സി.എം.ഐ സഭയുടെ ആഫ്രിക്കൻ വിജയഗാഥ  

“നൈറോബിക്കടുത്ത് ചെറിയൊരു കുരിശുപള്ളിയിലെ ജനങ്ങൾ വർഷങ്ങളെടുത്ത് പ്രോജക്ടുകൾ ഇല്ലാതെ പണിതുയർത്തിയതാണ്, ഇന്ന് 1000 കുടുംബങ്ങൾ ഉൾക്കൊള്ളുന്ന വി. വേറോനിക്കയുടെ നാമത്തിലുള്ള ദേവാലയം.” ആഫ്രിക്കൻ മിഷൻ എന്ന സ്വപ്നം സി.എം.ഐ സന്യാസ സമൂഹം പൂർത്തീകരിച്ചത് എങ്ങനെയെന്ന് മിഷനറിയായ ഫാ. ജോൺസൺ തളിയത്ത് വിശദീകരിക്കുന്നു. 

ആഫ്രിക്കൻ മിഷൻ എന്ന സ്വപ്നവുമായി തൃശൂർ ദേവമാതാ പ്രൊവിൻസ് ആദ്യമെത്തിയത് സാംബിയയിലാണ്. പക്ഷേ, പച്ചപിടിച്ചത് 1981-ൽ തുടങ്ങിയ കെനിയൻ മിഷനാണ്. എഡ്വേർഡ് പടിക്കലച്ചനും ജോസ് കല്ലേലിയച്ചനും ജോയ് കളപ്പറമ്പത്തച്ചനും തങ്ങളെത്തന്നെ ബലിയായി നല്കിയ ഈ മണ്ണിൽ ഞങ്ങൾ എത്തുന്നതിനു മുമ്പു തന്നെ അച്ചങ്ങാടനച്ചനും വൈന്തലക്കാരനച്ചനും ആത്തപ്പിള്ളിയച്ചനും പള്ളിക്കുന്നേലച്ചനും വാസം കണ്ടെത്തിയിരുന്നു. അതിനുശേഷം ദേവമാതാ പ്രൊവിൻസിലെ എത്രയോ മിഷനറിമാർ കെനിയയിലെത്തി. എല്ലാവരും, എടുത്തുപറയാൻ മാത്രം ഈ മണ്ണിൽ കാൽപ്പാടുകൾ അവശേഷിപ്പിച്ചു പോയവരാണ്.

ഇടവകകളിൽ ഇടയനായും സ്കൂളുകളിൽ അധ്യാപകനായും സെമിനാരിയിൽ പരിശീലകനായും ഗ്രാമങ്ങളിൽ സാമൂഹിക സേവകനായും ധ്യാനഗുരുവായും ഭൂതോച്ചാടകനായും ഈ മിഷനറിമാർ ക്രിസ്തുവിന്റെ നിസ്വാർത്ഥ സ്നേഹത്തിന് ഇവിടെ സാക്ഷ്യം വഹിക്കുന്നു.

നൈറോബിക്കടുത്ത് ഞങ്ങളെ ഏൽപിച്ച ചെറിയൊരു കുരിശുപള്ളിയിലെ ജനങ്ങൾ വർഷങ്ങളെടുത്ത് ആന്റോ തെക്കൂടനച്ചനോടൊപ്പം പ്രോജക്ടുകൾ ഇല്ലാതെ പണിതുയർത്തിയതാണ്, ഇന്ന് 1000 കുടുംബങ്ങൾ ഉൾക്കൊള്ളുന്ന വി. വേറോനിക്കയുടെ നാമത്തിലുള്ള ദേവാലയം. ആഫ്രിക്കയിലെ സന്യാസ പരിശീലനത്തിന്റെ ഭാഗമായി സി.എം.ഐ നൊവിഷ്യേറ്റ് ശെമ്മാശ്ശന്മാർക്കായുള്ള പഠനഗൃഹവും ഇവിടെയുണ്ട്. കരാബയിലുള്ള നൊവിഷ്യേറ്റ് ഹൗസിൽ മഡഗാസ്ക്കറിൽ നിന്നുമുള്ള ബ്രദേഴ്സുമുണ്ട്. ഇന്ന് കെനിയക്കാരായ 10 സി.എം.ഐ വൈദികരും ശെമ്മാശ്ശന്മാരും ദേവമാതാ പ്രവിശ്യയുടെ ശക്തിയാണ് എന്നുപറയുന്നതിൽ അഭിമാനമുണ്ട്.

അനേകം പ്രൈമറി – സെക്കണ്ടറി സ്കൂളുകൾക്കു പുറമെ സമൂഹത്തിൽ നിന്നും വേർതിരിക്കപ്പെട്ടു കഴിയുന്ന കുഞ്ഞുങ്ങൾക്കായി പ്രത്യേക പരിശീലന – ശുശ്രൂഷാകേന്ദ്രങ്ങൾ ഈ മിഷനറിമാർ നടത്തുന്നുണ്ട്.

പോൾ ചുമ്മാർ അച്ചന്റെ സ്വപ്നപദ്ധതിയാണ് കിബിക്കുവിലെ ‘സി.എം.ഐ ഹുഡുമ രേഹ സെൻ്റർ.’ മാനസികവളർച്ച ഇല്ലെന്ന കാരണത്താൽ സമൂഹം അവഗണിക്കുന്ന കുഞ്ഞുങ്ങൾക്കായി ഡിസ്പെൻസറിയും തെറാപ്പി സെന്ററും റിഹാബിലിറ്റേഷൻ സെൻററും പണിതീർന്നിട്ടുണ്ട്.

ജോൺ തോട്ടാപ്പിള്ളിയച്ചന്റെ സ്വപ്നം രൂപം പ്രാപിച്ചതാണ് മക്കുട്ടാനോ മിഷനിലെ സ്കൂളും ധ്യാനകേന്ദ്രവും.

കോയമ്പത്തൂർ പ്രേഷിത പ്രവിശ്യയിലെ മിഷനറിമാർ വടക്കേ കെനിയയിൽ നിറഞ്ഞുകൊണ്ടിരിക്കുന്നു. സി.എം.ഐ മിഷനറിമാർക്കൊപ്പം വിൻസെൻഷ്യൻ, ക്ലാര, എസ്.ഡി, ഗ്രീൻ ഗാർഡൻസ് തുടങ്ങി വേറെയും സന്യാസ സഭകൾ കേരളത്തിൽ നിന്നും ഇവിടെ സാക്ഷ്യം വഹിക്കുന്നുണ്ട്.

കേരളമണ്ണിൽ നിന്നും ഇനിയും ധാരാളം പേർ പരിശുദ്ധാത്മാവിന്റെ വെളിച്ചവും തെളിച്ചവും സ്വീകരിച്ച് ദൈവസ്നേഹത്തിനു സാക്ഷ്യം വഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ഫാ. ജോൺസൺ തളിയത്ത് സി.എം.ഐ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.