ലൈംഗിക അരാജകത്വത്തിൽ നിന്നും സോഷ്യൽ മീഡിയയിലെ മിഷനറിയായ യുവാവ്

    30 വയസ്സിനിടയിൽ സംഭവിച്ചേക്കാവുന്ന എല്ലാവിധ ലൈംഗിക അരാജകത്വങ്ങളുടെയും പിടിയിലമർന്ന ഒരു യുവാവാണ് ഫ്രാൻ ഒർവിച്ച്. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷങ്ങളായി അദ്ദേഹം ക്രിസ്തുവിന്റെ സ്നേഹത്തെ തിരിച്ചറിഞ്ഞ് ദൈവവഴികളിലൂടെ സഞ്ചരിക്കുന്നു. സ്വയംഭോഗം, സ്വവർഗ ലൈംഗികത, വേശ്യാവൃത്തി… ഇന്ന് അനേകരെ സ്വധീനിക്കുന്ന ‘സോഷ്യൽ മീഡിയയിലെ മിഷനറി’ യായി മാറിയ ജീവിതം. തുടർന്ന് വായിക്കുക.

    സങ്കീർണ്ണമായ കുടുംബാന്തരീക്ഷം

    തന്റെ ബാല്യത്തിൽ ഫ്രാൻ അനുഭവിച്ച അരക്ഷിതാവസ്ഥകളും മുറിവുകളുമാണ് അദ്ദേഹത്തെ വലിയ തെറ്റുകളിലേക്കും അരാജകത്വത്തിലേക്കും തള്ളിവിട്ടത്. “മദ്യപിച്ച് വന്ന് എന്റെ അമ്മയെ തല്ലുന്ന, ചീത്തവാക്കുകൾ വിളിക്കുന്ന അച്ഛന്റെ  കൂടെയാണ് എനിക്ക് വളരേണ്ടിവന്നത്. അത് ശത്രുതാപരമായ, ഭയാനകമായ ഒരു അന്തരീക്ഷമായിരുന്നു. ഗർഭാവസ്ഥയിൽ പിതാവ് അമ്മയോടു മോശമായി പെരുമാറിയതിനാൽ അമ്മയുടെ ഗർഭപാത്രത്തിൽ വച്ചുതന്നെ ഞാൻ മുറിവേല്പിക്കപ്പെട്ടവനായിരുന്നു. അച്ഛൻ എന്നോട് ഒരിക്കലും ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന് പറഞ്ഞിട്ടില്ല. അദ്ദേഹത്തെ ഒരു പിതാവായി കാണാൻ എനിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല” – ഫ്രാൻ തന്റെ ചെറുപ്പകാലത്തെ ജീവിതാനുഭവങ്ങളെക്കുറിച്ചു വെളിപ്പെടുത്തുന്നു.

    എന്നാൽ തന്റെ അമ്മയെ അചഞ്ചലമായ വിശ്വാസത്തിന്റെയും പ്രാർഥനയുടെയും ഒരു സ്ത്രീയായിട്ടാണ് ഫ്രാൻ വിശേഷിപ്പിക്കുന്നത്. വീട്ടിലെ അരക്ഷിതമായ അവസ്ഥകളിൽ ഒരു സംരക്ഷണകവചമായി നിലകൊണ്ടത് അമ്മയാണ്. ആൺമക്കളിൽ മൂന്നാമനാണ് ഫ്രാൻ; ഒരു ഇളയ സഹോദരി കൂടിയുണ്ട് ഇവർക്ക്.

    കുട്ടിക്കാലത്തു തന്നെ അശ്ലീലസാഹിത്യം വായിക്കാൻ തുടങ്ങിയതിനാൽ, അത് ഫ്രാനിന്റെ മാനസികാവസ്ഥയും ആ തലത്തിൽ തന്നെ വളരുന്നതിനു കാരണമായി. “എനിക്ക് എട്ടോ, ഒമ്പതോ വയസ്സ് ഉള്ളപ്പോൾ മുതൽ ഞാൻ എന്റെ പ്രായത്തിലുള്ള മൂന്ന് ആൺകുട്ടികളുമായി ലൈംഗികമായ സുഖം ആസ്വദിക്കാൻ ശ്രമിച്ചിരുന്നു” – അദ്ദേഹം വെളിപ്പെടുത്തുന്നു. ആ സ്കൂളിൽ ഫ്രാൻ ലജ്ജാശീലനും ശാന്തനുമായ ഒരു ആൺകുട്ടിയായിരുന്നു. അതിനാൽ സഹപാഠികൾ അവനെ അവഗണിച്ചു. ഒരിക്കൽ സ്‌കൂളിൽ വച്ച് അധ്യാപകൻ ബ്ലാക്ക് ബോർഡിൽ ഏതോ ഉത്തരം എഴുതുവാൻ ആവശ്യപ്പെട്ടു. അത് എങ്ങനെ ചെയ്യണമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അധ്യാപകൻ അവനെ കളിയാക്കി ചിരിക്കാൻ മറ്റു കുട്ടികളെ പ്രോത്സാഹിപ്പിച്ചു. ആ ചെറിയ പ്രായത്തിലെ അപമാനം ഫ്രാനിൽ വലിയ മുറിവുണ്ടാക്കി.

    പാപത്തിന്റെ മായാവലയത്തിലേക്ക്

    ഫ്രാനിന് 12 വയസ്സുള്ളപ്പോൾ, അവൻ ദിവസേന സ്വയംഭോഗം ചെയ്യുമായിരുന്നു. കൗമാരത്തിൽ തന്നെ വലിയ തിന്മകളുടെയും ലൈംഗിക അരാജകത്വത്തിന്റെയും മായാവലയത്തിൽ അവൻ അകപ്പെട്ടു. സ്‌കൂളിലുണ്ടായിരുന്ന കുട്ടിയെപ്പോലെ ആയിരുന്നില്ല കൗമാരപ്രായത്തിൽ അവൻ. ഫ്രാൻ ഒരു റിബലായി മാറി. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നവനും ക്‌ളാസിലെ കോമാളിയും മറ്റുള്ളവർക്ക് സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളുമായി മാറി. അക്കാലത്ത് ഫ്രാനിന് അഞ്ചു കാമുകിമാരുണ്ടായിരുന്നു, കുട്ടിക്കാലത്തെ സ്വവർഗരതിയും പ്രായത്തിന്റെ ജിജ്ഞാസയും വളരുന്തോറും അവനെ വലിയ തിന്മകളിലേക്കു നയിച്ചുകൊണ്ടിരുന്നു.

    എന്നാൽ പെട്ടെന്നൊരു ദിവസം ഫ്രാൻ, തന്റെ ഒരു സഹപാഠിയോട് താല്പര്യം പ്രകടിപ്പിക്കാൻ തുടങ്ങി. അതിലൂടെ ലൈംഗികസുഖം അനുഭവിക്കാൻ ആരംഭിച്ചു. “16 വയസ്സുള്ളപ്പോൾ ഞാൻ ആദ്യത്തെ ആൺകുട്ടിയുടെ കൂടെയാണ്. വീട്ടുകാർക്ക് ഇതൊന്നും അറിയില്ലാത്തതിനാൽ ഞാൻ അവരിൽ നിന്നും ഒളിക്കാൻ തുടങ്ങി” – ഫ്രാൻ വെളിപ്പെടുത്തുന്നു. അവന് 18 വയസ്സുള്ളപ്പോൾ, വീട്ടിൽ മാതാപിതാക്കൾക്കിടയിൽ ഒരു വലിയ വഴക്കുണ്ടായി. അച്ഛൻ അമ്മയെ അടിക്കാൻ ശ്രമിച്ചു. ഇതുകണ്ട ഫ്രാൻ അതിനോട് പ്രതികരിച്ചു. അതേ തുടർന്ന് ഫ്രാനിന്റെ അച്ഛൻ അവനെ ‘സ്വവർഗാനുരാഗി’ എന്ന അർഥം വരുന്ന ഒരു ചീത്തവാക്ക് വിളിച്ചു. അതേ തുടർന്ന് പിതാവും മകനും തമ്മിൽ വലിയ വഴക്കും അടിപിടിയും ഒക്കെയായി.

    വീട്ടുകാരാൽ ‘ഉപേക്ഷിക്കപ്പെട്ട്’ വേശ്യാവൃത്തിയിലേക്ക്

    “18 വയസ്സ് തികഞ്ഞപ്പോഴും എനിക്കൊരു ക്രിസ്ത്യൻ സുഹൃത്ത് ഇല്ലായിരുന്നു. ‘വിഷമിക്കേണ്ട, എന്റെ വീട്ടിലേക്കു വരൂ’ എന്ന് എന്നോടു പറയുന്ന ഒരു നല്ല സുഹൃത്ത് എനിക്കില്ലായിരുന്നു. ഫ്രാനിന്റെ അമ്മ, ചെറുപ്പം മുതലേ അവന് വിശ്വാസകാര്യങ്ങൾ പറഞ്ഞുകൊടുത്തു. പക്ഷേ അവൾ ഒരിക്കലും വിശുദ്ധ കുർബാനയ്ക്കു പോയില്ല, പ്രാർഥിച്ചിരുന്നുമില്ല” – ഫ്രാൻ പറയുന്നു.

    വീട്ടിലെ പ്രയാസകരമായ സാഹചര്യം കണക്കിലെടുത്ത്, ആ സമയത്ത് അവനുമായി ബന്ധമുണ്ടായിരുന്ന ആൺകുട്ടി അവനെ വീട്ടിലേക്കു ക്ഷണിച്ചു. പിതാവുമായി വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിയ ഫ്രാനിനെ കുടുംബം മുഴുവൻ പരാജയപ്പെടുത്തി ഒറ്റപ്പെടുത്തിയപ്പോഴും ആ ‘കൂട്ടുകാരൻ’ കൂടെനിന്നു. എന്നാൽ, അവസാനം ആ ബന്ധവും മോശമായി പര്യവസാനിച്ചു.

    ജീവിതത്തിൽ പണത്തിന്റെ അത്യാവശ്യം ഫ്രാൻ മനസ്സിലാക്കാൻ തുടങ്ങി. കുടുംബത്തിന്റെ സുരക്ഷിത്വത്തിൽ നിന്നും പുറത്തുകടന്ന അവന് ജീവിതം വളരെ ബുദ്ധിമുട്ടേറിയ ഒന്നായി മാറി. പണമുണ്ടാക്കാനായി ഫ്രാൻ കണ്ടുപിടിച്ച എളുപ്പമാർഗം വേശ്യാവൃത്തി ആയിരുന്നു. “അത് വളരെ വേദനാജനകവും അപമാനകരവും ഭയങ്കരവുമായ ഒന്നായിരുന്നു. ആ അവസ്ഥയിലൂടെ ആരും കടന്നുപോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ എനിക്കത് പറയാൻ കഴിയും. കാരണം കർത്താവ് എന്നെ സുഖപ്പെടുത്തി. പക്ഷേ, മുമ്പ് എനിക്കതിനു കഴിഞ്ഞില്ല” – ഫ്രാൻ അന്നത്തെ തന്റെ അവസ്ഥയെക്കുറിച്ചു വെളിപ്പെടുത്തുന്നു.

    ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഒരു കസിൻ ഫ്രാനിനെ അമ്മാവന്മാരോടൊപ്പം താമസിക്കാൻ വിളിച്ചു. എന്നാൽ, ഇതിനകം തന്നെ ഫ്രാൻ ഒരു സ്വവർഗാനുരാഗിയാണെന്ന ചീത്തപ്പേര് കുടുംബത്തിൽ വ്യാപിച്ചിരുന്നു. പിതാവിനോടുള്ള ദേഷ്യം മൂലം ഫ്രാൻ, അദ്ദേഹം മരിക്കാൻ ആഗ്രഹിച്ചു. ഇതിനിടയിൽ ഫ്രാൻ ഒരു ടെലിവിഷൻ പ്രോഗ്രാമിൽ പങ്കെടുത്തു. ക്യാമറകൾക്കു മുന്നിൽ, താനൊരു സ്വവർഗാനുരാഗി ആണെന്ന് വെളിപ്പെടുത്തി. പിതാവിനെ എങ്ങനെയെങ്കിലും ബുദ്ധിമുട്ടിക്കുക എന്നതും അവന്റെ ലക്ഷ്യമായിരുന്നു. അക്കാലത്ത്, സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെ ഫ്രാൻ സ്വവർഗാനുരാഗ ലോകത്ത് പൂർണ്ണമായും ഉൾപ്പെട്ടിരുന്നു. എങ്കിലും അവൻ തന്റെ ജീവിതത്തിൽ ഒരിക്കലും സംതൃപ്തനായിരുന്നില്ല. ശരിക്കും ഫ്രാൻ ഒരു സ്വവർഗാനുരാഗി അല്ലായിരുന്നു. പിതാവിനോടുള്ള വൈരാഗ്യവും പകയും യഥാർഥത്തിൽ അവന്റെ ജീവിതം തന്നെ നശിപ്പിക്കുകയായിരുന്നു.

    22-ാം വയസ്സിൽ മാമ്മോദീസ സ്വീകരണം

    അമ്മയ്ക്ക് വിശ്വാസമുണ്ടായിരുന്നെങ്കിലും വ്യത്യസ്ത കുടുംബസാഹചര്യങ്ങൾ മൂലം ഫ്രാൻ ചെറുപ്പത്തിൽ മാമ്മോദീസ സ്വീകരിച്ചിരുന്നില്ല. 22-ാം വയസ്സിൽ ഫ്രാൻ തന്റെ ഉള്ളിലുള്ള ആഗ്രഹം അമ്മയോടു പറഞ്ഞു – “എനിക്ക് മാമ്മോദീസ സ്വീകരിക്കണം.”

    ഒടുവിൽ, ഔപചാരികമായ തയ്യാറെടുപ്പുകൾ കൂടാതെ, അവൻ മാമ്മോദീസ സ്വീകരിച്ചു. എങ്കിലും ഫ്രാനിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും വന്നില്ല. എന്നാൽ, അവൻ ചോദിക്കുന്നതെന്തും ദൈവം അവന് നൽകിക്കൊണ്ടിരുന്നു. അങ്ങനെ മൂന്നു വർഷങ്ങൾ കടന്നുപോയി. അതിൽ ഫ്രാൻ അവന്റെ ബാഹ്യ പ്രതിച്ഛായ വളർത്തിയെടുക്കാൻ ധാരാളം സമയം ചെലവഴിച്ചു. ജിമ്മിൽ പോയി, നല്ല പണം സമ്പാദിക്കുന്ന ഒരു മോഡലായി പ്രവർത്തിക്കാൻ ആരംഭിച്ചു.

    സഹോദന്റെ നവജാതശിശു മരിക്കാൻ പോകുന്നു എന്ന ഒരവസ്ഥ വന്ന സാഹചര്യത്തിലാണ് ഫ്രാനിന്റെ ജീവിതത്തിൽ ആത്മീയമായ ഒരു വഴിത്തിരിവുണ്ടായത്. അന്ന് 25 വയസാണ് അദ്ദേഹത്തിന് പ്രായം. ഫ്രാന് അതൊരു ശക്തമായ ആഘാതമായിരുന്നു, അത് ആ കുഞ്ഞിന്റെ ജീവനായി തീക്ഷ്ണതയോടെ പ്രാർഥിക്കാൻ അവനെ പ്രേരിപ്പിച്ചു. ഒപ്പം കർത്താവ് എന്റെ മനസ്സിൽ തോന്നിപ്പിച്ചു. ‘ഇത് അവസാന അവസരമാണ്.’ എന്ന്. “ഞാൻ എന്ത് തെറ്റാണ് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായി, എന്റെ ആത്മാവ് എങ്ങനെയായിരുന്നു, ഞാൻ എല്ലാം മനസ്സിലാക്കി. എന്റെ പഴയ ജീവിതത്തെ ഉപേക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു” – ഫ്രാൻ കൂട്ടിച്ചേർത്തു.

    പിന്നീട് അദ്ദേഹം കുമ്പസാരിച്ചു. ഒരു നല്ല കുമ്പസാരം നടത്തിയപ്പോൾത്തന്നെ ദൈവം തന്നെ സ്നേഹിക്കുന്ന അനുഭവം അദ്ദേഹത്തിൽ നിറഞ്ഞു. തോളിൽ നിന്ന് ഒരു ഭാരം ഇറക്കിവച്ച അനുഭവം. ഫ്രാനിന് കരച്ചിലടക്കാൻ കഴിഞ്ഞില്ല. “ദൈവത്തിന്റെ ക്ഷമയും കരുണയും എനിക്ക് അനുഭവപ്പെട്ടു. അത് എനിക്ക് അവിശ്വസനീയമായ ഒന്നായിരുന്നു. എനിക്ക് ഈ സ്നേഹത്തോടൊപ്പം ആയിരിക്കാൻ ആഗ്രഹമുണ്ട്, എനിക്ക് യേശുവിനോടൊപ്പം ഉണ്ടായിരിക്കണം” – അതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

    പിതാവുമായുള്ള അനുരഞ്ജനം

    പാപത്തിന്റെ വഴിയെ ജീവിച്ചതിന് അമ്മയോട് ക്ഷമ ചോദിക്കുകയാണ് പിന്നീട് അദ്ദേഹം ചെയ്തത്. ഫ്രാനിന്റെ അമ്മ ഒരിക്കലും അവനെ തള്ളിക്കളഞ്ഞില്ല. ഏഴു വർഷമായി പ്രാർഥിച്ചുകൊണ്ടിരുന്ന അവൾ മകനോടു പറഞ്ഞു: “മകനേ, ഒടുവിൽ കർത്താവ് എന്റെ പ്രാർഥന കേട്ടു. നിനക്കായി എന്റെ ഹൃദയത്തിലെ വാൾ ഇപ്പോൾ ദൈവം എടുത്തുമാറ്റിയിരിക്കുന്നു, ദൈവത്തിനു സ്തുതി.”

    കുറച്ചു നാളുകൾക്കുശേഷം തന്റെ പിതാവിനോട് അനുരഞ്ജനപ്പെടാൻ അദ്ദേഹത്തിനു കഴിഞ്ഞു. “പിതാവും എന്നോട് ക്ഷമ ചോദിച്ചു. എന്റെ ചുമലിൽ നിന്നും ഒരു ഭാരം എടുത്തുമാറ്റിയ പ്രതീതി ആയിരുന്നു.”

    ഇപ്പോൾ കഴിഞ്ഞ അഞ്ച് വർഷമായി ദൈവവഴികളിലാണ് ഫ്രാൻ സഞ്ചരിക്കുന്നത്. “എനിക്ക് ആരുടെയും കൂടെ ആയിരിക്കാൻ ആഗ്രഹമില്ല. യേശുക്രിസ്തുവിന്റെ കൂടെ ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ കാര്യങ്ങൾ എന്നെ യഥാർഥത്തിൽ സന്തോഷിപ്പിക്കുകയും എനിക്ക് സമാധാനം നൽകുകയും ചെയ്യുന്നു” – അദ്ദേഹം പറയുന്നു.

    ദൃഢനിശ്ചയമുണ്ടായിരുന്നിട്ടും, തനിക്ക് പ്രലോഭനങ്ങൾ ഉണ്ടെന്ന് ഫ്രാൻ തിരിച്ചറിയുന്നു. ‘പിശാചിൻ്റെ ആക്രമണങ്ങൾ,’ അത് ‘ശുദ്ധീകരണത്തിന്റെ ഭാഗമാണ്’ എന്ന് അവൻ മനസ്സിലാക്കുന്നു, അവയെ ചെറുക്കാൻ എന്നും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും ജപമാല ചൊല്ലാനും നോമ്പനുഷ്ഠിക്കാനും ശ്രമിക്കുന്നു.
    ഫ്രാൻ ഇന്ന് തന്റെ ഫേസ്ബുക്ക്, ടിക് ടോക്ക് പ്രൊഫൈലുകളിലൂടെ ‘സോഷ്യൽ നെറ്റ്‌വർക്കുകളിലെ മിഷനറിയാണ്. അവിടെ ചെറുപ്പക്കാർക്കും മുതിർന്നവർക്കും സാക്ഷ്യം നൽകാനും ദൈവവചനം നൽകാനും ശ്രമിക്കുന്നു.

    വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.