
‘സ്റ്റെല്ല മാരിസ്’ എന്നത് പരിശുദ്ധ കന്യകാമറിയത്തിന് സഭ നൽകിയിരിക്കുന്ന ഏറ്റവും പുരാതനവും മനോഹരവുമായ വിശേഷണങ്ങളിൽ ഒന്നാണ്. ലാറ്റിൻ ഭാഷയിൽ സ്റ്റെല്ല മാരിസ് എന്നതിന് ‘കടലിന്റെ നക്ഷത്രം’ എന്നാണ് അർഥം. നൂറ്റാണ്ടുകളായി കടലിലൂടെ യാത്ര ചെയ്തിരുന്ന നാവികരും മത്സ്യത്തൊഴിലാളികളും കൊടുങ്കാറ്റുകളുടെയും കടലിലെ അപകടങ്ങളുടെയും മധ്യേ സുരക്ഷിതരായി കരയിലെത്താൻ മാതാവിന്റെ മാധ്യസ്ഥം തേടിയിരുന്നു. അതുകൊണ്ടുതന്നെ കടലിലെ യാത്രികരുടെ പ്രത്യേക സംരക്ഷകയായി മറിയം അറിയപ്പെടുന്നു.
പുരാതനകാലത്ത് ഇന്നുള്ളതുപോലുള്ള ജിപിഎസ് സംവിധാനങ്ങളോ ആധുനിക നാവിഗേഷൻ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ല. രാത്രിയിൽ ആകാശത്തിലെ നക്ഷത്രങ്ങളെ ആശ്രയിച്ചായിരുന്നു കപ്പലുകൾ ദിശ കണ്ടെത്തിയത്. അതുപോലെ ജീവിതയാത്രയിൽ വിശ്വാസികളെ യേശുക്രിസ്തുവിലേക്കു നയിക്കുന്ന ആത്മീയ വഴികാട്ടിയായാണ് സഭ മറിയത്തെ ‘കടലിന്റെ നക്ഷത്രം’ എന്ന് വിശേഷിപ്പിക്കുന്നത്.
ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യകാലം മുതൽ സമുദ്രവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. യേശു തന്റെ ആദ്യ ശിഷ്യന്മാരിൽ പലരെയും ഗലീലിയ കടലിന്റെ തീരത്ത് നിന്ന് വിളിച്ചു. മത്സ്യത്തൊഴിലാളികളായിരുന്ന അവർ സുവിശേഷത്തിന്റെ ദൗത്യം ലോകമെങ്ങും എത്തിച്ചു. അതിനാൽ കടലും വിശ്വാസവും തമ്മിലുള്ള ഈ ബന്ധത്തിൽ മറിയത്തിന്റെ സാന്നിധ്യം വിശ്വാസികൾ പ്രത്യേകമായി അനുഭവിച്ചു.
മധ്യകാലഘട്ടത്തിൽ വിശുദ്ധ ബെർണാർഡ് ഓഫ് ക്ലെയർവോ, ജീവിതത്തിലെ പരീക്ഷണങ്ങളിലും പ്രതിസന്ധികളിലും ‘മറിയത്തെ നോക്കുക, മറിയത്തെ വിളിച്ചപേക്ഷിക്കുക’ എന്ന് വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. കടലിൽ വഴിതെറ്റിയ കപ്പലിന് നക്ഷത്രം വഴി കാണിക്കുന്നതുപോലെ ജീവിതത്തിന്റെ കൊടുങ്കാറ്റുകളിൽ മറിയം ദൈവസന്നിധിയിലേക്കുള്ള വഴി കാണിച്ചുതരുന്ന മാതാവാണെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
ഇന്നും ലോകമെമ്പാടുമുള്ള തീരദേശ ദൈവാലയങ്ങളിൽ ‘സ്റ്റെല്ല മാരിസ്’എന്ന നാമത്തിൽ മാതാവിനെ ആദരിക്കുന്നു. പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളും നാവികരും അവരുടെ കുടുംബങ്ങളും മാതാവിന്റെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാർഥിക്കുന്നു. സമുദ്രയാത്ര ചെയ്യുന്ന എല്ലാവരുടെയും സംരക്ഷകയായി സഭ അവളെ വണങ്ങുന്നു.
ജീവിതം പലപ്പോഴും വിശാലമായ ഒരു സമുദ്രംപോലെയാണ്. പ്രതിസന്ധികളും നിരാശകളും ആശങ്കകളും നമ്മെ തളർത്തുമ്പോൾ കടലിന്റെ നക്ഷത്രമായ പരിശുദ്ധ മാതാവ് നമ്മെ തന്റെ പുത്രനായ യേശുവിലേക്കു നയിക്കുകയും പ്രത്യാശയുടെ പ്രകാശം പകരുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇന്നും അനേകം വിശ്വാസികൾ സ്നേഹപൂർവം പ്രാർഥിക്കുന്നത്
‘സ്റ്റെല്ല മാരിസ് കടലിന്റെ നക്ഷത്രമായ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ.’




