ഡോക്ടറും സെമിനാരിക്കാരനും സർഫ്-റൈഡറുമായ യുവാവ് വിശുദ്ധ പദവിയിലേക്ക്

വിശുദ്ധി നമ്മിൽ ആരിൽ നിന്നും അകലെയല്ല എന്നതിന് ഉത്തമോദാഹരണമാണ് ഗ്വിഡോ വിഡാൽ ഫ്രാൻസ് ഷാഫറിന്റെ ജീവിതം. ഒരു ബ്രസീലിയൻ ഡോക്ടറും സെമിനാരിയനുമായ ഷാഫർ, യുവഹൃദയങ്ങളെ ആകർഷിക്കുന്ന രീതിയിൽ തിരമാലകളിലൂടെ സവാരി ചെയ്യുന്ന നല്ല ഒരു സർഫ്-റൈഡർ കൂടിയായിരുന്നു. ലോകത്തിന്റേതായ സന്തോഷങ്ങളിൽ വ്യാപാരിക്കുമ്പോഴും ഉള്ളിൽ ആത്മീയാനന്ദത്തിന്റെ നറുമണം നിറക്കുകയും ആ പരിശുദ്ധി താൻ ആയിരിക്കുന്ന ഇടങ്ങളിലെല്ലാം പരത്തുകയും ചെയ്ത ഗ്വിഡോ വിഡാൽ ഫ്രാൻസ് ഷാഫറിന്റെ ജീവിതത്തിലൂടെ ഒരു യാത്ര…

ആരായിരുന്നു ഷാഫർ. 1974 മെയ് 22-ന് ബ്രസീലിൽ റിയോ ഡി ജനീറോയിലെ വോൾട്ട റെഡോണ്ടയിലാണ് ഗ്വിഡോ വിഡാൽ ഫ്രാൻസ് ഷാഫറിന്റെ ജനനം. കത്തോലിക്കാ വിശ്വാസത്തിൽ തീക്ഷ്ണതയോടെ മുന്നേറിയിരുന്ന ഷാഫറിന്റെ മാതാപിതാക്കൾ ചെറുപ്പം മുതലേ ദൈവികവഴികൾ പിന്തുടരാൻ അവനെ പ്രോത്സാഹിപ്പിച്ചിരുന്നു. പഠനത്തിൽ സമർത്ഥനായിരുന്ന അവന്റെ ആഗ്രഹത്തിനൊത്ത് മാതാപിതാക്കൾ അവനെ പഠിപ്പിച്ചു. അങ്ങനെ റിയോ ഡി ജനീറോയിൽ മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം നേടിയ ഷാഫർ, സാന്താ കാസ ഡി മിസെറികോർഡിയ ഹോസ്പിറ്റലിൽ ജോലി ചെയ്തു. എട്ടു വർഷത്തോളം ഷാഫർ അവിടെ ജോലി ചെയ്തു.

“ദരിദ്രരിൽ നിന്ന് ഒരിക്കലും മുഖം തിരിക്കരുത്; അപ്പോൾ ദൈവം നിന്നിൽ നിന്ന് മുഖം തിരിക്കുകയില്ല” (തോബി 4:7) എന്ന വചനം ഒരു ധ്യാനത്തിൽ ഷാഫർ കേൾക്കാനിടയായി. അത് അദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. അതിനു ശേഷം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കായും എയ്ഡ്സ് ബാധിതർക്കായും ശുശ്രൂഷ ചെയ്യാൻ ഷാഫർ സ്വയം സമർപ്പിച്ചു. കാരുണ്യപ്രവർത്തനങ്ങൾ ചെയ്യുകയും അതിനായി അനേകരെ പ്രചോദിപ്പിക്കുകയും ചെയ്തു.

1997-ൽ റിയോ ഡി ജനീറോയിലെ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സന്ദർശനത്തിന്റെ രണ്ടാം വർഷം സ്ഥാപിതമായ ‘പരിശുദ്ധാത്മാവിന്റെ അഗ്നി’ (Fogo do Espírito Santo) എന്ന പ്രാർത്ഥനാസംഘടനയിൽ ഷാഫർ അംഗമായി. ബ്രസീലിലെ ആദിമസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന വർഷം യൂറോപ്പിലേക്കുള്ള ഒരു യാത്രയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തന്റെ ജീവിതം പൂർണ്ണമായും ദൈവത്തിന് സമർപ്പിക്കാൻ ഷാഫർ തീരുമാനിച്ചു. അങ്ങനെ ഷാഫർ തന്റെ ജോലി ഉപേക്ഷിച്ച് പുരോഹിതനാകാൻ ഇറങ്ങിത്തിരിച്ചു. സെമിനാരിയിലായിരുന്ന നാളുകളിലും കാരുണ്യത്തിന്റെ സാന്നിധ്യമായി അദ്ദേഹം അനേകരെ ശുശ്രൂഷിച്ചിട്ടുണ്ട്.

2009 മെയ് ഒന്നിനായിരുന്നു അദ്ദേഹം പുരോഹിതനായി അഭിഷേകം ചെയ്യപ്പെടേണ്ടിയിരുന്നത്. എന്നാൽ, ഒരു ദിവസം ബീച്ചിൽ സർഫിംഗ് നടത്തുന്നതിനിടെ തലയുടെ പിൻഭാഗത്ത് സർഫ് ബോർഡ് ഇടിക്കുകയും മസ്തിഷ്കാഘാതം സംഭവിക്കുകയും ചെയ്തു. അങ്ങനെ ബോധം നഷ്ടപ്പെട്ട അദ്ദേഹം മുങ്ങിമരിച്ചു.

റിയോ ഡി ജനീറോയിലെ ആർച്ചുബിഷപ്പായിരുന്നു അദ്ദേഹത്തിന്റെ മൃതസംസ്കാര ശുശ്രൂഷകൾ നടത്തിയത്. എഴുപതോളം വൈദികരും മൂന്ന് ബിഷപ്പുമാരും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്നായി ഏകദേശം 1,700-ഓളം ആളുകൾ ആ ചടങ്ങിൽ സന്നിഹിതരായിരുന്നു.

2015 ജനുവരിയിലാണ് ഷാഫറിന്റെ നാമകരണ നടപടികൾ ആരംഭിച്ചത്. 2017 ഒക്ടോബറിൽ രൂപതാതലത്തിലുള്ള നാമകരണ നടപടികൾ പൂർത്തിയാക്കി എല്ലാ രേഖകളും പരിശുദ്ധ സിംഹാസനത്തിന് കൈമാറി. 2023 മെയ് 20-ന് വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററി ഷാഫറിന്റെ വിശുദ്ധിയും അദ്ദേഹത്തിലൂടെ നടന്ന അത്ഭുതങ്ങളും അംഗീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.