
ക്രിസ്തുമതത്തിലെ ഏറ്റവും സ്വാധീനമുള്ള രണ്ട് അപ്പസ്തോലന്മാരാണ് വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും. അവരുടെ പഠിപ്പിക്കലുകൾ ആദ്യകാല സഭയെ രൂപപ്പെടുത്തുന്നതിനും ലോകമെമ്പാടും വിശ്വാസം വ്യാപിപ്പിക്കുന്നതിനും സഹായിച്ചു. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിനെക്കുറിച്ചും അതിന്റെ ചരിത്രം, ബൈബിൾപരമായ പ്രാധാന്യം, ക്രൈസ്തവ പാരമ്പര്യങ്ങൾ, ആഗോളതലത്തിലെ ആഘോഷങ്ങൾ എന്നിവയെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാം.
കത്തോലിക്കാ, ഓർത്തഡോക്സ്, കൂടാതെ ചില പ്രൊട്ടസ്റ്റന്റ് പാരമ്പര്യങ്ങളിലെയും ഒരു പ്രധാന ആഘോഷമാണ് വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ. അവരുടെ അതുല്യമായ സംഭാവനകളും ആഴമേറിയ വിശ്വാസവും ത്യാഗങ്ങളും സ്മരിക്കാനുള്ള ഒരു സമയം കൂടിയാണിത്.
ക്രൈസ്തവ ലോകത്ത് വിശുദ്ധ പത്രോസിന്റെ പങ്ക്
യേശുവിന്റെ ഏറ്റവും അടുത്ത ശിഷ്യന്മാരിൽ ഒരാളായിരുന്നു വിശുദ്ധ പത്രോസ്. ക്രിസ്തുവിനെ അനുഗമിക്കുന്നതിന് മുൻപ് അദ്ദേഹം ഒരു മത്സ്യത്തൊഴിലാളിയായിരുന്നു. കാലക്രമേണ, അദ്ദേഹം അപ്പസ്തോലന്മാരുടെ ഇടയിൽ അംഗീകരിക്കപ്പെട്ട ഒരു നേതാവായി മാറുകയും ആദ്യകാല സഭയുടെ അടിത്തറ പാകുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. പത്രോസാകുന്ന പാറമേലാണ് ഈശോ സഭ സഥാപിച്ചത്.
വിശുദ്ധ പൗലോസിന്റെ മിഷനറി പ്രവർത്തനങ്ങൾ
എന്നാൽ വിശുദ്ധ പൗലോസ് തികച്ചും വ്യത്യസ്തമായ ഒരു പാതയാണ് സ്വീകരിച്ചത്. അദ്ദേഹം യഥാർഥത്തിൽ ആദ്യകാല ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന ആളായിരുന്നു. ഡമാസ്കസിലേക്കുള്ള യാത്രയ്ക്കിടയിലുണ്ടായ മാനസാന്തര അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തെ പൂർണ്ണമായി മാറ്റിമറിച്ചു. പിന്നീട് അദ്ദേഹം സമർപ്പിതനായ ഒരു മിഷനറിയായി മാറി. അദ്ദേഹത്തിന്റെ വിപുലമായ യാത്രകളും കത്തുകളും വരും തലമുറകൾക്കായുള്ള ക്രൈസ്തവ ദൈവശാസ്ത്രത്തെ രൂപപ്പെടുത്തി.
എന്തുകൊണ്ടാണ് ഇരുവരുടെയും തിരുനാൾ ഒരുമിച്ച് ആഘോഷിക്കപ്പെടുന്നത്?
ഈ രണ്ട് വിശുദ്ധർക്കും വ്യത്യസ്തമായ പശ്ചാത്തലങ്ങളും ശുശ്രൂഷാ ശൈലികളുമാണ് ഉണ്ടായിരുന്നത്. എന്നിരുന്നാലും, ക്രൈസ്തവ വിശ്വാസം രൂപപ്പെടുന്നതിന് അവർ ചെലുത്തിയ വലിയ സ്വാധീനം മൂലം രണ്ടു വിശുദ്ധരുടെയും തിരുനാൾ ഒരുമിച്ച് ആഘോഷിക്കപ്പെടുന്നു. നീറോ ചക്രവർത്തിയുടെ ഭരണകാലത്ത് റോമിൽ വെച്ചാണ് ഇരുവരും രക്തസാക്ഷിത്വം വരിച്ചതെന്ന് സഭാ പാരമ്പര്യം വ്യക്തമാക്കുന്നു. ഈ രണ്ട് അപ്പോസ്തലന്മാരുടെയും വിശ്വാസം, ശുശ്രൂഷ, ത്യാഗം എന്നിവയെ വിലമതിക്കുന്നതിനുള്ള സമയമാണ് വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ദിനം. ഈ തിരുനാൾ ഒരുമിച്ച് ആഘോഷിക്കുന്നതിലൂടെ, സഭ അവരുടെ ദൗത്യത്തിന്റെ ഐക്യത്തെ എടുത്തുകാണിക്കുന്നു. മാത്രമല്ല,ക്രൈസ്തവ സമൂഹങ്ങളെ കെട്ടിപ്പടുക്കാൻ ഇരുവരും അശ്രാന്തം പരിശ്രമിച്ചു.
വിശുദ്ധ പത്രോസിന്റെ ബൈബിൾപരവും ചരിത്രപരവുമായ പ്രാധാന്യം
സുവിശേഷങ്ങളിലെ ഒരു കേന്ദ്ര കഥാപാത്രമാണ് പത്രോസ്. ശിഷ്യന്മാരുടെ ഇടയിൽ പലപ്പോഴും ആദ്യം സംസാരിച്ചിരുന്നത് അദ്ദേഹമായിരുന്നു. യേശുവിന്റെ ഏറ്റവും പ്രധാനപ്പെട്ട പല അത്ഭുതങ്ങൾക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് ശേഷം, ആദ്യകാല ക്രൈസ്തവ സമൂഹത്തിൽ പത്രോസ് പ്രമുഖമായ ഒരു നേതൃസ്ഥാനം ഏറ്റെടുത്തു.
യേശുവുമായി നടത്തിയ ഒരു പ്രത്യേക സംഭാഷണവുമായി ബൈബിൾ പത്രോസിന്റെ അധികാരത്തെ ബന്ധിപ്പിക്കുന്നു. ക്രിസ്തു അവനോട് പറഞ്ഞു: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും.” ഈ വാചകം കത്തോലിക്കാ പാരമ്പര്യത്തിന്റെ ഒരു ആണിക്കല്ലാണ്. ഇത് പത്രോസിനെ ആദ്യത്തെ മാർപാപ്പയായും ശാശ്വതമായ വിശ്വാസത്തിന്റെ പ്രതീകമായും പ്രതിഷ്ഠിക്കുന്നു.
ശക്തമായ മതപീഡനങ്ങൾ നടന്ന ഒരു കാലഘട്ടത്തിലാണ് പത്രോസ് റോമിലെ സഭയെ നയിച്ചത്. ചരിത്രപരവും മതപരവുമായ പാരമ്പര്യങ്ങൾ അനുസരിച്ച്, അദ്ദേഹത്തിന്റെ വിശ്വാസത്തെ പ്രതി അദ്ദേഹം ക്രൂശിക്കപ്പെട്ടു. യേശു മരിച്ച അതേ രീതിയിൽ മരിക്കാൻ തനിക്ക് യോഗ്യതയില്ലെന്ന് തോന്നിയതിനാൽ തലകീഴായി ക്രൂശിക്കപ്പെടാൻ അദ്ദേഹം ആവശ്യപ്പെടുകയും അപ്രകാരം വധിക്കുകയുമായിരുന്നു.
വിശുദ്ധ പൗലോസിന്റെ ബൈബിൾപരവും ചരിത്രപരവുമായ പ്രാധാന്യം
ബൈബിളിലെ ഏറ്റവും പ്രശസ്തമായ സംഭവങ്ങളിലൊന്നാണ് പൗലോസിന്റെ മാനസാന്തരം . ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തിരുന്ന ഒരു മനുഷ്യനിൽ നിന്ന് സുവിശേഷത്തിന് വേണ്ടി സന്തോഷത്തോടെ കഷ്ടം അനുഭവിക്കുന്ന ഒരു മനുഷ്യനായി അദ്ദേഹം മാറി. ഈ മാനസാന്തരം ദൈവകൃപയുടെയും ക്ഷമയുടെയും ശക്തിയെ കാണിക്കുന്നു. തുടർന്ന്, റോമൻ സാമ്രാജ്യത്തിലുടനീളം പൗലോസ് വ്യാപകമായി യാത്ര ചെയ്തു. കൊറിന്തോസ്, എഫേസൂസ്, ഗലാത്യ തുടങ്ങിയ നഗരങ്ങളിൽ അദ്ദേഹം ക്രൈസ്തവ സമൂഹങ്ങൾ സ്ഥാപിച്ചു.
താൻ സ്ഥാപിച്ച സമൂഹങ്ങൾക്ക് പൗലോസ് നിരവധി കത്തുകൾ എഴുതി. പൗലോസിന്റെ ഈ ലേഖനങ്ങൾ പുതിയ നിയമത്തിന്റെ വലിയൊരു ഭാഗമാണ്. കൃപ, രക്ഷ, എങ്ങനെ ഒരു സന്മാർഗ്ഗിക ജീവിതം നയിക്കാം എന്നതിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട പഠിപ്പിക്കലുകൾ അവ വാഗ്ദാനം ചെയ്യുന്നു. പത്രോസിനെപ്പോലെ, സുവിശേഷം പ്രസംഗിച്ചതിന് പൗലോസും അറസ്റ്റിലായി. ചരിത്രപരമായ പാരമ്പര്യങ്ങൾ സൂചിപ്പിക്കുന്നത് റോമിൽ വച്ച് അദ്ദേഹത്തിന്റെ ശിരഛേദം ചെയ്യപ്പെട്ടു എന്നാണ്.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ




