തീർഥാടനംപോലെ ഒരു ഹിമാലയൻ യാത്ര നടത്തിയ നാലു വൈദികർ

സുനിഷ വി.എഫ്

ഒരു ഫോർഡ് ഫിഗോ കാറിൽ 22 ദിവസം കൊണ്ട് 9,000 കിലോമീറ്ററുകൾ പിന്നിട്ട യാത്രയിൽ, ഞങ്ങൾ ആദ്യം എടുത്തുവച്ചത് തിരുവസ്ത്രങ്ങൾ ഉൾപ്പെടെയുള്ള ഞങ്ങളുടെ കുർബാന കിറ്റ് ആയിരുന്നു. അപകടം പതിയിരിക്കുന്ന വഴികളിലൂടെ, എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും പ്രവചിക്കാൻ സാധിക്കില്ലാത്ത പാതകളിലൂടെയുള്ള സഞ്ചാരം! കൗതുകവും പ്രാർഥനയും ഒപ്പം ദൈവത്തിന്റെ കരുതലും അനുഭവിച്ചറിഞ്ഞ ആ യാത്രയുടെ അനുഭവങ്ങളുമായി ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ് ആ വൈദികർ.

നാലു വൈദികർ. ഫാ. സനീഷ് തെക്കേത്തല, ഫാ. റോക്കി റോബി കളത്തിൽ, ഫാ. സീമോൻ കാഞ്ഞിത്തറ, ഫാ. വിൽ‌സൺ പെരേപ്പാടൻ. കർത്താവിന്റെ അജഗണത്തെ ദൈവത്തിങ്കലേക്കു നയിക്കുന്ന യാത്രയിൽ സൗഹൃദത്തിന്റെ കരുതൽ തീർത്ത വൈദികർ. ആത്മീയജീവിതത്തിൽ പരസ്പരം താങ്ങായ ഇവർക്ക് പറയാനും പങ്കുവയ്ക്കുവാനും അനേകം കാര്യങ്ങളുണ്ട്; അതിലൊന്നായിരുന്നു യാത്രകൾ. യാത്രകളെ ഒരു തീർഥാടനംപോലെ പ്രണയിച്ച ആ വൈദികർ ഒരുമിച്ചൊരു യാത്ര നടത്തി; ഒരു ഹിമാലയൻ യാത്ര.

ഒരു ഫോർഡ് ഫിഗോ കാറിൽ 22 ദിവസം കൊണ്ട് 9,000 കിലോമീറ്ററുകൾ താണ്ടി നടത്തിയ യാത്ര ആത്മീയമായും ഭൗതികമായും ഈ വൈദികർക്ക് പകർന്ന അനുഭവങ്ങൾ ഏറെയായിരുന്നു. കൗതുകവും പ്രാർഥനയും ഒപ്പം ദൈവത്തിന്റെ കരുതലും അനുഭവിച്ചറിഞ്ഞ ആ യാത്രയുടെ അനുഭവങ്ങളുമായി ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ് നാൽവർ സംഘത്തിലെ ഫാ. സനീഷ് തെക്കേത്തല.

ആളൂരിൽ നിന്നുമുള്ള നാല് ആളുകൾ

ഇവരില്‍ മൂന്നുപേര്‍ ഇരിങ്ങാലക്കുട രൂപതയിലും ഒരാള്‍ കോട്ടപ്പുറം രൂപതയിലുമാണ് ശുശ്രൂഷ ചെയ്യുന്നത്. വ്യത്യസ്ത പ്രായത്തിലുള്ളവരുമാണ് ഇവര്‍. അവർക്കിടയിലുള്ള സൗഹൃദത്തിന് കാരണമായത്, ഈ നാലുപേരും ഒരേ ഇടവകാംഗങ്ങളായിരുന്നു എന്നതാണ്. വർഷങ്ങളായി നല്ല സൗഹൃദത്തിലായിരുന്ന ഈ വൈദികരെ ഒന്നിപ്പിച്ചത് ക്രിസ്തുവും യാത്രകളും തന്നെ. കർത്താവിന്റെയുള്ളിലും ഒരു കൊച്ചുസഞ്ചാരി ഉണ്ടെന്നുള്ളതിന്റെ തെളിവാണ് അവിടുത്തെ സുവിശേഷപ്രഘോഷണവും അതിനായുള്ള യാത്രകളും. അതുകൊണ്ടുതന്നെ തങ്ങളുടെ വിളിയിലെ വലിയ ഉത്തരവാദിത്വങ്ങളെ നിർവഹിക്കുന്നതിനോടൊപ്പം അവിടുത്തോട് ആഴപ്പെട്ടുകൊണ്ട് ഒരു യാത്ര പോയാലോ എന്നായി. 22 ദിവസത്തേക്കുള്ള യാത്രാനുമതി മേലധികാരികളുടെ പക്കൽനിന്നും വാങ്ങിയതിനുശേഷമായിരുന്നു ബാക്കിയുള്ള പദ്ധതികൾ ആസൂത്രണംചെയ്തത്.

ഒരു കാറ്; നാലും മൂന്നും ഏഴുപേർ

യാത്രയെക്കുറിച്ചു തീരുമാനമായപ്പോൾ, എങ്ങനെ പോകണമെന്ന ചിന്തയ്ക്ക് നാലുപേർക്കും ഉത്തരം ഒന്നേ ഉണ്ടായിരുന്നുള്ളൂ – ‘കാറിൽ പോയാൽ മതി.’ അങ്ങനെ സനീഷ് അച്ചന്റെ ഫോർഡ് ഫിഗോ കാറിൽ അവർ യാത്ര ആരംഭിച്ചു. നാലുപേരിൽ മൂന്നുപേരും ഡ്രൈവ് ചെയ്യും. പോകുന്നതോ ഉത്തരേന്ത്യയിലേക്കും. നാലുപേർക്കും ഹിന്ദി അറിയില്ല. വൈദികൻ എന്ന പദത്തിന്റെ ഹിന്ദിവാക്ക് എന്താണെന്നുപോലും അറിയാതെയാണ് നാലുപേരും യാത്ര തുടങ്ങിയതും അവസാനിപ്പിച്ചതും.

“ഞങ്ങൾ നാലുപേർക്കൊപ്പം മറ്റു മൂന്നുപേരെയും ‘അല്പം സ്പെഷ്യൽ’ ആയി ഞങ്ങൾ കൂടെക്കൂട്ടിയിരുന്നു. കർത്താവ് എപ്പോഴും നമ്മുടെ കൂടെയുണ്ടല്ലോ. കൂടാതെ, ആ മൂന്നുപേരും ഞങ്ങളുടെകൂടെ കട്ടയ്ക്ക് നിൽക്കുന്നവരുമായിരുന്നു. യാത്രികരുടെ മധ്യസ്ഥനായ വി. ക്രിസ്റ്റഫർ, വൈദികരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനി, പിന്നെ പരിശുദ്ധ അമ്മയും. ഇവരായിരുന്നു ഞങ്ങളുടെ സഹയാത്രികർ. ഞങ്ങളുടെ പ്രാർഥനകളിലും സംസാരങ്ങളിലുമെല്ലാം ഞങ്ങൾ നാലുപേരും പൊതുവായി ഇവരെ മൂന്നുപേരെയും സഹയാത്രികർ എന്നായിരുന്നു വിളിച്ചിരുന്നത്. അതിനാൽത്തന്നെ, ഞങ്ങൾ ഏഴുപേരടങ്ങുന്ന ഒരു സംഘമായിരുന്നു യാത്ര തിരിച്ചത്” – സനീഷ് അച്ചൻ പറഞ്ഞുതുടങ്ങി. ഒരു യാത്ര തുടങ്ങുമ്പോൾ ഒരാൾക്കുണ്ടാകുന്ന അതേ ആവേശവും കൗതുകവും ഊർജ്ജസ്വലതയും തന്നെയായിരുന്നു യാത്രാനുഭവങ്ങൾ പങ്കുവച്ച അച്ചന്റെ വാക്കുകളിലും.

“ഇത്രയും ദിവസം നീണ്ടുനിൽക്കുന്ന യാത്രയായതിനാൽ ഞങ്ങൾ നാലുപേർക്കും വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളുമടക്കം വലിയൊരു ബാഗ് തന്നെ ഉണ്ടായിരുന്നു. എങ്കിലും അത്യാവശ്യമുള്ളവ മാത്രമായിരുന്നു എടുത്തത്. ഞങ്ങൾക്ക് ഒട്ടും വിട്ടുവീഴ്ച ഇല്ലാതിരുന്നത് ഒരേയൊരു കാര്യത്തിൽ മാത്രമായിരുന്നു; പരിശുദ്ധ കുർബാനയുടെ കാര്യത്തിൽ. ഒരുദിവസം പോലും പരിശുദ്ധ കുർബാന മുടക്കരുത് എന്ന് ആഗ്രഹിച്ചിരുന്നു, പ്രാർഥിച്ചിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ യാത്രയ്ക്കായി ആദ്യം എടുത്തുവയ്ക്കുന്നതും തിരുവസ്ത്രങ്ങൾ ഉൾപ്പെടെയുള്ള ഞങ്ങളുടെ കുർബാന കിറ്റ് ആയിരുന്നു. അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി.

ഒരു ദിവസം 500 കിലോമീറ്ററുകളായിരുന്നു ഞങ്ങൾക്ക് താണ്ടേണ്ടിയിരുന്നത്. ഓരോ രാത്രിയിലും ഞങ്ങൾ താമസിച്ചിരുന്നത് വിവിധ രൂപതകളുടെയും മറ്റ് സന്യാസ സമൂഹങ്ങളുടെയും ഹൌസുകളിലുമായിരുന്നു. ആദ്യദിവസം ബെംഗളൂരുവിലെ ‘ലാ സലറ്റ്’ സന്യാസ സഭയുടെ പ്രൊവിൻഷ്യൽ ഹൌസിൽ താമസിച്ചു. തുടർന്ന് ഹൈദരാബാദ് ഷംസാബാദ് രൂപതയുടെ ബിഷപ്സ് ഹൌസ്, ഉജ്ജയിൻ രൂപതാ ബിഷപ്സ് ഹൌസ്, സാഗർ, ജലന്ധർ, ജയ്‌പൂർ എന്നീ രൂപതകളുടെ സ്ഥാപനങ്ങളിലും ബിഷപ്സ് ഹൌസുകളിലുമായിരുന്നു ഞങ്ങൾ തങ്ങിയത്. അതുകൊണ്ടുതന്നെ എല്ലാ ദിവസവും ഞങ്ങൾക്ക് പരിശുദ്ധ കുർബാന അർപ്പിക്കാനും ബുദ്ധിമുട്ടുണ്ടായില്ല. പോയതും വന്നതും രണ്ടുവഴികളിലൂടെ ആയതിനാലും ഞങ്ങൾക്ക് അതൊരു മിഷൻ അനുഭവം കൂടിയായിരുന്നു” – സനീഷ് അച്ചൻ പങ്കുവയ്ക്കുന്നു.

ചെന്ന ഇടങ്ങളിലെല്ലാം, കർത്താവിന്റെ ഈ നാൽവർ സംഘത്തിന് വലിയ സ്വീകരണമായിരുന്നു അവിടെയുള്ളവർ നൽകിയത്. നന്ദിപറഞ്ഞ് തിരികെ പോകാനിറങ്ങുമ്പോൾ എല്ലാവർക്കും പറയാനുണ്ടായിരുന്നത് ഇപ്രകാരമായിരുന്നു: ” നിങ്ങൾ ഞങ്ങൾക്ക് വലിയ പ്രചോദനമാണ്; ഞങ്ങളും ഒരിക്കൽ ഇതുപോലൊരു യാത്ര നടത്തും.”

കർത്താവാണ് എന്റെ ഇടയൻ

“അച്ചന്മാരേ, ഈ യാത്രയിൽ നിങ്ങളുടെ വാഹനത്തിന് ഒരു കുഴപ്പംപോലുമില്ലാതെ മടങ്ങിവരാൻ സാധിച്ചോ” എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു യാത്രയ്ക്കുശേഷം ഈ പുരോഹിതർ ഏറ്റവും കൂടുതൽ നൽകേണ്ടിവന്നത്. അതിന് സനീഷ് അച്ചൻ ഒരിക്കൽക്കൂടി മറുപടി നൽകുകയാണ്: “തുടക്കം മുതൽ അവസാനംവരെയും ദൈവാനുഗ്രഹം ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ഒരു ചെറിയ അശ്രദ്ധപോലും വലിയ അപകടത്തിൽ എത്തിയേക്കാവുന്ന അവസ്ഥയാണ് ഇത്രയധികം ദൂരത്തിൽ യാത്രചെയ്യുമ്പോൾ സംഭവിക്കാവുന്നത്. ഇരുട്ടിലൊക്കെ ഡ്രൈവ് ചെയ്യുമ്പോൾ വഴിയിൽ പശുക്കളൊക്കെ കിടക്കാറുണ്ട്. അവയെ തിരിച്ചറിയുക എന്നുപറയുന്നത് വളരെ ബുദ്ധിമുട്ടാണ്. അതൊക്കെയും തരണം ചെയ്ത്, ഞങ്ങളുടെ വണ്ടിക്ക് ഒരു പഞ്ചർപോലും വരാതെ ഞങ്ങളെ ദൈവം തിരിച്ചെത്തിച്ചു.

സങ്കീ. 23 -ൽ പറഞ്ഞിരിക്കുന്നതുപോലെ തന്നെയായിരുന്നു ഞങ്ങളുടെ യാത്രയും. “കർത്താവാണ് എന്റെ ഇടയൻ. എനിക്കൊന്നിനും ഒരു കുറവുണ്ടാവുകയില്ല.” ചെങ്കുത്തായ, ഏറ്റവും അപകടംപിടിച്ച വഴികളിലൂടെ ഞങ്ങൾ വാഹനമോടിച്ചപ്പോഴും അവിടുത്തെ സംരക്ഷണം ഞങ്ങളുടെ കൂടെയുണ്ടായിരുന്നു എന്നുള്ളതിന് നിരവധി സാക്ഷ്യങ്ങൾ ഞങ്ങൾക്ക് പറയാനുണ്ട്.

അപകടം പതിയിരിക്കുന്ന വഴികളായിരുന്നു കാശ്മീരിൽ. എവിടെ, എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും പ്രവചിക്കാൻ സാധിക്കില്ല. വളഞ്ഞുപുളഞ്ഞ റോഡുകൾ, ഒരുവശത്ത് ചെങ്കുത്തായ താഴ്വരകൾ. മുകളിൽനിന്ന് വലുതും ചെറുതുമായ പാറക്കെട്ടുകളും കല്ലുകളും ഏതുസമയത്തും ഇളകിവീഴാം. നോക്കുന്നിടത്തെല്ലാം അപകടം മാത്രം. പലപ്പോഴും ഞങ്ങൾ കടന്നുപോയതിനുശേഷമൊക്കെയും പാറക്കഷണങ്ങൾ റോഡിലേക്ക് ഇളകിവീണിട്ടുണ്ട്.

ഒരിടത്തുവച്ച് ഞങ്ങൾക്ക് അരമണിക്കൂർ യാത്ര തടസ്സപ്പെട്ടു. ആദ്യമൊക്കെ ഞങ്ങൾക്ക് അതിൽ അല്പം ബുദ്ധിമുട്ടുതോന്നിയെങ്കിലും പിന്നീട് മനസ്സിലായി, അത് ദൈവത്തിന്റെ വലിയൊരു പദ്ധതിയായിരുന്നുവെന്ന്. കാരണം, ആ അരമണിക്കൂറിനുള്ളിൽ ഞങ്ങൾ പിന്നിടേണ്ടുന്ന ദൂരത്തിലുള്ള മല മുഴുവൻ ഇടിഞ്ഞുകിടക്കുകയായിരുന്നു. നമ്മുടെ ജീവിതത്തിൽ നാം മനസ്സിലാക്കേണ്ട ഒരു വലിയ കാര്യമാണിത്, കർത്താവ് നമ്മെ കാത്തുപരിപാലിക്കാൻ പല കാര്യങ്ങൾക്കും കാലതാമസം നൽകും. ആദ്യം നമുക്ക് അല്പം വിഷമമൊക്കെ തോന്നുമെങ്കിലും പിന്നീട് അത് നമ്മുടെ നന്മയ്ക്കായിട്ടായിരുന്നു എന്ന് കാലംതെളിയിക്കും. അതുപോലെതന്നെ നമ്മെ കാത്തുരക്ഷിക്കാൻ തന്റെ ദൂതന്മാരെ അവിടുന്ന് അയയ്ക്കും എന്ന് ഉറപ്പുപറഞ്ഞത് തെളിവാക്കുന്നതായിരുന്നു ഒരു ട്രക്ക് ഡ്രൈവർ.

2023 എന്ന നമ്പരുള്ള ഒരു ട്രക്ക് ഞങ്ങളുടെ മുൻപിൽ ഉണ്ടായിരുന്നു. പലവട്ടം ഓവർ ടേക്ക് ചെയ്യാൻ ഞങ്ങൾക്ക് അവസരമുണ്ടായിരുന്നിട്ടും ഞങ്ങൾ അത് ചെയ്തുമില്ല; ആ ഡ്രൈവർ ഞങ്ങളെ അനുവദിച്ചുമില്ല. കാരണം വളഞ്ഞുപുളഞ്ഞു കിടക്കുന്ന ആ വഴികളുടെ അവസ്ഥ അങ്ങനെയായിരുന്നു. മുൻപോട്ടുള്ള വഴികളിൽ പലപ്പോഴും വാഹനം പോകാൻപറ്റുന്ന അവസ്ഥയിലാണോ ഉള്ളത് എന്നൊക്കെ നോക്കേണ്ടതുണ്ടായിരുന്നു. ആ ട്രക്ക് ഡ്രൈവർ ഞങ്ങൾക്ക് വേണ്ട നിർദേശങ്ങൾ കൃത്യമായി നൽകിക്കൊണ്ടിരുന്നു. ഭാഷയറിയാത്ത ഞങ്ങൾക്ക് എത്ര മനോഹരമായാണ് ദൈവം എല്ലാം കൃത്യമായി ഒരുക്കിത്തന്നത്” – അച്ചൻ കൃതാർഥനായി. അല്ലെങ്കിലും സ്നേഹത്തിനും കരുതലിനും ഭാഷ ആവശ്യമില്ലല്ലോ.

മടുപ്പിക്കാത്ത ചില എനർജി ഡ്രിങ്ക്സ്

ദിവസം 500 കിലോമീറ്റർ, ഓരോ സ്ഥലത്തും ഒരോതരത്തിലുള്ള കാലാവസ്ഥ, യാത്രയിൽ മടുക്കുക സർവസാധാരണം. ഇങ്ങനെയുള്ള അവസ്ഥകളെ എങ്ങനെ കൈകാര്യംചെയ്തു എന്ന ചോദ്യത്തിന് അച്ചൻ നൽകിയ ഉത്തരം നമ്മുടെയും മനസ്സ് കുളിർപ്പിക്കുന്നതായിരുന്നു. “ഞങ്ങൾ പരസ്പരം താങ്ങായിരുന്നെങ്കിലും ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്തത്, ഞങ്ങൾ ക്ഷീണിച്ച അവസരങ്ങളിലെല്ലാം ഞങ്ങൾക്കായി ചില ‘എനർജി ഡ്രിങ്കുകൾ’ ദൈവം ഒരുക്കിവച്ചിരുന്നു എന്നുള്ളതാണ്. ചിലരുടെ ചിരികൾ, സ്നേഹത്തോടെയുള്ള സ്വീകരണം, സൂക്ഷിച്ചു പോണം ട്ടോ എന്ന് ആംഗ്യഭാഷയിലൂടെയുള്ള സ്നേഹത്തിന്റെ കരുതൽ… ഇവയൊക്കെയും ഞങ്ങൾക്ക് വേനലിലെ കൊടുംചൂടിൽ ലഭിക്കുന്ന മഴപോലെയായിരുന്നു.

ആളുകളുടെ പെരുമാറ്റമായിരുന്നു ഞങ്ങൾക്ക് വലിയ ആശ്വാസമായിരുന്നത്. നമ്മുടെ മടുപ്പിൽ മറ്റുള്ളവർ നമുക്കു തരുന്ന പരിഗണന നമുക്ക് എത്രമാത്രം ആശ്വാസം പകരും എന്നത് ജീവിതത്തിൽ ഏറ്റവും കൂടുതൽ അനുഭവിച്ചറിഞ്ഞ ദിനങ്ങളായിരുന്നു അത്. അതുകൊണ്ടുതന്നെ, ‘ഈ യാത്ര എന്ത് തന്നു’ എന്നുചോദിച്ചാൽ, നമ്മുടെ നല്ല പെരുമാറ്റംകൊണ്ട് മറ്റുള്ളവർക്ക് എങ്ങനെ ഒരു സ്നേഹസാമീപ്യമാകാം എന്ന് അറിയാമായിരുന്നെങ്കിലും ഇപ്പോൾ ബോധപൂർവം അവയൊക്കെ ചെയ്യാൻ ശ്രമിച്ചുതുടങ്ങി എന്നുള്ളതാണ്.”

ടിൻ ഷീറ്റിനടിയിലെ പരിശുദ്ധ ബലിയർപ്പണം

കശ്മീരിൽ തകരഷീറ്റുകൾകൊണ്ട് നിർമ്മിച്ച ടെന്റ് പോലത്തെ വീടുകളുണ്ടായിരുന്നു. ഒരാൾക്ക് നേരെ നിവർന്നുനിൽക്കാൻപോലും ഉയരമില്ലാത്തത്ര ചെറുത്. അത്തരത്തിലൊരു ‘വീട്ടിൽ’ താമസിക്കാൻ ഈ വൈദികർക്ക് സാഹചര്യമുണ്ടായി. പിറ്റേദിവസം രാവിലെ കുർബാന ചൊല്ലേണ്ടതുണ്ട്. ഒന്ന് നിവർന്നുനിൽക്കാൻപോലും പറ്റാത്ത ആ സ്ഥലത്തുവച്ച് അർപ്പിച്ച പരിശുദ്ധ ബലിക്ക്, തങ്ങൾ ഇന്നോളം എല്ലാവിധ സൗകര്യങ്ങൾക്കുനടുവിലും അർപ്പിച്ച ബലിയേക്കാൾ ചൈതന്യമുണ്ടായിരുന്നു എന്ന് സനീഷ് അച്ചൻ ഓർക്കുന്നു.

“അത്രയുംകാലം ഞാൻ അർപ്പിച്ച പരിശുദ്ധ ബലികൾ എന്നത് ഭൗതികമായ എല്ലാ സമൃദ്ധികൾക്കും നടുവിലായിരുന്നു. എങ്കിലും ആ ടിൻഷീറ്റിനടിയിലെ ബലിയർപ്പണത്തിലെ വിശാലത എന്റെ ആത്മീയതയ്ക്ക് ഒരുപടികൂടി ഉയർച്ച നൽകി. ആ സമയത്താണ് ക്രിസ്തുവിന്റെ അനേകം മിഷനറിമാരെ ഞങ്ങൾ ഞങ്ങളിലൂടെ കണ്ടത്. ഇതിലും പരിതാപകരമായ സാഹചര്യത്തിൽ പരിശുദ്ധ ബലിയർപ്പിക്കുന്ന വൈദികരും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന സിസ്റ്റേഴ്സും അത്മായരുമുണ്ട്. എത്രയോ പുരോഹിതർ, തങ്ങളുടെ ജീവന് ഭീഷണിയാണെന്നറിഞ്ഞിട്ടും ചിലയിടങ്ങളിൽ തങ്ങളുടെ വിശ്വാസികൾക്കുവേണ്ടി പരിശുദ്ധ ബലിയർപ്പണം നടത്തുന്നുണ്ട്. ഇതൊക്കെയും ആ സമയത്ത് ഞങ്ങളുടെ മനസ്സിലൂടെ കടന്നുപോയി” – അച്ചൻ ഓർക്കുന്നു.

യാത്രയിലായിരുന്ന എല്ലാ ദിവസങ്ങളിലും അർപ്പിച്ച പരിശുദ്ധ ബലിയർപ്പണത്തിന്റെ പ്രത്യേകനിയോഗങ്ങൾ, തങ്ങൾ ആയിരിക്കുന്ന ഇടങ്ങളിലെ എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാകണമേ എന്നതായിരുന്നു.

യാത്ര നൽകുന്നത്

“യാത്രകൾ നമുക്ക് ഒരുപാട് അനുഭവങ്ങൾ സമ്മാനിക്കുന്നുണ്ട്. ഉപേക്ഷിക്കേണ്ടതും വിട്ടുകളയേണ്ടതുമായ ചിലതൊക്കെയും നമ്മുടെ ജീവിതത്തിലുണ്ട്. അവയൊക്കെയും പാടെ മറന്നുകളയുക; എന്താണോ ആവശ്യം അതുമാത്രം നമ്മുടെ കൈവശം വയ്ക്കുക. അവശ്യവസ്തുക്കൾ മാത്രമടങ്ങിയ ഞങ്ങളുടെ ബാഗുപോലെ. ഓരോ യാത്രയും ഒരു പുതിയ ശ്വാസം നമുക്ക് നൽകുന്നുണ്ട്. നമ്മളെത്തന്നെ രൂപീകരിക്കുന്ന ഒന്നാണത്. നാം കാണുന്ന ആളുകൾ, ഇടങ്ങൾ ഒക്കെയും നമ്മെത്തന്നെ രൂപീകരിക്കുന്നതിൽ ഒരു പങ്കുവഹിക്കുന്നു. അത് മനസ്സിലാക്കാൻ ചിലപ്പോൾ നമുക്ക് കുറച്ചു വർഷങ്ങൾതന്നെ വേണ്ടിവന്നേക്കും. എങ്കിലും യാത്ര ഒരു വലിയ പാഠപുസ്തകമാണ്. ജീവിതം നമുക്കുനൽകുന്ന മനോഹരമായ ചില തിരിച്ചറിവുകളുടെ, ആവർത്തിക്കപ്പെടാത്ത പുതിയ കഥകൾ എഴുതപ്പെട്ട ഒരു പാഠപുസ്തകം” – സനീഷ് അച്ചൻ പറഞ്ഞവസാനിപ്പിക്കുമ്പോൾ ഈ യാത്ര ഇനിയും തുടരുമെന്ന പ്രതീക്ഷ വാക്കുകളിൽ നിറഞ്ഞിരുന്നു.

ഉള്ളിലുള്ള ക്രിസ്തുവിന്റെ അംശം കണ്ടുമുട്ടുന്നവരിലേക്ക് പകർന്നുനൽകാനും സ്വീകരിക്കാവുന്ന നന്മകൾ മറ്റുള്ളവരിൽനിന്നും സ്വീകരിച്ചുകൊണ്ട് കൂടുതൽ യാത്രകൾ ചെയ്യാനും പുതിയ ആത്മീയാനുഭവങ്ങൾ നേടാനും ഈ പുരോഹിതർക്ക് ഇനിയും സാധിക്കട്ടെ. ക്രിസ്തുവിന്റെകൂടെ ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനും അത് മറ്റുളളവർക്ക് വലിയ ക്രിസ്തുസാക്ഷ്യമായിത്തീരാനും സനീഷ് അച്ചനും, റോക്കി അച്ചനും, സീമോൻ അച്ചനും, വിൽസൺ അച്ചനും സാധിക്കട്ടെ. ഒരു യാത്രകൊണ്ട് ഹിമാലയത്തോളമുണ്ടായിരുന്ന വിശ്വാസം സ്വർഗത്തോളം ഉയർന്ന അനുഭവങ്ങൾ പങ്കുവച്ച ക്രിസ്തുവിന്റെ പ്രിയസഞ്ചാരിയച്ചന്മാർക്ക് ലൈഫ് ഡേയുടെ പ്രാർഥനാശംസകൾ!

ഫാ. സനീഷ് തെക്കേത്തല പുളിപ്പറമ്പ് ലിറ്റിൽ ഫ്ലവർ ചർച്ചിലെയും, ഫാ. വിൽ‌സൺ പെരേപ്പാടൻ സെന്റ് മേരിസ് ചർച്ച് നന്തിക്കരയിലെയും വികാരിമാരാണ്. ഫാ. സീമോൻ കാഞ്ഞിത്തറ ഇരിഞ്ഞാലക്കുട രൂപതയിലെ സ്പിരിച്വലിറ്റി സെന്ററിന്റെ ഡയറക്ടർ ആയി സേവനംചെയ്യുന്നു, ഫാ. റോക്കി റോബി കളത്തിൽ കോട്ടപ്പുറം രൂപതയിലെ മുളങ്കുന്നത്തുകാവിലുള്ള സാൻജോസ് ഭവൻ ഡയക്ടറുമാണ്.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.