ലെബ്രോൺ ജെയിംസും വിശുദ്ധരുടെ തിരുനാളുകളും: ഒരു വ്യാജ ചിത്രത്തിൽ നിന്ന് ഉയർന്ന നല്ല ചിന്ത

​പ്രശസ്ത ബാസ്കറ്റ്ബോൾ താരം ലെബ്രോൺ ജെയിംസ് പെൻസിൽവേനിയയിലെ ഒരു പള്ളിയിൽ വിശുദ്ധ ജെയിംസിന്റെ തിരുനാൾ ദിനത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തുവെന്ന രീതിയിൽ പ്രചരിച്ച ഒരു ഇൻസ്റ്റഗ്രാം ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. വൈദികൻ ധരിച്ച വസ്ത്രത്തിന്റെ നിറത്തിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ചിത്രം എഐ (AI) നിർമ്മിതമാണെന്ന് പലരും വാദിക്കുന്നുണ്ടെങ്കിലും ആ ചിത്രത്തിന്റെ സത്യസന്ധതയേക്കാൾ കൗതുകകരമായ മറ്റൊരു ആശയത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

​പേരിലെ വിശുദ്ധനും പ്രമുഖർക്കുള്ള ക്ഷണവും

തങ്ങളുടെ പേരുള്ള വിശുദ്ധരുടെ തിരുനാൾ ദിനത്തിൽ ആ പേരുള്ള പ്രശസ്തരെ ദൈവാലയത്തിൽ വിശുദ്ധ കുർബാനയിലേക്ക് ക്ഷണിച്ചാൽ എങ്ങനെയിരിക്കും? ഉദാഹരണത്തിന് വിശുദ്ധ മൈക്കിളിന്റെ തിരുനാളിൽ മൈക്കിൾ ജോർദാനെയോ, വിശുദ്ധ ജോർജിന്റെ തിരുനാളിൽ ജോർജ് ക്ലൂണിയെയോ ക്ഷണിക്കുന്നത് സങ്കൽപ്പിച്ചു നോക്കൂ. ജനങ്ങളെ സ്വാധീനിക്കാൻ കഴിവുള്ള പ്രമുഖർ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നത് സാധാരണക്കാർക്കും തങ്ങളുടെ നാമഹേതുകരായ വിശുദ്ധരെക്കുറിച്ചും തിരുനാളുകളെക്കുറിച്ചും ചിന്തിക്കാൻ പ്രചോദനമാകും.

ഈ ആശയം പ്രമുഖരിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. ‘ഈ ഞായറാഴ്ച ‘ജെയിംസ്’ എന്ന് പേരുള്ള എല്ലാവർക്കും പള്ളിയിലേക്ക് സ്വാഗതം’ എന്ന് ഇടവകകൾ പരസ്യം നൽകിയാൽ അത് എത്ര മനോഹരമായിരിക്കും. വർഷങ്ങളായി പള്ളിയിൽ പോകാത്ത ഒരാൾക്ക് പോലും തങ്ങളുടെ നാമഹേതുകന്റെ തിരുനാൾ ദിനത്തിൽ വീണ്ടും ദൈവാലയത്തിലെത്താൻ ഇത്തരം വ്യക്തിപരമായ ക്ഷണങ്ങൾ വഴിയൊരുക്കാം.

​ലെബ്രോൺ ജെയിംസിന്റെ ചിത്രം വ്യാജമാണോ അല്ലയോ എന്നതിനേക്കാൾ പ്രധാനം, അത് മുന്നോട്ടുവെക്കുന്ന ലളിതമായ ഈ ആശയമാണ്. വലിയ പ്രചാരണങ്ങളോ പദ്ധതികളോ ഇല്ലാതെ തന്നെ ആളുകളെ ചേർത്തുവെക്കാൻ ഇത്തരം ചെറിയ ക്ഷണങ്ങൾക്ക് കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.