ദീനസേവന സഭയുടെ സ്ഥാപക ദൈവദാസി മദർ പേത്ര: ജന്മശതാബ്ദി ആഘോഷനിറവിൽ

ദീനസേവന സഭയുടെ സ്ഥാപകയും പ്രഥമ മദർ ജനറലുമായ ദൈവദാസി മദർ പേത്ര ദീനദാസിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് പട്ടുവത്തെ ആശ്രമ ചാപ്പലിൽ ഇന്ന് തുടക്കം കുറിക്കുന്നു. പട്ടുവം സഭാ ആസ്ഥാനത്തു നടക്കുന്ന ചടങ്ങുകൾക്ക് ഗോവ – ഡാമൻ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഫിലിപ്പ് നേരി ഫറാവോ, കണ്ണൂർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ അലക്സ് വടക്കുംതല എന്നിവർ നേതൃത്വം നൽകും. പാവപ്പെട്ടവർക്കു വേണ്ടി ജീവിച്ച മിഷനറി ശ്രേഷ്ഠ മദര്‍ പേത്രയുടെ ജീവിതത്തിലൂടെ…

മദര്‍ പേത്രയുടെ ജനനനും ബാല്യവും

1924 ജൂൺ പതിനാലാം തീയതി ബെർണാഡ് മോണിംഗ്മാൻ – പൗള റോസ് ദമ്പതികളുടെ ആറു മക്കളിൽ മൂന്നാമത്തെ മകളായി പൗള കാതറിൻ (മദര്‍ പേത്ര) ജനിച്ചു. ജീവശാസ്ത്രം, രസതന്ത്രം, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളിൽ ഉപരിപഠനം പൂർത്തിയാക്കി. 1946 ഒക്ടോബർ 15-ന് ജർമ്മനിയിലെ ഉർസുലൈൻ സഭയിൽ അർത്ഥിനിയാവുകയും 1954 ആഗസ്റ്റ് 24-ന് പ്രഥമ വ്രതവാഗ്ദാനവും 1957-ൽ നിത്യവ്രതവും ചെയ്ത് വിശുദ്ധ കുരിശിന്റെ സി. മരിയ പേത്ര എന്ന പേര് സ്വീകരിച്ചു.

മദര്‍ പേത്രയിലൂടെ തുടക്കം കുറിച്ച സമൂഹം

ജർമ്മനിയിൽ ഉർസുലൈൻ സന്യാസിനീ സഭയിലെ ഒരംഗമായിരുന്ന സി. മരിയ പേത്ര, അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരുന്ന കാലഘട്ടം. 1965-ലെ ഒരു അവധിക്കാലത്ത് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. റോഡേയുമായുള്ള കൂടിക്കാഴ്ച, ഒരു മിഷനറിയാകാൻ ആഗ്രഹിച്ചു കാത്തിരുന്ന സി. പേത്രയുടെ ജീവിതത്തിൽ നിർണ്ണായക വഴിത്തിരിവായി. അങ്ങനെ കോട്ടയം കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിലെ അർത്ഥിനികൾക്ക് പരിശീലനം നൽകാൻ 1966 ജൂൺ 27-ന് സി. പേത്ര കേരളത്തിന്റെ മണ്ണിലെത്തി. മൂന്നു വർഷത്തേക്കായിരുന്നു ഇവർ എത്തിയത്.

ദരിദ്രര്‍ക്ക് തുണയേകാന്‍ സന്നദ്ധരായി   

ഈ കാലയളവിൽ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ ദൈന്യതയും പട്ടിണിപ്പാവങ്ങളുടെ കഷ്ടതകളും നേരിട്ട് കണ്ടുമനസിലാക്കുന്നതിന് നിരവധി അവസരങ്ങൾ സിസ്റ്ററിനുണ്ടായി. തന്റെ ചുറ്റുമുള്ള ദരിദ്രരിൽ ഒരാളായി ജീവിക്കാൻ സി. പേത്ര ആഗ്രഹിച്ചു. അവർക്ക് സാന്ത്വനവും ആശ്വാസവും പകരുകയാണ് തന്റെ വിളിയെന്ന് താമസിയാതെ ഈ സമർപ്പിതക്ക് മനസിലായി. അങ്ങനെ ദരിദ്രസേവനം മുഖമുദ്രയാക്കിയും ലാളിത്യവും കഠിനാദ്ധ്വാനവും ജീവിതശൈലിയുമാക്കിയുമുള്ള ഒരു സന്യാസിനീ സഭയ്ക്ക് രൂപം കൊടുക്കുകയെന്ന തന്റെ സന്യാസദർശനത്തിന്, അന്നത്തെ കോഴിക്കോട് രൂപതാദ്ധ്യക്ഷൻ ആൽദോ മരിയ പത്രോണി പിതാവിന്റെയും പട്ടുവം ഇടവക വികാരിയായിരുന്ന ബഹുമാനപ്പെട്ട ലീനസ് സുക്കോളച്ചന്റെയും സാന്നിധ്യത്തിൽ 1969 ജൂൺ ഒന്നാം തീയതി ദീനസേവന സഭ എന്ന സംരംഭത്തിലൂടെ തുടക്കം കുറിച്ചു. കണ്ണൂര്‍ തളിപ്പറമ്പിനടുത്തുള്ള പട്ടുവത്താണ് ഈ കോണ്‍ഗ്രിഗേഷന്റെ തുടക്കം. ആദ്യം എട്ട് പെണ്‍കുട്ടികളാണ് സഭയില്‍ അര്‍ത്ഥിനികളായി ചേര്‍ന്നത്.

പെട്ടെന്ന് വളര്‍ന്നുപന്തലിച്ച ഒരു സമര്‍പ്പിത സമൂഹം

വളരെ പെട്ടെന്നായിരുന്നു ഈ സന്യാസിനീ സമൂഹത്തിന്റെ വളര്‍ച്ച. ഏഴു വര്‍ഷം കൊണ്ട് ആരും എത്തിപ്പെടാത്ത ഗ്രാമപ്രദേശങ്ങളില്‍ ഇരുപതോളം സന്യാസഭവനങ്ങള്‍ ആരംഭിച്ചു. സന്യാസിനിമാരുടെ എണ്ണം 346 ആയി. പുറംലോകം അവജ്ഞയോടെ കാണുന്ന കുഷ്ഠരോഗികളെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും ഇവർ കാരുണ്യത്തോടെ ശുശ്രൂഷിച്ചു. ‘അവരിൽ യേശുവിന്റെ മുഖം ദർശിച്ചുവേണം ശുശ്രൂഷിക്കാൻ’ എന്നായിരുന്നു മദർ പേത്ര പറഞ്ഞിരുന്നത്. ദൈവദാസി മദർ പേത്രയുടെ പാത പിന്തുടർന്നുകൊണ്ട് കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും അമേരിക്ക, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളിലും ദീനദാസികൾ എന്നറിയപ്പെടുന്ന ഈ സന്യാസിനിമാർ തങ്ങളുടെ ശുശ്രൂഷകൾ നിറവേറ്റുന്നു.

ശുശ്രൂഷാമേഖലകൾ

പാവപ്പെട്ട സ്ത്രീകൾക്ക് ജോലിക്കു പോകാനായി അവരുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കിന്റർ ഗാർഡൻ, വർക്ക് ഷോപ്പ്, കാർപെന്ററി, തയ്യൽ പരിശീലനകേന്ദ്രങ്ങൾ, മാതൃ-ശിശു സംരക്ഷണപദ്ധതികൾ, സ്വയംതൊഴിൽ പദ്ധതികൾ, ഡയറി, പോൾട്ടറി ഫാമുകൾ, അനാഥർ, പ്രായമായവർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, അവിഹിത മാതാക്കൾ, നവജാത ശിശുക്കൾ തുടങ്ങിയവർക്കുള്ള സംരക്ഷണകേന്ദ്രങ്ങളും കുഷ്ഠരോഗികൾക്കും ആസ്ത്‌മ, കാൻസർ, ക്ഷയം തുടങ്ങിയ രോഗങ്ങളാൽ വലയുന്നവർക്കും വേണ്ടിയുള്ള ശുശ്രൂഷകളുമെല്ലാം മദർ പേത്രയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചകളാണ്.

ഇന്ന് ദീനദാസി സന്യാസിനികളുടെ സേവനമണ്ഡലം

ഇന്ന് ഈ കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചിട്ട് 51 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മൂന്ന് പ്രൊവിൻസുകളായും ഒരു വൈസ് പ്രൊവിൻസായും ഈ സന്യാസിനീ സമൂഹം വളര്‍ന്നിരിക്കുന്നു. നൂറോളം സന്യാസ സമൂഹങ്ങളിലായി 615-ഓളം സമർപ്പിതരുണ്ട്. ഇന്ത്യയിൽ മാത്രം പതിനഞ്ചോളം സംസ്ഥാനങ്ങളിലായി അൻപത് മഠങ്ങൾ. വിദ്യാഭ്യാസം തീരെയില്ലാത്ത സ്ഥലങ്ങളില്‍ മാത്രമേ ഇവര്‍ക്ക് സ്കൂളുകളുള്ളൂ. ബാക്കിയുള്ളവയൊക്കെ സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ടവരെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും വൈകല്യങ്ങൾ ഉള്ളവരെയും സഹായിക്കുന്ന ഹോമുകളാണ്.

കേരളത്തിലെ പട്ടുവത്ത്, വിവാഹം കഴിക്കാതെ ഗർഭിണികളാകുന്നവരെ സംരക്ഷിക്കുന്ന ഒരു സ്ഥാപനവും ഇവർക്കുണ്ട്. പ്രസവത്തിനു ശേഷം കുട്ടികളെ മിക്കവരും ഈ സെന്ററിൽ നൽകിയിട്ടു പോകും. അതോടൊപ്പം തിരുവനന്തപുരത്ത് ജയിലിൽ നിന്നും മോചിതരാകുന്ന ആരുമില്ലാത്ത സ്ത്രീകളെ സംരക്ഷിക്കാനും ജോലിക്കായി അവരെ പരിശീലിപ്പിക്കാനും സഹായിക്കുന്ന ഒരു സെന്ററും ഇവർ നടത്തുന്നുണ്ട്. അങ്ങനെ കാലഘട്ടത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് പാവപ്പെട്ടവരുടെ ഇടയിലേക്കും അവഗണിക്കപ്പെട്ടവരിലേക്കും ഈ സന്യാസിനിമാര്‍ ഇറങ്ങിച്ചെല്ലുന്നു. അനേകര്‍ക്ക് പ്രതീക്ഷ പകരാന്‍, ജീവിക്കാനുള്ള പ്രേരണ നല്‍കാന്‍, തനിച്ചല്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ നല്‍കാന്‍… ഇവര്‍ ലോകത്തിലെ കെടാത്ത വഴിവിളക്കുകള്‍ തന്നെയാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.