ക്രിസ്തുവിനായുള്ള സമർപ്പണം: അൽഫോൻസ് ലിഗോരിയുടെ ജീവചരിത്രം

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ആമുഖം

റിഡപ്റ്ററിസ്റ്റ് (CSsR) സന്ന്യാസ സമൂഹസ്ഥാപകനും സർവത്രിക സഭയിലെ എക്കാലത്തെയും പ്രഗദ്ഭനായ ധാർമ്മിക ദൈവശാസ്ത്രജ്ഞന്മാരിൽ ഒരാളായി അറിയപ്പെടുകയും ചെയ്യുന്ന വി. അൽഫോൻസ് ലിഗോരി ഒരു ബഹുമുഖപ്രതിഭയായിരുന്നു. ഇറ്റലിയിലെ സാന്ത അഗത്തി ദേയി ഗോത്തി രൂപതയിലെ ബിഷപ്പും ആത്മീയാചാര്യനും ചിന്തകനും കവിയും സംഗീതജ്ഞനും ഒക്കെയായി അറിയപ്പെട്ടിരുന്ന അദ്ദേഹം വലിയ ആത്മീയ ഔന്നത്യം കൈവരിച്ചത് അനുദിനം വിശുദ്ധിയിൽ ജീവിച്ചതുകൊണ്ടാണ്. ഇന്നും ആഗോളസഭയിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന കുരിശിന്റെ വഴി, വിശുദ്ധ കുർബാന സന്ദർശന പ്രാർഥന, നിരവധി മരിയൻ പ്രാർഥനകൾ എന്നിവയൊക്കെ നമുക്ക് ലഭ്യമായിരിക്കുന്നത് അദ്ദേഹത്തിന്റെ തൂലികയിലൂടെയാണ്. ‘നന്നായി പ്രാർഥിക്കാനുള്ള അനുഗ്രഹത്തിനായാണ് നാം പ്രാർഥിക്കേണ്ടത്’ എന്ന് പഠിപ്പിച്ച ഈ വിശുദ്ധൻ തന്റെ ജീവിതം തന്നെ ഒരു പ്രാർഥനയായി ദൈവത്തിന് സമർപ്പിച്ച ആളാണ്. കുമ്പസാരക്കാരുടെയും ധാർമ്മിക ദൈവശാസ്ത്രജ്ഞരുടെയും മധ്യസ്ഥനായ അദ്ദേഹം ധാർമ്മിക ദൈവശാസ്ത്ര സത്യങ്ങളുടെ പ്രായോഗിക മാനങ്ങൾ മനസ്സിലാക്കി വിവരിച്ച പണ്ഡിതൻ കൂടിയാണ്.

സമ്പന്നകുടുംബത്തിൽ ജനിച്ചുവെങ്കിലും പാവനങ്ങളോടും പരിത്യക്തരോടുമൊത്തു ജീവിക്കാനും അവരെ സഹായിക്കാനുമാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ജാൻസനിസം എന്ന വേദവിപരീതത്തെ നേരിടുന്നതിനായി സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കി ധാർമ്മിക ദൈവശാസ്ത്രം വിശദീകരിച്ച് ദൈവത്തിന്റെ കരുണയും സ്നേഹവും അനേകർക്ക് അദ്ദേഹം പകർന്നുനൽകി. ഒരു കുമ്പസാരക്കാരന് ആവശ്യമായത് ആഴമായ ദൈവബന്ധമാണെന്നും ഇതുവഴി മാത്രമേ തന്റെ അരികിലെത്തുന്ന അനുതാപികൾക്ക് വൈദ്യനും വിധികർത്താവും സൗഖ്യദായകനുമായി വർത്തിക്കാൻ സാധിക്കൂ എന്നും അദ്ദേഹം വാദിച്ചു.

നാലുപ്രാവശ്യം അന്ത്യകൂദാശ സ്വീകരിച്ച അദ്ദേഹം ജീവിതത്തിലുടനീളം രോഗങ്ങളോട് നിരന്തരം പടവെട്ടിയാണ് വിശുദ്ധിയുടെ പടവുകൾ കയറിയത്. അസാധാരണമായ അച്ചടക്കം ജീവിതത്തിൽ പാലിച്ച അൽഫോൻസ് തന്റെ ജീവിതത്തിലെ ഒരു നിമിഷം പോലും വൃഥാ ചിലവഴിക്കില്ല എന്ന് പ്രതിജ്ഞ ചെയ്തിരുന്നു. കൂടാതെ, തന്റെ എല്ലാ പ്രാർഥനകളും മുടക്കമില്ലാതെ നടത്തുകയും അരമണിക്കൂർ വീതം മൂന്നുപ്രാവശ്യം ദിവസവും ധ്യാനിക്കുകയും ചെയ്തിരുന്നു. അൽഫോൻസ് മരിയ ലിഗോരി എന്ന ബഹുമുഖ പ്രതിഭയെ അടുത്തറിയുന്നത് നമ്മുടെ ജീവിതത്തെ കൂടുതൽ ധന്യവത്താക്കിത്തീർക്കുമെന്ന് സംശയലേശമെന്യേ പറയാവുന്നതാണ്.

ജനനം, വിദ്യഭ്യാസം, ബാല്യകാലം 

ഇന്നത്തെ ഇറ്റലി പ്രദേശത്തിന്റെ ഭാഗമായിരുന്ന നേപ്പിൾസ് രാജ്യത്തിലെ മരിയനെല്ല പട്ടണത്തിൽ 1696 സെപ്റ്റംബർ 27 നാണ് വി. അൽഫോൻസ് ലിഗോരി ജനിച്ചത്. അദ്ദേഹം ജനിച്ച ലിഗോരി കുടുംബത്തിന്റെ ഭവനവും അതിനോട് ചേർന്നുള്ള ഒരു മ്യൂസിയവും ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്. അൽഫോൻസിന്റെ പിതാവ് ജോസഫ് ലിഗോരി ഒരു ഉന്നത നാവിക ഉദ്യോഗസ്ഥനായിരുന്നു. അമ്മ അന്ന കവലിയേരി തന്റെ ക്രിസ്തീയവിശ്വാസം ഏറ്റം ശ്രേഷ്ഠതയോടെ ജീവിച്ചവളും മക്കളെ അച്ചടക്കത്തിലും ദൈവഭക്തിയിലും വളർത്തിയവളുമായിരുന്നു. ജനിച്ചതിന്റെ രണ്ടാം ദിവസം അൽഫോൻസിന് ഇടവക ദൈവാലയത്തിൽ വച്ച് ജ്ഞാനസ്നാനം നൽകി. അദ്ദേഹത്തിന്റെ ജ്ഞാനസ്നാന നാമം അൽഫോൻസസ് മേരി ആന്റണി ജോൺ ഫ്രാൻസിസ് കോസ്മസ് ഡാമിയൻ മൈക്കലാഞ്ചലോ ഗാസ്പർ ദെ ലിഗോരി എന്നായിരുന്നു. പ്രഭുകുടുംബമായിരുന്നുവെങ്കിലും ഇവർ സമ്പന്നരൊന്നുമായിരുന്നില്ല എന്ന് ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ സഹോദരങ്ങളിൽ രണ്ടുപേർ വൈദികരും രണ്ടുപേർ സന്ന്യാസിനികളുമായിരുന്നു. ഫാ. അൽഫോൻസും ബെനഡിക്റ്റീൻ സന്ന്യാസ വൈദികനായിരുന്ന ഫാ. ആന്റണിയും രൂപതാ വൈദികനായിരുന്ന ഫാ. കയത്താനും, സി. മേരി ലൂയിസും സി. മേരി ആനും ഈ കുടുംബത്തിന്റെ പ്രാർഥനയുടെയും വിശുദ്ധിയുടെയും  പ്രതീകങ്ങളായിരുന്നു.

ജീവിതകാലം മുഴുവൻ വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട അൽഫോൻസിന് ചെറുപ്പത്തിൽ കണ്ണിന്റെ രോഗങ്ങൾ കാരണം പുസ്തകങ്ങൾ വായിക്കുന്നതിനും മറ്റും സാധിച്ചിരുന്നില്ല. ഇക്കാരണത്താൽ പ്രഭുകുടുംബത്തിലെ അംഗങ്ങൾക്ക് നിർബന്ധമായിരുന്ന സൈന്യസേവനത്തിന് അദ്ദേഹത്തിന് സാധിച്ചില്ല. അൽഫോൻസ് നിയമം പഠിച്ച് നല്ലൊരു ജോലി സമ്പാദിക്കുന്നതിലായിരുന്നു കുടുംബത്തിന്റെ താൽപര്യം. നേപ്പിൾസ് സർവകലാശാലയിൽ ഉന്നതവിദ്യാഭ്യാസത്തിന് അയയ്ക്കുന്നതിനു മുൻപായി അദ്ദേഹത്തിന്റെ പിതാവ് പ്രത്യേക അധ്യാപകരെ നിയോഗിക്കുകയും അതുവരെ അറിയേണ്ട കാര്യങ്ങൾ പഠിച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. കഠിനാധ്വാനവും ബുദ്ധിയും സംഗമിച്ചപ്പോൾ അൽഫോൻസ് തന്റെ പതിനാറാമത്തെ വയസ്സിൽ സഭാനിയമത്തിലും സിവിൽ നിയമത്തിലും ഉന്നതബിരുദങ്ങൾ സമ്പാദിച്ചു.

മികച്ച അഭിഭാഷൻ 

വി. അൽഫോൻസ് ലിഗോരിയ്ക്ക് 18 വയസ്സായ സമയത്താണ് അവിടെ അക്കാലത്ത്  സജീവമായിരുന്ന കാരുണ്യമാതാവിന്റെ സഹോദരസംഘം എന്ന സംഘടനയിലെ അംഗമായി ചേർന്നത്. പാവപ്പെട്ട രോഗികളെ പരിചരിക്കുന്ന ഒരു സന്നദ്ധസംഘടനയായിരുന്നു ഇത്. ചെറുപ്പക്കാരനും ബുദ്ധിമാനുമായ അൽഫോൻസ് വളരെ പെട്ടെന്നു തന്നെ ആ പ്രദേശത്തെ പേരെടുത്ത ഒരു അഭിഭാഷകനായിത്തീർന്നു. എന്നാൽ, ഈ ജോലി അദ്ദേഹം ആഗ്രഹിച്ച ആത്മസംതൃപ്‍തി നൽകിയില്ല. അൽഫോൻസ് തന്റെ ഒരു സുഹൃത്തിന് എഴുതിയ കത്തിൽ ഇപ്രകാരം പറയുന്നു: “എന്റെ കൂട്ടുകാരാ, ഞങ്ങളുടെ ജോലി വെല്ലുവിളികളും അപകടങ്ങളും നിറഞ്ഞതാണ്. സന്തോഷകരമല്ലാത്ത ഈ ജീവിതത്തിൽ മരണത്തിന്റെ സാധ്യത ഒളിഞ്ഞിരിക്കുന്നു.” അങ്ങനെ വിജയകരമായി മുന്നേറുന്ന അവസരത്തിൽ എട്ടുവർഷത്തിനിടയിൽ തന്റെ ഇരുപത്തേഴാമത്തെ വയസ്സിൽ അഭിഭാഷകൻ എന്ന നിലയിൽ ആദ്യമായി ഒരു നിയമപോരാട്ടത്തിൽ അദ്ദേഹം പരാജയപ്പെട്ടു. ഇത് വലിയ ആഘാതമായി പരിണമിക്കുകയും അതുവരെ നേടിയ വിജയങ്ങളെ ഇല്ലാതാക്കിയെന്ന് അദ്ദേഹം തിരിച്ചറിയുകയും ചെയ്തു. കൂടാതെ, ഇക്കാലയളവിൽ “ലോകത്തെ ഉപേക്ഷിച്ചുകൊണ്ട് നിന്റെ ജീവിതം എനിക്കായി സമർപ്പിക്കുകയും ചെയ്യുക” എന്ന ഒരു ഉൾപ്രേരണ ദൈവത്തിൽ നിന്നും അദ്ദേഹത്തിന് ഉണ്ടാവുകയും ചെയ്തു.

അഭിഭാഷകനായി ജോലിചെയ്തിരുന്ന അവസരത്തിൽ അദ്ദേഹത്തിന്റെ ആത്മീയജീവിതത്തിൽ അസാധാരമായി ഒന്നും സംഭവിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ, 1722 ൽ അൽഫോൻസ് വലിയൊരു മാറ്റത്തിന് തന്നെ വിട്ടുകൊടുത്തു. ഇതിന് കാരണമായി ഭവിച്ചത് വിൻസെൻഷ്യൻ സന്ന്യാസിമാരുടെ നേതൃത്വത്തിൽ അവിടെ നടന്ന ഒരു ധ്യാനമാണ്. ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നതിനേക്കാൾ വലുതായി ഒന്നുമില്ലെന്ന് ഈ അവസരത്തിൽ അദ്ദേഹത്തിന് ബോധ്യമായി. അതിനായി തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മാറ്റിവയ്ക്കണമെന്നും പാതിമനസ്സോടെ ചെയ്യുന്ന ഒരു കാര്യത്തിനും കാര്യമായ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ഈ ദൈവീകാനുഭവത്തെയും ഉൾക്കാഴ്ചയെയും ഉൾക്കൊണ്ട് അദ്ദേഹം പതിവായി വിശുദ്ധ കുർബാന സന്ദർശനം നടത്താൻ ആരംഭിച്ചു. തന്റെ മകനിൽ മാറ്റങ്ങളുണ്ടാകുന്നു എന്ന് തിരിച്ചറിഞ്ഞ അൽഫോൻസിന്റെ പിതാവ് രണ്ടുപ്രാവശ്യം വിവാഹാലോചനകൾ നടത്തി. ജീവിതകാലം മുഴുവൻ ബ്രഹ്മചാരിയായിരിക്കാൻ അൽഫോൻസ് ഇതിനകം തീരുമാനിച്ചിരുന്നു. പിതാവിൽ നിന്നും സമ്മർദമുണ്ടായപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്ന ആസ്ത്‌മ രോഗം വിവാഹത്തിൽ നിന്നും പിന്തിരിയാനുള്ള കാരണമായി അദ്ദേഹം ഉപയോഗിച്ചു.

പൗരോഹിത്യ ശുശ്രൂഷ

എഡി 1723 ൽ വി. അൽഫോൻസ് ലിഗോരി വി. ഫിലിപ്പ് നേരിയുടെ ഓറട്ടറിയിൽ ചേർന്ന് ഒരു പുരോഹിതനാകാൻ തീരുമാനിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ പിതാവ് ആദ്യം ഈ ഉദ്യമത്തെ ശക്തമായി എതിർത്തു. സാവധാനം പിതാവിന്റെ മനോഭാവത്തിൽ മാറ്റമുണ്ടാവുകയും രണ്ടുമാസത്തിനു ശേഷം അദ്ദേഹം തന്റെ മകന് ഈ ആശ്രമത്തിൽ ചേരാൻ അനുവാദം നൽകുകയും ചെയ്തു. പഠനകാലയളവിൽ വീട്ടിൽ താമസിക്കാനുള്ള അനുവാദം ഒത്തുതീർപ്പിന്റെ ഭാഗമായി അദ്ദേഹം അധികാരികളിൽ നിന്നും നേടിയെടുത്തിരുന്നു. അങ്ങനെ 1726 ഡിസംബർ 21 ന് തന്റെ മുപ്പതാമത്തെ വയസ്സിൽ അൽഫോൻസ് വൈദികനായി അഭിഷിക്തനായി. നേപ്പിൾസ് നഗരത്തിലെ അനാഥരുടെയും പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും കൂടെയാണ് അദ്ദേഹം തന്റെ ആദ്യവർഷങ്ങൾ ചിലവഴിച്ചത്. ഇത് നഗരത്തിൽ അദ്ദേഹത്തിനു വലിയ പ്രശസ്തി ഉണ്ടാവുന്നതിന് ഇടയാക്കി. എന്നാൽ, അദ്ദേഹം അതിൽ ആനന്ദം കണ്ടെത്തുകയോ, അഹങ്കരിക്കുകയോ ചെയ്യാതെ തന്റെ ദൗത്യം  തുടർന്നു.

അൽഫോൻസിന്റെ പ്രസിദ്ധമായ പ്രസംഗങ്ങൾ അറിവില്ലാത്തവർക്കു പോലും മനസ്സിലാകുന്ന തരത്തിൽ ലളിതമായിരുന്നു. തെരുവുകളിൽ പ്രസംഗിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ മിഷൻ പ്രവർത്തനം തുടങ്ങിയത്. എന്നാൽ, അദ്ദേഹത്തിന്റെ ഒരു സഹായിക്ക് ഇക്കാലയളവിൽ ചിലർ പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ ഇത് ഭവനങ്ങളിലേക്ക് മാറ്റുകയും അത് പിന്നീട് ചാപ്പലുകളിലേക്ക് മാറ്റുകയും ചെയ്തു. ഇതേ തുടർന്ന് ആളുകളുടെ പ്രാർഥനാ ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ സായാഹ്ന ചാപ്പലുകൾ ആരംഭിച്ചു. ഈ പ്രാർഥനാഭവനങ്ങളുടെ നടത്തിപ്പ് യുവജനങ്ങൾക്കായിരുന്നു. സാമൂഹികവും വിദ്യാഭ്യാസപരവുമായ മാറ്റങ്ങൾക്കുതകുന്ന മാതൃകാസ്ഥാപനങ്ങളായി ഇവയൊക്കെ വളരെ വേഗം വളർന്നു. (അദ്ദേഹത്തിന്റെ മരണസമയത്ത് പതിനായിരം പേരോളം സംബന്ധിച്ചിരുന്ന ഇത്തരത്തിലുള്ള 72 ചാപ്പലുകൾ ഉണ്ടായിരുന്നു). വിശ്വാസജീവിതത്തിൽ നിന്നും വ്യതിചലിച്ചിരുന്ന അനേകരെ ക്രിസ്തുവിലേക്കും സഭയിലേക്കും തിരികെ കൊണ്ടുവരുന്നതിന് ഇതിലൂടെ സാധിച്ചു.

സന്ന്യാസ സമൂഹസ്ഥാപനം

വി. അൽഫോൻസും മറ്റു ചില വൈദികരും എല്ലാ മാസവും രണ്ടുമൂന്ന് ദിവസത്തെ അവധി എടുത്ത് നഗരത്തിനു പുറത്തുള്ള ഒരു ഏകാന്തസ്ഥലത്ത് പ്രാർഥനയ്ക്കും ധ്യാനത്തിനുമായി പോവുക പതിവായിരുന്നു. അൽഫോൻസിന്റെ ഏറ്റം വലിയ സഹായിയായിരുന്ന തോമസ് ഫൽകോയിയ എന്ന വൈദികനായിരുന്നു എല്ലാവരുടെയും ആത്മീയപിതാവായി വർത്തിച്ചത്. എന്നാൽ ഈ വൈദികൻ 1730 ൽ കാസ്തല്ലമാരെ രൂപതയുടെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. ഈ സമയത്ത് അദ്ദേഹം ചെയ്തുകൊണ്ടിരുന്ന ജോലികൾ അൽഫോൻസിനെ ഏൽപിച്ചു. കൂടാതെ, സ്കാല രൂപതയിലെ ബിഷപ്പ് അവിടെ ഉണ്ടായിരുന്ന കർമ്മലമാതാ സന്ന്യാസ സമൂഹത്തിലെ മരിയ സെലസ്റ്റ എന്ന സിസ്റ്ററിനുണ്ടായ ചില വെളിപാടുകളുടെ നിജസ്ഥിതി പരിശോധിച്ച് ഒരു റിപ്പോർട്ട് സമർപ്പിക്കാൻ അൽഫോൻസിനെ ചുമതലപ്പെടുത്തി. ഈ വെളുപാടുകൾ പരിശോധിച്ച് അത് സത്യമാണെന്ന് അദ്ദേഹം റിപ്പോർട്ട് ചെയ്തു. പിന്നീട് ഈ സിസ്റ്റേഴ്സ് പുതിയൊരു സന്ന്യാസ സമൂഹത്തിന് ആരംഭം കുറിക്കുകയും വി. അൽഫോൻസ് അവരുടെ സ്ഥാപകപിതാവാകുകയും ചെയ്തു. അങ്ങനെ 1731 ഓഗസ്റ്റ് ആറിന് റിഡപ്റ്ററിസ്റ്റ് സന്ന്യാസിനി സമൂഹത്തിന് ആരംഭം കുറിച്ചു.

ഇതിന് ശേഷം ഏതാണ്ട് ഒരു വർഷം കഴിഞ്ഞ് എഡി 1732 നവംബർ ഒൻപതിന് വി. അൽഫോൻസ് ലിഗോരി തന്നോടൊപ്പം ചേർന്ന ഏതാനും വൈദികരെ കൂട്ടി ഒരു സന്ന്യാസ സമൂഹം സ്ഥാപിച്ചു. മിഷൻ പ്രദേശങ്ങളിലും നഗരങ്ങളിലും സുവിശേഷം പ്രസംഗിക്കുക എന്നതായിരുന്നു ഈ സന്ന്യാസികളുടെ ലക്ഷ്യം. കോൺഗ്രിഗേഷൻ ഓഫ് ദി മോസ്റ്റ് ഹോളി റെഡീമർ എന്ന പേരിൽ സ്ഥാപിച്ച ഈ സമൂഹം ലോകം മുഴുവൻ  റിഡപ്റ്ററിസ്റ്റ് സമൂഹം എന്ന പേരിലും അറിയപ്പെടുന്നു (സീറോമലബാർ സഭയുടെ മുൻ അധ്യക്ഷൻ കർദിനാൾ വർക്കി വിതയത്തിൽ പിതാവ് ഈ സമൂഹത്തിലെ അംഗവും ഭാരതത്തിലെ പ്രൊവിൻഷ്യലുമായി സേവനം ചെയ്ത ആളാണ്). ചേരികളിലും പാവപ്പെട്ടവരുടെ ഇടയിലും സുവിശേഷം പ്രസംഗിക്കുകയും വിദ്യാഭ്യാസപ്രവർത്തനങ്ങൾ നടത്തുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. അക്കാലത്ത്  പ്രബലമായിരുന്ന ‘ജാൻസനിസം’ എന്ന വേദവിപരീതത്തിനെതിരെ സത്യവിശ്വാസം പഠിപ്പിക്കുന്നതിലും റിഡപ്റ്ററിസ്റ്റ് സമൂഹം ശ്രദ്ധിച്ചു.

വി. അൽഫോൻസിനെ കൂടാതെ മറ്റ് മൂന്ന് വൈദികരും കൂടി ചേർന്നതായിരുന്നു ആദ്യത്തെ ഈ റിഡപ്റ്ററിസ്റ്റ് സമൂഹം. അധികം താമസിയാതെ വിവിധ സ്ഥലങ്ങളിൽ ഇവർ പുതിയ ആശ്രമങ്ങൾ ആരംഭിച്ചു. 1749 ഫെബ്രുവരി 25 ന് ബെനഡിക്റ്റ് പതിനാലാമൻ മാർപാപ്പ ഈ സമൂഹത്തിന് ഔദ്യോഗിക അംഗീകാരം നൽകി.

തന്റെ സന്ന്യാസ സമൂഹത്തിന്റെ ലക്ഷ്യമായി വി. അൽഫോൻസ് അവതരിപ്പിക്കുന്നത് ക്രിസ്തുവിന്റ കാലടിപ്പാടുകളും മാതൃകയും സൂഷ്മമായി പിന്തുടരുക എന്നതാണ്. സഹനവും വേദനയും നിറഞ്ഞ  ഈ ലോകജീവിതത്തിൽ ക്രിസ്തുവിനെപ്പോലെ വിരക്തിയും സ്വയനിഗ്രഹവും അനുഷ്ഠിച്ചു ജീവിക്കുന്നതിനാണ് ഒരു റിഡപ്റ്ററിസ്റ്റ് സന്ന്യാസി ശ്രദ്ധിക്കേണ്ടത്. വർഷത്തിൽ ഓരോ മാസവും ഒരു പുണ്യത്തെക്കുറിച്ചു ധ്യാനിക്കുകയും അങ്ങനെ ക്രിസ്തുവിനോട് കൂടുതൽ താതാത്മ്യപ്പെടാൻ ഓരോ റിഡപ്റ്ററിസ്റ്റ് സന്ന്യാസിയും പരിശ്രമിക്കുകയും ചെയ്യണമെന്ന് അവരുടെ നിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ക്രിസ്തുവിന്റെ പ്രതിച്ഛായയിലേക്ക് രൂപപ്പെടുക എന്നതു മാത്രമായിരിക്കണം സന്ന്യാസലക്ഷ്യം. വിശ്വാസം, പ്രത്യാശ, ഉപവി, അയൽക്കാരനോടുള്ള സ്നേഹം, ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം, എളിമ, ഇന്ദ്രിയനിഗ്രഹം, സ്മൃതിധ്യാനം (Recollection), പ്രാർഥന, സ്വയനിഗ്രഹത്തോടെ കുരിശിനെ സ്നേഹിക്കുക എന്നിവയാണ് ഈ പന്ത്രണ്ട് പുണ്യങ്ങൾ.

സമൂഹത്തിലെ പാർശവത്ക്കരിക്കപ്പെട്ടവരോട് സുവിശേഷപ്രഘോഷണം നടത്താൻ സന്ന്യാസികൾ സദാ സന്നദ്ധരായിരിക്കണമെന്ന് അൽഫോൻസിന് നിർബന്ധമുണ്ടായിരുന്നു. ഇക്കാരണത്താൽ ആരംഭകാലങ്ങളിൽ ഈ സമൂഹത്തെ ‘സഭയുടെ രക്ഷാസൈന്യം’ എന്നും വിളിച്ചിരുന്നു. ദൈവാലയങ്ങളിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ധ്യാനപ്രസംഗങ്ങൾ നടത്തി കുമ്പസാരം കേൾക്കുകയും അങ്ങനെ ഇടവകസമൂഹങ്ങളെ നവീകരിക്കുകയും ചെയ്യുക എന്നത് അവരുടെ ദൗത്യത്തിന്റെ ഭാഗമായിയിരുന്നു. അങ്ങനെ പാപത്തിൽ നിന്നും മാറി ക്രിസ്തുവിന്റെ രക്ഷാമാർഗത്തിലൂടെ സഞ്ചരിക്കാനും വിശ്വാസത്തിൽ  ബലപ്പെടുത്താനും എല്ലാവരെയും സഹായിക്കുക എന്ന ലക്ഷ്യമായിരുന്നു അവർക്കുണ്ടായിരുന്നത് (ഇന്നും ഇത്തരത്തിലുള്ള ഇടവക ‘മിഷൻ’ പ്രവർത്തനങ്ങൾക്ക് റിഡപ്റ്ററിസ്റ്റ് സന്ന്യാസികൾ നേതൃത്വം കൊടുക്കുന്നുണ്ട്).

അൽഫോൻസിന്റെ സന്ന്യാസ സമൂഹം ആരംഭ കാലഘട്ടത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടു. നേപ്പിൾസ് അധികാരികൾ ഒരുഘട്ടത്തിൽ ഇവർക്കെതിരെ തിരിയുകയും നിയമനടപടി തുടങ്ങുകയും ചെയ്തു. അതിനേക്കാൾ വി. അൽഫോൻസിനെ പ്രയാസപ്പെടുത്തിയത് സമൂഹത്തിലുണ്ടായ ആഭ്യന്തരപ്രശ്നങ്ങളാണ്. എന്നാൽ, പ്രയാസങ്ങളുടെ നടുവിലും സമൂഹം ദൈവപരിപാലനയിൽ ആശ്രയിച്ച് മുന്നോട്ടുപോവുകയും വളരുകയും ചെയ്തു. ക്രിസ്തുവിനെ ശരിയായി അനുഗമിക്കാൻ ആഗ്രഹിക്കുന്നവർക്ക് കുരിശുകൾ ഏറ്റെടുക്കേണ്ടിവരുമെന്നും അതിനായി തയ്യാറായിരിക്കണമെന്നും അദ്ദേഹം തന്റെ അനുയായികളെ ഉപദേശിച്ചു.

അൽഫോൻസ് തന്റെ സമയം പ്രാർഥന, പഠനം, സുവിശേഷപ്രഘോഷണം എന്നിവയ്ക്കായി മാറ്റിവച്ചു. പുതിയതായി സമൂഹത്തിൽ ചേരാൻ ആഗ്രഹിക്കുന്നവരുടെ പരിശീലനത്തിനായി അദ്ദേഹം ധാരാളം സമയം കണ്ടെത്തി. ഇതുകൂടാതെ, അദ്ദേഹത്തിന്റെ അരികിൽ ആത്മീയ ഉപദേശം തേടി അനേകം വിശ്വാസികൾ എത്തിയിരുന്നു. കാര്യങ്ങൾ കൃത്യതയോടെയും ദൈവീകതയോടെയും നിർവഹിക്കുന്നതിന് അദ്ദേഹം എടുത്ത പ്രധാന തീരുമാനം ജീവിതത്തിൽ ഒരു നിമിഷം പോലും വൃഥാ ചിലവഴിക്കില്ലെന്നതാണ്. കൂടാതെ, തന്റെ നേട്ടങ്ങളിൽ അഹങ്കരിക്കാതെ എളിമയോടെ ജീവിക്കണമെന്നതും അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. ഇവ രണ്ടും അദ്ദേഹം തന്റെ ജീവിതാവസാനം വരെ പാലിച്ചു.

ബിഷപ്പ്

എഡി 1762 ലാണ് ഇറ്റലിയിലെ സാന്താ അഗത്താ ദേയ് ഗോത്തി രൂപതയുടെ ബിഷപ്പായി അൽഫോൻസ് ലിഗോരി നിയമിതനാകുന്നത്. ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവും മൂലം തനിക്ക്  ഈ സ്ഥാനം സ്വീകരിക്കാൻ കഴിയില്ല എന്ന് അധികാരികളെ അദ്ദേഹം അറിയിച്ചു. 66 വയസ്സായ തനിക്ക് രോഗത്താൽ നിവർന്നുനിൽക്കാൻ സാധിക്കില്ലെന്നും തന്റെ കാഴ്ചശക്തിയും കേൾവിശക്തിയും ഏതാണ്ട് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കയാണെന്നും അദ്ദേഹം ഈ സന്ദേശവുമായെത്തിയ മാർപാപ്പയുടെ ദൂതനോട് പറഞ്ഞു. ഒരുപക്ഷെ, മാർപാപ്പ തന്നെ നേരിൽ കാണുകയാണെങ്കിൽ അഭിപ്രായം മാറ്റിയേക്കുമെന്ന് അദ്ദേഹം ചിന്തിച്ചു. ഇക്കാലത്ത് അൽഫോൻസിന്റെ രോഗം മൂർച്ഛിച്ച് അദ്ദേഹം അന്ത്യകൂദാശ സ്വീകരിക്കുന്ന അവസ്ഥയിലെത്തി. എന്നാൽ, ക്ലമന്റ് പതിമൂന്നാമൻ മാർപാപ്പ തന്റെ മനസ്സ് മാറ്റാൻ തയ്യാറായില്ല. പകരം രോഗം ഭേദമാകുമ്പോൾ റോമിലേക്കു വരാൻ അദ്ദേഹം സന്ദേശമയച്ചു. അൽഫോൻസ് ലിഗോരി തന്റെ ജീവിതത്തിൽ റോമിലേക്ക് നടത്തിയ ഒരേയൊരു സന്ദർശനമായിരുന്നു അത്. അവിടെ വച്ച് 1762 ൽ അദ്ദേഹം ബിഷപ്പായി അഭിഷിക്തനാവുകയും ചെയ്തു.

അൽഫോൻസ് ലിഗോരി ഒരു നല്ല ബിഷപ്പായിരിക്കും എന്ന മാർപാപ്പയുടെ പ്രതീക്ഷ അസ്ഥാനത്തായിരുന്നില്ല എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പിന്നീട് നടന്നത്. തന്റെ രൂപതയിലെ വിശ്വാസികളുടെ ആത്മീയനിലവാരം ഉയർത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹം ആരംഭിച്ചു. അതിനായി പുതിയ മിഷൻ പ്രവർത്തനരീതികൾ അൽഫോൻസ് തുടങ്ങുകയും അതിന് വ്യക്തിപരമായി നേതൃത്വം നൽകുകയും ചെയ്തു. തന്റെ സന്ന്യാസ സമൂഹത്തിന്റെ മാത്രമല്ല, മറ്റുള്ള സന്ന്യാസികളുടെ സഹായവും  അദ്ദേഹം ഇക്കാര്യത്തിൽ തേടി. അൽഫോൻസിന്റെ പ്രത്യേകശ്രദ്ധ പതിഞ്ഞ മറ്റൊരു മേഖല വൈദികപരിശീലനം ആയിരുന്നു. സെമിനാരിക്കാരെ തിരഞ്ഞെടുക്കുന്ന അഭിമുഖത്തിന് അദ്ദേഹം നേരിട്ടെത്തുകയും ദൈവവിളി ഉള്ളവരെന്ന് ബോധ്യപ്പെട്ടവരെ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുകയും ചെയ്തു. തുടർന്ന് ജീർണ്ണാവസ്ഥയിലായിരുന്ന സെമിനാരി കെട്ടിടം പുതുക്കിപ്പണിയുകയും അത് വാസയോഗ്യവും ആകർഷണീയവുമാക്കിത്തീർക്കുകയും ചെയ്തു. ഒരു ബിഷപ്പെന്ന നിലയിൽ അദ്ദേഹത്തിനുണ്ടായിരുന്ന നിരവധി തിരക്കിനിടയിലും സെമിനാരിക്കാരെ പഠിപ്പിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. പ്രധാനമായും പ്രഭാഷണകലയായിരുന്നു അദ്ദേഹം പഠിപ്പിച്ചത്. സെമിനാരിക്കാരുടെ പഠനത്തിന്റെ ഭാഗമായുള്ള ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന അവസരങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും പ്രസ്തുത സമ്മേളനങ്ങളിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഇത്തരത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച അൽഫോൻസ് ലിഗോരിയുടെ സെമിനാരിയിലേക്ക് മറ്റു രൂപതകളിൽ നിന്നുപോലും വൈദിക വിദ്യാർഥികളെ ബിഷപ്പുമാർ അയച്ചിരുന്നു.

ശരിയായ അറിവിന്റെ അഭാവം വിശ്വാസജീവിതത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞ അൽഫോൻസ് ലിഗോരി തന്റെ ദൈവജനത്തെ സഹായിക്കുന്നതിനായി സ്ഥിരമായി ദൈവാലയങ്ങൾ സന്ദർശിച്ച് പ്രസംഗങ്ങൾ  നടത്തി. പിന്നീട് ഈ  പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. പരിശുദ്ധ കുർബാനയോടും ദൈവമാതാവിനോടുമുള്ള ഭക്തി വർധിപ്പിക്കുന്നതിന് ഉതകുന്ന പ്രാർഥനകൾ പുതിയതായി അദ്ദേഹം എഴുതിയുണ്ടാക്കി. സെമിനാരി പരിശീലനത്തിന് വലിയ പ്രാധാന്യം കൊടുത്തുകൊണ്ട് വൈദികരുടെ ആത്മീയനിലവാരം ഉയർത്തുന്നതിന് അദ്ദേഹം ശ്രദ്ധ ചെലുത്തി. കുർബാനയിലുള്ള ഭക്തി വർധിപ്പിക്കുന്നതിനുള്ള കാര്യങ്ങൾ അദ്ദേഹം ആവിഷ്ക്കരിച്ചു. തന്റെ ബിഷപ്പിന്റെ മോതിരം ഉൾപ്പെടെയുള്ള സാധനങ്ങൾ വിറ്റ് പാവങ്ങളെ സഹായിച്ചു.

എഡി 1765 ൽ രൂപതയെക്കുറിച്ച് പരിശുദ്ധ സിംഹാസനത്തിനു സമർപ്പിച്ച റിപ്പോർട്ടിൽ വി. അൽഫോൻസ് ഇപ്രകാരം എഴുതി: “ചൂഷണം, അധാർമ്മികത, അന്ധവിശ്വാസപരമായ സമ്പ്രദായങ്ങൾ തുടങ്ങിയവ ഇപ്പോൾ ഈ നഗരത്തിലോ, രൂപതയിലോ ഇല്ല. എല്ലാ ദിവസവും ഒരു നിശ്ചിത സമയത്ത് ദൈവാലയമണികൾ മുഴങ്ങുമ്പോൾ വിശ്വാസികൾ പ്രധാന ദൈവാലയത്തിൽ ഒത്തുകൂടുകയും പരിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ച് പ്രാർഥിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നു. കത്തീഡ്രൽ ദൈവാലയത്തിലെ ഈ ആരാധനയിൽ സംബന്ധിക്കുന്നതിന് ഞാൻ ഒരിക്കലും മുടക്കം വരുത്തിയിട്ടില്ല. അതിരാവിലെയുള്ള കുർബാനയ്ക്കു മുൻപായി നടത്തുന്ന മൗനപ്രാർഥനയിലും ശനിയാഴ്ചയിലെ മാതാവിനോടുള്ള ഭക്താഭ്യാസങ്ങളിലും ഇവിടെ അനേകർ സംബന്ധിക്കുന്നു.”

ക്ലമന്റ് പതിമൂന്നാമൻ മാർപാപ്പ അൽഫോൻസിന്റെ രാജി നിരസിച്ചുകൊണ്ട് ഇപ്രാകാരം എഴുതി: “അദ്ദേഹം തന്റെ കിടക്കയിലായിരുന്നു കൊണ്ട് രൂപതയെ ഭരിച്ചാൽ മതി. അദ്ദേഹത്തിന്റെ പ്രാർഥനകൾ തന്നെ ജനത്തിന് ലോകത്തിലുള്ള മറ്റെല്ലാ പ്രവർത്തനങ്ങെളേക്കാളും ഫലദായകമാണ്.” എന്നിരുന്നാലും 1775 പിയൂസ് ആറാമൻ മാർപാപ്പ രൂപതാഭരണത്തിൽ നിന്നും അദ്ദേഹത്തിന് വിടുതൽ നൽകി. അങ്ങനെ 13 വർഷത്തെ മേൽപട്ട ശുശ്രൂഷയിൽ നിന്നും തന്റെ 79-ാമത്തെ വയസ്സിൽ അദ്ദേഹം പടിയിറങ്ങി. അൽഫോൻസിന്റെ ജീവിതത്തിന്റ അവസാന നാളുകൾ വളരെയധികം സഹനങ്ങൾ നിറഞ്ഞതായിരുന്നു. രോഗങ്ങളും അദ്ദേഹം സ്ഥാപിച്ച സമൂഹത്തിലെ സഹോദര വൈദികരുടെ സമീപനങ്ങളുമായിരുന്നു ഈ സഹനത്തിന്റെ പ്രധാന കാരണങ്ങൾ.

പ്രഭുകുടുംബത്തിലാണ് ജനിച്ചതെങ്കിലും  അൽഫോൻസ് പാവങ്ങളോടാണ് തന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഒരു ബിഷപ്പെന്ന നിലയിൽ ആരിൽ നിന്നും സമ്മാനങ്ങൾ വാങ്ങില്ല എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. ഒരു എഴുത്തുകാരൻ എന്ന നിലയിൽ തന്റെ പുസ്തകത്തിൽ നിന്ന് യാതൊരു ലാഭവും അദ്ദേഹം വാങ്ങിയിരുന്നില്ല. അനേക വർഷങ്ങൾ ഒരുനേരം ഭക്ഷണം കഴിച്ചാണ് അദ്ദേഹം ജീവിച്ചത്. ഒരിക്കൽ അദ്ദേഹത്തിന്റെ ഔദാര്യം കാരണം പലരും അൽഫോൻസിനെ കബളിപ്പിക്കുണ്ടെന്നു പറഞ്ഞ സന്ന്യാസിയോട് അദ്ദേഹം പ്രതികരിച്ചത് ഇപ്രകാരമാണ്. “അത് ശരിയായിരിക്കാം. എന്നാൽ, കബളിപ്പിക്കപ്പെട്ടാലും ഔദാര്യമതിയായിരിക്കുന്നതാണ് ദാനത്തിൽ പിശുക്കനായി ഒരുവന്റെ ആത്മാവ് നഷ്ടമാകുന്നതിനേക്കാൾ നല്ലത്.” ബിഷപ്പ് തങ്ങളുടെ ദേശത്തെ ഏറ്റം നല്ല മനുഷ്യനായി ആളുകൾ കണ്ടിരുന്നതിനാൽ ആ ഗ്രാമത്തിലെ ചിലരെങ്കിലും ജോലിചെയ്യാൻ പോകുമ്പോൾ തങ്ങളുടെ കൊച്ചുകുട്ടികളെ ബിഷപ്പിന്റെ ഭവനത്തിൽ കൊണ്ടാക്കിയിട്ട് പോകുമായിരുന്നു.

അന്ത്യനാളുകൾ, മരണം

രോഗങ്ങൾ കലശലായ അവസരത്തിൽ വി. അൽഫോൻസ് തന്റെ ബിഷപ്പ് പദവി രാജിവയ്ക്കുകയും മാർപാപ്പ അത് സ്വീകരിക്കുകയും ചെയ്തു. ബിഷപ്പ് സ്ഥാനത്ത്  നിന്നും രാജിവച്ച് തന്റെ പഴയ ആശ്രമത്തിലേക്കു പോയപ്പോൾ ഇത് തന്റെ അന്ത്യയാത്രയ്ക്കുള്ള ഒരുക്കസമയമാണെന്ന് അൽഫോൻസ് മറ്റുള്ളവരോട് പറഞ്ഞിരുന്നു. എന്നാൽ, അതിശയകരമായ കാര്യം അദ്ദേഹം വിശ്രമജീവിതത്തിൽ പോയതിനു ശേഷം 12 വർഷങ്ങൾ കൂടി ജീവിച്ചുവെന്നതാണ്. വലിയ ശാരീരികസഹനങ്ങൾ ഉണ്ടായിരുന്നപ്പോഴും അദ്ദേഹം തന്റെ ജോലി തുടർന്നുകൊണ്ടേയിരുന്നു. പ്രാർഥനയ്ക്കും എഴുത്തിനും ആത്മീയ ഉപദേശത്തിനുമായാണ് അദ്ദേഹം തന്റെ സമയം ചിലവഴിച്ചത്. ഇറ്റലിയിലെ പഗാനിയിൽ താൻ സ്ഥാപിച്ച സന്ന്യാസ ആശ്രമത്തിലാണ് അദ്ദേഹം തന്റെ അന്ത്യകാലങ്ങൾ ചിലവഴിച്ചത്. അവിടെ വച്ച്  1787 ഓഗസ്റ്റ് ഒന്നിന് അദ്ദേഹം അന്തരിച്ചു.

1816 സെപ്റ്റംബർ 15 ന് പിയൂസ് ഏഴാം മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായും 1839 മെയ് 26 ന് ഗ്രിഗറി പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായും പ്രഖ്യാപിച്ചു. എഡി 1949 ൽ റിഡപ്റ്ററിസ്റ്റ് സന്ന്യാസ സമൂഹം വി. അൽഫോൻസ് ലിഗോരിയുടെ ബഹുമാനാർഥം റോമിൽ ധാർമ്മിക ദൈവശാസ്ത്ര പഠനത്തിനായി അൽഫോൻസിയാനം എന്ന പേരിൽ ഒരു സർവകലാശാല സ്ഥാപിച്ചു. പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ 1950 ഏപ്രിൽ 26 ന് അദ്ദേഹത്തെ കുമ്പസാരക്കാരുടെയും ധാർമ്മിക ദൈവശാസ്ത്രജ്ഞരുടെയും മധ്യസ്ഥനായി പ്രഖ്യാപിച്ചു. കൂടാതെ, ‘ഹൗറീയേത്തിസ് അക്വാസ്’ എന്ന തന്റെ ചാക്രികലേഖനത്തിൽ അദ്ദേഹത്തിന്റെ ജീവിതം എത്ര മഹനീയമാണെന്ന് എഴുതുകയും ചെയ്തു.

വി. അൽഫോൻസ് ലിഗോരിയുടെ അവസാന നാളുകൾ വിവരണാതീതമായ പ്രയാസങ്ങളുടേതും സഹനത്തിന്റേതുമായിരുന്നു. അദ്ദേഹം അന്ധനായിത്തീർന്നുവെന്ന് മാത്രമല്ല, നിരന്തരം തലവേദനയാൽ പ്രയാസപ്പെടുകയും ചെയ്തു. അതിനേക്കാൾ അദ്ദേഹത്തെ ദുഃഖിതനാക്കിയത്, കൂടെയുള്ളവർ തള്ളിപ്പറയുകയും പല സുഹൃത്തുക്കളും ബന്ധം ഉപേക്ഷിച്ചുപോവുകയും ചെയ്തതാണ്. അദ്ദേഹത്തിന്റെ മരണസമയത്ത് റിഡപ്റ്ററിസ്റ്റ് സന്ന്യാസ സമൂഹം 15 ഭവനങ്ങളിലായി 200 അംഗങ്ങളുമുള്ള സമൂഹമായി വളർന്നിരുന്നു. അനേകം വിശുദ്ധരെ സഭയ്ക്ക് പ്രദാനം ചെയ്ത ഈ സമൂഹത്തിൽ ഇന്ന് അയ്യായിരത്തോളം അംഗങ്ങളുണ്ട്.

ദൈവശാസ്ത്ര സംഭാവനകൾ 

ക്രിസ്തീയ ദൈവശാസ്ത്രത്തിന് അമൂല്യസംഭാവനകൾ നൽകിയ 111 കൃതികളുടെ കർത്താവാണ് വി. അൽഫോൻസ്. ഒരു ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം ചിത്രകല, കവിത, സംഗീതം എന്നീ മേഖലകളിലും തന്റെ പ്രാഗദ്ഭ്യം തെളിയിച്ചിട്ടുണ്ട്. അൽഫോൻസിന്റെ മാതാപിതാക്കൾ അദ്ദേഹത്തെ ചെറുപ്രായത്തിൽ തന്നെ ഇതിനുള്ള പരിശീലനം നൽകുകയും കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.  കത്തോലിക്കാ സഭയിലെ ഏറ്റം കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരുടെ ഗണത്തിൽ അദ്ദേഹം ഉൾപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ 21,500 പതിപ്പുകളാണ് ഇതുവരെ 72 ഭാഷകളിലായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. സഭയുടെ മുഖ്യധാരയിൽ നിന്നുകൊണ്ട് സഭയോടൊത്തു ചിന്തിച്ച ദൈവശാസ്ത്രജ്ഞനാണ് അൽഫോൻസ്. താൻ എന്തുകൊണ്ടാണ് കത്തോലിക്കാ വിശ്വാസത്തിന്റെ വക്താവായിരുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹം എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: “കത്തോലിക്കാ സഭയുടെ ദൈവീകപ്രബോധനങ്ങളെ നിരാകരിക്കുക എന്നാൽ നമുക്ക് ലഭിച്ചിരിക്കുന്ന വെളിപാടിന്റെയും ബുദ്ധിയുടെയും അടിസ്ഥാനത്തെതന്നെ തള്ളിപ്പറയുക എന്നതാണ്…”

ധാർമ്മിക ദൈവശാസ്ത്രം

അൽഫോൻസ് ലിഗോരിയുടെ ഏറ്റം നിർണ്ണായക സംഭാവന ധാർമ്മിക ദൈവശാസ്ത്ര മേഖലയിലാണ്. 1748 ൽ പ്രസിദ്ധീകരിച്ച ‘ധാർമ്മിക ദൈവശാസ്ത്രം’ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി വിലയിരുത്തപ്പെടുന്നു. ഈ കൃതി അനേകവർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി രൂപപ്പെടുത്തിയതാണ്. ഈ വിഷയത്തിലുള്ള അനേകം എഴുത്തുകാരുടെ ചിന്തകൾ ഈ ഗ്രന്ഥത്തിൽ സാംശീകരിച്ചിരിക്കുന്നു. തന്റെ അജപാലനമേഖലയിലെ പ്രായോഗിക അറിവിന്റെ അടിസ്ഥാനത്തിൽ രചിക്കപ്പെട്ട ഈ കൃതി മാർപാപ്പമാരുടെ പോലും പ്രശംസ നേടിയിട്ടുണ്ട്. സാധാരണക്കാരായ വിശ്വാസികൾ തങ്ങളുടെ ജീവിതത്തിലെ ധാർമ്മികപ്രശ്നങ്ങളുമായി അദ്ദേഹത്തെ സമീപിച്ചപ്പോൾ ദൈവീക വെളിപാടിന്റെയും വിശുദ്ധ ഗ്രന്ഥത്തിന്റെയും അടിസ്ഥാനത്തിൽ അദ്ദേഹം അവർക്ക് ഉത്തരം നൽകി. ഊഷരമായ നിയമസിദ്ധാന്തങ്ങളെയോ, കഠിന അനുഷ്ഠാനങ്ങളെയോ അദ്ദേഹം അനുകൂലിച്ചില്ല. ഇങ്ങനെ ചിന്തിക്കുന്നത് സുവിശേഷമൂല്യങ്ങൾക്ക് എതിരാണെന്നും അതിനാൽതന്നെ സഭ ഒരിക്കലും അതിനെ അനുകൂലിച്ചിരുന്നില്ല എന്നതുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വിവേകത്തോടെയുള്ള ഒരു മധ്യവഴിയായിരുന്നു അൽഫോൻസിന്റേത്. 2017 ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പ് അഞ്ചു വാല്യങ്ങളിലായിട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അദ്ദേഹം എഴുതിയ ‘കുരിശിന്റെ വഴി’ എന്ന പ്രാർഥനാഗ്രന്ഥം ക്രിസ്തുസ്നേഹത്തിന്റെ തീഷ്ണതയാൽ വിളങ്ങിനിന്ന ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു വി. അൽഫോൻസ് എന്ന് നമുക്ക് കാണിച്ചുതരുന്നു. ഇന്ന് കത്തോലിക്കാ സഭയിൽ വ്യാപകമായി ഉപയോഗിക്കുന്ന അദ്ദേഹം എഴുതിയ കുരിശിന്റെ വഴി നമുക്ക് പറഞ്ഞുതരുന്നത് ലോകരക്ഷകനായ ക്രിസ്തുവിന്റെ നമ്മോടുള്ള സ്നേഹമാണ്. കാവ്യാത്മകമായും ഭക്തിനിർഭരമായും എഴുതിയിരിക്കുന്ന ഈ പുസ്തകം അനേകരെ ഭക്തിയിലും വിശ്വാസത്തിലും വളരാൻ സഹായിച്ചിട്ടുണ്ട് എന്നത് നിസ്തർക്കമാണ്. ഒരു വിശുദ്ധന്റെ മനസ്സ് എങ്ങനെയാണെന്ന് വെളിപ്പെടുത്തുന്ന ഭക്താഭ്യാസം കൂടിയാണ് ഇത്.

‘വിശുദ്ധ കുർബാന സന്ദർശനം’ എന്ന കൃതി അദ്ദേഹം കത്തോലിക്കാ ദൈവാലയങ്ങളിൽ വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവയ്ക്കുമ്പോൾ ഭക്തി പ്രകടിപ്പിക്കാൻ എത്തുന്നവരെ സഹായിക്കാനായി എഴുതിയ പ്രാർഥനയാണ്. ഇത് വി. കുർബാന സക്രാരിയിൽ സൂക്ഷിച്ചിരിക്കുന്ന ദൈവാലയങ്ങൾ സന്ദർശിക്കുമ്പോഴും ഭക്തി പ്രകടിപ്പിക്കാനായി ഉപയോഗിക്കാവുന്നതാണ്. യേശുക്രിസ്തു വിശുദ്ധ കുർബാനയിലൂടെ നമ്മോട് കാണിച്ച സ്നേഹം വെളിപ്പെടുത്തുന്ന പ്രാർഥനയാണ് ഇത്. ഒരു മാസത്തിലെ എല്ലാ ദിവസവും വിശുദ്ധ കുർബാന സന്ദർശനസമയത്ത് ഒരാൾക്ക് നടത്താൻ വേണ്ടി വി. അൽഫോൻസ് എഴുതി തയ്യാറാക്കിയ പ്രാർഥനയാണിത്. യേശുവിനോട് കൂടുതൽ അടുക്കുന്നതിന് ഇത് നമ്മെ സഹായിക്കുന്നു. അദ്ദേഹം ഇതിൽ എഴുതുന്നു: “ഏറ്റം പരിശുദ്ധമായ വിശുദ്ധ കുർബാന – ഇവിടെയാണ്, ഭൂമിയിലെ നമ്മുടെ സ്വർഗം.” ഈ ഭക്താഭ്യാസത്തോടു ചേർന്ന് മരിയഭക്തി പ്രോത്സാഹിപ്പിക്കുക ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന കൃതിയാണ് ‘പരിശുദ്ധ അമ്മയെ സന്ദർശിക്കുക’ എന്നത്. മാതാവിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചുകൊണ്ടുള്ള പ്രാർഥനകളുടെ സമാഹാരമാണിത്.

‘മറിയത്തിന്റെ മഹത്വം’ എന്ന ഗ്രന്ഥം അദ്ദേഹം എഴുതിയത് അക്കാലത്ത് മരിയൻ ഭക്തിക്കെതിരെ സഭയിലുണ്ടായ ചില വിമർശനങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സഭാപിതാക്കന്മാരുടെയും വേദപാരംഗതരുടെയും പഠനങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം തയ്യാറാക്കിയിരിക്കുന്ന ഈ ഗ്രന്ഥത്തിൽ അദ്ദേഹം തന്നെ എഴുതിയുണ്ടാക്കിയ ചില പ്രാർഥനകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഹെർമാനൂസ് കോൺട്രാക്തൂസ് എന്ന ബെനഡിക്റ്റീൻ സന്ന്യാസി എഴുതിയ പ്രസിദ്ധ മരിയൻ ഭക്തിഗാനം ‘സാൽവെ റെജീന’യെക്കുറിച്ചുള്ള ഒരു വിവരണമാണ് ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത് നൽകിയിരിക്കുന്നത്. രണ്ടാം ഭാഗത്ത് പ്രധാനപ്പെട്ട മരിയൻ തിരുനാളുകളെക്കുറിച്ചുള്ള ഒരു വിവരണമാണ്. മൂന്നാം ഭാഗം മറിയത്തിന്റെ ഏഴ്  വ്യാകുലങ്ങളെക്കുറിച്ചും സഹനങ്ങളെക്കുറിച്ചുമുള്ളതാണ്. മറിയത്തിന്റെ പത്ത്  പുണ്യങ്ങൾ വിവരിക്കുന്ന നാലാം ഭാഗം ഈ പുണ്യങ്ങൾ എല്ലാ ക്രിസ്തീയവിശ്വാസികൾക്കും മാതൃകയായി അവതരിപ്പിച്ചിരിക്കുന്നു. അഞ്ചാം ഭാഗത്ത് മരിയൻ പ്രാർഥനകളും ഭക്താഭ്യാസങ്ങളുമാണ് കൊടുത്തിരിക്കുന്നത്.

വി. അൽഫോൻസ് ലിഗോരിയുടെ എഴുത്തിന്റെ മനോഹാരിത മനസ്സിലാക്കുന്നതിലേക്കായി ‘ദൈവേഷ്ഠവുമായുള്ള സാരൂപ്യം’ എന്ന വിശിഷ്ട ആത്മീയസാഹിത്യകൃതിയിലെ ചില ആശയങ്ങൾ ഇവിടെ കൊടുക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഇത്തരത്തിലുള്ള ഒരു കൃതി ഇന്നും പ്രസക്തമാകുന്നത് അതിനുള്ളിലെ ആത്മീയസത്യങ്ങൾ കാലാതീതമായിരിക്കുന്നതിനാലാണ്. നമ്മുടെ സഹനങ്ങൾ പരിശുദ്ധിയിൽ വളരുന്നതിനുള്ള വഴികളാണ്. ദൈവത്തിന് നമുക്ക് നൽകാൻ സാധിക്കുന്ന ഏറ്റം വലിയ മഹത്വം ഓരോ നിമിഷവും അവിടുത്തെ ഇഷ്ടം നിറവേറ്റുക എന്നതാണ്. ദൈവത്തിന്റെ ഹിതവുമായി നമ്മുടെ മനസ്സിനെ ചേർത്തുവയ്ക്കുന്നത് ദൈവത്തോട് നമുക്കുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിന് വളരെ സഹായകമാണ്. ഇത് നമ്മുടെ  മനസ്സിന്റെ അസ്വസ്ഥതകളെ എല്ലാം എടുത്തുമാറ്റുന്നതിന് ഉപകരിക്കും. നല്ലകാലങ്ങളിൽ മാത്രമല്ല, വേദനകളുടെയും ദുഃഖങ്ങളുടെയും സമയത്തും നാം ദൈവഹിതം ചെയ്തുകൊണ്ടേയിരിക്കണം. പരാതി പറഞ്ഞുകൊണ്ടിരിക്കുന്നത് നിരർഥകമാണ്. സഹനം, ദൈവവുമായി അടുക്കാനും നമുക്ക് ആത്മീയമായി വളരാനുമുള്ള അവസരമാണ്. ആത്മീയ അനുഗ്രഹങ്ങൾ ലഭിച്ചുകൊണ്ടിരിക്കുമ്പോൾ ദൈവഹിതം നിറവേറ്റുക എളുപ്പമാണ്. എന്നാൽ നമ്മുടെ യഥാർഥ സ്വഭാവം വെളിപ്പെടുന്നത് സഹനങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിലൂടെയാണ്. ദൈവം ഈ അവസരത്തിൽ നമ്മെ ഉപേക്ഷിച്ചു എന്ന ചിന്ത നമ്മുടെ ആത്മീയ പക്വതക്കുറവിന്റെ ലക്ഷണമാണ്. നാമെല്ലാം നിരന്തരം ദൈവത്തോട് ഇപ്രകാരം പ്രാർഥിക്കണം: “ദൈവമേ, അങ്ങയുടെ നയങ്ങളിൽ പ്രീതികരമായ വിധത്തിൽ എന്നെ പുനർനിർമ്മിക്കുകയോ, തകർക്കുകയോ ചെയ്തുകൊള്ളുക. അതിൽ ഞാൻ സംതൃപ്തി കണ്ടെത്തിക്കൊള്ളാം. അങ്ങ് ആഗ്രഹിക്കുന്നതു മാത്രമേ ഞാനും അഭിലഷിക്കുന്നുള്ളൂ.” പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ഇപ്രകാരമാണ് പ്രാർഥിക്കേണ്ടത്: “കർത്താവേ, അങ്ങ് ആഗ്രഹിക്കുന്നതു മാത്രമേ എന്റെ ജീവിതത്തിൽ സംഭവിക്കാവൂ. അങ്ങയുടെ കൃപ ഒരിക്കലും എനിക്ക് നഷ്ടപ്പെടാതിരിക്കട്ടെ!”

പഠനത്തിലും എഴുതുന്നതിലും അസാമാന്യ കഴിവുണ്ടായിരുന്ന അൽഫോൻസിന്  ചെറുപ്രായത്തിൽ തന്നെ സംഗീതം പഠിക്കാൻ അവസരം കിട്ടിയത് അദ്ദേഹത്തിനുണ്ടായിരുന്ന സംഗീതവാസനകളെ ഉത്തേജിപ്പിച്ചു. വിവിധ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനു മാത്രമല്ല, മനോഹര ഗീതങ്ങൾ എഴുതി സംഗീതം കൊടുക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ബിഷപ്പായിരുന്നപ്പോൾ തന്റെ രൂപതയിൽ ഗ്രിഗോറിയൻ സംഗീതം ആലപിക്കുന്നത് നടപ്പിലാക്കുകയും ദൈവാലയസംഗീതത്തെക്കുറിച്ച് ഒരു ഇടയലേഖനം പുറപ്പെടുവിക്കുകയും ചെയ്തു. പ്രാദേശികസഭയ്ക്ക് ആവശ്യമായ രീതിയിലുള്ള സംഗീതശൈലി തന്റെ രൂപതയിൽ അദ്ദേഹം നടപ്പിലാക്കി. കൂടാതെ, അദ്ദേഹം ഇടവകകൾ സന്ദർശിക്കുമ്പോൾ മനോഹരമായി ആരാധന നടത്തുകയും പാടുകയും ചെയ്തിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അങ്ങനെ അൻപതോളം ഗീതങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു.

കുമ്പസാരം കേൾക്കുക എന്നത് റിഡപ്റ്ററിസ്റ്റ് സന്ന്യാസികളുടെ പ്രധാന ദൗത്യമായി ഏറ്റെടുക്കണമെന്ന് തന്റെ സമൂഹത്തിലെ സന്ന്യാസിമാരോട് അദ്ദേഹം ആവശ്യപ്പെടുകയും അത് നിയമാവലിയിൽ ഉൾപ്പെടുത്തുകയും ചെയ്തു: “കുമ്പസാരം കേൾക്കുന്നതിനേക്കാൾ പ്രിയപ്പെട്ടതായി റിഡപ്റ്ററിസ്റ്റ് സന്ന്യാസികൾക്ക് മറ്റൊന്നുമില്ല. കാരണം, ദൈവമഹത്വവും മനുഷ്യരക്ഷയും സാധ്യമാകുന്ന വലിയൊരു വേദിയാണിത്.” ഇക്കാരണത്താലാണ് ധാർമ്മിക ദൈവശാസ്ത്രജ്ഞരുടെയും കുമ്പസാരക്കാരുടെടെയും മധ്യസ്ഥനായി പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ രൂപതയിലെ വൈദികർ മാസത്തിലൊരിക്കൽ കുമ്പസാരം കേൾക്കുന്നതിനായി അവരുടെ ഇടവകയിൽ വേറൊരു അച്ചനെ ക്രമീകരിക്കണമെന്ന് വി. അൽഫോൻസ് അവരെ ഉപദേശിച്ചിരുന്നു. കൂടാതെ, വിശ്വാസികൾ അഭിമുഖീകരിക്കുന്ന ധാർമ്മിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് വൈദികർ ഒത്തുചേരുന്ന പതിവ് ഉണ്ടാകണമെന്നും അദ്ദേഹം നിഷ്ക്കർഷിച്ചിരുന്നു.

ഉപസംഹാരം

വളരെ സങ്കീർണ്ണമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു വി. അൽഫോൻസ് ലിഗോരി. ജീവിതം യാതൊരു മറയില്ലാതെ എളിമയോടെ ജീവിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. അതീവ ബുദ്ധിമാനായിരുന്നെങ്കിലും ഒരു സാധാരണക്കാരനെപ്പോലെ അദ്ദേഹം കാണപ്പെടുകയും മറ്റുള്ളവരോട് പെരുമാറുകയും ചെയ്തു. ധാർമ്മികതയുടെ എല്ലാ വശങ്ങളും അറിഞ്ഞിരുന്നെങ്കിലും ചിലപ്പോഴൊക്കെ വലിയ മനശ്ചാഞ്ചല്യം ഉണ്ടാകുമായിരുന്നു. ഒരു നിമിഷം വൃഥാ കളയില്ലാ എന്ന നിശ്ചയത്തോടെ ജീവിച്ചപ്പോഴും സംഗീതത്തിനു വേണ്ടി ഒരുപാട് സമയം ചിലവഴിച്ചിരുന്നു. പ്രവചനങ്ങൾ നടത്തുകയും അദ്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തിരുന്നെങ്കിലും താൻ അയോഗ്യനാണെന്നാണ് എപ്പോഴും കരുതിയിരുന്നത്. പുരാതനവും പുതിയതുമായ ധാരാളം ദൈവശാസ്ത്രജ്ഞരെ അടുത്തറിഞ്ഞപ്പോഴും തന്റേതായ നിഗമനങ്ങളിൽ എത്തുന്നതിന് അദ്ദേഹത്തിന് യാതൊരു ബുദ്ധിമുട്ടുമില്ലായിരുന്നു. പ്രഭുകുടുംബത്തിൽ നിന്നും വന്നുവെങ്കിലും പാവപ്പെട്ടവരെ കരുതുകയും അവരോടൊത്ത് ധാരാളം സമയം ചിലവഴിക്കുകയും ചെയ്തു. മിക്ക വിശുദ്ധരുടെയും പ്രത്യേകതയായ ‘താനൊരു വിശുദ്ധനാണെന്ന്’ അറിയാതെ വിശുദ്ധജീവിതം നയിച്ച ആളാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകൾ ആളുകളെ വളരെയധികം സ്വാധീനിക്കുകയും അതുതന്നെ അനേകരുടെ മാനസാന്തരത്തിനു കാരണമാവുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് അദ്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിവുണ്ടെന്ന് മറ്റുള്ളവർ പറയുമ്പോൾ അതിന് സാധിക്കുമായിരുന്നെങ്കിൽ താൻ തന്റെ തന്നെ രോഗങ്ങളെ  സൗഖ്യമാക്കിയേനെ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. നമ്മുടെ അനുദിന ജീവിതത്തിലെ സഹനങ്ങളെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് വി. അൽഫോൻസ് ലിഗോരിയെപ്പോലെ കൈകാര്യം ചെയ്യുന്നതിനുള്ള അനുഗ്രഹത്തിനായി നമുക്ക് പ്രാർഥിക്കാം.

ആത്മീയ കുർബാന അനുഭവത്തിനായി വി. അൽഫോൻസ് എഴുതിയ പ്രാർഥന, കുർബാന സ്വീകരിക്കാൻ പറ്റാത്ത അവസരത്തിലും ദൈവാലയ സന്ദർശനവേളകളിലും നമുക്ക് ചൊല്ലാവുന്നതാണ്.

“എന്റെ യേശുവേ, വിശുദ്ധ കുർബാനയിൽ അവിടുന്ന് സന്നിഹിതനാണെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാത്തിനേക്കാളും അവിടുത്തെ ഞാൻ സ്നേഹിക്കുന്നു. അവിടുത്തെ എന്റെ ഹൃദയത്തിൽ സ്വീകരിക്കുന്നതിന് ഞാൻ ആഗ്രഹിക്കുന്നു. കൂദാശപരമായി ഇപ്പോൾ എനിക്ക് അവിടുത്തെ സ്വീകരിക്കാൻ സാധിക്കാത്തതിനാൽ ആത്മീമായി അവിടുന്ന് എന്റെ ഹൃദയത്തിലേക്ക് വരിക. അങ്ങ് അവിടെയുണ്ടെന്ന് അഭിലഷിച്ചുകൊണ്ട് ഞാൻ അവിടുത്തെ ആലിംഗനം ചെയ്യുകയും എന്നെ പൂർണ്ണമായും അങ്ങയോട് ചേർത്തുവയ്ക്കുകയും ചെയ്യുന്നു. അങ്ങിൽ നിന്നും അകലുന്നതിന് എനിക്ക് ഒരിക്കലും ഇടയാകാതിരിക്കട്ടെ. ആമ്മേൻ.”

ഫാ. മാത്യു ചാർത്താക്കുഴിയിൽ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.