വർഷങ്ങളായി തുടരുന്ന ഭീകരാക്രമണം: നൈജീരിയയിലെ ബെർണോയിൽ തകർക്കപ്പെട്ടത് ഇരുന്നൂറോളം ദൈവാലയങ്ങൾ; കൊല്ലപ്പെട്ടത് ആയിരങ്ങൾ

വടക്കുകിഴക്കൻ നൈജീരിയയിലെ ബെർണോ സംസ്ഥാനത്ത് വർഷങ്ങളായി തുടരുന്ന ഭീകരാക്രമണങ്ങളിൽ 200-ലധികം കത്തോലിക്കാ ദൈവാലയങ്ങൾ തകർക്കപ്പെടുകയും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ചെയ്തതായി റിപ്പോർട്ട്. മൈദുഗുരി രൂപതയുടെ സഹായ മെത്രാനായ ജോൺ ബോഗ്ന ബകെനിയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ഒസുൻ സംസ്ഥാനത്ത് നടന്ന നൈജീരിയൻ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വിശുദ്ധ കുർബാനയ്ക്കിടെയാണ് ബിഷപ്പ് ബകെനി സംസാരിച്ചത്.

വർഷങ്ങളായി തുടരുന്ന അക്രമങ്ങൾക്കും തട്ടിപ്പുകൾക്കും കുടിയൊഴിപ്പിക്കലുകൾക്കും ഇരയായിട്ടും ദൈവകൃപയാൽ മാത്രമാണ് മൈദുഗുരി രൂപത ഇന്നും നിലനിൽക്കുന്നതെന്ന് ബിഷപ്പ് വ്യക്തമാക്കി. 2014-ൽ ശക്തമായ ഭീകരാക്രമണങ്ങളെ തുടർന്ന് ആയിരക്കണക്കിന് വിശ്വാസികൾക്ക് സ്വന്തം വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. എന്നാൽ, കടുത്ത ഭീഷണികൾക്കും ആക്രമണങ്ങൾക്കുമിടയിലും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാൻ വിശ്വാസികൾ തയ്യാറായില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി.

“തുടർച്ചയായ ബോംബേറിനും വെടിവയ്പ്പുകൾക്കുമിടയിലും ഞങ്ങളുടെ ദൈവാലയങ്ങൾ ഇന്നും വിശ്വാസികളാൽ നിറഞ്ഞിരിക്കുകയാണ്. തോക്കുകളും ബോംബുകളും ഞങ്ങളുടെ വിശ്വാസത്തെ തകർക്കില്ല,” – ബിഷപ്പ് ബകെനി കൂട്ടിച്ചേർത്തു.

നൈജീരിയയിലെ താരതമ്യേന സമാധാനപൂർണ്ണമായ പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങൾ തങ്ങൾക്ക് ലഭിച്ച ശാന്തിയെ വിലമതിക്കണമെന്നും ഭീകരതയുടെ ആഘാതം നേരിടുന്ന മൈദുഗുരിയിലെ ജനങ്ങൾക്കായി പ്രാർഥിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അക്രമങ്ങളും പീഡനങ്ങളും തുടരുമ്പോഴും സത്യത്തിനും സ്നേഹത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും തിന്മ ഒടുവിൽ പരാജയപ്പെടുമെന്നും ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.