തൊലി ഉരിയപ്പെട്ട ബർത്തലോമെയൊ ശില്പം

ഇറ്റലിയിലെ മിലാൻ കത്തീഡ്രൽ ദേവാലയത്തിൽ ദിവസേന വരുന്ന വിനോദസഞ്ചാരികൾക്ക് എന്നും ഒരു അത്ഭുതകാഴ്ചയാണ് ദേവാലയത്തിനുള്ളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വ്യത്യസ്തതയാർന്ന ഒരു ശില്പം.

അവിടെയെത്തുന്ന ആരും അല്പനേരം ആ ശില്പത്തിനു മുന്നിൽ നോക്കിനിന്നുപോകും. കാരണം, സന്ദർശകർ ഏറ്റവും പ്രാധാന്യം കൊടുക്കുന്നതും കൗതുകത്തോടെ വീക്ഷിക്കുന്നതും ദേവാലയത്തിനുള്ളിൽ വലതുവശത്തായി സ്ഥാപിച്ചിട്ടുള്ള ആ ശില്പം തന്നെയാണ്. 1562-ൽ മാർക്കൊ ദഗ്രാത്തെ എന്ന ശില്പി മാർബിൾശിലയിൽ കൊത്തിയെടുത്ത ‘തൊലിയുരിയപ്പെട്ട ബർത്തലോമെയൊ’ എന്ന ശില്പം.

മാർക്കൊ ദഗ്രാത്തെ എന്ന ശില്പി 

ഇറ്റാലിയൻ നവോത്ഥാനകാലഘട്ടത്തിലെ ഏറെ അറിയപ്പെട്ടിരുന്ന ശില്പികളിലൊരാളായിരുന്നു മാർക്കൊ ദഗ്രാത്തെ. ശില്പി എന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലം പ്രധാനമായും വടക്കൻ ഇറ്റലി ആയിരുന്നു. മാർക്കൊ രൂപകല്പന ചെയ്ത ശില്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും മിലാൻ കത്തീഡ്രൽ ദേവാലയത്തിൽ സ്ഥിതിചെയ്യുന്ന ബർത്തലോമയൊയുടെ ഈ ശില്പം തന്നെയാണ്.

വി. ബർത്തലോമെയൊ

യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായിരുന്നു ബർത്തലോമെയൊ. യേശുവിന്റെ മരണശേഷം ഏഷ്യയിൽ വചനപ്രഘോഷണത്തിനായി പോയി. പാരമ്പര്യമനുസരിച്ച്, ബർത്തലോമെയൊ അവിടെ നിരവധി പട്ടണങ്ങളിലായി അനവധി ആളുകളെ മാനസാന്തരപ്പെടുത്തി ക്രിസ്ത്യാനികളാക്കി എന്നാണ് വിശ്വാസം. അക്കൂട്ടത്തിൽ അർമേനിയയിലെ പോളിമിയൊ രാജാവും പത്നിയും ഉണ്ടായിരുന്നു. എന്നാൽ അത്ഭുതകരമായ പെരുമാറ്റങ്ങളിലും പ്രവർത്തനങ്ങളിലും അസൂയപൂണ്ട രാജപുരോഹിതർ വിശുദ്ധനെ വധിക്കാൻ കരുക്കൾനീക്കി. രാജാവിന്റെ സഹോദരനെ ഇതിനായി അവർ ഉപയോഗപ്പെടുത്തുകയും അയാൾവഴി മരണശിക്ഷ ഉറപ്പാക്കുകയും ചെയ്തു.

അങ്ങനെ അവരുടെ ഗൂഢാലോചനയുടെ ഫലമായി ഏറെ നീചമായ രീതിയിലായിരുന്നു വിശുദ്ധന്റെ വധശിക്ഷ. ജീവനോടെ തന്നെ വിശുദ്ധന്റെ തൊലിയുരിയുന്നതിനും അതിനുശേഷം തല ഛേദിക്കാനുമായിരുന്നു ഉത്തരവിട്ടിരുന്നത്.

തന്റെ വിശ്വാസജീവിതത്തിനുവേണ്ടി അതികഠിനമായ പീഢാനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന വ്യക്തിയാണ് വി. ബെർത്തലോമെയൊ എന്നതാണ് ചരിത്രം.

പതിവുകാഴ്ചകളിൽ നിന്നും വേറിട്ട ശില്പം 

ഈ ശില്പത്തിനരികിലെത്തുന്ന ആരും അല്പനേരം കണ്ണെടുക്കാതെ ശില്പത്തിലേക്ക് അത്ഭുതത്തോടെ നോക്കിനിൽക്കും. കാരണം, മിലാൻ കത്തീഡ്രൽ ദേവാലയത്തിലുള്ളതിൽവച്ച് ഏറ്റവും പ്രധാനപ്പെട്ടതും ഭംഗിയുള്ളതുമെന്നു പറയപ്പെടുന്ന ശില്പമാണിത്. ശില്പത്തിൽ വിശുദ്ധന്റെ കഴുത്തിലൂടെ താഴേക്ക് തൂങ്ങിക്കിടക്കുന്നതായി കാണപ്പെടുന്നത് ഉരിഞ്ഞുമാറ്റപ്പെട്ട വിശുദ്ധന്റെ തന്നെ തൊലിയാണ്. പീഢകർ ഏല്പിച്ച കഷ്ടപ്പാടുകളുടെ കാഠിന്യം കാഴ്ചക്കാരന് പെട്ടെന്നുതന്നെ മനസ്സിലാകുന്ന രീതിയിലാണ് ഈ ശില്പം രൂപകല്പന ചെയ്തിരിക്കുന്നത്.

ഏകദേശം പതിനാലാം നൂറ്റാണ്ടുവരെ ബെർത്തലോമയൊ എന്ന വിശുദ്ധനെ ചിത്രീകരിച്ചിരുന്നത് ഇങ്ങനെയായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. വചനസാക്ഷ്യത്തിന്റെ പേരിൽ രക്തസാക്ഷിത്വം വഹിച്ച വിശുദ്ധനായതിനാൽ, സാധാരണരീതിയിലുള്ള വസ്ത്രംധരിച്ചും ഒരു കൈയ്യിൽ വചനവും മറുകൈയ്യിൽ വാൾ പിടിച്ചും നിൽക്കുന്ന രീതിയിലുമായിരുന്നു ചിത്രീകരിച്ചിരുന്നത്. എന്നാൽ നവോത്ഥാന കാലഘട്ടം മുതലാണ് ഇതിനൊരു മാറ്റം വരുന്നത്.

ഈ ശില്പം രൂപപ്പെടുത്തുന്നതിനായി മൈക്കളാഞ്ചലോയുടെ ‘മനുഷ്യശരീര അപഗ്രഥന’ത്തെക്കുറിച്ചുള്ള (human anatomy) ചില വരകൾ ഈ ശില്പിയെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. കൂടാതെ, വത്തിക്കാനിലെ സിസ്റ്റെയിൻ ചാപ്പലിൽ മൈക്കളാഞ്ചലൊ വരച്ച ‘അവസാന വിധി’യിലും ഈവിധമുള്ള ചിത്രീകരണങ്ങളുടെ ശൈലിയും കാണുന്നുണ്ട്.

ഈ ശില്പശൈലിയെക്കുറിച്ചുള്ള മറ്റൊരു വാദവും നിലനിൽക്കുന്നുണ്ട്. മാർക്കൊ ദഗ്രാത്തെയുടെ ഈ ശിൽപത്തിലൂടെ മതപീഢനത്തിന്റെ ക്രൂരതകൾക്കുപിന്നിലെ മന:ശാസ്ത്രനിരീക്ഷണങ്ങളോ, രക്തസാക്ഷിത്വം വഹിക്കുന്നതിലൂടെയുള്ള വിശ്വാസത്തിന്റെ ആഴത്തെയോ വെളിവാക്കുന്നതിനല്ല കലാകാരൻ ശ്രമിച്ചിരിക്കുന്നത് എന്നതാണ് ആ വാദം, മറിച്ച് പതിനാറാം നൂറ്റാണ്ടിൽ ചിത്രകലാരംഗത്ത് ഉരുത്തിരിഞ്ഞുവന്ന ചില ആഖ്യാനരീതികളുടെ ഭാഗമാണ് ഇത്തരമൊരു രചന എന്നാണ് പറയപ്പെടുന്നത്. അതായത് വിശദമായ മനുഷ്യശരീര അപഗ്രഥനം (human anatomy) ചിത്രകലാരംഗത്ത് ആരംഭിക്കുന്നത് ഈ കാലഘട്ടം മുതലാണ്. മനുഷ്യശരീര അപഗ്രഥനത്തെക്കുറിച്ച് ശാസ്ത്രീയമായ രീതിയിൽ നടത്തിയ ആൻഡ്രയാസ് വേസാലിയൂസ് (Andreas vesalius) ന്റെ പഠനം പ്രസിദ്ധീകരിച്ചത് 1453-ൽ വെനീസിൽ നിന്നുമായിരുന്നു എന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം.

അതുകൊണ്ടുതന്നെ ഈ ശില്പം മനുഷ്യശരീരഘടനയുടേയും മസിലുകളുടേയും അവധാനപൂർവമായ പഠനത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണെന്നു വിശ്വസിക്കാനാണ് നിരൂപകർക്ക് കൂടുതൽ താല്പര്യം.

ശില്പിത്തിനു താഴെയായി ഇപ്രകാരമൊരു എഴുത്തും കാണാം: “Non me Praxiteles, sed Marcus Finxit Agrates” – ഞാൻ നിർമ്മിക്കപ്പെട്ടത് പ്രാക്സിറ്റെ ലെസിനാലല്ല, മറിച്ച് മാർക്കൊ ദ ഗ്രാത്തെയാലാണ്. ഒരുപക്ഷേ, ഇപ്രകാരം കൊത്തിവെയ്ക്കാൻ കാരണം, ഈ ശില്പപത്തിന്റെ പ്രതിപാദനശൈലിയും നിപുണതയും കാണുമ്പോൾ Praxiteles എന്ന പ്രസിദ്ധനായ പുരാതന ഗ്രീക്ക് ശില്പിയുടേതാണെന്ന് ആരോപിക്കപ്പെട്ടേക്കാം എന്ന കലാകാരന്റെ ഭയമാകാം.

മാർക്കൊയുടെ ‘ബർത്തലോമയൊ’യുടെ മറ്റൊരു പതിപ്പ് 1556-ൽ ഇറ്റലിയിലെ തന്നെ പവിയ എന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. അവിടെത്തന്നെയാണ് ശില്പി ഏറെനാൾ താമസിക്കുകയും ഒട്ടനവധി ശില്പങ്ങൾക്ക് രൂപംകൊടുക്കുകയും ചെയ്തത്.

ശില്പത്തിന്റെ സ്ഥാനം: അകത്തോ, പുറത്തോ?

‘തൊലി ഉരിയപ്പെട്ട വി. ബെർത്തലോമയൊ’ എന്ന ശില്പത്തിന്റെ സ്ഥാനം ആദ്യനാളുകളിൽ കത്തീഡ്രൽ ദേവാലയത്തിനു പുറത്തായിരുന്നു. എന്നാൽ പുറത്തുസ്ഥാപിക്കപ്പെട്ട ശില്പം വളരെപ്പെട്ടെന്നുതന്നെ വിശ്വാസികളുടേയും കാഴ്ചക്കാരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ഒപ്പം ശില്പത്തിന്റെ നേർത്തരീതിയിലുള്ള ബഹിർഭാഗത്തിന്റെ പ്രത്യേകതകളും ശില്പം ദേവാലയത്തിനുളളിലെവിടെയെങ്കിലും സ്ഥാപിക്കുന്നതിന് വഴിവച്ചു. എന്നാൽ ഇപ്പോൾ ശില്പം പ്രതിഷ്ഠിച്ചിരിക്കുന്നിടത്ത് വയ്ക്കാൻ കാരണമായത് 1664-ലെടുത്ത ഒരു വ്യവസ്ഥയിൻപ്രകാരമാണ്. അതായത്, “ബുദ്ധിപരമായ കലാ- പ്രശംസക്ക് ഏറ്റവും ഉചിതമായ ഒരിടം” എന്ന തീരുമാനം.

ഏകദേശം അഞ്ചു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മാർക്കൊ ദ ഗ്രാത്തെയുടെ ബർത്തലോമെയൊ ശില്പം എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് കാഴ്ചക്കാരെ ഓരോ ദിവസവും വിസ്മയിപ്പിക്കുന്നു എന്നത് എന്നും ഒരു അത്ഭുതമാണ്.

ഫാ. സാബു മണ്ണട MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.