
നാം വിശുദ്ധ ഇഗ്നേഷ്യസ് എന്ന് വിളിക്കുന്ന ഇന്നിഗോ ലോപ്പസ് ഡി ഓണാസ് വൈ ലെയോള (Iñigo Lopez de Oñaz y Loyola), ഫെർഡിനാന്റ് രാജാവിന്റെയും ഇസബെല്ല രാജ്ഞിയുടെയും ഭരണകാലത്ത് 1491-ൽ വടക്കുകിഴക്കൻ സ്പെയിനിലെ ബാസ്ക് (Basque) പ്രദേശത്തുള്ള ലെയോള കൊട്ടാരത്തിലാണ് ജനിച്ചത്. ജെസ്യൂട്ട് സഭയുടെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ വായിച്ചറിയാം.
13 മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ഇന്നിഗോ. കത്തോലിക്കാ ഭക്തിയും എന്നാൽ ധാർമ്മികമായി വളർച്ച പ്രാപിക്കാത്ത ഒരു കുടുംബാന്തരീക്ഷത്തിലാണ് അദ്ദേഹം വളർന്നത്. സഭയുടെയും രാജഭരണത്തിന്റെയും ആശയങ്ങളും സ്വന്തം കുടുംബത്തിലെ യാഥാർഥ്യങ്ങളും തമ്മിലുള്ള വൈരുധ്യങ്ങൾ അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ പിതാവിന് മറ്റൊരു സ്ത്രീയിൽ കുഞ്ഞുങ്ങളുണ്ടായിരുന്നു. കൂടാതെ, പിതാമഹന്റെ നിയമവിരുധമായ പെരുമാറ്റം മൂലം രാജാവിന്റെ ഉത്തരവുപ്രകാരം ലെയോള കൊട്ടാരത്തിന്റെ മുകളിലത്തെ രണ്ട് നിലകൾ പൊളിച്ചുമാറ്റുകവരെയുണ്ടായി.
കുട്ടിക്കാലത്ത് തന്നെ അമ്മ മരിച്ചതിനാൽ ഇന്നിഗോയ്ക്ക് അമ്മയുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് 16 വയസ്സുള്ളപ്പോൾ പിതാവും മരണപ്പെട്ടു. അദ്ദേഹത്തിന്റെ സഹോദരന്മാരിൽ ഒരാൾ കൊളംബസിന്റെ രണ്ടാമത്തെ സമുദ്രയാത്രയിൽ പങ്കാളിയായപ്പോൾ, മറ്റൊരു സഹോദരൻ വിദൂരദേശത്ത് വച്ച് യുധത്തിൽ കൊല്ലപ്പെട്ടു.
രാജകൊട്ടാരത്തിൽ സേവനം അനുഷ്ഠിക്കുന്ന ഒരു ഉദ്യോഗസ്ഥനായും നയതന്ത്രജ്ഞനായും ജീവിക്കാനാണ് ഇന്നിഗോ ആഗ്രഹിച്ചത്. വ്യക്തിപരമായ പ്രശസ്തി നേടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. ആഡംബര വസ്ത്രങ്ങൾ ധരിക്കുന്ന, നൃത്തത്തിൽ വിദഗ്ധനായ, സ്ത്രീലോലുപനായ, നിസ്സാര കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടുന്ന ഒരു വ്യക്തിയായിരുന്നു ഇന്നിഗോ.
സൈനിക ജീവിതം
1521-ന്റെ വസന്തകാലത്ത്, വലിയൊരു ഫ്രഞ്ച് സൈന്യം പാംപ്ലോണ (Pamplona) എന്ന കോട്ടനഗരം ആക്രമിച്ചു. നഗരം സംരക്ഷിക്കാൻ ശ്രമിച്ച സ്പാനിഷ് സൈനികർ കീഴടങ്ങാൻ തയ്യാറായെങ്കിലും ഇന്നിഗോ മാത്രം അതിന് കൂട്ടാക്കിയില്ല. ഒറ്റയ്ക്ക് ഫ്രഞ്ച് പടയെ ചെറുത്തുതോൽപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ ഒരു ഫ്രഞ്ച് പീരങ്കിയുണ്ട അദ്ദേഹത്തിന്റെ കാലുകൾ തകർത്തുകളഞ്ഞു. അദ്ദേഹത്തിന്റെ ധൈര്യത്തെ ഫ്രഞ്ചുകാർ പ്രശംസിക്കുകയും അദ്ദേഹത്തെ ഒരു മഞ്ചലിൽ കയറ്റി ലെയോളയിലെ കൊട്ടാരത്തിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു.
ആ യുദ്ധത്തിൽ തകർന്നത് അദ്ദേഹത്തിന്റെ കാൽ മാത്രമായിരുന്നില്ല അതിനേക്കാളേറെ അദ്ദേഹത്തിന്റെ സൗന്ദര്യവും ആഗ്രഹങ്ങളും ആയിരുന്നു. യുദ്ധത്തിൽ തകർന്ന കാൽ ചികിത്സയിലൂടെ ശരിയാക്കാൻ ശ്രമിച്ചെങ്കിലും അത് ആദ്യം നേരെ ആയിരുന്നില്ല. തന്റെ വസ്ത്രത്തിനു മുകളിലേക്ക് ആ എല്ല് തള്ളിനിൽക്കുന്നത് അദ്ദേഹത്തിന്റെ സൗന്ദര്യബോധത്തെ വല്ലാതെ വലച്ചു. അത് തികച്ചും വിരൂപമായി തോന്നിപ്പിച്ചതിനാൽ, അനസ്തെഷ്യ പോലുമില്ലാതെ കാൽ വീണ്ടും ശരിയായി വച്ചുപിടിപ്പിക്കാൻ ഇന്നിഗോ നിർബന്ധം പിടിച്ചു. ആ നിർബന്ധങ്ങളുടേയും ചികിത്സയുടേയും അനന്തരഫലമെന്നോണം ഒരു കാലിന് മറ്റേ കാലിനേക്കാൾ നീളം കുറവായിത്തീർന്നു. പിന്നീട് ജീവിതകാലം മുഴുവൻ അദ്ദേഹത്തിന് മുടന്തി നടക്കേണ്ടി വന്നു.
സുഖം പ്രാപിക്കുന്നതുവരെ സമയം തള്ളി നീക്കാൻ താൻ വായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന വീരസാഹസിക പ്രണയകഥകൾ അടങ്ങിയ പുസ്തകങ്ങൾ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ആ വീട്ടിൽ ഒരു ബൈബിളും ‘വിശുദ്ധരുടെ ജീവചരിത്രം’ പോലെയുള്ള പുസ്തകങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രണയ സാഹസിക സ്വപ്നങ്ങളും അസീസിയിലെ വിശുദ്ധ ഫ്രാൻസിസിനെയും വിശുദ്ധ ഡൊമിനിക്കിനെയും അനുകരിച്ച് ദൈവത്തെ സേവിക്കുന്നതിനെക്കുറിച്ചും ഒക്കെയുള്ള വ്യത്യസ്തങ്ങളായ സ്വപ്നങ്ങൾ അദ്ദേഹം കാണാൻ തുടങ്ങി. ക്രമേണ, അദ്ദേഹം ഈ അനുഭവങ്ങളെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. രണ്ട് തരത്തിലുള്ള സ്വപ്നങ്ങളും അദ്ദേഹത്തെ പൂർണ്ണമായി ആകർഷിച്ചിരുന്നെങ്കിലും, പ്രണയ-സാഹസിക സ്വപ്നങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ശൂന്യതയും അതൃപ്തിയും അനുഭവപ്പെട്ടു. എന്നാൽ ആത്മീയ സ്വപ്നങ്ങൾ അവസാനിച്ചതിനുശേഷം ആഴത്തിലുള്ള സമാധാനവും ശാന്തമായ സന്തോഷവും അദ്ദേഹം അനുഭവിച്ചു. ഒരു ദിവസം മനസ്സിൽ പ്രകാശം പരക്കുന്നത് വരെ അദ്ദേഹം ഈ വ്യത്യാസത്തെക്കുറിച്ച് ആലോചിച്ചു. ചില ചിന്തകൾ തന്നെ സങ്കടപ്പെടുത്തുമ്പോൾ മറ്റു ചിലത് സന്തോഷിപ്പിക്കുന്നുവെന്ന് അനുഭവത്തിലൂടെ അദ്ദേഹം മനസ്സിലാക്കി.
തന്റെ തീരുമാനങ്ങൾ തിരിച്ചറിയാനുള്ള അദ്ദേഹത്തിന്റെ കഴിവിന്റെ തുടക്കമായിരുന്നു അത്. ദൈവം തന്നെ നയിക്കുകയാണെന്നും തികച്ചും പുതിയൊരു ജീവിതരീതിയിലേക്ക് തന്നെ ആകർഷിക്കുകയാണെന്നും വൈകാതെ അദ്ദേഹം തിരിച്ചറിഞ്ഞു.
തീർഥാടകൻ
നടക്കാൻ തക്കവണ്ണം സുഖം പ്രാപിച്ചയുടൻ, ക്രിസ്തു നടന്ന മണ്ണിൽ ചുംബിക്കാനായി ഇന്നിഗോ ജെറുസലേമിലേക്ക് യാത്ര ആരംഭിച്ചു. അദ്ദേഹം സ്പെയിനിലെ മോണ്ട്സെറാറ്റ് (Montserrat) എന്ന പട്ടണത്തിലൂടെ സഞ്ചരിക്കുകയും അവിടെവച്ച് തന്റെ വിലകൂടിയ വസ്ത്രങ്ങൾ ഒരു പാവപ്പെട്ടയാൾക്ക് നൽകുകയും ചെയ്തു. തുടർന്ന് അവിടത്തെ ബനഡിക്റ്റൈൻ ആബിയിലെ കറുത്ത മാതാവിന്റെ (Black Madonna) രൂപത്തിന് മുന്നിൽ രാത്രി മുഴുവൻ പ്രാർഥനയിലായിരുന്ന്, തന്റെ വാളും കത്തിയും അവിടെ സമർപ്പിച്ചു. അതോടെ അദ്ദേഹത്തിന്റെ പഴയ ജീവിതം അവസാനിക്കുകയും പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തു.
റോമിലേക്കും തുടർന്ന് വിശുദ്ധ നാട്ടിലേക്കും പോകാനുള്ള കപ്പലുകൾ കയറുന്ന തുറമുഖമായിരുന്നു ബാഴ്സലോണ. തന്റെ പുതിയ മൂല്യങ്ങൾക്ക് തടസ്സമായേക്കാവുന്ന പഴയ സുഹൃത്തുക്കളെ കാണാൻ ആഗ്രഹിക്കാത്തതിനാൽ അദ്ദേഹം മൻറെസ (Manresa) എന്ന സമീപനഗരത്തിലേക്ക് പോയി. ഏതാനും ദിവസങ്ങൾ മാത്രം തങ്ങാൻ ഉദ്ദേശിച്ചാണ് പോയതെങ്കിലും പത്ത് മാസത്തോളം അദ്ദേഹം അവിടെ കഴിച്ചുകൂട്ടി.
തന്റെ ആത്മകഥയിൽ സ്വയം, ‘തീർഥാടകൻ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, നഗരമതിലുകൾക്ക് പുറത്തുള്ള പാവപ്പെട്ടവരുടെ ഒരു ആശുപത്രിയിൽ താമസസൗകര്യം ചോദിച്ചു. താമസത്തിന് പകരമായി അദ്ദേഹം അവിടത്തെ ജോലികൾ ചെയ്യുകയും ഭക്ഷണത്തിനായി ഭിക്ഷ യാചിക്കുകയും ചെയ്തു. അക്കാലത്ത്, ദിവസത്തിൽ ഏഴ് മണിക്കൂർ വരെ ദൈവത്തോട് പ്രാർഥിച്ചുകൊണ്ട് കൂടുതൽ സമയവും അദ്ദേഹം ഒരു ഗുഹയിൽ ചെലവഴിച്ചു. ദൈവത്തെക്കുറിച്ചും തന്നെക്കുറിച്ചുമുള്ള വലിയ ഉൾക്കാഴ്ചകൾ അദ്ദേഹത്തിന് ലഭിച്ചു. എങ്കിലും പരീക്ഷണങ്ങളും ഉത്കണ്ഠകളും കഠിനമായ വിഷാദവും അദ്ദേഹം അനുഭവിച്ചു; മനോവേദന അവസാനിപ്പിക്കാൻ ആത്മഹത്യയെക്കുറിച്ച് പോലും അദ്ദേഹം ചിന്തിച്ചു.
തന്റെ അനുഭവങ്ങൾ അദ്ദേഹം ഒരു നോട്ട്ബുക്കിൽ കുറിച്ചുവച്ചു. മറ്റുള്ളവരെ നയിക്കാൻ ഈ കുറിപ്പുകൾ സഹായകരമാണെന്ന് അദ്ദേഹം കണ്ടെത്തി. അദ്ദേഹം കാലക്രമേണ തിരുത്തുകയും വികസിപ്പിക്കുകയും ചെയ്ത ഈ കുറിപ്പുകളാണ് പിന്നീട് അദ്ദേഹത്തിന്റെ ‘സ്പിരിച്വൽ എക്സർസൈസസ്’ (Spiritual Exercises / ആത്മീയ വ്യായാമങ്ങൾ) ആയി മാറിയത്. പിന്നീട് അവ അച്ചടിക്കപ്പെടുകയും ലോകമെമ്പാടുമായി പല ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. ഇന്ന്, 500 വർഷങ്ങൾക്ക് ശേഷവും, ജെസ്യൂട്ടുകളും മറ്റ് പുരോഹിതന്മാരും സന്ന്യാസിനിമാരും ദൈവവുമായുള്ള ആഴത്തിലുള്ള ബന്ധത്തിലേക്ക് മറ്റുള്ളവരെ നയിക്കാൻ ഈ ആത്മീയ വ്യായാമങ്ങൾ ഉപയോഗിക്കുന്നു.
വിശുദ്ധ നാട് സന്ദർശിക്കൽ
തീർഥാടകനായ ഇന്നിഗോയ്ക്ക് വിശുദ്ധനാട്ടിലേക്ക് പോകാനുള്ള കപ്പലിൽ സ്ഥാനം ലഭിച്ചു. എന്നാൽ അവിടെ താമസിച്ച് ജനങ്ങളെ മതം മാറ്റുക എന്ന തന്റെ വലിയ സ്വപ്നം പൂർത്തീകരിക്കുന്നതിന് പകരം, ഏതാനും ആഴ്ചകൾക്ക് ശേഷം യൂറോപ്പിലേക്ക് മടങ്ങാൻ സഭാധികാരികൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കപ്പൽ കയറി മടങ്ങാൻ സമയമായപ്പോൾ, “യേശുവിന്റെ കാൽപ്പാടുകൾ” ഏത് ദിശയിലേക്കാണ് അഭിമുഖീകരിക്കുന്നതെന്ന് കാണാൻ അദ്ദേഹം ഒലീവ് മലയിലേക്ക് തിരികെ ഓടിപ്പോയി. സ്വർഗാരോഹണം ചെയ്തപ്പോൾ യേശു അവിടെയുള്ള ഒരു പാറയിൽ അടയാളം വച്ചു എന്നാണ് പറയപ്പെടുന്നത്. യേശുവുമായി അടുത്ത ബന്ധം പുലർത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു, യേശുവിനെക്കുറിച്ചുള്ള ഓരോ ചെറിയ വിവരവും അദ്ദേഹത്തിന് വളരെ വിലപ്പെട്ടതായിരുന്നു.
പരമ്പരാഗതമല്ലാത്ത ഒരു വിദ്യാർഥി
വിശുദ്ധനാട്ടിൽ പ്രസംഗിക്കാനും ദൈവത്തെ സേവിക്കാനും കഴിഞ്ഞില്ലെങ്കിലും, ഏതെങ്കിലും വിധത്തിൽ ആ ലക്ഷ്യം നേടാൻ ഇന്നിഗോ ആഗ്രഹിച്ചു. ‘ആത്മാക്കളെ സഹായിക്കുന്നതിന്’ തനിക്ക് വിദ്യാഭ്യാസം ആവശ്യമാണെന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെ അദ്ദേഹം ബാഴ്സലോണയിലേക്ക് മടങ്ങുകയും യൂണിവേഴ്സിറ്റി പ്രവേശനത്തിനായി സൗജന്യ ഗ്രാമർ സ്കൂളിൽ ചേരുകയും ചെയ്തു. ഇതിനർഥം, 33-ാം വയസ്സിൽ അദ്ദേഹം എട്ട് മുതൽ 14 വയസ്സുവരെയുള്ള കുട്ടികളോടൊപ്പം ലാറ്റിൻ വ്യാകരണവും മറ്റ് അടിസ്ഥാന കാര്യങ്ങളും പഠിക്കാൻ തുടങ്ങി എന്നാണ്. പ്രായവ്യത്യാസത്തിൽ അദ്ദേഹത്തിന് ചില വിഷമങ്ങൾ തോന്നിയിരിക്കാമെങ്കിലും, ഈ സമയത്താണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനായ മാസ്റ്റർ ജെറോനിമോ ആർഡെവോളിനെ അദ്ദേഹത്തിന് ലഭിക്കുന്നത്.
ഇഗ്നേഷ്യസ് തടവിൽ
ബാഴ്സലോണയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇന്നിഗോ, സ്പാനിഷ് സർവകലാശാലാ നഗരങ്ങളായ അൽക്കലയിലേക്കും (Alcala) തുടർന്ന് സലാമാങ്കയിലേക്കും (Salamanca) മാറി. രണ്ടിടത്തും, പഠിക്കുന്നതിനേക്കാൾ കൂടുതൽ സമയം ആത്മീയ വിഷയങ്ങളെക്കുറിച്ച് ആളുകളുമായി സംസാരിക്കാൻ അദ്ദേഹം ചെലവഴിച്ചു. ഇത്തരം സംഭാഷണങ്ങൾ അദ്ദേഹത്തെ സ്പാനിഷ് ഇൻക്വിസിഷനുമായി (Inquisition) പ്രശ്നങ്ങളിലാക്കുകയും ചോദ്യം ചെയ്യലിന്റെ പേരിൽ മൂന്ന് തവണ തടവിലാക്കപ്പെടുകയും ചെയ്തു. ധർമ്മശാസ്ത്ര ബിരുദം ഇല്ലാതെ ദൈവത്തെക്കുറിച്ച് സംസാരിക്കാൻ ധൈര്യപ്പെട്ടു എന്നതായിരുന്നു കുറ്റം. ഒടുവിൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും, തുടർന്നുണ്ടാകുന്ന ഉപദ്രവങ്ങൾ ഒഴിവാക്കാൻ അദ്ദേഹം ജന്മനാട് വിട്ട് പാരീസിലേക്ക് തിരിച്ചു.
പാരീസിലെ ഉന്നത വിദ്യാഭ്യാസം
38-ാം വയസ്സിൽ, ഫ്രഞ്ച് നവോഥാനത്തിന്റെ കേന്ദ്രമായി കരുതപ്പെട്ടിരുന്ന പാരീസ് സർവകലാശാലയിലെ കോളേജ് സ്റ്റെ ബാർബെയിൽ അദ്ദേഹം ചേർന്നു. അദ്ദേഹത്തിന് ഫ്രഞ്ച് കുറച്ച മാത്രമേ അറിയാമായിരുന്നുള്ളൂ; ലാറ്റിനും പൂർണ്ണമല്ലായിരുന്നു. എങ്കിലും അദ്ദേഹം പതുക്കെ പുരോഗതി നേടി.
അക്കാലത്ത് വിദ്യാർഥികൾ പുലർച്ചെ നാലുമണിക്ക് ഉണരുമായിരുന്നു; ക്ലാസുകൾ രാവിലെഅഞ്ചുമണിക്ക് ആരംഭിച്ചു. ഉച്ചകഴിഞ്ഞ് മണിക്കൂറുകളോളം ക്ലാസുകളുമുണ്ടായിരുന്നു. പാരീസിയൻ ശൈലിയിലുള്ള പാഠ്യപധതി സ്പെയിനിൽ അനുഭവിച്ചതിനേക്കാൾ വളരെ ചിട്ടയുള്ളതായിരുന്നു. ഇതിന്റെ ഫലമായി, അദ്ദേഹം വ്യാകരണം, ഭാഷ, ഹ്യുമാനിറ്റീസ് എന്നിവയിൽ തുടങ്ങി ശാസ്ത്രം, തത്വചിന്ത, ദൈവശാസ്ത്രം എന്നിവയിലേക്ക് കടന്നു. നിലവിലെ ഫ്രഷ്മാൻ, സോഫോമോർ, ജൂനിയർ, സീനിയർ എന്നിങ്ങനെയുള്ള ക്ലാസ് വർഗീകരണങ്ങൾ പാരീസിയൻ പഠനരീതിയെ ആസ്പദമാക്കി ജെസ്യൂട്ടുകൾ വിദ്യാഭ്യാസ ലോകത്തിന് നൽകിയ സംഭാവനയാണ്.
ഒടുവിൽ അദ്ദേഹം ബിരുദാനന്തര ബിരുദം നേടി. അദ്ദേഹത്തിന്റെ ഡിപ്ലോമയിലെ പേര് ഇന്നിഗോ എന്നല്ല, മറിച്ച് ‘ഇഗ്നേഷ്യസ്’ എന്നായിരുന്നു. പാരീസിൽ വച്ചാണ് അദ്ദേഹം ഈ പേര് സ്വീകരിച്ചത് പിന്നീട് അങ്ങോട്ട് ജീവിതകാലം മുഴുവനും ഇഗ്നേഷ്യസ് എന്ന പേരാണ് അദ്ദേഹം ഉപയോഗിച്ചത്. മൻറെസയിൽ ആയിരുന്നപ്പോൾ അനുഷ്ഠിച്ച കഠിനമായ പ്രായശ്ചിത്തങ്ങൾ കാരണം ഉണ്ടായ വയറ്റിലെ രോഗങ്ങൾ മൂലവും, പ്രായക്കൂടുതൽ (44 വയസ്സ്) മൂലവും അദ്ദേഹത്തിന് ഡോക്ടറേറ്റ് പഠനത്തിന് പ്രവേശനം ലഭിച്ചില്ല.
ആദ്യകാല സഹപ്രവർത്തകർ
പാരീസ് സർവകലാശാലയിൽ പഠിക്കുമ്പോൾ, ഫ്രാൻസിന്റെ തെക്കൻ ഭാഗത്ത് നിന്നുള്ള പീറ്റർ ഫേബർ (Peter Faber), ബാസ്ക് പ്രദേശത്തുനിന്നുള്ള പ്രഭുവായ ഫ്രാൻസിസ് സേവ്യർ (Francis Xavier) എന്നിവരോടൊപ്പമാണ് ഇഗ്നേഷ്യസ് താമസിച്ചിരുന്നത്. ക്രമേണ, ‘കർത്താവിലെ സുഹൃത്തുക്കൾ’ എന്ന് സ്വയം വിളിച്ച ഒരു കൂട്ടം സുഹൃത്തുക്കൾ ഇഗ്നേഷ്യസിന് ചുറ്റും രൂപപ്പെട്ടു. ആത്മീയ വ്യായാമങ്ങളിലൂടെ (Spiritual Exercises) കടന്നുപോയി എന്നതാണ് അവരെ പരസ്പരം അടുപ്പിച്ചത്. ഇഗ്നേഷ്യസ് തന്നെയാണ് അവരിൽ ഭൂരിഭാഗം പേരെയും നയിച്ചത്. ആഴത്തിൽ ചിന്തിച്ചാൽ, അവരെല്ലാം ‘യേശുവിന്റെ കൂട്ടാളികളും’ സഹയാത്രികരുമായി മാറി.
വിശുദ്ധനാട്ടിലേക്ക് പോകണമെന്ന തന്റെ സ്വപ്നം ഇഗ്നേഷ്യസ് അവരുമായി പങ്കുവച്ചു. ഇത്തവണ കൂടുതൽ പ്രായോഗികമായി ചിന്തിച്ച അദ്ദേഹം, വിശുദ്ധ നാട്ടിലേക്ക് പോകാൻ കഴിഞ്ഞില്ലെങ്കിൽ, റോമിൽ പോയി മാർപാപ്പയുടെ സേവനത്തിനായി സ്വയം സമർപ്പിക്കാം എന്ന് തീരുമാനിച്ചു.
വിശുദ്ധനാട്ടിലേക്ക് പോകാനുള്ള കപ്പലിനായി അവർ വനീസിൽ ഒരു വർഷം മുഴുവൻ കാത്തിരുന്നു. എന്നാൽ വനീസും തുർക്കികളും തമ്മിലുള്ള യുദ്ധം കാരണം ആ ഒരു വർഷം കപ്പലുകളൊന്നും സർവീസ് നടത്തിയില്ല. അതിനാൽ അവർ റോമിലേക്ക് പോയി. യൂറോപ്പിലുടനീളവും ലോകമെമ്പാടും അയക്കപ്പെടാൻ ഒരുങ്ങുന്ന തങ്ങൾ തമ്മിലുള്ള ബന്ധം എങ്ങനെ നിലനിർത്തും എന്ന് ചിന്തിച്ച അവർ, ഒരു ‘സന്ന്യാസക്രമം’ (Religious Order) രൂപീകരിക്കാൻ തീരുമാനിച്ചു. അവർ അതിനെ ”സൊസൈറ്റി ഓഫ് ജീസസ്’ (Society of Jesus) എന്ന് വിളിച്ചു. പുറത്തുള്ളവർ കളിയാക്കി അവരെ ‘ജെസ്യൂട്ടുകൾ’ എന്ന് വിളിച്ചെങ്കിലും പിന്നീട് ആ പേര് എല്ലാവരും ഉപയോഗിക്കാൻ തുടങ്ങി.
സ്ഥാപകൻ
സൊസൈറ്റി ഓഫ് ജീസസിന് 1540-ൽ പോൾ മൂന്നാമൻ പാപ്പ. അംഗീകാരം നൽകി. ഇഗ്നേഷ്യസ് അവരുടെ ആദ്യത്തെ സുപ്പീരിയർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ വോട്ടെടുപ്പിന് ശേഷം അദ്ദേഹം അത് നിരസിച്ചു. തന്റെ മുൻകാല ജീവിതത്തിലെ തെറ്റുകൾ കൊണ്ടും മറ്റുള്ളവർക്ക് കൂടുതൽ ദൈവശാസ്ത്ര അറിവുണ്ടെന്ന് തോന്നിയതുകൊണ്ടും താൻ അതിന് യോഗ്യനല്ലെന്ന് അദ്ദേഹം കരുതി. എന്നാൽ പിന്നീട് അദ്ദേഹം ആ പദവി സ്വീകരിക്കുകയും 16 വർഷങ്ങൾക്ക് ശേഷം മരിക്കുന്നതുവരെ ആ പദവിയിൽ തുടരുകയും ചെയ്തു.
ഒരു സുപ്പീരിയർ ജനറൽ എന്ന നിലയിൽ, അദ്ദേഹം യൂറോപ്പിലുടനീളവും ലോകമെമ്പാടും തന്റെ സഹപ്രവർത്തകരെ അയച്ചു. ആവശ്യക്കാരുള്ള ലോകത്തിന്റെ ഏത് ഭാഗത്തേക്കും വേഗത്തിൽ പോകാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. കൂടാതെ വൻതോതിൽ കത്തുകൾ എഴുതുകയും ചെയ്തു.
അദ്ദേഹത്തിന്റെ മരണസമയത്ത്, 1,000 ജെസ്യൂട്ടുകൾ ഉണ്ടായിരുന്നു, അവരിൽ നല്ലൊരു പങ്ക് അന്ന് സ്ഥാപിക്കപ്പെട്ട 35 സ്കൂളുകളിൽ പ്രവർത്തിച്ചിരുന്നു. 25 വർഷത്തിന് ശേഷം സ്കൂളുകളുടെ എണ്ണം 144 ആയി ഉയർന്നു, 35 വർഷത്തിന് ശേഷം അത് നാനൂറിനോടടുത്തു.
ആദ്യകാലത്തെ മോഹങ്ങളിൽ നിന്ന് വ്യത്യസ്തമായി, മറ്റ് മനുഷ്യരെ സേവിക്കുന്നതിലൂടെ ദൈവത്തെ സ്തുതിക്കുക, ആദരിക്കുക, സേവിക്കുക എന്ന ലക്ഷ്യത്തിന് ഉതകുന്ന കാര്യങ്ങൾ മാത്രം ആഗ്രഹിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുക എന്നതായിരുന്നു മുതിർന്ന ഇഗ്നേഷ്യസിന്റെ അടിസ്ഥാന തത്വചിന്ത.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ




