ വാഹനത്തിലേക്ക് പിടിച്ചുകയറ്റി. അവളെ നടുവിലിരുത്തി രണ്ടുപേർ മുൻപിലും പിറകിലുമായി ഇരുന്നു. നോഅയുടെ ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത്, അവി നഥാനെ ഹമാസ് സംഘം കൈകൾ‌ പിന്നിൽകെട്ടി നടത്തിച്ചുകൊണ്ടുപോകുന്നു.’

അർഗമണിയുടെ കുടുംബം പുറത്തുവിട്ട വീഡിയോയിലാണ്, യുവതിയെ തട്ടിക്കൊണ്ടുപോകലിലേക്കു  നയിക്കുന്ന ഭയാനകമായ നിമിഷങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. അവി നഥാനെ തുടർച്ചയായി മർദ്ദിച്ച ഭീകരർ  ‘ഇനി ഇവളെ മറന്നേക്കൂ’ എന്ന് ആക്രോശിക്കുന്നതും ‘എന്നെ കൊല്ലരുതേ,’ ‘വേണ്ട… വേണ്ട…’ എന്നുപറഞ്ഞ് അവൾ ഉറക്കെ നിലവിളിച്ചു യാചിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സമാനമായി ഒരു വയോധികയെയും മോട്ടോർ സൈക്കിളിൽ തോക്കുധാരികളായ ഭീകരർ ബന്ധനസ്ഥയാക്കി കൊണ്ടുപോകുന്ന ദൃശ്യവും സാമൂഹികമാധ്യമങ്ങളിലുണ്ട്.

ദി റിയൽ ഹീറോ

ഹമാസ് ഭീകരരുടെ ആക്രമണത്തിൽനിന്നും രക്ഷപെടാൻ തന്റെ ജീവൻ നഷടപ്പെടുത്തി കുടുംബത്തെ രക്ഷപെടുത്തിയ ഒരു പിതാവിന്റെ സംഭവമാണ് മറ്റൊന്ന്. ഹമാസ് ഭീകരർ വീട്ടിൽ അതിക്രമിച്ചുകയറിയപ്പോൾ ചെറിയ ജനൽപ്പാളിയിലൂടെ തന്റെ കുടുംബത്തെ രക്ഷപെടുത്താൻ ശ്രമിച്ച ഒരു പിതാവിന്റെ രക്തസാക്ഷിത്വത്തിന്റെ ദൃശ്യങ്ങൾ ഏറെ ഹൃദയഭേദകമാണ്.

ഒരു ഇരുനില കെട്ടിടത്തിലെ ചെറിയ ജനാലവഴി കുട്ടികളടക്കം ഒൻപതോളം പേരെ സുരക്ഷിതരായി പുറത്തുകടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പശ്ചാത്തലത്തിൽ, സൈറണുകൾ മുഴങ്ങുന്നതിന്റെയും റോക്കറ്റുകൾ പതിക്കുന്നതിന്റെയും ശബ്ദങ്ങൾ കേൾക്കാം. ‘ഇരുനിലക്കെട്ടിടത്തിലെ ചെറിയ ജനാലകൾ തുറന്നു. ആദ്യം ഒരു മുതിർന്ന പെൺകുട്ടിയെ ജനാലയിലൂടെ പുറത്തേക്കിറക്കി. അവൾക്കുപിന്നാലെ ഒരോരുത്തരെയും പുറത്തിറക്കി. വീട്ടിൽനിന്നും പുറത്തുകടക്കുന്നവരോട് ഓടിപ്പോകാനും രക്ഷാദൗത്യത്തിനു നേതൃത്വംനൽകിയ ആ  പിതാവ് നിർദേശിച്ചു. ഒൻപതുപേരും പുറത്തിറങ്ങിയിതിനുപിന്നാലെ അദ്ദേഹവും പുറത്തിറങ്ങാൻ ശ്രമംനടത്തി. ഒരുകാൽ പുറത്തേക്കിട്ടെങ്കിലും ഹമാസ് ഭീകരരുടെ വെടിയുണ്ടകൾ അപ്പോഴേക്കും ആ പിതാവിന്റെ ശരീരത്തിൽ തറച്ചു. മെല്ലെ, ജീവനറ്റ അദ്ദേഹത്തിന്റെ ശരീരം പുറത്തേക്കു വീഴുന്നതായും വീഡിയോദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഹമാസ് ക്രൂരതയ്ക്കുമുന്നിൽ ആ പിതാവ് കൊല്ലപ്പെട്ടെങ്കിലും കുരുന്നുകൾ രക്ഷപെട്ടു. അതെ, അയാൾ ഹീറോയാണ്.

‘അത് എന്റെ മകളാണ്’: ഹമാസ് ഭീകരതയുടെ ഇരയായി ഷാനി ലൂക്ക്

ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ഭീകരർ പിക്കപ്പ് ട്രക്കിൽ പരേഡ് നടത്തിയിരുന്നു. മൃതദേഹങ്ങളിൽ ഹമാസ് തീവ്രവാദികൾ തുപ്പുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്. ഈ ക്രൂരവിനോദത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത് ഇപ്പോൾ ഒരു നൊമ്പരക്കാഴ്ചയാവുകയാണ്. അത് ഷാനി ലൂക്ക് എന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്.

ഒരു സംഗീതോത്സവത്തിൽ പങ്കെടുക്കാൻ ഇസ്രായേലിൽ എത്തിയതായിരുന്നു ഷാനി. എന്നാൽ ഹമാസിന്റെ  ആക്രമണത്തിൽ അവൾ കൊല്ലപ്പെടുകയായിരുന്നു. പക്ഷേ, മരിച്ചത് ആരാണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. എന്നാൽ, സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ കണ്ട് ഷാനിയുടെ അമ്മ, തന്റെ മകളാണ് അതെന്ന് തിരിച്ചറിഞ്ഞു.

“അത് എന്റെ മകളാണ്. അവൾ ടാറ്റൂ കലാകാരിയായിരുന്നു. ഇന്ന് ഹമാസ് അവളെ തട്ടിക്കൊണ്ടുപോയി. ഭീകരരുടെ ട്രക്കിൽ ബോധരഹിതയായി കിടക്കുന്ന അവൾ എന്റെ മകളാണ്. കാലിലെ ടാറ്റൂ കണ്ടാണ് തിരിച്ചറിഞ്ഞത്. അവളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഞങ്ങളെ അറയിക്കണം” – റിക്കാർഡ പറയുന്നു. ഇതോടെ ഹമാസ് ഭീകരതയുടെ ആഗോള ഇരയായി മാറിയിരിക്കുകയാണ് ഷാനി ലൂക്ക് എന്ന മുപ്പതുകാരിയും.

എം.റ്റി. ജൊഹാൻ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.