ഉത്തര കൊറിയയിൽ എഴുപതിനായിരത്തോളം ക്രൈസ്തവർ കഠിനതടവിൽ

ഉത്തര കൊറിയയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ 70,000-ഓളം പേരെങ്കിലും തടവിലുണ്ട് എന്ന്, ദക്ഷിണ കൊറിയയിലേക്ക് പലായനംചെയ്ത യൂൻ യങ്. ക്രൈസ്തവരെ ശത്രുക്കളായിക്കാണുന്ന ഉത്തര കൊറിയൻ ഏകാധിപത്യ ഭരണത്തിൻകീഴിൽ ക്രൈസ്തവർ വളരെയധികം പീഡിപ്പിക്കപ്പെടുന്നുണ്ട്.

13-മത്തെ വയസ്സിൽ ദക്ഷിണ കൊറിയയിലേക്ക് പലായനംചെയ്ത യൂൻ യങ് അതുവരെ ദൈവത്തെക്കുറിച്ച് അറിഞ്ഞരുന്നില്ല. പണമുണ്ടാക്കാനും അതുവഴി സമൂഹത്തിൽ ഒരു വില ഉണ്ടാക്കിയെടുക്കാനുമുള്ള പരിശ്രമത്തിലായിരുന്നു അദ്ദേഹം. ദൈവത്തെക്കുറിച്ച് യാതൊന്നും കേൾക്കാതെ വളർന്നുവന്ന അവ‌ർ ഭൗതികമായ ചുറ്റുപാടുകൾ വളർത്താനുള്ള പരിശ്രമത്തിലായിരുന്നു.

ഏകാധിപതിയായ കിം ജോങ് ഉന്നിനെ ആരാധിക്കുന്ന രീതിയാണ് ഉത്തര കൊറിയയിലെന്ന് യങ് അനുസ്മരിക്കുന്നു. ഏതെങ്കിലും നിയമം തെറ്റിക്കുന്നവരെ നിർബന്ധിതമായി തൊഴിലെടുപ്പിക്കുന്ന ലേബർ ക്യാമ്പുകൾ അവിടെയുണ്ട്. ചെറുപ്പത്തിൽ അവിടെനിന്ന് ഓടിപ്പോരുമ്പോൾ, വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെക്കുറിച്ചും അതിന്റെ പേരിൽ 70,000 ക്രിസ്ത്യാനികളെങ്കിലും അവിടെ തടവിലോ, ലേബർ ക്യാമ്പുകളിലോ കഴിയുന്ന കാര്യവും അവർ അറിഞ്ഞിരുന്നില്ല. കാരണം, ഏതെങ്കിലും വിശ്വാസം പരസ്യമായി ഏറ്റുപറയുന്നവരെ അവർ തടവിലാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും മർദിച്ചുകൊലപ്പെടുത്തുകയും ചെയ്തിരുന്നു. ക്രൈസ്തവരെ ശത്രുക്കളായിക്കാണുന്ന ഭരണം, രാജ്യത്തുനിന്നും ദൈവത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടുതന്നെ ക്രിസ്തീയവിശ്വാസത്തെക്കുറിച്ചോ, ഭൂഗർഭസഭയെക്കുറിച്ചോ ഉത്തര കൊറിയയിൽ അധികംപേർക്കും അറിയില്ല.

ദക്ഷിണ കൊറിയയിലെത്തിയ യങിനോട് ഒരു പാസ്റ്ററാണ് ഈശോയെക്കുറിച്ചു  പറഞ്ഞത്. തന്നെ സ്നേഹിക്കുന്ന ഒരു പിതാവ് സ്വർഗത്തിലുണ്ട് എന്നും ആ ദൈവമാണ് തന്നെ സ്വാതന്ത്ര്യത്തിലേക്കു നയിച്ചതെന്നുമറിഞ്ഞ യങിന്റെ മിഴികൾ നിറഞ്ഞൊഴുകി. ഉത്തര കൊറിയയിലെ തന്റെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ സഭാപ്രസംഗകനെ (1:2) ഉദ്ധരിച്ച് യങ് പറയുന്നു: “എല്ലാം വ്യർഥമായിരുന്നു. എല്ലാം അ‌ർഥശൂന്യമായിരുന്നു. അന്നു ഞാൻ പണത്തെക്കുറിച്ചു  മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. നശിച്ചുപോകുന്ന ഭൗതികവസ്തുക്കളെല്ലാം അർഥശൂന്യമാണ് എന്നു തിരിച്ചറിയാൻ കഴിയുന്നവിധം എന്റെ കാഴ്ചപ്പാടുകളെ ദൈവം മാറ്റി.”

ക്രിസ്തുവിനോടൊപ്പമുള്ള തന്റെ ജീവിതത്തിന് അർഥം കണ്ടെത്തിയ യങ് ഇപ്പോൾ ഉത്തര കൊറിയയിൽനിന്ന് രക്ഷപെട്ടെത്തുന്നവരോട് ക്രിസ്തുവിനെ പരിചയപ്പെടുത്തുന്ന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നു. ആദ്യമായി ക്രിസ്തുവിനെ അറിയുന്ന അവരുടെ സന്തോഷത്തിൽ യങും പങ്കുചേരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.