വി. ജോൺ പോൾ രണ്ടാമൻ തന്റെ ആദ്യകുർബാന സ്വീകരണ സമയത്ത് പെൺകുട്ടികൾ ഉപയോഗിക്കുന്ന തരത്തിലുള്ള ഷൂസ് ധരിക്കേണ്ടി വന്നത് എന്തുകൊണ്ട്?

വി. ജോൺ പോൾ രണ്ടാമൻ തന്റെ ചെറുപ്പകാലത്ത് വളരെയേറെ ദുരിതപൂർണ്ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ള വ്യക്തിയാണ്. നന്നേ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന് മാതാപിതാക്കളെയും നഷ്ടമായി. ആദ്യകുർബാന സ്വീകരണത്തിന് ഒരു മാസം മുൻപാണ് അദ്ദേഹത്തിന്റെ അമ്മ മരണപ്പെടുന്നത്.

വി. ജോൺ പോൾ രണ്ടാമൻ തന്റെ ആദ്യകുർബാന സ്വീകരണ സമയത്ത് പെൺകുട്ടികൾ ഉപയോഗിക്കുന്ന തരത്തിലുള്ള ഷൂസ് ആണ് ധരിച്ചിരുന്നത്. അത് എന്തുകൊണ്ടാണെന്ന് അറിയാമോ?

അത് ഒരു ഏപ്രിൽ മാസമായിരുന്നു. എമിലിയ വോയ്റ്റിവയുടെ ആരോഗ്യം കൂടുതൽ മോശമായി തുടങ്ങി. അവളുടെ മകൻ കരോളിന്റെ ആദ്യകുർബാന സ്വീകരണത്തിന് ഒരു മാസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ അപ്പോൾ. എമിലിയക്ക് തന്റെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല. അവളെ ബാധിച്ചിരിക്കുന്ന മാരകരോഗത്തിന് ചികിത്സയില്ല. അങ്ങനെ 1929 ഏപ്രിൽ 13-ന് കരോളിന്റെ അമ്മ മരിച്ചു. അകാലത്തിലുള്ള എമിലിയയുടെ വേർപാട് അവരുടെ ഭർത്താവിനെയും രണ്ട് ആൺമക്കളെയും അഗാധമായ ദുഃഖത്തിലേക്ക് തള്ളിവിട്ടു.

കരോൾ വോയ്റ്റിവയുടെ ആദ്യകുർബാന സ്വീകരണം

1929-ൽ വാഡോവൈസിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി രണ്ട് പ്രൈമറി സ്കൂളുകൾ ഉണ്ടായിരുന്നു. ഈ രണ്ട് സ്‌കൂളുകളിലും ഒരേ സമയം കുട്ടികളെ ആദ്യകുർബാന സ്വീകരണത്തിന് ഒരുക്കി. മെയ് 25-നായിരുന്നു ആദ്യകുർബാന സ്വീകരണം നിശ്ചയിച്ചിരുന്നത്. പ്രശസ്ത പോളിഷ് പുരോഹിതനും ദൈവശാസ്ത്രജ്ഞനും അക്കാദമികനുമായ മാർസിൻ വാഡോവിറ്റയുടെ പേരിലുള്ള ബോയ്‌സ് സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അന്ന് കരോൾ. 1926 മുതൽ കരോൾ അവിടെയാണ് പഠിച്ചിരുന്നത്. തന്റെ ആദ്യകുർബാന സ്വീകരണം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു കൊച്ചു കരോൾ.

എല്ലാ കുടുംബങ്ങളും, തങ്ങളുടെ കുട്ടികൾ ആദ്യകുർബാന സ്വീകരണത്തിന് നന്നായി വസ്ത്രം ധരിക്കണമെന്ന് ആഗ്രഹിച്ചു. അന്നേ ദിനം പുതിയ ഷൂസും കുട്ടികൾക്ക് ലഭിച്ചിരുന്നു. ഒരുപാട് കുട്ടികൾ അത്തവണ ആദ്യകുർബാന സ്വീകരിക്കാൻ ഉണ്ടായിരുന്നു. വാഡോവൈസിലെ സ്റ്റോറുകളിൽ ചെരിപ്പുകൾ ഒന്നും അവശേഷിച്ചില്ല. സ്ത്രീകളുടെ സ്കൗട്ട് ട്രൂപ്പിന്റെ നേതാവും പെൺകുട്ടികളിലൊരാളായ ഡാനൂസിയയുടെ അമ്മയുമായ മിസ്സിസ് സോഫിയ പുക്ലോവ (കരോളിന്റെ സുഹൃത്ത്) ചരക്കുകൾക്കായി വലിയ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഒരു വ്യാപാരിയോട് അനുയോജ്യമായ ഷൂസുകൾ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അവസാന നിമിഷം ബിയൽസ്കോയിൽ നിന്ന് മനോഹരമായ വെളുത്ത ഷൂസുകൾ കൊണ്ടുവന്നു.

ആദ്യകുർബാന സ്വീകരണത്തിന്റെ ഫോട്ടോയിൽ, അന്ന് ഒൻപതു വയസുള്ള കരോൾ, സ്ട്രാപ്പും ഹീലും ഒക്കെയുള്ള വെളുത്ത ഷൂ ധരിച്ചതായിട്ടാണ് കാണപ്പെടുന്നത്. ഫോട്ടോയിൽ കൂടെയുള്ള സുഹൃത്തുക്കളും അതു തന്നെയാണ് ധരിച്ചിരിക്കുന്നത്. സോഫിയ പുക്‌ലോവ കരോളിനെ പ്രാദേശിക ഫോട്ടോഗ്രാഫറുടെ അടുത്ത് കൊണ്ടുപോയി എടുത്ത ഫോട്ടോയാണ് അത്. വർഷങ്ങൾക്കു ശേഷം ആ ചിത്രം പലതവണ പുനർനിർമ്മിക്കപ്പെട്ടു.

തന്റെ ജ്യേഷ്ഠൻ എഡ്മണ്ടിൽ നിന്നാണ് കരോളിന് വസ്ത്രങ്ങൾ പാരമ്പര്യമായി ലഭിച്ചത്. രോഗം മൂലം അമ്മ മരിച്ചതിനാലും സാമ്പത്തികഭദ്രത ഇല്ലാത്തതിനാലും വളരെ മിതമായിട്ടാണ് ചടങ്ങുകളെല്ലാം നടന്നത്. അന്ന് ആദ്യകുർബാന സ്വീകരണത്തിന്റെ വസ്ത്രങ്ങൾ അന്നത്തെ ചടങ്ങിനു ശേഷം ഉപയോഗിച്ചിരുന്നില്ല. ഒരു വീട്ടിൽ അടുത്ത മക്കളിലേക്ക് അവ കൈമാറി ഉപയോഗിച്ചു വന്നിരുന്നു.

93 വർഷം മുമ്പ് ആദ്യകുർബാന സ്വീകരിച്ചതിന്റെ സ്മരണിക വാഡോവൈസിലെ അദ്ദേഹത്തിന്റെ കുടുംബവീടിന്റെ മ്യൂസിയത്തിലുണ്ട്. കരോളിന്റെ മാതാപിതാക്കളുടെ കിടപ്പുമുറിയുടെ ചുമരിൽ കട്ടിലിനു മുകളിലാണ് ഈ ചിത്രം തൂക്കിയിട്ടിരുന്നത്. പിന്നീട് പാപ്പാ തന്നെയാണ് ഈ ചിത്രം മ്യൂസിയത്തിനു നൽകിയത്. അത് കൈമാറുന്നതിനു മുമ്പ് പാപ്പാ അതിൽ ചുംബിക്കുകയും അത് കിടന്നിടത്തു തന്നെ തൂക്കിയിടുകയും ചെയ്യണമെന്ന് പറഞ്ഞു.

മറക്കാനാവാത്ത ഒരു കണ്ടുമുട്ടൽ

1929 മെയ് 25-നാണ് ജോൺ പോൾ രണ്ടാമൻ പാപ്പാ ആദ്യകുർബാന സ്വീകരിച്ചത്. 1994-ലെ ക്രിസ്മസിന് കുട്ടികൾക്കുള്ള കത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: “പ്രിയ സുഹൃത്തുക്കളെ, യേശുവുമായുള്ള അവിസ്മരണീയമായ ഒരു കൂടിക്കാഴ്ച ആദ്യ വിശുദ്ധ കുർബാനയാണെന്നതിൽ സംശയമില്ല. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒന്നായി ഓർക്കപ്പെടേണ്ട ഒരു ദിവസം (…).

ജീവിതത്തിലെ സഹനങ്ങളിലൂടെയും വേദനകളിലൂടെയും ദൈവത്തെ സ്നേഹിക്കുകയും ദൈവത്തോട് ചേർന്നുനിന്ന് ജീവിക്കുകയും ചെയ്ത വ്യക്തിയാണ് വി. ജോൺ പോൾ രണ്ടാമൻ പാപ്പാ. ആധുനിക തലമുറയിലെ കുട്ടികൾക്ക് മാതൃകയാണ് അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ ജീവിതം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.