ആശ്രയമായി ‘ആശ്രയ’യും ഉഷാറായി ശാന്ത ജോസും: ഇത്, ഒരു വീട്ടമ്മയിൽ നിന്നും സാമൂഹ്യപ്രവർത്തകയിലേക്കുള്ള വളർച്ചയുടെ കഥ

മരിയ ജോസ്

“എല്ലാ കാര്യങ്ങളും ദൈവത്തെ ഭരമേല്പിക്കും. നാളെ എന്ത് ചെയ്യുമെന്ന ആശങ്കകളില്ല. എങ്കിലും ദിവസേന അറുപതിനായിരത്തോളം രൂപ സഹായമായി ആശ്രയയിലൂടെ ആവശ്യക്കാരിലേക്ക് എത്തുന്നുണ്ട്. എവിടുന്നുകിട്ടും, എവിടെ പോകുന്നു എന്നൊന്നും അറിയില്ല. എല്ലാകാര്യങ്ങളും മാതാവിനോടു പറയും. മാതാവ് അത്ഭുതം പ്രവർത്തിക്കും. അതിനാൽതന്നെ ഇതുവരെ ഒന്നും തികയാതെ വന്നിട്ടില്ല.” സർക്കാർ, വനിതാരത്നം അവാർഡ് നൽകി ആദരിച്ച, ആർ.സി.സിയിൽ കാൻസർ രോഗികൾക്ക് ആശ്വാസം പകരുന്നആശ്രയ വോളന്ററി ഓർഗനൈസേഷന്റെ’ സ്ഥാപകയായ ശാന്ത ജോസ് സംസാരിക്കുന്നു.

“ഞാൻ ഒരു സാധാരണ വീട്ടമ്മയാണ്. ഇന്നും ഇതൊക്കെ ചെയ്യുമ്പോൾ വെറുതെ സമയംകളയാതെ ഒരാൾക്കെങ്കിലും നല്ലത് ചെയ്യാൻ, സഹായമാകാൻ കഴിയുന്നുണ്ടല്ലോ. അതുതന്നെ സന്തോഷം.” ആർ.സി.സിയിൽ കാൻസർ രോഗികൾക്ക് ആശ്വാസംപകരുന്ന ആശ്രയ വോളന്ററി ഓർഗനൈസേഷന്റെ സ്ഥാപകയായ ശാന്ത ജോസ് എന്ന സാധാരണ വീട്ടമ്മയുടെ വാക്കുകളാണിത്. വുമൺ വോളന്ററി സർവീസ് എന്ന ആശയത്തിലൂടെ നീണ്ട 28 വർഷത്തെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞവർഷം സർക്കാർ, വനിതാരത്നം അവാർഡ് നൽകി ഇവരെ ആദരിച്ചിരുന്നു. ഒരു സാധാരണ വീട്ടമ്മയിൽനിന്നും കാൻസർ രോഗത്തിന്റെ വലയിൽ കുരുങ്ങി പകച്ചുപോയ ഒരു സമൂഹത്തിന്റെ കണ്ണീരൊപ്പുന്ന സാമൂഹ്യപ്രവർത്തകയിലേക്കുള്ള തന്റെ മാറ്റത്തിന്റെ യാത്രയെയും ആശ്രയ വോളന്റിയർ ഓർഗനൈസേഷന്റെ പ്രവർത്തനങ്ങളെയും ലൈഫ് ഡേയുമായി പങ്കുവയ്ക്കുകയാണ് ശാന്ത ജോസ്.

രോഗം പകർന്ന പാഠം

ശാന്ത ആന്റി ജീവിതത്തിന്റെ തുടക്കകാലങ്ങളിൽ ഒരു വീട്ടമ്മ മാത്രമായിരുന്നു. ഡാം ഒക്കെ പണിയുന്ന കോൺട്രാക്ടുകളിൽ ഏർപ്പെട്ട് തിരക്കുകളുമായി ഓടുന്ന എഞ്ചിനീയർ കൂടിയായ ഭർത്താവ്. അതിനിടയിൽ അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കിയും കുട്ടികളെ പഠിപ്പിച്ചുമൊക്കെ ഒരു ഹൗസ് വൈഫ് ആയി മുന്നോട്ടുപോയിരുന്ന സമയം. വീട്ടിലെ തിരക്കുകൾക്കിടയിലും തിരുവനന്തപുരത്തെ തങ്ങളുടെ വീടിനു സമീപമുള്ള ആളുകളുമായി നല്ല ബന്ധം സ്ഥാപിക്കാൻ ശാന്ത ജോസിന് കഴിഞ്ഞിരുന്നു. മറ്റു തിരക്കുകളൊക്കെ ഒഴിയുമ്പോൾ സമീപവീടുകളിലെ സ്ത്രീകളും കുടുംബനാഥമാരും ഒരുമിച്ചുകൂടി വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അങ്ങനെ മുന്നോട്ട് പോകുന്നതിനിടയിലാണ് ശാന്ത ജോസിന്റെ അനുജന് കാൻസർ രോഗം സ്ഥിരീകരിക്കുന്നത്. എല്ലാവർക്കും വളരെ വിഷമമായിരുന്നു ആ സമയം. എങ്കിലും ആർ.സി.സിയിലെ ചികിത്സയുമായി മുന്നോട്ടുപോയി.

ഈ സമയം ആർ.സി.സി പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതേ ഉണ്ടായിരുന്നുള്ളൂ. അതിനാൽതന്നെ സൗകര്യങ്ങൾ പരിമിതവും. രോഗത്തിന്റെ ആകുലതകളും വേദനയുമായി അവിടെയെത്തി ആ പരിതസ്ഥിതികളിൽ കഴിയുന്ന മനുഷ്യരുടെ മുഖങ്ങൾ ശാന്താന്റിയുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. വീട് അടുത്തയതുകൊണ്ട് അനുജനുമായി ചികിത്സയ്ക്കുംമറ്റും പോയത് ആന്റിയുടെ വീട്ടിൽ നിന്നുമായിരുന്നു. അതിനാൽ അവർക്ക് അത്ര ബുദ്ധിമുട്ട് തോന്നിയിരുന്നില്ല. എന്നാൽ ചികിത്സയ്ക്കായി ആശുപത്രിയിലെത്തുമ്പോൾ കണ്ട കാഴ്ചകൾ വളരെ ദയനീയമായിരുന്നു. കാൻസർ രോഗം എന്ന ഭീകരമായ അവസ്ഥയെ നേരിടേണ്ടിവരുന്നവരുടെ മാനസികാവസ്ഥ, രോഗത്തിന്റേതായ അസ്വസ്ഥകൾ പേറുന്നവരുടെ മുഖങ്ങൾ, അതിനൊപ്പം കണ്ണൂരിൽ നിന്നുമൊക്കെ യാത്രചെയ്തുവന്ന്  ആശുപതിയുടെ നിലത്തൊക്കെ കിടക്കുന്ന രോഗികളും ബന്ധുക്കളും! ഇവയൊക്കെ ശാന്ത എന്ന ആ സാധാരണ വീട്ടമ്മയുടെ ഉറക്കംകെടുത്തി. അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മനസ്സിൽ ഉടലെടുത്തു. പിന്നീട് പലപ്പോഴായി അതിനായുള്ള ശ്രമങ്ങൾക്കുപിന്നിലായിരുന്നു ഈ വീട്ടമ്മയുടെ ചിന്തകളും ആലോചനകളും.

നിയോഗമായി മാറിയ ചോദ്യം

ഈ ചിന്തകൾ ഒക്കെ അലട്ടുന്നതിനുമുൻപ് തിരുവനന്തപുരം ലൂർദ് ഫൊറോനാ പള്ളിയിലെ വിമൻസ് അസ്സോസിയേഷൻവഴി കാൻസർ സെന്റർ സന്ദർശിച്ചിരുന്നു. അന്ന് അവിടുത്തെ സർജറി വിഭാഗത്തിന്റെ ചീഫ് ആയ ഡോ. പോൾ സെബാസ്റ്റ്യൻ സാറിനെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം ചോദിച്ചു:

“ടാറ്റായിൽ ഒക്കെ വോളിന്റിയർ സർവീസുണ്ട്. അതുപോലെ നിങ്ങൾക്കും തുടങ്ങിക്കൂടേ?”

“അന്ന് ഈ ചോദ്യം കേട്ടപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. കാരണം അന്നുവരെ വോളണ്ടിയർ സർവീസ് എന്ന ഒരു സംഭവം കേട്ടുകേൾവിയില്ല. തന്നെയുമല്ല വോളണ്ടിയർ സർവീസ് എന്നുപറഞ്ഞ് പെണ്ണുങ്ങൾ ഇങ്ങനെ ഇറങ്ങിനടക്കുമ്പോൾ തൊഴിലില്ലാത്ത പെണ്ണുങ്ങൾ ഇറങ്ങിനടക്കുകയാണെന്ന് സമൂഹം കുറ്റപ്പെടുത്തുമെന്ന ചിന്തയാണ് മനസ്സിൽ ആദ്യം ഓടിയെത്തിയത്. ഡോക്ടറിന്റെ ആ ചോദ്യത്തിന് ഒരു ഉത്തരവും നൽകാതെ ഞങ്ങൾ അവിടെ നിന്നുമിറങ്ങി. എന്നാൽ അനിയന് അസുഖം വന്നപ്പോൾ ആ ചോദ്യമാണ് ആദ്യം മനസ്സിലെത്തിയത്”- ശാന്ത ജോസ് പറയുന്നു.

ഇത്തരത്തിലുള്ള അനേകം ചിന്തകൾക്കിടയിലാണ് സുഹൃത്തുക്കളായ പ്രഫസർ മേരി മാത്യുവും പുഷ്പ ആൻഡ്രൂസുമായി ശാന്താന്റി കണ്ടുമുട്ടുന്നത്. പള്ളിയുടെ മുറ്റത്തുവച്ച് സുഹൃത്തുക്കളായ അവർ കണ്ടുമുട്ടിയപ്പോൾ തന്റെ മനസ്സിൽ അതുവരെ ഉണ്ടായിരുന്ന ആശയങ്ങളെല്ലാം അവരുമായി പങ്കുവച്ചു. വേദനിക്കുന്നവരുടെ ആ മുഖങ്ങൾ തങ്ങളുടെ കൂട്ടുകാരിയെ എത്രത്തോളം സ്വാധീനിച്ചുവെന്ന് ഇരുവർക്കും മനസ്സിലായി. അങ്ങനെയാണ് വോളണ്ടിയർ സർവീസ് എന്ന ആശയത്തിലേക്ക് എത്തുന്നത്.

പ്രതിസന്ധികളിലൂടെ കരുപ്പിടിച്ച ഓർഗനൈസേഷൻ

വോളന്റിയർ സർവീസ് എന്ന ആശയം മനസ്സിൽ വന്നതിനുശേഷം ശാന്താന്റിയും സുഹൃത്തുക്കളും അന്നത്തെ ഡയറക്ടർ ആയിരുന്ന ഡോ. കൃഷ്ണൻ നായർ, നേഴ്‌സിങ് ചീഫ് ആയ സിസ്റ്റർ വിജയ തുടങ്ങിയവരുമായി ബന്ധപ്പെട്ടു. അന്ന് ഡോ. കൃഷ്ണൻ നായർ പറഞ്ഞു, നിങ്ങൾക്ക് ആളുകളൊക്കെ ഉണ്ടെങ്കിൽ, സാധിക്കുമെങ്കിൽ ചെയ്തോളൂ എന്ന്. ആരംഭത്തിലെ ചൂടും പ്രവർത്തനങ്ങളുമൊക്കയേ ഉള്ളൂ എന്നാണ്, ഞങ്ങൾ ഇങ്ങനെയൊരു ആശയം അവതരിപ്പിച്ചപ്പോൾ എല്ലാവരും കരുതിയതെന്ന് ശാന്താന്റി ചിരിയോടെ പറയുന്നു. ആ ചിരിക്കുള്ളിൽ കരുത്താർന്ന പ്രവർത്തനങ്ങളിലൂടെയും ഏകോപനത്തിലൂടെയും അനേകം ആളുകൾക്ക് കരുതലായ ഒരു സാമൂഹ്യപ്രവർത്തകയുടെ വിജയത്തിന്റെ ശക്തി പ്രതിഫലിച്ചിരുന്നു. നാളുകൾക്കിപ്പുറം ആ ഡോക്ടർ തന്നെ, നിങ്ങൾ ഇത്രയും പ്രവർത്തനത്തോടെ കേറിവരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ ‘എല്ലാം ദൈവത്തിന്റെ പദ്ധതി’ എന്നുപറഞ്ഞ് വിനയാന്വിതയാകുകയാണ് ശാന്ത ജോസ്.

തുടക്കത്തിൽ കാര്യങ്ങൾ അത്രയും എളുപ്പമല്ലായിരുന്നു എന്ന് ശാന്താന്റി ഓർക്കുന്നു. “തുടക്കത്തിൽ ഞങ്ങൾ മൂന്നുപേരും കൂടെ പോയി ആളുകളെ, വോളണ്ടിയറായി സേവനം ചെയ്യാൻ താല്പര്യമുള്ള ആളുകളെ ഒരുമിച്ചുകൂട്ടി. ആദ്യം പതിനഞ്ചു പേരെത്തി. പിന്നീട് നാല്പതോളം പേരെത്തി. ആളുകൾ കൂടുന്നതിനനുസരിച്ച് പലതരത്തിലുള്ള പ്രതിസന്ധികളും വർധിച്ചുവന്നു. കൂടാതെ, എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ഒരു പ്ലാനും ആദ്യം ഉണ്ടായിരുന്നില്ല. ആദ്യം, അലഞ്ഞുനടന്നിരുന്ന ആളുകളുടെ ഇടയിലായിരുന്നു പ്രവർത്തനങ്ങൾ. പിന്നീട് ആർ.സി.സിയിൽ നിന്നുതന്നെ ഒരു ഓറിയന്റേഷൻ ക്ലാസ് നൽകി. എന്താണ് കാൻസർ, ആളുകളോട് എങ്ങനെ സംസാരിക്കണം എന്നതിനെക്കുറിച്ചൊക്കെ ആ ക്ലാസുകളിൽ ഉൾപ്പെടുത്തിയിരുന്നു. ക്ലാസുകൾ കഴിഞ്ഞിട്ടും ഓരോ ആവശ്യങ്ങളുമായി രോഗികൾക്കിടയിലേക്ക് ഇറങ്ങുമ്പോൾ, ബൈബിൾ പഠിപ്പിക്കാൻ വന്നതാണോ? മതം മാറ്റാൻ വന്നതാണോ? ചീട്ട് കളിക്കാൻ പൊയ്ക്കൂടേ തുടങ്ങിയ ചോദ്യങ്ങളാണ് ഉയർന്നുവന്നത്” – ആദ്യകാലങ്ങളെക്കുറിച്ച് ശാന്താന്റി ഓർക്കുന്നു.

ഇക്കാരണങ്ങളാൽ പലപ്രാവശ്യം തങ്ങളുടെ പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടതായി  വന്നിട്ടുണ്ട് എന്ന് ശാന്താന്റി പറയുന്നു. ഒടുവിൽ, രോഗികളെ ഒക്കെ കാണിച്ച്  ആളുകളെ പഠിപ്പിക്കുന്നതിനായി സ്ത്രീകളെ വിളിച്ച അന്ന് പെരുമഴ പെയ്തു. ആ മഴയത്ത് ആരും എത്തില്ല, ഇനി ഇത് മുന്നോട്ടുപോകില്ല എന്നായിരുന്നു ഈ വീട്ടമ്മ കരുതിയിരുന്നത്. എന്നാൽ പതിവിൽനിന്നും വിപരീതമായി കൂടുതൽ ആളുകൾ എത്തുകയും വിചാരിച്ചതിലും ഭംഗിയായി ആ ദിനം കടന്നുപോകുകയും ചെയ്തു. അതിൽപിന്നെ തനിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല എന്ന് ശാന്താന്റി ഓർക്കുന്നു. പിന്നീടുള്ള ദിനങ്ങളിൽ ദൈവം കൈപിടിച്ചുയർത്തുന്ന അനുഭവങ്ങളായിരുന്നു ഇവർക്ക്. അങ്ങനെ 1996 ജൂൺ മാസത്തിൽ ‘ആശ്രയ’ എന്ന പേരിൽ വോളിന്റിയർ ഓർഗനൈസേഷൻ ആരംഭിച്ചു. ഇന്ന് 28 വർഷങ്ങൾ പിന്നിടുന്ന ഈ സേവനം അനേകർക്ക്‌ ആശ്വാസമായി മാറുകയാണ്.

ആശ്രയയുടെ പ്രവർത്തനങ്ങൾ

ആദ്യം ഹോസ്പിറ്റൽ ഗൈഡൻസ് നൽകിക്കൊണ്ടാണ് ആശ്രയ പ്രവർത്തനം ആരംഭിക്കുന്നത്. രോഗം വരുത്തിയ മാനസിക ആഘാതവും ഒപ്പം ദൂരെനിന്നുള്ള യാത്രകളും മറ്റും കഴിഞ്ഞുവരുന്ന ആളുകൾക്ക് പെട്ടന്ന് ആർ.സി.സിയിൽ എത്തുമ്പോൾ ആകെപ്പാടെ ഒരു അങ്കലാപ്പാണ്. എങ്ങോട്ട് പോകണം, എവിടെ നിൽക്കണം, എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെനിൽക്കുന്ന ഇത്തരം രോഗികൾക്കും അവരുടെ കൂടെ എത്തുന്നവർക്കും ശരിയായ നിർദേശങ്ങൾ നൽകി അവരെ എത്തേണ്ടിടത്ത് എത്തിക്കുക എന്നതായിരുന്നു ഇതിലൂടെ ചെയ്തിരുന്നത്. കൂടാതെ, അവരുടെ പ്രയാസങ്ങൾ കേൾക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെറിയ സാമ്പത്തികസഹായങ്ങൾ നൽകുകയുമായിരുന്നു ആദ്യം ചെയ്തിരുന്നത്.

അങ്ങനെ മുന്നോട്ട് പോകുന്നതിനിടയിലാണ് സി. മോഡസ്റ്റ കീമോതെറാപ്പി വാർഡിൽ കഞ്ഞിവെള്ളം കൊടുക്കാൻ പറ്റുമോ എന്ന് ചോദിക്കുന്നത്. കീമോ തെറാപ്പി കഴിഞ്ഞ് ക്ഷീണിച്ചുകിടക്കുന്നവർക്ക് അല്പം കഞ്ഞിവെള്ളം എത്തിച്ചാൽ അത് വളരെ ഉപകാരമാകുമെന്ന ആ സിസ്റ്ററിന്റെ വാക്കുകളെ തുടർന്ന് കീമോതെറാപ്പി വാർഡിൽ കഞ്ഞിവെള്ളം കൊടുക്കാൻതുടങ്ങി. ആദ്യം ആളുകൾ കുടിക്കുകയില്ലായിരുന്നു. എന്നാൽ ക്ഷീണംമാറുകയും ശർദിക്കാതിരിക്കുകയും ചെയ്തതോടെ കഞ്ഞിവെള്ളത്തിന് ആവശ്യക്കാർ ഏറെയായി. നിര്‍ബന്ധത്തോടെ കഞ്ഞിവെള്ളം കുടിപ്പിക്കേണ്ട അവസ്ഥയിലായിരുന്നവർ അതിന്റെ ഗുണം മനസിലാക്കിയപ്പോൾ രാവിലെ പത്തുമണി എന്നൊരു സമയമുണ്ടെങ്കിൽ കഞ്ഞിവെള്ളം കിട്ടിയില്ല, കിട്ടിയില്ല എന്ന് പറഞ്ഞുതുടങ്ങും. ഈ പതിവ് എന്നും കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കുകയാണ് ഈ വനിതാസംഘം.

അതിനുശേഷം പാലിയേറ്റീവ് എന്നൊരു വിഭാഗം തുടങ്ങി. പാലും ഹെൽത്ത് മിക്‌സും മറ്റും വാങ്ങിക്കൊണ്ടുവന്ന് അത് കുറുക്കി രോഗികളായിട്ടുള്ളവർക്കു നൽകുക എന്നതായിരുന്നു ഇതിന്റെ പ്രവർത്തനം. ഇതെല്ലാം പൂർണ്ണമായും സൗജന്യമായിട്ടാണ് രോഗികൾക്ക് എത്തിച്ചിരുന്നത്. കൂടാതെ, വീട്ടിൽ പോകുന്നവർക്ക് ഒരു കിറ്റും നൽകിവന്നിരുന്നു. രോഗികൾക്കു മാത്രമല്ല, അവരുടെ വീട്ടിലുള്ളവർക്കും കഴിക്കാൻ സാധിക്കുംവിധമുള്ള സാധനങ്ങളായിരുന്നു ആ കിറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. കൂടാതെ, കുട്ടികളുടെ വാർഡിൽ അവരെ സന്തോഷിപ്പിക്കുന്നതരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്തും കഥപറഞ്ഞും കളിപ്പിച്ചും അമ്മമാർക്ക് ധൈര്യംകൊടുത്തും ഈ വോളന്ററി സേവനം മുന്നോട്ടുപോയി.

സാമ്പത്തികസഹായം പ്രധാനമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം

കഥപറഞ്ഞും കളിപറഞ്ഞും ആശ്വസിപ്പിച്ചും പോന്നാൽ ഒന്നുമാകില്ല എന്ന തിരിച്ചറിവ് വൈകാതെ ഇവർക്ക് ലഭിച്ചുതുടങ്ങി. പണത്തിന് പണംതന്നെ വേണം. അതില്ലാത്തവരെ എത്രപറഞ്ഞ് ആശ്വസിപ്പിച്ചാലും അവരുടെ ചങ്കിലെ തീ അണയ്ക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് വളരെ വലുതായിരുന്നു എന്ന് ശാന്താന്റി ഓർക്കുന്നു. ഇതേ തുടർന്ന് ഡോക്ടർമാരും മറ്റുമായി സംസാരിച്ച് സാമ്പത്തികസഹായം ആവശ്യമുള്ളവരെ സഹായിക്കാൻ തുടങ്ങി. സഹായം ആവശ്യമുള്ളവരുടെ അവസ്ഥകൾ പരിചയക്കാരോടും സുഹൃത്തുക്കളോടും പറഞ്ഞും അവരിൽനിന്നും സഹായങ്ങൾ സ്വീകരിച്ചും സ്വന്തം കയ്യിൽനിന്ന് പണമെടുത്തുമായിരുന്നു ആദ്യകാലങ്ങളിൽ രോഗികൾക്ക് പണം നൽകികൊണ്ടിരുന്നത്. അങ്ങനെ സഹായങ്ങൾ നൽകിയ രോഗികൾ തിരികെ സാധാരണജീവിതത്തിലേക്ക് നടന്നടുക്കുന്നതു കാണുമ്പോഴുള്ള സന്തോഷം കൂടുതൽ ആളുകളിലേക്ക്‌ സഹായങ്ങൾ എത്തിക്കുന്നതിലേക്ക് അവരെ നയിച്ചു. പിന്നീട്, നാളുകൾ കഴിഞ്ഞപ്പോൾ ആശ്രയയുടെ പ്രവർത്തനത്തിലെ സത്യസന്ധത മനസിലാക്കി ആളുകൾ ഡൊണേഷനും മറ്റു സഹായങ്ങളും നൽകാൻ ആരംഭിച്ചു.

കാൻസർ ബാധിതരിൽനിന്നും കുടുംബങ്ങളിലേക്കു നീളുന്ന സഹായഹസ്തം

നാളുകളായി കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയ്‌ക്കും മറ്റുമായി എത്തുന്ന ആളുകളുമായുള്ള സമ്പർക്കം അവരുടെ ശരിയായ പ്രശ്നങ്ങൾ എന്താണെന്നു മനസ്സിലാക്കാൻ ഈ വോളണ്ടിയേഴ്‌സിനെ സഹായിച്ചു. ഒരു കുടുംബത്തിലെ ഒരു അംഗത്തിന് രോഗം ബാധിക്കുമ്പോൾ അത് ആ കുടുംബത്തെ മുഴുവനാണ് ബാധിക്കുന്നത്. കുടുംബനാഥന് രോഗം ബാധിക്കുമ്പോൾ ആ കുടുംബത്തിന്റെ വരുമാനമാർഗമാണ് അവസാനിക്കുന്നത്. വരുമാനമാർഗം നിലച്ച പല കുടുംബങ്ങളും രോഗത്തിന്റെ അസ്വസ്ഥതകൾക്കൊപ്പം പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും  വഴിമാറുന്നതും അവരുടെ കുട്ടികളുടെ പഠനംമുടങ്ങുന്നതും ലോൺ മുടങ്ങുന്നതായുമൊക്കെയുള്ള യാഥാർഥ്യങ്ങളും ഇവരുടെ മുൻപിൽ എത്തിയപ്പോൾ അതിനൊരു പരിഹാരമാർഗം കണ്ടെത്താനുള്ള ആലോചനയിലായി ഇവർ.

കാൻസർ രോഗബാധിതരായ ആളുകൾ ഉൾപ്പെടുന്ന കുടുംബത്തിലെ കുട്ടികളുടെ പഠനം തുടരാൻ സഹായിച്ചുകൊണ്ട് ആ കുടുംബത്തിന്റെ പ്രതീക്ഷകളെ വീണ്ടും ഉണർത്താൻ പിന്നീടുള്ള പ്രവർത്തനങ്ങളിലൂടെ ആശ്രയയ്ക്കു കഴിഞ്ഞു. ഇത്തരത്തിൽ കാൻസർ രോഗംമൂലം സാമ്പത്തികതകർച്ചയിലേക്കുപോയ കുടുംബങ്ങളിലെ 400 -ഓളം കുട്ടികളെ സഹായിക്കാൻ ആശ്രയ വോളന്റിയർ ഓർഗനൈസേഷനു കഴിഞ്ഞു. വിദ്യാഭ്യാസ സഹായം ആവശ്യക്കാരിലേക്ക് എത്തിക്കാൻ ഒരു ടീം തന്നെ ഇപ്പോള്‍ ആശ്രയയ്ക്കുണ്ട്.

അവിടംകൊണ്ടും തീരുന്നില്ല ആശ്രയയുടെ പ്രവർത്തനങ്ങൾ. വീട് നിർമ്മിച്ചുകൊടുക്കുക, വീടിന്റെ പുനർപ്രവർത്തനങ്ങൾ നടത്തിക്കൊടുക്കുക ഒപ്പം കാൻസർ രോഗത്തിൽനിന്നും മുക്തരായിവരുന്നവർക്ക് ഒരു വരുമാനമാർഗം ഉണ്ടാക്കിക്കൊടുക്കുക തുടങ്ങിയ പ്രവർത്തനങ്ങളും ഇതിൽപ്പെടുന്നു. സാധാരണ ഓർഗനൈസേഷനുകളിൽനിന്നും വ്യത്യസ്തമായി സഹായം ആവശ്യമുള്ളവർക്ക്, ഏതു തൊഴിലാണ് പരിചയമുള്ളത് അതിൽ മുന്നോട്ടുപോകുന്നതിനുള്ള സഹായമാണ് ഈ ഓർഗനൈസേഷൻ നൽകുന്നത്. തയ്യൽ അറിയാവുന്നവർക്ക് തയ്യൽ മെഷീൻ വാങ്ങാനും വണ്ടി ഓടിക്കാൻ അറിയാവുന്നവർക്ക് വണ്ടി വാങ്ങാനും കൃഷിചെയ്യാൻ അറിയാവുന്നവർക്ക് അതിനുള്ള സഹായവും അങ്ങനെ അവർക്കിണങ്ങുന്ന അല്ലെങ്കിൽ താല്പര്യമുള്ള മേഖലകളിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സഹായമാണ് ആശ്രയ നൽകിവരുന്നത്.

ഇതുകൂടാതെ, ആർ.സി.സിയിലെ ഡോക്ടർമാരുമായി ചേർന്ന് കാൻസർ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും കാൻസർ നിർണ്ണയ ക്ലാസുകൾ നടത്തുകയും ചെയ്തുവരുന്നു. ഒപ്പം യാത്രയ്ക്കും മറ്റുമുള്ള ചിലവുകളും ആവശ്യാനുസരണം രോഗികൾക്ക് നൽകിവരുന്നു. “നോക്കിയും കണ്ടും ആവശ്യക്കാർക്ക് സഹായങ്ങളെത്തിക്കുന്നു. അതാണ് ആശ്രയയുടെ രീതി” – ശാന്ത ജോസ് പറയുന്നു.

പ്രചോദനമാകാൻ സർവൈവൽ സപ്പോർട്ട് ടീം

കാൻസർ രോഗബാധിതരായ പല ആളുകളും മാനസികമായി ഏറെ തകർന്ന അവസ്ഥയിലാണ് ആർ.സി.സിയിൽ എത്തുക. എല്ലാം തകർന്നു, ഇനിയൊരു ജീവിതമില്ല തുടങ്ങിയ ചിന്തകളുമായി ചികിത്സയ്‌ക്കെത്തുന്ന പലരോടും പല ആശ്വാസവാക്കുകൾ പറഞ്ഞിട്ടും അതൊന്നും മതിയാകാതെ വന്നപ്പോഴാണ് സർവൈവൽ സപ്പോർട്ട് ടീം ആശ്രയയുടെ കീഴിൽ ആരംഭിക്കുന്നത്. ഈ ടീമിൽ ഡോക്ടർമാരും ഒപ്പം കാൻസർ രോഗത്തെ അതിജീവിച്ചവരും ഒക്കെ ഉൾപ്പെടുന്നു. കാൻസർ രോഗത്തെ അതിജീവിച്ചവർ തങ്ങളുടെ അതിജീവനത്തിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. ഈ അനുഭവങ്ങൾ കാൻസർ ബാധിതരായ ആളുകൾക്കു പകരുന്നത് വലിയ പ്രത്യാശയാണെന്ന് ശാന്താന്റി വെളിപ്പെടുത്തുന്നു.

ഗ്രൂപ്പുകളായി തിരിഞ്ഞുള്ള പ്രവർത്തനങ്ങൾ

ആശ്രയ തുടങ്ങിയിട്ട് 28 വർഷങ്ങൾ പിന്നിടുന്നു. നാളിതുവരെ ഈ ഓർഗനൈസേഷന് സ്വന്തമായി ഒരു കെട്ടിടമോ, മുറിയോ, വാഹനമോ ഇല്ല. രോഗികൾക്ക് വിതരണംചെയാനുള്ള സാധനങ്ങളും മറ്റും പല അംഗങ്ങളുടെ വീടുകളിലാണ് സൂക്ഷിക്കുന്നത്. എങ്കിലും ഒരു മുടക്കവുംകൂടാതെ ഇതിന്റെ പ്രവർത്തനങ്ങൾ ദൈവം മുന്നോട്ടുനടത്തുകയാണ്. 30 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും അഞ്ഞൂറോളംവരുന്ന പ്രവർത്തകരുമടങ്ങുന്ന വലിയ ഒരു ടീം വർക്കിന്റെ വിജയമാണ് ഇന്ന് ആശ്രയയുടെ കുതിപ്പിനുപിന്നിൽ. തിങ്കൾ മുതൽ വെള്ളിവരെ ഓരോദിവസവും ഓരോ ടീമിനാണ് ഉത്തരവാദിത്വം. അതാതു ദിവസം ചാർജുള്ള ആളുകൾ ആ ദിവസത്തെ കാര്യങ്ങൾ ക്രമീകരിക്കുന്നു. ഇതുകൂടാതെ, വിവിധ കമ്മറ്റികൾ വഴിയാണ് ഇതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.

28 വർഷത്തെ പ്രവർത്തനങ്ങൾ, വളർച്ചയുടെ വഴികളിൽ ലഭിച്ച പിന്തുണ

നീണ്ട 28 വർഷങ്ങൾ. ഒരു സാധാരണ വീട്ടമ്മയിൽനിന്നും വലിയ ഒരു സാമൂഹികപ്രവർത്തകയിലേക്കുള്ള വളർച്ചയായിരുന്നു ശാന്താ ജോസിൽ ഈ നീണ്ട കാലയളവിൽ സംഭവിച്ചത്. ആശ്രയയുടെ പ്രവർത്തനങ്ങളുമായുള്ള ഓട്ടത്തിനിടയിൽ പൂർണ്ണപിന്തുണയുമായി ഭർത്താവ് ജോസും മക്കളും കൂടെയുണ്ടായിരുന്നു. കുടുംബത്തിൽനിന്നും ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു എന്ന് ശാന്ത ജോസ് ഓർക്കുന്നു. ഒപ്പം തന്റെ വിജയവഴികളിലുടനീളം ദൈവത്തിന്റെ വലിയ കരുതലും പരിപാലനയുമുണ്ടായിരുന്നു.

തുടക്കത്തിൽ ആളുകൾ പലതരത്തിലുള്ള വിമർശനങ്ങൾ ഉയർത്തിയിരുന്നു. തൊഴിലില്ലാത്ത സ്ത്രീകളുടെ കൂട്ടം എന്നുപോലും പറഞ്ഞു. എങ്കിലും ആ സമയങ്ങളൊക്കെ അതിജീവിക്കാൻ ദൈവശക്തിയാൽ ഇവർക്കു കഴിഞ്ഞു. ഇതുവരെയുള്ള പ്രവർത്തനത്തിൽ ഇന്നുവരെ ഒന്നിനും യാതൊരുവിധ കുറവും ദൈവം വരുത്തിയിട്ടില്ല എന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ ഈ വീട്ടമ്മ പറയുന്നു. എല്ലാം ആവശ്യമുള്ള സമയങ്ങളിൽ കൃത്യമായി എത്തിച്ചുനൽകി ദൈവം ഇവരുടെ വളർച്ചയിൽ, അപരന് താങ്ങാകുവാനുള്ള കരുതലിൽ കരം പിടിക്കുകയായിരുന്നു. അതിനു തെളിവാണ് 2022 -ൽ ശാന്താ ജോസ് എന്ന സാമൂഹ്യപ്രവർത്തകയ്ക്കു ലഭിച്ച കേരള സർക്കാരിന്റെ ‘വനിതാരത്നം’ അവാർഡ് പോലും.

പ്രാർഥനയും പ്രവർത്തനവും: സന്തുഷ്ടം ഈ ജീവിതം

“എല്ലാ കാര്യങ്ങളും ദൈവത്തെ ഭരമേല്പിക്കും. നാളെ എന്തുചെയ്യും എന്ന ആശങ്കകളില്ല. എങ്കിലും ദിവസേന അറുപതിനായിരത്തോളം രൂപ സഹായമായി ആശ്രയയിലൂടെ ആവശ്യക്കാരിലേക്ക് എത്തുന്നുണ്ട്. എവിടുന്നു കിട്ടും എവിടെ പോകുന്നു എന്നൊന്നും അറിയില്ല. എല്ലാകാര്യങ്ങളും മാതാവിനോട് പറയും. മാതാവ് അത്ഭുതം പ്രവർത്തിക്കും. അതിനാൽതന്നെ ഇതുവരെ ഒന്നും തികയാതെ വന്നിട്ടില്ല” – ശാന്ത ജോസ് തന്റെ വിശ്വാസത്തെക്കുറിച്ചു പറയുന്നു. എല്ലാം ദൈവകരങ്ങളിൽ ഏല്പിക്കുന്ന ശാന്ത ജോസ്, ഇപ്പോൾ എഴുപത്തിയൊമ്പതാം വയസ്സിന്റെ നിറവിലാണ്. ഈ പ്രായത്തിലും യുവത്വത്തിന്റെ ചുറുചുറുക്കോടെ ഓടുന്നതിനുപിന്നിൽ ഒരാൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് തന്നെക്കൊണ്ടാകുന്ന എന്തെങ്കിലും നന്മ ചെയ്യണമെന്ന ചിന്ത മാത്രമാണ്.

ജീവിതത്തിന്റെ വലിയ ഭാഗം ഉത്തരവാദിത്വങ്ങളും പൂർത്തിയാക്കി വാർധക്യം വിശ്രമത്തിന്റെ അവസരങ്ങളാക്കിമാറ്റാൻ കഴിയുന്ന ഒരു വ്യക്തിയായിരുന്നു ശാന്ത ജോസ് എന്ന ശാന്താന്റി. എന്നാൽ അതെല്ലാം മാറ്റിവച്ച് കാൻസർ രോഗം മൂലം വലയുന്ന ആളുകളുടെ കണ്ണീരൊപ്പി അവർക്ക് ആശ്വാസംപകർന്ന് അവരുടെ കുടുംബത്തെ പ്രതീക്ഷയിലേക്ക് കൈപിടിച്ചുനടത്തുകയാണ് ഒരുകാലത്ത് സാധാരണ വീട്ടമ്മയായിരുന്ന ഇവർ.

ഈ ഓട്ടത്തിനിടയിൽ പലപ്പോഴും ഒന്ന് സ്വസ്ഥമായി വിശ്രമിക്കാനുള്ള സമയംപോലും ആന്റിക്ക് ലഭിക്കാറില്ല. എങ്കിലും ആ തിരക്കുകളിലൂടെ നേടിയെടുക്കുന്ന ജീവിതങ്ങളെ ജീവിതത്തിന്റെ സംതൃപ്തിയായി ചേർത്തുപിടിക്കുകയാണ് വാത്സല്യനിധിയായ ഈ അമ്മ. അനേകർക്ക്‌ ആശ്വാസമായി മാറാനുള്ള നിയോഗവഴികളിൽ ശാന്ത ജോസിന് ലൈഫ് ഡേയുടെ പ്രാർഥനയും പിന്തുണയും നേരുന്നു.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.