
വലിയ നേട്ടങ്ങളും വലിയ വിജയങ്ങളും മാത്രമാണ് ജീവിതത്തിന്റെ സന്തോഷം എന്ന് കരുതുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. എന്നാൽ നമ്മുടെ കൊച്ചു പ്രവർത്തികൾക്കും ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രത്യേകിച്ച്, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ (Work from Home) ഇത്തരത്തിലുള്ള കൊച്ചു നിമിഷങ്ങൾ കണ്ടെത്താൻ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്.
കൊച്ചു കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യുക എന്ന വിശുദ്ധ തെരേസയുടെ ‘ചെറിയ വഴി’ (The Little Way) എന്ന ആത്മീയ തത്വത്തെ ശാസ്ത്രം ഇപ്പോൾ ശരിവച്ചിരിക്കുകയാണ്. തന്റെ ‘സ്റ്റോറി ഓഫ് എ സോൾ’ (Story of a Soul) എന്ന ആത്മകഥയിൽ വിശുദ്ധ തെരേസ ഇപ്രകാരം കുറിച്ചു:
’ചെറിയൊരു പുഞ്ചിരിയിലൂടെയോ സ്നേഹമുള്ള ഒരു വാക്കിലൂടെയോ ചെറിയൊരു ത്യാഗം ചെയ്യാനുള്ള ഒരു അവസരവും പാഴാക്കരുത്; എല്ലാം സ്നേഹത്തെപ്രതി ചെയ്യുക.’
ഈ കൊച്ചു നിമിഷങ്ങൾ മറ്റുള്ളവരുടെ ഉള്ളിൽ പ്രകാശം പരത്താൻ മാത്രമല്ല നമ്മുടെ സ്വന്തം മാനസികാരോഗ്യത്തെയും ആത്മീയതയെയും സമ്പന്നമാക്കാനും സഹായിക്കുന്നു എന്നതാണ് യാഥാർഥ്യം. ദൈവസ്നേഹത്തിൽ ചെയ്യുന്ന ഏറ്റവും ചെറിയ പ്രവർത്തികൾ പോലും അവിടുത്തെ കൃപയുടെ വലിയ ഉപകരണങ്ങളായി മാറുമെന്ന് ശാസ്ത്രീയ പഠനങ്ങളും ഇന്ന് അടിവരയിടുന്നു.
വർക്ക് ഫ്രം ഹോമും വർധിച്ചുവരുന്ന ഒറ്റപ്പെടലും
കോവിഡ് – 19 നു ശേഷം വീട്ടിലിരുന്നുള്ള ജോലി രീതി ലോകമെമ്പാടും സർവസാധാരണമായി. എന്നാൽ, കാഴ്ചയിൽ സുഖകരമെന്ന് തോന്നിക്കുന്ന ഈ രീതി മനുഷ്യരിൽ വലിയ തോതിൽ ഒറ്റപ്പെടലും വിഷാദവും വർധിപ്പിച്ചതായി പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിലെ സാമ്പത്തിക ശാസ്ത്രജ്ഞയായ നതാലിയ ഇമ്മാനുവലും കൂട്ടരും നടത്തിയ പഠനം പ്രശസ്ത ശാസ്ത്ര മാസികയായ ‘സയൻസിൽ’ (Science) പ്രസിദ്ധീകരിക്കുകയുണ്ടായി. ആളുകൾ വീട്ടിലിരുന്നുള്ള ജോലി ഇഷ്ടപ്പെടുന്നുണ്ടെങ്കിലും പ്രായോഗിക തലത്തിൽ ഇത് അവരിൽ കടുത്ത മാനസിക സമ്മർദവും വിഷാദവും സൃഷ്ടിക്കുന്നുവെന്ന് ഈ പഠനം വ്യക്തമാക്കുന്നു. നാലു ചുവരുകൾക്കുള്ളിലെ ജീവിതം മനുഷ്യനെ സാമൂഹിക ബന്ധങ്ങളിൽ നിന്ന് അകറ്റുകയാണ് ചെയ്യുന്നത്.
അന്യരല്ലാത്ത അപരിചിതർ
നമ്മുടെ മാനസികാരോഗ്യത്തിൽ വഴിയാത്രക്കാരും അപരിചിതരുമായ മനുഷ്യർക്ക് വലിയൊരു പങ്കുണ്ട്. നമ്മൾ നിസ്സാരമെന്ന് കരുതുന്ന കൊച്ചു സമ്പർക്കങ്ങൾ പോസിറ്റീവ് ഊർജ്ജത്തിന്റെ വലിയ സ്രോതസ്സുകളാണ്:
പതിവായി പോകുന്ന സൂപ്പർമാർക്കറ്റിലെ കാഷ്യറോട് പറയുന്ന ഒരു ‘ഹലോ’, തപാൽ ഓഫീസിലെ ജീവനക്കാരോടോ സെക്യൂരിറ്റിയോടോ കാണിക്കുന്ന ഒരു ചെറിയ ചിരി. ഇത്തരം നിസ്സാര നിമിഷങ്ങൾ നമ്മെ സമൂഹവുമായി ചേർത്തുനിർത്തുകയും, ‘ഞാൻ ഒറ്റയ്ക്കല്ല’ എന്ന തോന്നൽ മനസ്സിന് നൽകുകയും ചെയ്യുന്നു.
ജീവിതത്തിൽ പകർത്തുവാൻ
വിശുദ്ധ തെരേസ പഠിപ്പിച്ച ‘ചെറിയ വഴി’ കേവലം ഒരു ആത്മീയ തത്വം മാത്രമല്ല അത് നമ്മുടെ ദിനംപ്രതിയുള്ള മാനസികാരോഗ്യത്തിന് അത്യാവശ്യമായ ഒന്നാണെന്ന് ശാസ്ത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരോ അല്ലെങ്കിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവരോ ആണോ നിങ്ങൾ? എങ്കിൽ ഈ ആഴ്ച മുതൽ മനഃപൂർവം ചില ചെറിയ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുക.
ചിരി കൈമാറുക: കടയിലോ വഴിയിലോ കാണുന്ന ആളുകളോട് ഒരു ചെറിയ പുഞ്ചിരി പങ്കുവെക്കുക.
സ്നേഹത്തിന്റെ വാക്ക്: കൂടെ ജോലി ചെയ്യുന്നവരോടും കുടുംബാംഗങ്ങളോടും സഹാനുഭൂതിയോടെ സംസാരിക്കുക.
സാന്നിധ്യമറിയിക്കുക: മറ്റുള്ളവർക്ക് നിങ്ങളുടെ സ്നേഹനിർഭരമായ സാന്നിധ്യം അനുഭവപ്പെടാൻ അവസരമൊരുക്കുക.
ചെറിയ കാര്യങ്ങൾക്ക് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. ദൈവത്തിന്റെ കൃപ വസിക്കാനും വ്യാപരിക്കാനും ഇത്തരത്തിലുള്ള കൊച്ചു നിമിഷങ്ങൾ ധാരാളമാണ്.




