ദിവ്യകാരുണ്യസ്നേഹം അനുഭവിച്ചു; മയക്കുമരുന്ന് ഏജന്റ് ക്രിസ്തുവിന്റെ പോരാളിയായി: അറിയാം റോഡ്രിഗ് ടണ്ടുവിന്റെ ജീവിതം

ഓരോരുത്തരുടെയും ജീവിതത്തിൽ വളരെ അപ്രതീക്ഷിതമായിട്ടായിരിക്കും ദൈവം ഇടപെടുന്നത്. ഒരിക്കലും ദൈവത്തെ കണ്ടുമുട്ടിയിട്ടില്ലാത്ത, പാപാവസ്ഥകളിൽ കഴിയുന്ന, തെറ്റിന്റെ വഴികളിൽ അലയുന്ന ആളുകളിലേക്ക്‌ പ്രതീക്ഷിക്കാനാകാത്ത സാഹചര്യങ്ങളിലൂടെയും മാർഗങ്ങളിലൂടെയും ദൈവം ഇറങ്ങിച്ചെല്ലും, ഇടപെടും. അതിനു ഉദാഹരണമാണ് റോഡ്രിഗ് ടണ്ടുവിന്റെ ജീവിതം. മയക്കുമരുന്നിനും കള്ളത്തരങ്ങൾക്കും അടിമപ്പെട്ട റോഡ്രിഗ് ടണ്ടുവിന്റെ ജീവിതത്തിൽ ദൈവം ഇടപെട്ടപ്പോൾ അയാൾ പുതിയൊരു മനുഷ്യനായി മാറി. ഇന്ന് അനേകരെ മയക്കുമരുന്നിന്റെ ലഹരിയിൽനിന്നും മോചിപ്പിക്കാൻ ശ്രമിക്കുന്ന റോഡ്രിഗ് ടണ്ടുവിന്റെ ജീവിതം അറിയാം.

റോഡ്രിഗ് ടണ്ടുവിന്റെ ജീവിതം അത്ര സാധാരണമായിരുന്നില്ല. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്ന് ആറാം വയസ്സിൽ ഫ്രാൻസിലെത്തിയതാണ് റോഡ്രിഗ്. അമ്മയുടെ അകാലമരണത്തിനു ശേഷം, പാരീസിലെ, കുറ്റകൃത്യങ്ങൾ നിറഞ്ഞ പ്രാന്തപ്രദേശമായ ബോണ്ടിയിൽ പിതാവിനൊപ്പം റോഡ്രിഗ്‌ താമസമാക്കി. ചെറിയ കുട്ടിയായിരുന്ന സമയത്ത് വളരെ ശാന്തനായിരുന്ന റോഡ്രിഗിന്റെ ജീവിതം, ഹൈസ്കൂളിൽ എത്തിയപ്പോഴേക്കും സങ്കീർണ്ണമായിത്തീർന്നു. അവൻ പതിയെ അക്രമത്തിന്റെ ചുഴിയിലകപ്പെട്ടു. സ്കൂളിന്റെ സമീപത്തുള്ള യുവാക്കളുമായി റോഡ്രിഗും കൂട്ടുകാരും അടികൂടി. ആ കാരണത്താൽ സ്കൂളിൽനിന്ന് അവരെ പുറത്താക്കി.

ക്ലാസ്സിൽ കയറാൻ കഴിയാതായതോടെ ബോണ്ടിയിലെ തെരുവുകളിലൂടെ അവൻ കൂട്ടുകൂടി അലഞ്ഞുനടന്നു. ചെറിയ കൊള്ളകളും കള്ളത്തരങ്ങളും അക്രമങ്ങളും നടത്തി ദിവസം മുഴുവനും തെരുവുകളിലൂടെ നടന്ന അവൻ വൈകാതെ തന്നെ കഞ്ചാവിനും അടിമയായിത്തീർന്നു. താമസിയാതെ, മയക്കുമരുന്നു കച്ചവടത്തിന്റെ ഏജന്റായി മാറിയ റോഡ്രിഗ് 21 വയസ്സുവരെ അങ്ങനെ തുടർന്നു.

ആകസ്മികമായ ഒരു കണ്ടുമുട്ടൽ

ഒരു ദിവസം രാത്രി 10 മണി സമയം. അന്നത്തെ സമ്പാദ്യവുമായി ക്ലബിലേക്കു പോകാനായി റോഡ്രിഗും സംഘവും തുടങ്ങുകയായിരുന്നു. പെട്ടെന്ന് അവരുടെ മുന്നിലേക്ക് അപ്രതീക്ഷിതമായി മൂന്നു സന്യാസിനിമാർ കടന്നുവന്നു. “വെള്ളക്കാരായ ആ മൂന്നു സിസ്റ്റേഴ്സിനെ കണ്ടപ്പോൾ പൊലീസുകാരാണ് എന്നാണ് ഞങ്ങൾ കരുതിയത്. എന്തെങ്കിലും കുരുക്കായിരിക്കുമെന്നു ഞങ്ങൾക്കു തോന്നി. അതുകൊണ്ട് ഞങ്ങൾ അവരെ പരിശോധിച്ചു. എന്നാൽ ആയുധങ്ങളോ, മൈക്രോഫോണോ ഒന്നുംതന്നെ അവരുടെ പക്കലില്ലെന്ന് ഞങ്ങൾക്കു മനസ്സിലായി. അവർ ശരിക്കും സന്യാസിനിമാർ തന്നെയാണെന്നു മനസ്സിലായപ്പോൾ അവരെ സംരക്ഷിക്കണമെന്ന് എന്റെ ഉള്ളിൽ തോന്നലുണ്ടായി. ഞങ്ങളുടെയിടയിൽ കത്തോലിക്കനായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണ് അങ്ങനെ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത്. എനിക്കുവേണ്ടി പ്രാർഥിക്കണം എന്നുപറഞ്ഞ ഞാൻ, അവരോട് പെട്ടെന്ന് അവിടെനിന്നു പുറത്തുകടക്കാൻ അഭ്യർഥിച്ചു. അവർ ഉടനെതന്നെ മറ്റൊരു വഴിയേ പോയി; ഞാൻ എന്റെ വഴിക്കും പോയി”  – അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടലിന്റെ ദിനങ്ങളെ റോഡ്രിഗ് ഓർക്കുന്നത് ഇപ്രകാരമാണ്.

ബോണ്ടിക്കു സമീപം താമസിച്ചിരുന്ന ഇമ്മാനുവേൽ സമൂഹത്തിലെ സിസ്റ്റേഴ്സായിരുന്നു അവർ. ഒരു ദിവസം ഒരു മ്യൂസിക് ഫെസ്റ്റിനുശേഷം തനിക്കുവേണ്ടി പ്രാർഥിക്കാൻ ഒരു സിസ്റ്ററിനോട് അവൻ ആവശ്യപ്പെടുന്നതുവരെ, അവരെ കണ്ടുമുട്ടുന്നത് പരമാവധി ഒഴിവാക്കിയാണ് റോഡ്രിഗ് നടന്നിരുന്നത്. അന്ന് കഠിനമായ ഒരു സംഘട്ടനം നടന്നിരുന്നു. അവനോട് എതിരിട്ടവരിൽ ഒരാൾ ഗുരുതരാവസ്ഥയിലായിരുന്നു. അയാൾ മരിച്ചുപോയേക്കുമെന്നും താൻ ജയിലിൽ പോകേണ്ടിവരുമെന്നും റോഡ്രിഗ് ഭയപ്പെട്ടു. അങ്ങനെയാണ് സിസ്റ്റർമാരിലൊരാളെ കണ്ടുമുട്ടിയപ്പോൾ അവരോടൊപ്പം പള്ളിയിൽ പോയി പ്രാർഥിക്കാൻ റോഡ്രിഗ് തീരുമാനിച്ചത്. പ്രാർഥന കഴിഞ്ഞപ്പോഴേക്കും അവന്റെ മനസ്സ് ശാന്തമാവുകയും വളരെ ആശ്വാസം തോന്നുകയും ചെയ്തു.

അതിനുള്ള കൃതജ്ഞതയെന്നവണ്ണം, കുറച്ചു ദിവസങ്ങൾക്കുശേഷം പാരെലെ മോണിയൽ ദൈവാലയത്തിൽ പോകാനുള്ള സിസ്റ്ററിന്റെ ക്ഷണം അവൻ സ്വീകരിച്ചു. “ആ സിസ്റ്ററിനോട് എനിക്ക് നന്ദി പറയണമായിരുന്നു, പ്രത്യേകിച്ച് ആ ദിവസത്തെ കുഴപ്പം പിടിച്ച സാഹചര്യത്തിൽ അവർ എന്നോടൊപ്പം പ്രാർഥിച്ചു. എനിക്ക് ജയിലിൽ പോകേണ്ടി വന്നുമില്ല” – ഒരു പുഞ്ചിരിയോടെ റോഡ്രിഗ് പറയുന്നു.

പാരാലെ മോണിയലിലേക്കുള്ള തീർഥാടനം 

സിസ്റ്റേഴ്സ് ഉൾപ്പെട്ട തീർഥാടകസംഘത്തോടൊപ്പം റോഡ്രിഗ് പുറപ്പെട്ടു. തനിക്ക് ആവശ്യമായ കഞ്ചാവും അയാൾ കൈയിൽ കരുതിയിരുന്നു. “ഞാൻ കഞ്ചാവിന് അടിമയായിരുന്നു. അതുകൊണ്ട് അഞ്ചുദിവസത്തേക്കു വേണ്ട സാധനം രഹസ്യമായി ഞാൻ കരുതിയിരുന്നു” – അയാൾ ചിരിച്ചുകൊണ്ടു പറയുന്നു. “ബസിലുണ്ടായിരുന്ന സിസ്റ്റേഴ്സെല്ലാം വളരെ സന്തോഷത്തിലായിരുന്നു. ഞാൻ നേരത്തെ തന്നെ കഞ്ചാവിന്റെ ലഹരിയിലായിരുന്നു. പാരെലെ മോണിയലിലെത്തിയപ്പോൾ അവിടത്തെ മനുഷ്യരൊക്കെ വ്യത്യസ്തരായി എനിക്കു തോന്നി. എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു. അത്തരം ശീലങ്ങൾ കണ്ടു പരിചയിച്ചിട്ടില്ലാത്തതിനാൽ അവർ എന്നെ കളിയാക്കി ചിരിക്കുന്നതാണോ എന്ന് ആദ്യം എനിക്കു തോന്നി.”

തീർഥാടകരെല്ലാവരും പെട്ടെന്നുതന്നെ ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വച്ചിരുന്നിടത്തേക്കു പോയി. റോഡ്രിഗും അങ്ങോട്ടേക്കു നയിക്കപ്പെട്ടു. “അത് എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. അങ്ങനെയൊന്ന് ഞാൻ കണ്ടിട്ടേയില്ലായിരുന്നു. അതിൽനിന്നും പുറപ്പെടുന്ന ഒരു പ്രത്യേക ചൈതന്യം എന്നെ അതിലേക്ക് ശക്തമായി ആകർഷിച്ചു. തികഞ്ഞ ശാന്തതയും സ്നേഹവും എന്നെ പൊതിയുന്നതായി എനിക്ക് അനുഭവപ്പെട്ടു. അതിന്റെ അടുത്തേക്കു ചെല്ലുന്തോറും ഞാൻ കരയാൻ തുടങ്ങി. മുട്ടുകുത്തി, എന്റെ തെറ്റുകൾക്കു മാപ്പുചോദിച്ചു. അത്രയും ആഴമായ ഒരു സ്നേഹാനുഭവത്തിനു മുമ്പിൽ നിന്നപ്പോൾ എന്റെ അയോഗ്യതയെക്കുറച്ചുള്ള തോന്നൽ എന്നിൽ ശക്തമായി ഉണ്ടായി.”

ഒപ്പം കൊണ്ടുവന്നിരിക്കുന്ന ലഹരിവസ്തുക്കൾ ഉപേക്ഷിക്കാൻ തന്നോട് ആരോ പറയുന്നതായി റോഡ്രിഗിനു തോന്നി. “ആദ്യം, അത് ആർക്കെങ്കിലും വിൽക്കാമെന്നാണ് ഞാൻ കരുതിയത്. എന്നാൽ, ഞാനത് നശിപ്പിച്ചുകളഞ്ഞു. അതിനുശേഷം ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ല” – അയാൾ പറഞ്ഞു.

അന്നു ലഭിച്ച കൃപ ആഴമായ ഒരു തെരഞ്ഞെടുപ്പു നടത്താൻ അയാളെ സഹായിച്ചു. പിന്നീട് കുമ്പസാരക്കൂടുകളിൽ നിന്നു കുമ്പസാരക്കുടൂകളിലേക്കും ദിവ്യകാരുണ്യ ആരാധനകളിൽ നിന്നു ആരാധനകളിലേക്കും അയാൾ സഞ്ചരിച്ചുകൊണ്ടേയിരുന്നു. പരിശുദ്ധ കു‌ർബാനകളിൽ പങ്കെടുക്കാനും ദിവ്യകാരുണ്യസന്നിധിയിൽ ദീർഘനേരം പ്രാർഥിക്കാനും റോഡ്രിഗ് സമയം കണ്ടെത്തി. അതൊക്കെയും, അവാച്യമായ ഒരു ആനന്ദം അയാളുടെ ഉള്ളിലുണ്ടാക്കി.

ബോണ്ടിയിലേക്കുള്ള മടക്കം

വലിയ സന്തോഷത്തോടെ ബോണ്ടിയിലേക്കു തിരിച്ചെത്തിയ ഞാൻ ‘ഹല്ലേലൂയ’ പാടികൊണ്ടാണ് അതുവഴി നടന്നിരുന്നത്. ഇനിയൊരിക്കലും തെറ്റുകളിലേക്കു വീഴില്ലെന്നു തീരുമാനിച്ച അന്നുമുതൽ ഒരു വിശുദ്ധനാകണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. എന്റെ സന്തോഷത്തിന്റെ രഹസ്യം കൂട്ടുകാരോടു പങ്കുവയ്ക്കണമെന്ന് ആഗ്രഹിച്ചെങ്കിലും എന്നെ അവർ കൂട്ടത്തിൽ നിന്നും ഒഴിവാക്കുകയാണുണ്ടായത്. ഇനിയും അവരോടൊപ്പം കഴിയുന്നത് ഉചിതമല്ലെന്ന് എനിക്കു മനസ്സിലായി. മയക്കുമരുന്നും അക്രമങ്ങളും കുറ്റകൃത്യങ്ങളും നിറഞ്ഞ അവിടെനിന്നു പുറത്തുകടക്കാൻ ആഗ്രഹിച്ച ഞാൻ എന്റെ കടങ്ങളൊക്കെ വീട്ടിത്തീർത്തു.

സിസ്റ്റേഴ്സിന്റെ സഹായത്തോടെ, 24-ാമത്തെ വയസ്സിൽ റോഡ്രിഗ് ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററായിത്തീർന്നു. ഇപ്പോൾ 43 വയസ്സുള്ള അദ്ദേഹം നെറ്റ് വർക്ക് ഒഫ് ടു സിറ്റിസ് എന്ന ഒരു അസ്സോസിയേഷന്റെ സഹസ്ഥാപകനാണ്. സമൂഹത്തിന്റെ രണ്ടുതലത്തിലുംപെട്ട മനുഷ്യരെ ഒരുമിച്ചുകൊണ്ടുവരാനുള്ള ഒരു സംരംഭമാണിത്. സമൂഹത്തിലെ ഉന്നതരായവരെയും തീരെ ദരിദ്രരായവരെയും ഒരുമിച്ചു ചേർത്തുകൊണ്ട് ലഹരിക്ക് അടിമപ്പെട്ടവരെയും അക്രമങ്ങളിൽ ഉൾപ്പെട്ടവരെയും ദൈവസഹായത്തോടെ പുതിയ ജീവിതത്തിലേക്കു നയിക്കുന്ന ഒരു സംഘടനയാണിത്.

ഫാ. റോണി കിഴക്കേടത്ത് കപ്പൂച്ചിൻ

വിവർത്തനം: ഫാ. റോണി കിഴക്കേടത്ത് കപ്പൂച്ചിൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.