

കോട്ടയം അതിരൂപതയുടെ പുതിയ സഹായമെത്രാനായി ഉയർത്തപ്പെട്ട തോമസ് ആനിമൂട്ടിൽ പിതാവിനൊപ്പമുള്ള സ്നേഹനിർഭരമായ ഓർമ്മകൾ പങ്കുവെക്കുകയാണ് കാൻസർ സർജൻ ഡോ. ജോജോ ജോസഫ്. കാരിത്താസ് ആശുപത്രിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ പിതാവിന്റെ നേതൃത്വപാടവവും കരുതലും ഈ കുറിപ്പ് വരച്ചുകാട്ടുന്നു. പുതിയ ഇടയനായി ഉയർത്തപ്പെടുന്ന പിതാവിന് ഹൃദയം നിറഞ്ഞ പ്രാർഥനാശംസകൾ! കാരിത്താസ് ആശുപത്രിയിൽ അവർ ഒപ്പമുണ്ടായിരുന്ന കാലത്തിന്റെ മനോഹരമായ അവതരണം വായിക്കുക.
എന്റെ ഓർമ്മകളിലെ ആനിമൂട്ടിൽ അച്ചൻ
ഓർമ്മകൾക്ക് കലണ്ടറിന്റെ കൃത്യതയില്ല. വർഷങ്ങൾ കടന്നുപോകുമ്പോൾ തീയതികൾ മങ്ങാം; സംഭവങ്ങളുടെ ക്രമം അങ്ങോട്ടുമിങ്ങോട്ടും മാറിയെന്നും വരാം. പക്ഷേ, ചില മനുഷ്യർ കാലം ചെല്ലുന്തോറും ഓർമ്മയിൽ കൂടുതൽ തെളിഞ്ഞുവരും. ആനിമൂട്ടിൽ അച്ചനെക്കുറിച്ച് എഴുതുമ്പോൾ എനിക്കുണ്ടാകുന്ന അനുഭവവും അതാണ്.
ഏതാണ്ട് പതിനെട്ടു വർഷം പിന്നിലേക്ക് നടക്കണം എന്റെ ആദ്യ ഓർമ്മയിലേക്ക്. 2008-ലോ, അതിന്റെ അവസാന മാസങ്ങളിലോ ആയിരിക്കണം ഞാൻ അച്ചനെ ആദ്യമായി കാണുന്നത്. അക്കാലത്ത് ഞാൻ കാരിത്താസ് ക്വാർട്ടേഴ്സിലായിരുന്നു താമസം. ഇന്നത്തെ വിശാലമായ കാരിത്താസിനെ അപേക്ഷിച്ച് അന്നത്തേത് ചെറിയൊരു ലോകമായിരുന്നു; ചെറിയ ക്യാമ്പസ്, കുറച്ചു ജീവനക്കാർ. അതുകൊണ്ടുതന്നെ പുതിയ ഒരാൾ വന്നാൽ അത് ഞങ്ങളുടെ കണ്ണിൽപ്പെടാതിരിക്കില്ല.
അങ്ങനെയൊരു വൈകുന്നേരമാണ് ക്യാമ്പസിൽ പുതിയൊരു അച്ചനെ കാണുന്നത്. അന്വേഷിച്ചപ്പോൾ അറിഞ്ഞു – കാരിത്താസിന്റെ പുതിയ ഫിനാൻസ് ഡയറക്ടർ.
‘ഇപ്പോൾ കാരിത്താസിന് പുതിയൊരു ഫിനാൻസ് ഡയറക്ടറിന്റെ ആവശ്യമെന്താണ്’ എന്നൊരു സംശയം അന്ന് മനസ്സിലൂടെ കടന്നുപോയതും ഓർമ്മയുണ്ട്.
പിന്നീടൊരു വൈകുന്നേരത്തെ നടത്തത്തിനിടയിലാണ് അച്ചനെ നേരിട്ട് പരിചയപ്പെടുന്നത്.
“ഡോക്ടർ ജോജോ.”
അങ്ങനെയാണ് ഞാൻ എന്നെ പരിചയപ്പെടുത്തിയത്.
ആ രണ്ടു വാക്കുകളിൽ തുടങ്ങിയ പരിചയം പിന്നീട് ഔദ്യോഗികതയുടെ അതിരുകൾ വിട്ടു. ‘ഡോക്ടർ ജോജോ’ എന്നതിൽനിന്ന് അച്ചന്റെ സ്നേഹവും സ്വാതന്ത്ര്യവും നിറഞ്ഞ “എന്താ ജോജോ” എന്ന വിളിയിലേക്കെത്തിയപ്പോൾ, തുറന്നു സംസാരിക്കാനും അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും ചിലപ്പോൾ വിയോജിക്കാനും കഴിയുന്ന ഒരു സൗഹൃദമായി ആ ബന്ധം മാറിയിരുന്നു.
ധനകാര്യത്തിൽനിന്ന് ആശുപത്രിയുടെ അമരത്തേക്ക്
ആനിമൂട്ടിൽ അച്ചൻ കാരിത്താസിലെത്തിയത് ഫിനാൻസ് ഡയറക്ടർ ആയിട്ടാണ്. ഒരു ഡോക്ടർ എന്ന നിലയിൽ ഫിനാൻസ് ഡിപ്പാർട്ട്മെന്റിനുള്ളിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ അന്ന് അടുത്തുനിന്ന് കാണാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് മനസ്സിലായി: കാരിത്താസിന്റെ സാമ്പത്തികകാര്യങ്ങൾ ക്രമപ്പെടുത്തുകയും ധനകാര്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ ചിട്ടയും കാര്യക്ഷമതയും നൽകുകയും ചെയ്തതിൽ അദ്ദേഹത്തിന് നിർണായകമായ പങ്കുണ്ടായിരുന്നു.
ഒരു ആശുപത്രിയുടെ കരുത്ത് മികച്ച ഡോക്ടർമാരിലും അത്യാധുനിക ചികിത്സാസൗകര്യങ്ങളിലും മാത്രം ഒതുങ്ങുന്നില്ല. അതിനു പിന്നിൽ ഉറച്ച സാമ്പത്തിക അടിത്തറയും കാര്യക്ഷമമായ ഭരണസംവിധാനവും വേണം. ആ അടിത്തറ ശക്തമാക്കിയ ശേഷമാണ് ആനിമൂട്ടിൽ അച്ചൻ കാരിത്താസ് ആശുപത്രിയുടെ മുഴുവൻ സമയ ഡയറക്ടർ ആയി മാറുന്നത്. അവിടെനിന്നാണ് ഞാൻ അടുത്തുനിന്ന് കണ്ട മറ്റൊരു ആനിമൂട്ടിൽ അച്ചന്റെ കഥ ആരംഭിക്കുന്നത്.
പ്രസന്നമായ മുഖം; തീരുമാനങ്ങളിൽ കണിശത
ആദ്യകാലം മുതൽ അച്ചനിൽ എന്നെ ആകർഷിച്ച ഒരു പ്രത്യേകത അദ്ദേഹത്തിന്റെ പ്രസന്നതയായിരുന്നു. എപ്പോഴും വൃത്തിയായി വേഷം ധരിച്ച്, നന്നായി മുഖക്ഷൗരം ചെയ്ത്, ഉന്മേഷത്തോടെ നടക്കുന്ന ഒരാൾ. എത്ര തിരക്കുള്ള ദിവസമായാലും അതിന്റെ ഭാരം മുഖത്ത് ചുമന്നുനടക്കുന്നതായി ഞാൻ കണ്ടിട്ടില്ല. എന്നാൽ അടുത്തറിഞ്ഞപ്പോഴാണ് ആ സൗമ്യമായ മുഖത്തിനു പിന്നിൽ തീരുമാനങ്ങളിൽ ഉറപ്പും പ്രവർത്തനങ്ങളിൽ അസാധാരണമായ കൃത്യതയുമുള്ള ഒരു ഭരണാധികാരിയെ തിരിച്ചറിഞ്ഞത്.
അച്ചന്റെ ഗുണങ്ങളിൽ ഒന്ന് മാത്രം തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ സംശയമില്ലാതെ പറയുക സമയനിഷ്ഠയെക്കുറിച്ചാണ്. ഒരു ആവശ്യം അച്ചന്റെ മുന്നിൽ വച്ചാൽ, ചെയ്യാൻ കഴിയുന്ന കാര്യമാണെങ്കിൽ “ഇത്ര ദിവസത്തിനുള്ളിൽ ചെയ്തു തരാം” എന്നു പറയും. പറഞ്ഞ സമയത്തിനുള്ളിൽ അത് നടന്നിരിക്കും. സാധിക്കാത്ത കാര്യമാണെങ്കിൽ അതും വ്യക്തമായി പറയും. അനിശ്ചിതത്വത്തിൽ ഒരാളെ കാത്തുനിർത്തുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നില്ല.
സമയത്തിനും വാക്കിനും ഒരുപോലെ വില കൊടുത്തയാൾ
അച്ചന്റെ ഈ സ്വഭാവം എനിക്ക് ഏറ്റവും മനോഹരമായി മനസ്സിലാക്കിത്തന്നത് അദ്ദേഹത്തിന്റെ ഓഫീസിലെ ഒരു ചെറിയ കാഴ്ചയാണ്. അച്ചന്റെ മുറിയിൽ ചെല്ലുമ്പോഴെല്ലാം ഞാൻ ശ്രദ്ധിച്ചിരുന്നു – മേശ എപ്പോഴും വൃത്തിയായിരിക്കും. ഒപ്പിടാനുള്ള കടലാസുകളുടെ കൂമ്പാരമില്ല; ഫയലുകൾ കെട്ടിക്കിടക്കുന്നില്ല.
ഒരിക്കൽ ഞാൻ ചോദിച്ചു:
“അച്ചാ, അച്ചന്റെ മേശയിൽ ഒരു ഫയൽ പോലും ഇല്ലല്ലോ. ഇതെങ്ങനെയാണ്?”
അച്ചന്റെ മറുപടി വളരെ ലളിതമായിരുന്നു:
“ഞാൻ ഒരു ജോലിയും നാളത്തേക്ക് മാറ്റിവയ്ക്കാറില്ല. ഇന്ന് ഒപ്പിടാനുള്ളത് ഇന്ന് ഒപ്പിടും. ഇന്ന് ചെയ്യാവുന്നത് ഇന്ന് തന്നെ തീർക്കും. അതുകൊണ്ടാണ് എന്റെ മേശ എന്നും വൃത്തിയായിരിക്കുന്നത്.”
വർഷങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി, അത് മേശയെക്കുറിച്ചായിരുന്നില്ല; അദ്ദേഹത്തിന്റെ ജീവിതരീതിയെക്കുറിച്ചായിരുന്നു എന്ന്.
ചെയ്യാനുള്ളത് എഴുതിവയ്ക്കുക. ചെയ്യാവുന്നത് നാളത്തേക്ക് മാറ്റിവയ്ക്കാതിരിക്കുക. ഏറ്റെടുത്തത് പൂർത്തിയാക്കുക. പിന്നെ അടുത്ത കാര്യത്തിലേക്ക് നീങ്ങുക. ഇതായിരുന്നു അച്ചന്റെ രീതി. ചെയ്യേണ്ട കാര്യങ്ങളെല്ലാം ഒരു ചെറിയ കുറിപ്പുപുസ്തകത്തിൽ അച്ചൻ രേഖപ്പെടുത്തുമായിരുന്നു.
വലിയ മാനേജ്മെന്റ് പുസ്തകങ്ങളിൽ നിന്നല്ല, ഒരു വൃത്തിയുള്ള മേശയ്ക്കരികിൽ നിന്നാണ് ഞാൻ ആ പാഠം പഠിച്ചത്. ആ ശീലം എന്റെ ജീവിതത്തിലേക്കും ഞാൻ കൊണ്ടുവന്നു. കഴിയുന്നത്ര അന്നത്തെ ജോലികൾ അന്നുതന്നെ പൂർത്തിയാക്കി ദിവസാവസാനം മേശ വൃത്തിയാക്കി മടങ്ങാൻ ഇന്നും ഞാൻ ശ്രമിക്കുന്നു.
രണ്ട് അളവുകോലുകൾ
അച്ചനുമായി പല വിഷയങ്ങളിലും സംസാരിച്ചിട്ടുണ്ട്; അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ തീരുമാനങ്ങളുടെ പിന്നിലെ അടിസ്ഥാനചിന്തയെക്കുറിച്ച് എനിക്ക് ഒരിക്കലും സംശയമുണ്ടായിട്ടില്ല. അതിന്റെ സാരം രണ്ടേ രണ്ടു കാര്യങ്ങളായിരുന്നു: 1. കാരിത്താസിന് നല്ലതാകണം, 2. കാരിത്താസിലെത്തുന്ന രോഗിക്ക് നല്ല ചികിത്സ ലഭിക്കണം.
ആരാണ് ഒരു ആശയം മുന്നോട്ടുവച്ചത്, ആർക്ക് ഇഷ്ടപ്പെടും, ആർക്ക് ഇഷ്ടപ്പെടില്ല എന്നതിനെക്കാൾ സ്ഥാപനത്തിനും രോഗിക്കും എന്താണ് നല്ലത് എന്നതായിരുന്നു അദ്ദേഹത്തിന്റെ അളവുകോൽ. ആ ചിന്ത കാരിത്താസിന്റെ വളർച്ചയിൽ ഓരോന്നായി രൂപംകൊള്ളുന്നത് ഞങ്ങൾ കണ്ടു.
വിവിധ ഡിപ്പാർട്ട്മെന്റുകളുടെ വളർച്ച
കാർഡിയോളജി ഡിപ്പാർട്ട്മെന്റിന്റെ വളർച്ചയും ശക്തമായ കാർഡിയോളജി ടീമിന്റെ രൂപീകരണവും ആ കാലഘട്ടത്തിലെ പ്രധാന മുന്നേറ്റങ്ങളിലൊന്നായിരുന്നു. ഇന്റർവെൻഷണൽ കാർഡിയോളജി സൗകര്യങ്ങൾ വികസിച്ചു. അതോടൊപ്പം കാർഡിയോതൊറാസിക് സർജറി ഡിപ്പാർട്ട്മെന്റ് (Department of Cardiothoracic Surgery) ശക്തിപ്പെടുകയും മിനിമലി ഇൻവേസീവ് കാർഡിയാക് സർജറി ഉൾപ്പെടെയുള്ള നൂതന മേഖലകളിലേക്ക് കാരിത്താസ് വളരുകയും ചെയ്തു.
ന്യൂറോളജി വകുപ്പ്, ന്യൂറോസർജറി വകുപ്പ് എന്നിവ ശക്തിപ്പെടുത്തി മികച്ച ഡോക്ടർമാരെ കൊണ്ടുവന്ന് ഒരു ശക്തമായ ക്ലിനിക്കൽ ടീം രൂപപ്പെടുത്തി. പിന്നീട് സമഗ്രമായ ന്യൂറോസയൻസസ് സെന്റർ ആയി അത് വളർന്നു. ഒരുകാലത്ത് ഇത്തരം സങ്കീർണ ചികിത്സകൾക്കായി വലിയ നഗരങ്ങളെ ആശ്രയിക്കേണ്ടിവന്ന രോഗികൾക്ക് സ്വന്തം നാട്ടിൽ അതിവിദഗ്ധ ചികിത്സ ലഭ്യമാകുന്ന സാഹചര്യം അങ്ങനെ രൂപപ്പെട്ടു.
ഗ്യാസ്ട്രോ എൻട്രോളജി വകുപ്പ് ആധുനികവത്കരിച്ചതിനൊപ്പം ഗ്യാസ്ട്രോഇന്റസ്റ്റൈനൽ സർജറിക്കായി പ്രത്യേക വകുപ്പ് ആരംഭിച്ചു. തുടർന്ന് ഹെപ്പറ്റോബിലിയറി & പാൻക്രിയാറ്റിക് സർജറി പോലുള്ള സങ്കീർണ മേഖലകളിലേക്കും കാരിത്താസ് വളർന്നു.
അവിടെനിന്ന് ലക്ഷ്യം അതിലും വലുതായി – ലിവർ ട്രാൻസ്പ്ലാന്റേഷൻ. ഒരു ട്രാൻസ്പ്ലാന്റ് സർജനെ മാത്രം കൊണ്ടുവന്ന് തുടങ്ങാവുന്ന ചികിത്സയല്ല അത്. വിവിധ സ്പെഷ്യാലിറ്റികളിലെ വിദഗ്ധർ, ഓപ്പറേഷൻ തിയേറ്ററുകൾ, ഇൻ്റൻസീവ് കെയർ, ബ്ലഡ് ബാങ്ക്, ലബോറട്ടറി സർവീസസ് തുടങ്ങി വലിയൊരു ഇക്കോസിസ്റ്റം അതിനു പിന്നിൽ വേണം. അതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ ഒരുക്കി ആദ്യ ലിവർ ട്രാൻസ്പ്ലാന്റേഷൻ നടത്താൻ കഴിയുന്ന തലത്തിലേക്ക് കാരിത്താസിനെ എത്തിച്ചത്, കോട്ടയം പോലൊരു ചെറിയ പട്ടണത്തിൽ അന്ന് വലിയൊരു സ്വപ്നത്തെ യാഥാർഥ്യമാക്കിയ സംഭവമായാണ് ഞാൻ കാണുന്നത്. അച്ചന്റെ കാലത്തെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണത് എന്നതാണ് എന്റെ വ്യക്തിപരമായ വിലയിരുത്തൽ.
റുമാറ്റോളജി വകുപ്പിന്റെ വളർച്ചയും പ്രത്യേകം ഓർക്കണം. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഓട്ടോഇമ്മ്യൂൺ ഡിസീസസ് തുടങ്ങിയ സങ്കീർണ രോഗങ്ങളുള്ള അനേകം രോഗികൾക്ക് വിദഗ്ധചികിത്സ സ്വന്തം നാട്ടിൽ ലഭിക്കാൻ അത് വഴിയൊരുക്കി.
അതുപോലെ എൻഡോക്രൈനോളജി വകുപ്പും ആധുനിക നിലവാരത്തിൽ വളർന്നു. ഡയബറ്റിസ്, തൈറോയ്ഡ് ഡിസോർഡേഴ്സ്, വിവിധ ഹോർമോണൽ ഡിസോർഡേഴ്സ് എന്നിവയെ സമഗ്രമായി കൈകാര്യം ചെയ്യാൻ കഴിയുന്ന വിദഗ്ധസംഘവും സംവിധാനങ്ങളും രൂപപ്പെട്ടു. എൻഡോക്രൈനോളജിയുടെ ഭാവിയിലെ പ്രാധാന്യം നേരത്തെ തിരിച്ചറിഞ്ഞ് ലോകോത്തര നിലവാരത്തിലേക്ക് വളരാനുള്ള അടിത്തറ ഒരുക്കിയതിന്റെ ക്രെഡിറ്റും അച്ചന് നൽകേണ്ടതാണ്.
ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ വകുപ്പിന്റെ വളർച്ചയും അച്ചന്റെ ദീർഘവീക്ഷണത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു. ഒരു രോഗിയുടെ ചികിത്സ സർജറിയിലോ മരുന്നിലോ അവസാനിക്കുന്നില്ല. സ്ട്രോക്ക്, കാർഡിയാക് സർജറി, ന്യൂറോസർജറി, ഓർത്തോപീഡിക് സർജറി, കാൻസർ ട്രീറ്റ്മെന്റ് എന്നിവയ്ക്കുശേഷം രോഗിയെ വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ റിഹാബിലിറ്റേഷൻ നിർണായകമാണ്. അതുകൊണ്ടുതന്നെ വിവിധ സ്പെഷ്യാലിറ്റികളെ ബന്ധിപ്പിക്കുന്ന ചികിത്സയുടെ നിശ്ശബ്ദമായ നട്ടെല്ലായി ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷനെ വളർത്തിയത് വലിയൊരു മുന്നേറ്റമായിരുന്നു യൂറോളജി വകുപ്പിലേക്ക് കൂടുതൽ ഫുൾ ടൈം സ്പെഷ്യലിസ്റ്റുകൾ എത്തി. നെഫ്രോളജി വകുപ്പ് കൂടുതൽ ശക്തിപ്പെട്ടു; ഡയാലിസിസ് സംവിധാനങ്ങൾ വികസിച്ചു. പിന്നീട് റെനൽ ട്രാൻസ്പ്ലാന്റേഷൻ (renal transplantation) നടത്താൻ കഴിയുന്ന തലത്തിലേക്കും കാരിത്താസ് വളർന്നു.
ഇവിടെയെല്ലാം ഞാൻ കണ്ട പൊതുവായ ഒരു പാറ്റേൺ ഉണ്ടായിരുന്നു: ശരിയായ ഡോക്ടർമാരെ കണ്ടെത്തുക. അവരെ കാരിത്താസിലേക്ക് കൊണ്ടുവരിക. ആവശ്യമായ ഇൻഫ്രാസ്ട്രക്ചർ ഒരുക്കുക. ശക്തമായ ക്ലിനിക്കൽ ടീം ആയി വളരാൻ അവസരം നൽകുക. പിന്നെ ആ വകുപ്പിന് വളരാനുള്ള സ്വാതന്ത്ര്യം നൽകുക.
കാൻസർ സെന്റർ: എനിക്ക് കൂടുതൽ അടുത്തറിയാവുന്ന ചരിത്രം
കാരിത്താസിന്റെ വളർച്ചയെക്കുറിച്ച് പറയുമ്പോൾ എനിക്ക് ഏറ്റവും വ്യക്തിപരമായ അടുപ്പമുള്ള കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ച് ഒരു വാക്ക്. കാരിത്താസിന്റെ ആദ്യകാല വലിയ കുതിച്ചുചാട്ടങ്ങളിൽ ഒന്നായ സമഗ്ര കാൻസർ സെന്ററിന്റെ അടിത്തറയിട്ടത് അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ ദീർഘവീക്ഷണമായിരുന്നു. ആ ദർശനത്തെയും അതിനു പിന്നിൽ നിന്ന പിതാവിനെയും ഇവിടെ ആദരവോടെയും നന്ദിയോടെയും ഓർക്കുന്നു. ആ വലിയ യാത്രയുടെ തുടർച്ചയിലാണ് ആനിമൂട്ടിൽ അച്ചന്റെ കാലവും വരുന്നത്. റേഡിയേഷൻ ഒങ്കോളജിയിലെ ടെക്നോളജി അതിവേഗം മാറിയപ്പോൾ ഒരുഘട്ടത്തിൽ ഞങ്ങൾക്കുതന്നെ ആശങ്കയുണ്ടായിരുന്നു – പഴയ മെഷീനുകൾക്ക് പകരം പുതിയവ വാങ്ങാൻ കഴിയുമോ? ഡിപ്പാർട്ട്മെന്റിന്റെ വളർച്ച മുടങ്ങിപ്പോകുമോ?
അപ്പോൾ അച്ചൻ പറഞ്ഞ വാക്കുകൾ ഇന്നും ഓർമ്മയുണ്ട്:
“നിങ്ങൾ അതിനെക്കുറിച്ച് പേടിക്കേണ്ട. പണത്തെക്കുറിച്ച് നിങ്ങൾ ആലോചിക്കേണ്ട.”
പിന്നീട് പുതിയ റേഡിയേഷൻ തെറാപ്പി മെഷീനുകൾ എത്തി. കൂടുതൽ യൂണിറ്റുകൾ സ്ഥാപിക്കപ്പെട്ടു. കാൻസർ സെന്ററിന്റെ മുഖച്ഛായ തന്നെ മാറി.
ആ വാക്കുകളുടെ അർത്ഥം ഒരു മെഷീൻ വാങ്ങിക്കൊടുക്കുന്നതിലുമപ്പുറമായിരുന്നു:
“നിങ്ങൾ ചികിത്സയെക്കുറിച്ച് ചിന്തിക്കൂ; അതിന് ആവശ്യമായ സംവിധാനം ഒരുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.”
ഒരു ഡോക്ടർക്ക് ഒരു അഡ്മിനിസ്ട്രേഷൻ നൽകാവുന്ന ഏറ്റവും വലിയ ആത്മവിശ്വാസങ്ങളിൽ ഒന്നാണത്.
കാൻസർ ട്രീറ്റ്മെന്റിന്റെ ഭാഗമായി ഡിപ്പാർട്ട്മെന്റ് ഓഫ് ന്യൂക്ലിയർ മെഡിസിനും ശക്തിപ്പെട്ടു. ന്യൂക്ലിയർ മെഡിസിൻ തെറാപ്പീസ്, പെറ്റ് സ്കാൻ, എം.ആർ.ഐ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾക്കായി പ്രത്യേക ഇൻഫ്രാസ്ട്രക്ചർ ഒരുക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് രോഗികൾ ഈ സേവനങ്ങൾ തേടി കാരിത്താസിലെത്തുന്ന നിലയിലേക്ക് ആ വകുപ്പ് വളർന്നു.
ഡോക്ടർമാരെ ഒരു സംവിധാനമായി കൂട്ടിയിണക്കിയത്
പുതിയ വകുപ്പുകളും മെഷീനുകളും മാത്രം ഒരു വലിയ ആശുപത്രിയെ സൃഷ്ടിക്കില്ല. വിവിധ സ്പെഷ്യാലിറ്റികളിലുള്ള ഡോക്ടർമാർ ഒരേ ലക്ഷ്യത്തോടെ എത്രത്തോളം ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നു എന്നതും നിർണായകമാണ്. കാര്യക്ഷമമായ ഒരു മെഡിക്കൽ ഡയറക്ടറുടെ നേതൃത്വത്തിൽ മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ശക്തിപ്പെടുത്തി. വിവിധ വകുപ്പുകളിലെ എച്ച്.ഒ.ഡി.കളെ അതുമായി ബന്ധിപ്പിച്ച് വ്യക്തമായ ഉത്തരവാദിത്തവും ആശയവിനിമയവും തീരുമാനമെടുക്കുന്ന രീതിയും രൂപപ്പെടുത്തി.
അതിലൂടെ വ്യക്തികളെ മാത്രം ആശ്രയിച്ചുള്ള ആശുപത്രിയിൽനിന്ന് വ്യക്തമായ ലീഡർഷിപ്പ് സ്ട്രക്ചറും പ്രൊഫഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ സിസ്റ്റവുമുള്ള വലിയൊരു സ്ഥാപനത്തിന്റെ സ്വഭാവത്തിലേക്ക് കാരിത്താസ് കൂടുതൽ വളർന്നു. കാരിത്താസിന്റെ മൂല്യങ്ങളും സേവനമനോഭാവവും നിലനിർത്തിക്കൊണ്ടുതന്നെയാണ് ഈ പ്രൊഫഷണൽ സ്ട്രക്ചർ രൂപപ്പെട്ടത് എന്നതും പ്രധാനമാണ്.
മികച്ച ഡോക്ടർമാരെ കൊണ്ടുവരുന്നത് ഒരു കാര്യം. അവരെ ഒരു പൊതുലക്ഷ്യത്തിനുചുറ്റും കൂട്ടിയിണക്കി ക്ലിനിക്കൽ ടീമുകൾ ആക്കി, ആ ടീമുകളെ ഒരു വലിയ ഇൻസ്റ്റിറ്റ്യൂഷണൽ സിസ്റ്റത്തിന്റെ ഭാഗമായി പ്രവർത്തിപ്പിക്കുന്നത് മറ്റൊന്നാണ്. ആ രണ്ടാമത്തെ കാര്യത്തിലും ആനിമൂട്ടിൽ അച്ചന്റെ ഭരണനൈപുണ്യം വ്യക്തമായിരുന്നു.
വലിയ ചികിത്സകൾക്കപ്പുറത്തെ കരുതൽ
അച്ചന്റെ ശ്രദ്ധ വലിയ സർജറികളിലും വിലകൂടിയ മെഷീനുകളിലും പുതിയ വകുപ്പുകളിലും മാത്രം ഒതുങ്ങിയിരുന്നില്ല. ഔട്ട്പേഷ്യന്റ് ഡിപ്പാർട്ട്മെന്റുകൾ പുതുക്കിപ്പണിതു. പുതിയ കൺസൾട്ടേഷൻ റൂമുകൾ ഉണ്ടാക്കി. ഓരോ ഡോക്ടർക്കും രോഗിയെ സ്വകാര്യതയോടെയും സൗകര്യത്തോടെയും കാണാൻ കഴിയുന്ന രീതിയിൽ അവ ക്രമീകരിച്ചു.
ഒരു കൺസൾട്ടേഷൻ റൂം ഒരു മേശയും രണ്ടു കസേരയും മാത്രമുള്ള ഇടമല്ല. ഒരു മനുഷ്യൻ തന്റെ ഏറ്റവും വലിയ ഭയങ്ങളും സംശയങ്ങളും തുറന്നുപറയുന്ന ഇടമാണ്. ആ അന്തരീക്ഷത്തിനും മാന്യത വേണമെന്ന ചിന്ത ആ മാറ്റങ്ങളിൽ കാണാമായിരുന്നു.
ജീവിതം രക്ഷിക്കുന്ന ഇടങ്ങൾ ഒരുക്കിയതുപോലെ ജീവിതത്തിന്റെ അവസാനത്തിലും മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കപ്പെടണം എന്ന കരുതലും ഉണ്ടായിരുന്നു. മോർച്ചറിയും അതിനോടു ചേർന്ന പ്രദേശവും കൂടുതൽ മാന്യവും സൗകര്യപ്രദവുമായ രീതിയിൽ വികസിപ്പിച്ചതും എന്റെ ഓർമ്മയിൽ നിൽക്കുന്നു.
എന്റെ വീടിന്റെ വെഞ്ചരിപ്പ്
ഇത്രയും വലിയ സ്ഥാപനപരമായ ഓർമ്മകൾക്കിടയിലും എന്റെ മനസ്സിനോട് ഏറ്റവും അടുത്തുനിൽക്കുന്നത് ചെറിയൊരു വ്യക്തിപരമായ ഓർമ്മയാണ് – എന്റെ വീടിന്റെ വെഞ്ചരിപ്പ്. ക്വാർട്ടേഴ്സിലെ താമസം അവസാനിപ്പിച്ച് പുതിയ വീട്ടിലേക്ക് മാറിയപ്പോൾ വീടിന്റെ വെഞ്ചരിപ്പ് നടത്തിയവരിൽ ആനിമൂട്ടിൽ അച്ചനും ഉണ്ടായിരുന്നു. കാരിത്താസിന്റെ വലിയ മാറ്റങ്ങളുടെ നടുവിൽ എന്റെ കുടുംബജീവിതത്തിലെ ഒരു പ്രധാന നിമിഷത്തിലും അച്ചന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നത് എനിക്ക് എന്നും വിലപ്പെട്ട ഓർമ്മയാണ്.
ഒരു വകുപ്പല്ല, ഒരു സംവിധാനം
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അച്ചന്റെ പ്രവർത്തനരീതിയിൽ ആവർത്തിച്ചുകാണുന്ന ഒരു മാതൃകയുണ്ട്. ഒരു വകുപ്പ് തുടങ്ങുക എന്നതല്ല ലക്ഷ്യം. ശരിയായ ഡോക്ടർമാരെ കണ്ടെത്തണം. അവർക്കാവശ്യമായ ഇൻഫ്രാസ്ട്രക്ചർ ഒരുക്കണം. നല്ല ക്ലിനിക്കൽ ടീംസ് ആയി വളരാൻ അവസരം നൽകണം. ആ വകുപ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാര്യക്ഷമമായ അഡ്മിനിസ്ട്രേറ്റീവ് സിസ്റ്റം ഉണ്ടാകണം. ഇന്ന് വേണ്ടത് മാത്രം കാണാതെ നാളെ വേണ്ടത് എന്താണെന്ന് മുൻകൂട്ടി കാണണം.
കാർഡിയോളജി മുതൽ ന്യൂറോസയൻസസ് വരെ, ഗ്യാസ്ട്രോഎൻട്രോളജി മുതൽ ലിവർ ട്രാൻസ്പ്ലാന്റേഷൻ വരെ, യൂറോളജി മുതൽ റീനൽ ട്രാൻസ്പ്ലാന്റേഷൻ വരെ, റുമാറ്റോളജി മുതൽ എൻഡോക്രൈനോളജി വരെ, ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ മുതൽ എം.ആർ.ഐ സ്കാനും പെറ്റ് സ്കാനും ന്യൂക്ലിയർ മെഡിസിനും വരെ – ഞാൻ പറഞ്ഞത് എന്റെ ഓർമ്മയിൽ ഇപ്പോൾ തെളിയുന്ന ചില ഉദാഹരണങ്ങൾ മാത്രമാണ്.
പറയാതെ പോയ വകുപ്പുകളും മറന്നുപോയ സംഭവങ്ങളും തീർച്ചയായും അനേകമുണ്ടാകും. കാരണം, ഇത് കാരിത്താസിന്റെ ഔദ്യോഗിക ചരിത്രമല്ല. തീയതികളും കണക്കുകളും നേട്ടങ്ങളുടെ പട്ടികയും ചേർത്ത് തയ്യാറാക്കിയ റിപ്പോർട്ടുമല്ല. കാരിത്താസിന്റെ വളർച്ച അടുത്തുനിന്ന് കണ്ട ഒരു ഡോക്ടർ, വർഷങ്ങൾക്കുശേഷം തിരിഞ്ഞുനിൽക്കുമ്പോൾ മനസ്സിൽ തെളിയുന്ന ചില മനുഷ്യരെയും ചില നിമിഷങ്ങളെയും ഓർത്തെടുക്കുക മാത്രമാണിവിടെ.
അച്ചൻ വെറുമൊരു ഫിനാൻസ് ഡയറക്ടറോ ഹോസ്പിറ്റൽ ഡയറക്ടറോ മാത്രമല്ലായിരുന്നു; കാരിത്താസിന്റെ ഭാവി മുൻകൂട്ടി കണ്ട ഒരു മികച്ച ഭരണാധികാരിയായിരുന്നു. ശരിയായ ഡോക്ടർമാരെ കണ്ടെത്തി, അവർക്ക് ആവശ്യമായ ഇൻഫ്രാസ്ട്രക്ചറും സ്വാതന്ത്ര്യവും നൽകി, ആശുപത്രിയെ ഒരു വലിയ ഇൻസ്റ്റിറ്റ്യൂഷണൽ സിസ്റ്റമാക്കി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്.
“ഇന്ന് ചെയ്യാനുള്ളത് ഇന്ന് തന്നെ ചെയ്യുക” എന്ന അദ്ദേഹത്തിന്റെ കർമ്മശീലവും കൃത്യനിഷ്ഠയും എന്റെ ജീവിതത്തിലെ വലിയൊരു പാഠമായി മാറി. ഔദ്യോഗിക ബന്ധത്തിനപ്പുറം, ഒരു ഫയൽ പോലും കെട്ടിക്കിടക്കാത്ത വൃത്തിയുള്ള മേശയും, സ്നേഹത്തോടെ “എന്താ ജോജോ?” എന്ന് വിളിച്ച ആ കരുതലും എന്നും എന്റെ ഓർമ്മകളിലുണ്ട്. കൺമുന്നിൽ വളർന്ന കാരിത്താസിന്റെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടവും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വഴികാട്ടിയുമാണ് ആനിമൂട്ടിൽ അച്ചൻ.
കോട്ടയം അതിരൂപതയുടെ പുതിയ സഹായമെത്രാൻ
ഇന്ന് ജീവിതത്തിന്റെ മറ്റൊരു വലിയ ഉത്തരവാദിത്തത്തിലേക്ക് അച്ചൻ കടക്കുകയാണ്. കോട്ടയം അതിരൂപതയുടെ പുതിയ സഹായമെത്രാനായി അഭിഷിക്തനാകുന്ന ഈ വേളയിൽ, അച്ചന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും എല്ലാ പ്രാർത്ഥനാശംസകളും അർപ്പിക്കുന്നു. കാരിത്താസിൽ ഒരു സ്ഥാപനത്തെ വളർത്തിയെടുത്ത അതേ ദീർഘവീക്ഷണവും, സമയത്തിനും വാക്കിനും വില കൊടുത്ത അതേ കണിശതയും, മികച്ച ഡോക്ടർമാരെ കണ്ടെത്തി വളർത്തുകയും ഒരുമിച്ചുനിർത്തുകയും ചെയ്ത അതേ നേതൃത്വപാടവവും, എല്ലാറ്റിനുമുപരി മനുഷ്യരോടുള്ള അതേ കരുതലും ഇനി പുതിയ ഇടയശുശ്രൂഷയിലും അച്ചന് കരുത്താകട്ടെ.
ദൈവാനുഗ്രഹവും ജ്ഞാനവും ആരോഗ്യവും ശക്തിയും സമൃദ്ധമായി ലഭിക്കട്ടെ. അനേകരെ ചേർത്തുനിർത്തുന്ന, പ്രത്യാശ നൽകുന്ന, അവരുടെ സന്തോഷങ്ങളിലും വേദനകളിലും ഒപ്പം നടക്കുന്ന ഒരു നല്ല ഇടയനായി ദീർഘകാലം ശുശ്രൂഷ ചെയ്യാൻ അച്ചന് കഴിയട്ടെ എന്നതാണ് എന്റെ ഹൃദയപൂർവമായ പ്രാർത്ഥന.
ഒരിക്കൽ കാരിത്താസിന്റെ വഴിയിൽ കണ്ട പുതിയൊരുഫിനാൻസ് ഡയറക്ട്റിൽനിന്ന്, ഇന്ന് കോട്ടയം അതിരൂപതയുടെ സഹായമെത്രാനിലേക്കുള്ള ഈ യാത്രയെ തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് പറയാനുള്ളത് വളരെ ലളിതമാണ്:
അച്ചാ, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
പുതിയ ദൗത്യത്തിന് എല്ലാ പ്രാർത്ഥനാശംസകളും!
ഡോ. ജോജോ ജോസഫ്




