

സോഷ്യൽ മീഡിയയിലെ കാൻസർ മുന്നറിയിപ്പുകൾ കണ്ട് പലരും പേടിച്ച് ജീവൻരക്ഷാ മരുന്നുകൾ നിർത്താറുണ്ട്. എന്നാൽ ഐഎആർസി (IARC) പട്ടികയിൽ ഉൾപ്പെടുത്തിയതുകൊണ്ടു മാത്രം ഒരു മരുന്ന് എല്ലാവർക്കും കാൻസർ ഉണ്ടാക്കുമെന്ന് അർഥമില്ല. മരുന്നുകൾ നൽകുന്ന ഗുണങ്ങളും അവ കഴിക്കാതിരുന്നാലുള്ള ദോഷങ്ങളും തമ്മിൽ താരതമ്യം ചെയ്താണ് ഡോക്ടർമാർ ചികിത്സ തീരുമാനിക്കുന്നത്. അതിനാൽ ഇത്തരം വ്യാജപ്രചാരണങ്ങൾ കണ്ട് പരിഭ്രാന്തരായി സ്വന്തം ഇഷ്ടപ്രകാരം മരുന്നുകൾ നിർത്തരുത്. ഡോ. ജോജോ ജോസഫ് എഴുതുന്നു.
ഒരു ചെറിയ കഥയിൽ തുടങ്ങാം. 60 വയസ്സുള്ള ഒരാൾ. വർഷങ്ങളായി അദ്ദേഹം രക്തസമ്മർദത്തിന് മരുന്ന് കഴിക്കുന്നുണ്ട്. ഒരു ദിവസം വാട്സ്ആപ്പിൽ ഒരു സന്ദേശം വരുന്നു: “നിങ്ങൾ കഴിക്കുന്ന മരുന്ന് കാൻസർ ഉണ്ടാക്കുന്ന ‘ഗ്രൂപ്പ് 1’ (Group 1) പട്ടികയിൽ!”
പേടിച്ച അദ്ദേഹം അന്നുതന്നെ മരുന്ന് നിർത്തുന്നു.
മറ്റൊരാൾ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് വർഷങ്ങളായി ടാക്രൊലിമസ് എന്ന മരുന്ന് കഴിക്കുന്നു. അദ്ദേഹവും ഇതുപോലൊരു വാർത്ത കാണുന്നു.
“കാൻസർ ഉണ്ടാക്കുമെങ്കിൽ ഈ മരുന്ന് എന്തിന് കഴിക്കണം?” അദ്ദേഹവും മരുന്ന് കഴിക്കുന്നത് നിര്‍ത്തുന്നു.
അവര്‍ ചോദിക്കുന്ന ചോദ്യം ന്യായമാണ്. പക്ഷേ, അതിന്റെ ഉത്തരം ഒരു സോഷ്യൽ മീഡിയ തലക്കെട്ടിൽ ഒതുങ്ങുന്നതല്ല. കാരണം ‘ഗ്രൂപ്പ് 1 കാർസിനോജൻ’ (Group 1 Carcinogen) എന്നതിന്റെ അർഥം “ഇത് ഉപയോഗിച്ചാൽ കാൻസർ വരും” എന്നല്ല. അത് മനസ്സിലാക്കണമെങ്കിൽ ആദ്യം ഐഎആര്‍സി (IARC) എന്താണ്, അത് എന്തിനാണ് ഈ പട്ടിക തയ്യാറാക്കുന്നത് എന്ന് അറിയണം.
എന്താണ് ഐഎആര്‍സി (IARC)?
IARC എന്നാല്‍ അന്താരാഷ്ട്ര കാൻസർ ഗവേഷണ ഏജൻസി (International Agency for Research on Cancer) എന്നാണ്. ലോകാരോഗ്യ സംഘടനയുടെ കാൻസർ ഗവേഷണ ഏജൻസിയാണിത്.
കാൻസറിന്റെ കാരണങ്ങൾ കണ്ടെത്തുക, കാൻസർ പ്രതിരോധത്തിനാവശ്യമായ ശാസ്ത്രീയ അറിവ് വികസിപ്പിക്കുക എന്നിവയാണ് IARC യുടെ പ്രധാന ലക്ഷ്യങ്ങൾ. 1971 മുതൽ IARC യുടെ മോണോഗ്രാഫ്‌സ് പ്രോഗ്രാം (Monographs Programme) മനുഷ്യരിൽ കാൻസർ ഉണ്ടാക്കാൻ കഴിവുള്ള വിവിധ ഘടകങ്ങളെ വിലയിരുത്തിവരുന്നു. ഇവിടെ പരിശോധിക്കുന്നത് മരുന്നുകൾ മാത്രമല്ല. രാസവസ്തുക്കൾ, വ്യാവസായിക സമ്പർക്കങ്ങൾ, തൊഴിൽ സാഹചര്യങ്ങൾ, വികിരണങ്ങൾ, വൈറസുകളും മറ്റ് ജൈവഘടകങ്ങളും, ചില ജീവിതശൈലികളും ഭക്ഷണവുമായി ബന്ധപ്പെട്ട ഘടകങ്ങളും ഉൾപ്പെടെ മനുഷ്യൻ സമ്പർക്കത്തിലാകുന്ന പല കാര്യങ്ങളും ഇവിടെ പരിശോധിക്കപ്പെടുന്നു. മനുഷ്യരി
ഇവിടെ ഒരു കാര്യം പ്രത്യേകം ഓർക്കണം. IARC എന്നത് മരുന്ന് നിരോധിക്കുന്ന ഒരു സ്ഥാപനമല്ല, ഒരു മരുന്ന് ഒരു രോഗിക്ക് കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും IARC അല്ല.
IARC പ്രധാനമായും ചോദിക്കുന്നത്: “ഈ ഘടകത്തിന് മനുഷ്യരിൽ കാൻസർ ഉണ്ടാക്കാനുള്ള കഴിവുണ്ടോ, അതിന് ശാസ്ത്രീയതെളിവ് എത്ര ശക്തമാണ്” എന്നതാണ്.
അതുകൊണ്ടു തന്നെ IARC യുടെ തരംതിരിക്കൽ പ്രധാനമായും കാൻസർ അപകടകാരിത തിരിച്ചറിയാനുള്ള സംവിധാനമാണ്; ഒരാളുടെ വ്യക്തിഗത കാൻസർ സാധ്യത കണക്കാക്കുന്ന പട്ടികയല്ല.
IARC ഗ്രൂപ്പുകൾ എന്താണ് പറയുന്നത്?
ഇവിടെയാണ് ഏറ്റവും കൂടുതൽ തെറ്റിധാരണ ഉണ്ടാകുന്നത്. IARC ഗ്രൂപ്പുകൾ “ഏതാണ് ഏറ്റവും അപകടകരം?” എന്ന റാങ്കിങ് അല്ല. അവ പ്രധാനമായും പറയുന്നത്: “ഈ ഘടകത്തിന് കാൻസർ ഉണ്ടാക്കാൻ കഴിയുമെന്നതിന് നിലവിലുള്ള ശാസ്ത്രീയതെളിവ് എത്ര ശക്തമാണ്” എന്നതാണ്.
ഗ്രൂപ്പ് 1 (Group 1): മനുഷ്യരിൽ കാൻസർ ഉണ്ടാക്കുന്നതായി തെളിവുണ്ട്
മനുഷ്യരിൽ കാൻസർ ഉണ്ടാക്കാൻ കഴിയുമെന്നതിന് മതിയായ തെളിവുള്ള ഘടകങ്ങളാണ് സാധാരണയായി ഈ വിഭാഗത്തിൽ വരുന്നത്. ചില സാഹചര്യങ്ങളിൽ മനുഷ്യരിലെ തെളിവുകൾ പൂർണ്ണമല്ലെങ്കിലും ശക്തമായ മറ്റ് ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിലും ഗ്രൂപ്പ് 1 ൽ ഉൾപ്പെടുത്താം. പുകയിലയും അൾട്രാവയലറ്റ് വികിരണവും ഗ്രൂപ്പ് 1 ലാണ്. പക്ഷേ ഗ്രൂപ്പ് 1 എന്നത് “ഇത് ഉപയോഗിച്ചാൽ 100 ശതമാനം കാൻസർ വരും” എന്നല്ല. അതുപോലെ ഗ്രൂപ്പ് 1 ലുള്ള എല്ലാ കാര്യങ്ങളുടെയും അപകടത്തിന്റെ വലുപ്പം ഒരുപോലെയാണെന്നും അർഥമില്ല.
ഗ്രൂപ്പ് 2 എ (Group 2A): മനുഷ്യരിൽ കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ളത്
ഇതിനെ probably carcinogenic to humans എന്നാണ് വിളിക്കുന്നത്. മനുഷ്യരിലെ തെളിവുകൾ പരിമിതമായിരിക്കാം; അതോടൊപ്പം മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളിലോ, കാൻസർ ഉണ്ടാകുന്ന ജൈവപ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലോ ശക്തമായ തെളിവുകൾ ഉണ്ടായിരിക്കാം. വിവിധ തെളിവുകളുടെ സംയോജനത്തെ ആശ്രയിച്ചാണ് ഈ വിഭാഗീകരണം. ചുവന്ന മാംസം പരിചിതമായ ഒരു ഉദാഹരണമാണ്.
ഗ്രൂപ്പ് 2 ബി (Group 2B): മനുഷ്യരിൽ കാൻസർ ഉണ്ടാക്കാൻ സാധ്യതയുണ്ടാകാം
ഇതിനെ possibly carcinogenic to humans എന്നാണ് വിളിക്കുന്നത്. ഇവിടെയുള്ള തെളിവ് ഗ്രൂപ്പ് 2എ-യെക്കാൾ കുറവോ, വ്യത്യസ്തമായ സംയോജനത്തിലോ ആയിരിക്കും. മനുഷ്യരിലെ പഠനങ്ങളിൽ ചില സൂചനകൾ ഉണ്ടായേക്കാം. പക്ഷേ, കാരണബന്ധം ഉറപ്പിക്കാൻ തെളിവ് മതിയായിരിക്കില്ല.
Group 3: നിലവിലുള്ള തെളിവുകൾ കൊണ്ട് തരംതിരിക്കാൻ കഴിയാത്തത്
ഇവിടെ ഒരു പ്രധാന തെറ്റിധാരണ ഒഴിവാക്കണം. ഗ്രൂപ്പ് 3 എന്നത് ‘സുരക്ഷിതമാണ്’ എന്ന സർട്ടിഫിക്കറ്റ് അല്ല. നിലവിലുള്ള തെളിവുകൾ ഉപയോഗിച്ച് മനുഷ്യരിലെ കാൻസർകാരിതയെക്കുറിച്ച് വ്യക്തമായ വിഭാഗീകരണം നടത്താൻ കഴിയുന്നില്ല എന്നാണ് അർഥം. അതുകൊണ്ട് ഗ്രൂപ്പ് 3 കാൻസർ ഉണ്ടാക്കില്ല എന്ന വ്യാഖ്യാനവും തെറ്റാണ്.
അപകടകാരിതയും യഥാർഥ അപകടസാധ്യതയും ഒന്നല്ല
ഇനി ഒരു ലളിതമായ ഉദാഹരണം പറയാം. ഒരു വീട്ടിൽ വളരെ മൂർച്ചയുള്ള കത്തി ഉണ്ട്.
“ഈ കത്തിക്ക് ഒരാളെ മുറിക്കാൻ കഴിയുമോ?”
“കഴിയും.”
അതാണ് അതിന്റെ അപകടകാരിത (Hazard). പക്ഷേ, ആ കത്തി അടുക്കളയിലെ അടച്ച ഡ്രോയറിനുള്ളിൽ സുരക്ഷിതമായി കിടക്കുകയാണ്.
ഇപ്പോൾ ചോദ്യം:
“ഈ സാഹചര്യത്തിൽ ആ കത്തി എന്നെ മുറിക്കാനുള്ള സാധ്യത എത്രയാണ്?”
അതാണ് യഥാർഥ അപകടസാധ്യത ( Risk). ഇവ രണ്ടും ഒന്നല്ല.
IARC പ്രധാനമായും ചോദിക്കുന്നത്: “ഇതിന് കാൻസർ ഉണ്ടാക്കാൻ കഴിയുമോ” എന്ന ചോദ്യമാണ്.
പക്ഷേ ഒരു രോഗിയുടെ മുന്നിലിരിക്കുന്ന ഡോക്ടർ അതിനപ്പുറം ചോദിക്കണം:
“ഈ രോഗിക്ക്, ഈ അളവിൽ, ഈ കാലയളവിൽ, ഈ സാഹചര്യത്തിൽ ഉപയോഗിക്കുമ്പോൾ യഥാർഥ അപകടസാധ്യത എത്രയാണ്?” ഇവിടെയാണ് അളവ്, ഉപയോഗിക്കുന്ന കാലയളവ്, മൊത്തം സമ്പർക്കം, പ്രായം, ജനിതകഘടകങ്ങൾ, ജീവിതശൈലി, മറ്റ് രോഗങ്ങൾ തുടങ്ങിയവ പ്രസക്തമാകുന്നത്.
സൂര്യപ്രകാശവും പുകയിലയും ഗ്രൂപ്പ് 1 ലാണ്. എന്നാല്‍ അപകടം ഒരുപോലെയാണോ?
രാവിലെ ഒരാൾ വീട്ടിൽനിന്ന് പുറത്തിറങ്ങുന്നു.
സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് വികിരണം ഗ്രൂപ്പ് 1 കാൻസർകാരകമാണ്.
“അതുകൊണ്ട് പുറത്തിറങ്ങിയ ഉടനെ അയാൾക്ക് ചർമ്മകാൻസർ വരുമോ?”
“ഇല്ല.”
എത്രത്തോളം വെയിലേൽക്കുന്നു, എത്രകാലം വെയിലേൽക്കുന്നു, ചർമ്മത്തിന്റെ സ്വഭാവം എന്താണ് തുടങ്ങിയ പല കാര്യങ്ങളും യഥാർഥ അപകടസാധ്യതയെ ബാധിക്കുന്നു.
പുകയിലയും ഗ്രൂപ്പ് 1 ആണ്.
എന്നാൽ,
“പുകയിലയും അൾട്രാവയലറ്റ് റേഡിയേഷനും ഗ്രൂപ്പ് 1 ആണ്; അതുകൊണ്ട് രണ്ടിന്റെയും കാൻസർ അപകടം ഒരുപോലെയാണ്” എന്നുപറഞ്ഞാൽ അത് തെറ്റാണ്.
കാരണം, ഗ്രൂപ്പ് 1 എന്നത് അപകടത്തിന്റെ വലുപ്പം പറയുന്ന ഗ്രൂപ്പല്ല. കാൻസർ ഉണ്ടാക്കാൻ കഴിയുമെന്ന നിഗമനത്തെ പിന്തുണയ്ക്കുന്ന തെളിവിന്റെ ശക്തിയാണ് ഇതില്‍ പ്രധാനമായും സൂചിപ്പിക്കുന്നത്.
ഇനി ചില മരുന്നുകളിലേക്കു വരാം.
1. ഹൈഡ്രോക്ലോറോത്തിയസൈഡ്
60 വയസ്സുള്ള ഒരാൾ വർഷങ്ങളായി രക്തസമ്മർദത്തിന് ഹൈഡ്രോക്ലോറോത്തിയസൈഡ് കഴിക്കുന്നുവെന്ന് കരുതുക. ഒരു ദിവസം അദ്ദേഹം വായിക്കുന്നു:
“ഈ മരുന്നിനും കാൻസറുമായി ബന്ധമുണ്ട്!”
പേടിച്ച് മരുന്ന് നിർത്താൻ തീരുമാനിക്കുന്നു. പക്ഷേ, അതിനു മുമ്പ് ചോദിക്കേണ്ട മറ്റൊരു ചോദ്യമുണ്ട്:
“മരുന്ന് നിർത്തി രക്തസമ്മർദം നിയന്ത്രണം വിട്ടാൽ എന്ത് സംഭവിക്കും?”
ഹൈഡ്രോക്ലോറോത്തിയസൈഡ് ഒരു മൂത്രവർധക മരുന്നാണ്. ഉയർന്ന രക്തസമ്മർദം കുറയ്ക്കാനും ചില സാഹചര്യങ്ങളിൽ ശരീരത്തിൽ അധികമായി കെട്ടിക്കിടക്കുന്ന വെള്ളവും ഉപ്പും പുറത്താക്കാനും ഇത് ഉപയോഗിക്കുന്നു.
ഈ മരുന്ന് ചർമ്മത്തിന് സൂര്യപ്രകാശത്തോടുള്ള സംവേദനക്ഷമത വർധിപ്പിക്കാം. ദീർഘകാലവും കൂടുതലായ മൊത്തം ഉപയോഗവും ഉള്ളവരിൽ, പ്രത്യേകിച്ച് കൂടുതൽ സൂര്യപ്രകാശ സമ്പർക്കമുള്ള സാഹചര്യങ്ങളിൽ, ചില ചർമ്മ കാൻസറുകളുടെ സാധ്യത വർധിക്കുന്നതായി പഠനങ്ങൾ കാണിച്ചിട്ടുണ്ട്.
“അതുകൊണ്ട് ഈ മരുന്ന് കഴിക്കുന്ന എല്ലാവരും നിർത്തണോ?”
“വേണ്ട.”
നിയന്ത്രിക്കാത്ത ഉയർന്ന രക്തസമ്മർദം, പക്ഷാഘാതം, ഹൃദയാഘാതം, ഹൃദയ-വൃക്ക സംബന്ധമായ സങ്കീർണ്ണതകൾ എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നു. അതിനാൽ കൂടുതൽ വെയിലേൽക്കുന്നവർ ചർമ്മസംരക്ഷണം ശ്രദ്ധിക്കണം. വ്യക്തിയുടെ മറ്റ് അപകടഘടകങ്ങൾ കൂടി കണക്കിലെടുത്ത് ആവശ്യമെങ്കിൽ മറ്റൊരു രക്തസമ്മർദ മരുന്നിലേക്ക് മാറണോ എന്ന് ഡോക്ടർ തീരുമാനിക്കാം.
ചോദ്യം ‘മരുന്നിന് അപകടമുണ്ടോ’ എന്നതിൽ അവസാനിക്കുന്നില്ല.
‘മരുന്ന് തുടരുന്നതിന്റെ അപകടവും നിർത്തുന്നതിന്റെ അപകടവും തമ്മിൽ ഏതാണ് വലുത്’ എന്നതാണ് ചികിത്സയിൽ പ്രധാനം.
2. വോറികൊണാസോൾ
ഇനി അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ഒരു രോഗിക്ക് ഗുരുതരമായ ഫംഗസ് അണുബാധ ഉണ്ടായെന്ന് കരുതുക. ഡോക്ടർ വോറികൊണാസോൾ നിർദേശിക്കുന്നു. അപ്പോൾ ബന്ധു ഇന്റർനെറ്റിൽ വായിക്കുന്നു:
“ഈ മരുന്നിനും കാൻസർ സാധ്യതയുണ്ടത്രെ. കൊടുക്കരുത്!”
പക്ഷേ, ഇവിടെ മറന്നുപോകുന്ന കാര്യം മറ്റൊന്നാണ്:
ആ ഗുരുതരമായ ഫംഗസ് അണുബാധ തന്നെ രോഗിയുടെ ജീവന് ഭീഷണിയായിരിക്കാം.
വോറികൊണാസോൾ സാധാരണ ജലദോഷത്തിനോ, ചെറിയ അണുബാധയ്ക്കോ നൽകുന്ന മരുന്നല്ല. ആസ്പർജില്ലസ് (Aspergillus) പോലുള്ള ഫംഗസുകൾ മൂലമുണ്ടാകുന്ന ഗുരുതരവും ചിലപ്പോൾ ജീവന് ഭീഷണിയാകാവുന്നതുമായ അണുബാധകൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഫംഗസ് വിരുദ്ധ മരുന്നാണ്. പ്രത്യേകിച്ച് രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ ഇത് ജീവൻ രക്ഷിക്കുന്ന ചികിത്സയായേക്കാം.
വോറികൊണാസോൾ സൂര്യപ്രകാശത്തോടുള്ള ചർമ്മത്തിന്റെ സംവേദനക്ഷമത വർധിപ്പിക്കാം. ദീർഘകാല ഉപയോഗത്തിൽ, പ്രത്യേകിച്ച് അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരെപ്പോലുള്ള ഉയർന്ന അപകടസാധ്യതയുള്ളവരിൽ, ചില ചർമ്മ കാൻസറുകളുടെ സാധ്യത വർധിക്കാം.
അതുകൊണ്ട് സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണവും ആവശ്യമായ ചർമ്മപരിശോധനയും പ്രധാനമാണ്. പക്ഷേ, ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒരു അപകടസാധ്യതയെ മാത്രം പേടിച്ച് ഇപ്പോൾ ജീവന് ഭീഷണിയായ അണുബാധയെ ചികിത്സിക്കാതിരിക്കുന്നത് ശരിയായ വൈദ്യശാസ്ത്രമല്ല.
3. ടാക്രൊലിമസ്
വൃക്ക മാറ്റിവച്ച ഒരു രോഗിയുടെ കാര്യമെടുക്കാം. വർഷങ്ങളായി അദ്ദേഹം ടാക്രൊലിമസ് കഴിക്കുന്നു. ഒരു ദിവസം ആരോ പറയുന്നു:
“ഈ മരുന്ന് കാൻസറുമായി ബന്ധപ്പെട്ടതാണ്. ഉടനെ നിർത്തണം.”
അദ്ദേഹം സ്വന്തം തീരുമാനപ്രകാരം മരുന്ന് നിർത്തിയാൽ എന്ത് സംഭവിക്കാം?
ശരീരത്തിന്റെ പ്രതിരോധ സംവിധാനം, മാറ്റിവച്ച വൃക്കയെ വിദേശവസ്തുവായി തിരിച്ചറിഞ്ഞ് ആക്രമിച്ചേക്കാം; വൃക്ക തള്ളിക്കളയപ്പെടാം. വൃക്ക, കരൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾ മാറ്റിവച്ചവരിൽ മാറ്റിവച്ച അവയവത്തെ ശരീരം തള്ളിക്കളയാതിരിക്കാൻ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മരുന്നാണ് ടാക്രൊലിമസ്.
ദീർഘകാലം രോഗപ്രതിരോധ സംവിധാനം അടിച്ചമർത്തുന്നത് ചില അർബുദങ്ങളുടെ, പ്രത്യേകിച്ച് ചില ചർമ്മ കാൻസറുകളുടെയും ലിംഫോമകളുടെയും സാധ്യത വർധിപ്പിക്കാം. അതുകൊണ്ട് ടാക്രൊലിമസ് സ്വന്തം തീരുമാനപ്രകാരം നിർത്തുന്നത് അതീവ അപകടകരമാണ്.
ഇവിടെയും നേരത്തെ ചോദിച്ച ചോദ്യം ഉയരുന്നുണ്ട്:
“അപകടസാധ്യതയുണ്ടോ?”
“ഉണ്ട്.”
“അതുകൊണ്ട് എല്ലാവരും മരുന്ന് നിർത്തണോ?”
“വേണ്ട.”
മരുന്നിന്റെ അളവ്, ഉപയോഗിക്കുന്ന കാലയളവ്, രോഗിയുടെ മറ്റ് അപകടഘടകങ്ങൾ, കാൻസർ നിരീക്ഷണം, മരുന്ന് കൊണ്ടുള്ള ഗുണം, മരുന്നില്ലാതെ സംഭവിക്കാവുന്ന ദോഷം തുടങ്ങിയവയെല്ലാം ഒരുമിച്ചാണ് വിലയിരുത്തേണ്ടത്.
അപ്പോൾ “കാൻസർ ഉണ്ടാക്കുന്ന മരുന്ന്” എന്ന് പറയുന്നത് തന്നെ തെറ്റാണോ? അങ്ങനെയും പറയാൻ കഴിയില്ല. ചില മരുന്നുകളുമായി ചില കാൻസറുകൾക്ക് കാരണബന്ധമുണ്ടെന്ന് നല്ല ശാസ്ത്രീയതെളിവുകൾ ഉണ്ടാകാം. അത് മറച്ചുവയ്ക്കേണ്ടതുമില്ല.
പക്ഷേ അവിടെ നിന്ന് നേരെ, ‘ഈ മരുന്ന് കഴിക്കുന്നവർക്ക് കാൻസർ വരും; അതുകൊണ്ട് മരുന്ന് വേണ്ട’ എന്ന നിഗമനത്തിലേക്ക് എത്തുന്നതാണ് തെറ്റ്.
മരുന്നിന്റെ കാൻസർകാരിത, അത് കഴിക്കുന്ന വ്യക്തിയുടെ യഥാർഥ കാൻസർ സാധ്യത, ആ മരുന്ന് നൽകുന്ന ചികിത്സാഗുണം – ഇവ മൂന്നും വ്യത്യസ്ത കാര്യങ്ങളാണ്.
ഒടുവിൽ ഓർക്കേണ്ടത്
IARC പട്ടിക ഒരു ‘ഇവയെല്ലാം ഉപയോഗിക്കരുത്’ എന്ന നിരോധനപ്പട്ടികയല്ല. ഗ്രൂപ്പ് 1 എന്നത് ‘ഇത് ഉപയോഗിക്കുന്ന എല്ലാവർക്കും കാൻസർ വരും’ എന്ന മുന്നറിയിപ്പുമല്ല.
അതുപോലെ ഗ്രൂപ്പ് 3 എന്നത് ‘ഇത് പൂർണ്ണമായും സുരക്ഷിതമാണ്’ എന്ന സർട്ടിഫിക്കറ്റുമല്ല.
IARC പ്രധാനമായും ചോദിക്കുന്നത്: “ഈ ഘടകത്തിന് മനുഷ്യരിൽ കാൻസർ ഉണ്ടാക്കാനുള്ള കഴിവുണ്ടോ, അതിനെ പിന്തുണയ്ക്കുന്ന തെളിവ് എത്ര ശക്തമാണ്” എന്നതാണ്.
പക്ഷേ ഒരു രോഗിയുടെ ചികിത്സ തീരുമാനിക്കുമ്പോൾ ഡോക്ടർ ചോദിക്കേണ്ടത് താഴെ പറയുന്ന ചോദ്യങ്ങളാണ്:
ഈ മരുന്ന് എന്തിനാണ് കൊടുക്കുന്നത്?
ഈ രോഗിക്ക് അതിന്റെ യഥാർഥ അപകടസാധ്യത എത്രയാണ്?
എത്ര അളവിലും എത്ര കാലവുമാണ് ഉപയോഗിക്കുന്നത്?
അപകടസാധ്യത കുറയ്ക്കാൻ എന്തുചെയ്യാം?
മരുന്ന് മാറ്റാൻ നല്ലൊരു ബദൽ ഉണ്ടോ?
മരുന്ന് കൊടുക്കാതിരുന്നാൽ എന്ത് സംഭവിക്കും?
അവസാനം, ഗുണവും ദോഷവും താരതമ്യം ചെയ്താൽ ഏതാണ് വലുത്?
അതാണ് ചികിത്സാ തീരുമാനം.
അതുകൊണ്ട് സമൂഹമാധ്യമത്തിൽ നിങ്ങൾ കഴിക്കുന്ന മരുന്ന് ‘ഗ്രൂപ്പ് 1 കാർസിനോജൻ’ (Group 1 Carcinogen) എന്നൊരു തലക്കെട്ട് കണ്ടാൽ പേടിച്ച് മരുന്ന് നിർത്തരുത്.
അപകടകാരിത മാത്രം അറിഞ്ഞാൽ പോരാ; യഥാർഥ അപകടസാധ്യത അറിയണം. അപകടസാധ്യത മാത്രം അറിഞ്ഞാലും പോരാ; ചികിത്സയുടെ ഗുണവും അറിയണം. കാരണം, തെളിവുകളെ അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്രം എന്നത് പൂജ്യം അപകടമുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമമല്ല. രോഗിക്ക് ലഭിക്കുന്ന ഗുണം പരമാവധി ആക്കുകയും, മൊത്തത്തിലുള്ള ദോഷം പരമാവധി കുറയ്ക്കുകയും ചെയ്യുന്ന ചികിത്സ തിരഞ്ഞെടുക്കുന്നതാണ്.
അതിനാൽ മരുന്നിന്റെ പേരിനൊപ്പം ‘കാൻസർകാരകം’ എന്ന വാക്ക് കണ്ടാൽ ആദ്യം പേടിക്കുകയല്ല വേണ്ടത്. ആദ്യം ചോദിക്കുക:
“എത്ര അപകടം? ഏത് സാഹചര്യത്തിൽ? എത്രകാലത്തെ ഉപയോഗത്തിൽ? അതേസമയം ഈ മരുന്ന് എനിക്ക് നൽകുന്ന ഗുണം എന്താണ്?”
ഒരു പട്ടികയിലെ ഗ്രൂപ്പ് നമ്പറല്ല ചികിത്സ തീരുമാനിക്കുന്നത്. രോഗിയുടെ യഥാർഥ ഗുണവും അപകടസാധ്യതയും തമ്മിലുള്ള തുലനമാണ്.




