
ഈശോസഭാ സന്ന്യാസ സമൂഹസ്ഥാപകൻ വി. ഇഗ്‌നേഷ്യസ് ലയോളയുടെ തിരുനാളാണിന്ന്. കത്തോലിക്കാ സഭയുടെ ആത്മീയ-വിദ്യാഭ്യാസ-സാമൂഹികമേഖലകളിൽ ലോകവ്യാപകമായി വലിയ സംഭാവന നൽകുന്ന ഈ സമൂഹം അതിന്റെ ആരംഭകാലഘട്ടത്തിൽ പാശ്ചാത്യസഭയെ പിടിച്ചുലച്ച പ്രൊട്ടസ്റ്റന്റ് നവീകരണത്തെ പ്രതിരോധിക്കുന്നതിൽ നിർണ്ണായകപങ്ക് വഹിച്ചു. സന്ന്യാസ സമൂഹവ്രതങ്ങളായ അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നിവ കൂടാതെ മിഷൻ പ്രവർത്തനങ്ങൾക്കു വേണ്ടി മാർപാപ്പയെ പൂർണ്ണമായും അനുസരിക്കുക എന്ന നാലാമതൊരു വ്രതം കൂടി ഈശോസഭാഗംങ്ങൾ എടുക്കുന്നു. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ഫ്രാൻസിസ് മാർപാപ്പ ഈ സന്ന്യാസ സഭയിൽ നിന്നുള്ള ആദ്യത്തെ പാപ്പയാണ്.
സ്പെയിനിലെ ബാസ്‌ക് പ്രദേശത്തുള്ള ലയോള എന്ന കൊച്ചുഗ്രാമത്തിൽ 1491 ഒക്ടോബർ 23 ന് ഇഗ്‌നേഷ്യസ് ജനിച്ചു. വലുതാകുമ്പോൾ ഒരു പട്ടാളക്കാരനായി വീരോചിതമായ കാര്യങ്ങൾ ചെയ്ത് പ്രശസ്തനാകാൻ ഇഗ്‌നേഷ്യസ് ആഗ്രഹിച്ചു. പതിനേഴാമത്തെ വയസ്സിൽ സൈന്യത്തിൽ ചേരുകയും വളരെ വേഗം അധികാരികളുടെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. എന്നാൽ പാമ്പിലോണ എന്ന സ്ഥലത്ത് വച്ചുണ്ടായ യുദ്ധത്തിൽ അദ്ദേഹത്തിന്റെ വലതുകാലിൽ പീരങ്കിയുണ്ട തുളച്ചുകയറി ആശുപത്രിയിലായി. തുടർന്നു നടന്ന ശസ്ത്രക്രിയകളുടെ ഫലമായി വലതുകാലിന്റെ നീളം കുറയുകയും ജീവിതകാലം മുഴുവൻ മുടന്തിനടക്കുകയും സൈന്യസേവനം അസാധ്യമാവുകയും ചെയ്തു. രോഗക്കിടക്കയിൽ യേശുവിന്റെയും വിശുദ്ധന്മാരുടെയും ജീവചരിത്രം വായിച്ചത് ഫ്രാൻസിസ് അസ്സീസിയെപ്പോലെ വിശുദ്ധനാകണമെന്ന ആഗ്രഹത്തിലെത്തിച്ചു. രോഗം ഭേദമായതിനു ശേഷം വിശുദ്ധനാട്ടിലേക്ക് തീർഥാടനം നടത്തി. ഇക്കാലയളവിൽ മാതാവിന്റെയും ഉണ്ണീശോയുടെയും ഒരു ദർശനം ഉണ്ടാവുകയും ചെയ്തു.
ഇഗ്‌നേഷ്യസിന്റെ ആത്മീയപരിവർത്തനത്തിനു ശേഷം മോണ്ടസെറാത്ത എന്ന ബനഡിക്ടിൻ ആശ്രമത്തിൽ കുറേനാൾ താമസിക്കുകയും മൻറേസ എന്ന സ്ഥലത്തുള്ള ഗുഹയിൽ ദിവസം ഏഴു മണിക്കൂർ പ്രാർഥനയിൽ ചിലവഴിക്കുകയും ചെയ്തു. ചാക്കുവസ്ത്രം ധരിച്ച്, ഭിക്ഷ യാചിച്ച്, തപസനുഷ്ടിച്ചാണ് ഇക്കാലയളവിൽ അദ്ദേഹം ജീവിച്ചത്. അങ്ങനെ അദ്ദേഹം രൂപപ്പെട്ടുത്തിയ ധ്യാനരീതിയാണ് പിന്നീട് പ്രസിദ്ധമായിത്തീർന്ന ഇഗ്‌നേഷ്യസിന്റെ അധ്യാത്മിക അനുഷ്ടാനങ്ങൾ. തുടർന്ന് പാരീസിൽ സർവകലാശാല പഠനകാലയളവിൽ സഹപാഠികളായ ഫ്രാൻസിസ് സേവ്യർ ഉൾപ്പെടെയുള്ളവർ ചേർന്ന് രൂപീകരിച്ചതാണ് ഈശോസഭ. ഇതിന് വളരെ വേഗം മാർപാപ്പയുടെ അംഗീകാരം ലഭിക്കുകയും ഇഗ്നേഷ്യസിനെ ആദ്യത്തെ സുപ്പീരിയർ ജനറലായി നിയമിക്കുകയും ചെയ്തു. 1556 ജൂലൈ 31 ന് അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതീകശരീരം അടക്കം ചെയ്തിരിക്കുന്നത് റോമിലെ യേശുപള്ളിയിലാണ്. വി. ഇഗ്‌നേഷ്യസിന്റെ ആപ്തവാക്യമായ ‘എല്ലാം ദൈവമഹത്വത്തിനായി ചെയ്യുക’ എന്ന ആദർശമനുസരിച്ച് നമുക്കും ജീവിക്കാൻ ശ്രമിക്കാം.
ഫാ. മാത്യു ചാർത്താക്കുഴിയിൽ




