“രക്ഷപെടാനായി ഞാൻ എന്നെത്തന്നെ രക്തത്തിൽ പൊതിഞ്ഞു” – ഉഗാണ്ടയിൽ തീവ്രവാദി ആക്രമണത്തിൽ നിന്നും രക്ഷപെട്ട വിദ്യാർത്ഥി സംസാരിക്കുന്നു

“ഞാൻ മരിച്ചെന്ന് അക്രമികൾ കരുതുംവിധം, കൊല്ലപ്പെട്ട എന്റെ കൂട്ടുകാരുടെ രക്തം എന്റെ വായിലും ചെവിയിലും തലയിലും ഞാൻ പുരട്ടി. അങ്ങനെ അവർ എന്നെ ഉപേക്ഷിച്ചുപോയി” – ലോക മനഃസാക്ഷിയെ ഞെട്ടിച്ച ഉഗാണ്ടൻ സ്‌കൂൾ ആക്രമണത്തിൽ നിന്നും രക്ഷപെട്ട വിദ്യാർത്ഥി ജൂലിയസ് ഇസിൻഗോമയുടെ വാക്കുകളാണ് ഇത്. ഇത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു; ഒപ്പം കൂട്ടുകാരുടെ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ നേരിൽക്കണ്ടതിന്റെ ഭീതിയും ജൂലിയസ് ഇസിൻഗോമയുടെ മുഖത്ത് തെളിഞ്ഞുനിന്നു. ഇന്ന് ആശുപത്രിയിൽ ചികിത്സയിലായിരിക്കുന്ന ഈ വിദ്യാർത്ഥി, താൻ നേരിട്ട ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ്.

വെള്ളിയാഴ്ച രാത്രി ചെറിയ പട്ടണമായ എംപോണ്ട്‌വെയിലെ സെക്കൻഡറി സ്‌കൂളിനു നേരെ ഇസ്ലാമികവിമതർ നടത്തിയ ആക്രമണത്തിൽ 42 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനു ശേഷം ഡിആർ കോംഗോയിലേക്ക് പിൻവാങ്ങിയപ്പോൾ ആറ് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയതായി കരുതുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന ആക്രമണത്തെ അതിജീവിച്ച ആറുപേരിൽ ഒരാളായിരുന്നു ജൂലിയസ്.

തോക്കുധാരികളായ ആളുകൾ, പ്രാദേശിക സമയം രാത്രി പത്തു മണിയോടെയാണ് സ്‌കൂളിനു നേരെ ആക്രമണം ആരംഭിച്ചത്. അപകടം തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾ ഡോർമെട്രിയിൽ എത്തുകയും അകത്തുനിന്ന് കുറ്റിയിടുകയും ചെയ്തു. ഈ വാതിൽ തുറക്കാൻ കഴിയാതെ വന്നപ്പോൾ അക്രമികൾ ബോംബ് ഉപയോഗിച്ച് അത് തകർക്കുകയും തുടർന്ന് വിദ്യാർത്ഥികൾക്കു നേരെ വെടിയുതിർക്കുകയുമായിരുന്നു. പേടിച്ചരണ്ട വിദ്യാർത്ഥികൾക്കു പിന്നിലായാണ് ജൂലിയസ് നിന്നിരുന്നത്. മുന്നിലുള്ള വിദ്യാർത്ഥികളുടെ നിലവിളി ശബ്ദം ഉയരുമ്പോൾ ജൂലിയസും മറ്റ് ഏതാനും പേരും രക്ഷപെടുന്നതിനുള്ള മാർഗ്ഗങ്ങൾ തിരയുകയായിരുന്നു.

“ഞാൻ ഒരു ബങ്ക് ബെഡിന്റെ മുകളിൽ കയറി സീലിംഗിലെ ചില മരപ്പലകകൾ നീക്കി ഒളിക്കാൻ ഉള്ളിലേക്കു കയറി. എന്റെ കൂടെ ഉണ്ടായിരുന്നവർ കൊല്ലപ്പെടുന്നത് നിസ്സഹായനായി നോക്കിനിൽക്കാൻ മാത്രമേ എനിക്ക് അപ്പോൾ കഴിയുമായിരുന്നുള്ളൂ. അക്രമികൾ കൊലപാതകങ്ങൾ നടത്തിയ ശേഷം ബെഡുകൾക്ക് തീയിട്ടു. ഈ പുകയിൽ ശ്വാസം മുട്ടിയ ഞാൻ സീലിങ്ങിനിടയിൽ നിന്നും താഴെ വീണു. ആ ശബ്ദം കേട്ട് അക്രമികൾ തിരിച്ചെത്തി. ഞാൻ എന്റെ കൂട്ടുകാരുടെ മൃതദേഹങ്ങൾക്കിടയിൽ കിടന്ന് ആലോചിച്ചു. തുടർന്ന് വേഗം അവരുടെ രക്തം എന്റെ ശരീരമാകെ പുരട്ടി അനങ്ങാതെ കിടന്നു. തീവ്രവാദികൾ വന്ന് പൾസ് പരിശോധിച്ച ശേഷം തിരികെ പോയി” – താൻ നേരിട്ട ഭീകരതയും രക്ഷപെട്ടതിലെ അത്ഭുതവും ജൂലിയാസിന്റെ വാക്കുകളിൽ നിറയുന്നു.

രക്ഷപെട്ട മറ്റൊരാൾ, ഗോഡ്വിൻ മംബെരെ, ജൂലിയസിന്റെ അതേ ഡോർമിറ്ററിയിലായിരുന്നു. പെൺകുട്ടികളുടെ ഡോർമിറ്ററിയിലേക്ക് കടന്ന അക്രമികൾ അവരെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത് 18-കാരനായ ആ വിദ്യാർത്ഥി ഓർമ്മിക്കുന്നു. തുടർന്ന് ആൺകുട്ടികളുടെ ഡോർമിറ്ററിയിലെത്തി വാതിൽ തകർത്ത് അവരെ ആക്രമിക്കാൻ തുടങ്ങി. ഗോഡ്‌വിൻ ഒളിച്ചിരുന്ന കിടക്ക മറിഞ്ഞുവീഴുകയും ഡോർമിറ്ററിയുടെ മുകളിലുണ്ടായിരുന്ന സുഹൃത്തുക്കൾ നിലത്തുവീണ് മരിക്കുകയും ചെയ്തു. അക്രമികൾ എന്നെ കണ്ടെങ്കിലും ഞാൻ മരിച്ചെന്ന് അവർ കരുതി” – അദ്ദേഹം ബിബിസിയോട് പറഞ്ഞു.

എന്നാൽ എല്ലാവരും മരിച്ചെന്ന് ഉറപ്പാക്കാൻ വേണ്ടി അക്രമികൾ പുറത്തുപോയിട്ട് വീണ്ടും ഡോർമിറ്ററിയിൽ തിരിച്ചെത്തി. ഈ സമയത്താണ് അവർ ഗോഡ്‌വിന്റെ കൈയ്യിൽ വെടിയുതിർത്തതും ഡോർ കത്തിച്ചതും. വെടിയേറ്റെങ്കിലും തന്റെ ജീവന് ആപത്ത് സംഭവിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം മനസിലാക്കിയ അവൻ ഡോർമിറ്ററിയിൽ നിന്ന് ഓടി സ്‌കൂൾ ഗേറ്റ് താണ്ടി കൊക്കോ തോട്ടത്തിലൂടെ അടുത്തുള്ള ഹാർഡ്‌വെയർ കടയിലെത്തി അവിടെ അടുത്തു കണ്ട ഒരു വാഹനത്തിനടിയിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു.

രക്ഷപെട്ട അഞ്ചുപേർ ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്. ഇവരിലൊരാൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പെൺകുട്ടിയാണ്. വിമതർ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചപ്പോൾ ഗുരുതരമായി പരിക്കേറ്റതിനാൽ ഈ പെൺകുട്ടിക്ക് അനങ്ങാൻ കഴിയില്ലെന്ന് ഒരു ശസ്ത്രക്രിയാ വിദഗ്ധൻ വെളിപ്പെടുത്തി.

മരണപ്പെട്ട കുട്ടികളുടെ കുടുംബാംഗങ്ങൾ ഈ 21 വിദ്യാർത്ഥികളെയും ഞായറാഴ്ച, അടക്കം ചെയ്തുവെന്ന് ഉഗാണ്ടയിലെ ന്യൂ വിഷൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രിക്കിടക്കയിൽ ആയിരിക്കുന്ന അഞ്ചുപേരിൽ നാലുപേരും തങ്ങളുടെ സഹോദരങ്ങൾക്ക് അന്ത്യയാത്ര ചൊല്ലാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ്. കൂടെ ഉണ്ടുറങ്ങിയവർ ഇന്നില്ല എന്ന യാഥാർത്ഥ്യം അവർ ഏറെ വേദനയോടെ തിരിച്ചറിയുകയാണ്. ഒപ്പം അവർക്കായുള്ള പ്രാർത്ഥനകളും ദൈവസന്നിധിയിൽ എത്തിക്കുകയാണ് ഇവർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.