
ഗർഭപാത്രത്തിലെ ജീവന്റെ മനോഹരമായ സത്യം വെളിപ്പെടുത്തുന്ന ഒരു നിമിഷം ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. തങ്ങളുടെ കൊച്ചുനിധിയെ കാണാൻ കൊതിയോടെ കാത്തിരിക്കുന്ന മാതാപിതാക്കളുടെ സാധാരണ പരിശോധനയ്ക്കിടയിലാണ് ഈ സംഭവം നടന്നത്.
കാനഡയിലെ ഒന്റാറിയോയിലുള്ള ഒരു ക്ലിനിക്കിൽ സാധാരണ പോലെ നടന്ന ഒരു പരിശോധനയായിരുന്നു അത്. ലിയ ഒളിവേര, പരിശോധനാ ടേബിളിൽ കിടക്കവെ, അൾട്രാസൗണ്ട് പ്രോബ് അവരുടെ വയറിന് മുകളിലൂടെ ചലിപ്പിച്ചപ്പോൾ അടുത്തുള്ള മോണിറ്ററിൽ കറുപ്പും വെളുപ്പുമുള്ള രൂപങ്ങൾ തെളിഞ്ഞു വന്നു. ജൂലൈ 25-നായിരുന്നു സംഭവം. മാതാപിതാക്കളും കുടുംബാംഗങ്ങളും മെഡിക്കൽ സ്റ്റാഫും ആ ചെറിയ സ്ക്രീനിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.
ലിയയുടെ സഹോദരി, ജനിക്കാനിരിക്കുന്ന തന്റെ അനന്തരവളുടെ കുട്ടിത്തം നിറഞ്ഞ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിത്തുടങ്ങി. പെട്ടെന്നാണ് കുഞ്ഞിന്റെ അച്ഛൻ ലിയയുടെ അരികിലേക്ക് വന്നത്. താഴേക്ക് കുനിഞ്ഞ് അദ്ദേഹം ലിയയുടെ വയറ്റിൽ സനേഹത്തോടെ ഉമ്മ വെക്കുകയും, ഗർഭപാത്രത്തിലുള്ള മകളോട് മെല്ലെ സംസാരിക്കുകയും ചെയ്തു.
“ഗുഡ് മോണിംഗ്… ഹാപ്പി സാറ്റർഡേ,” അദ്ദേഹം വീണ്ടും കുനിഞ്ഞ് പതുക്കെ മന്ത്രിച്ചു. “നിനക്ക് വിശക്കുന്നുണ്ടോ?”
അദ്ദേഹത്തിന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങിയ നിമിഷം, അൾട്രാസൗണ്ട് സ്ക്രീനിലെ ചിത്രം പെട്ടെന്ന് മാറി. മോണിറ്ററിൽ ആ പെൺകുഞ്ഞിന്റെ മുഖഭാവങ്ങൾ മൃദുവാകുകയും, അവളുടെ മുഖത്ത് വളരെ വ്യക്തവും ഹൃദയസ്പർശിയായതുമായ ഒരു പുഞ്ചിരി വിരിയുകയും ചെയ്തു!
സ്റ്റോറിഫുൾ (Storyful) പുറത്തുവിട്ട ആ വീഡിയോയിൽ, ആ മുറിയിലുണ്ടായിരുന്നവരുടെ പ്രതികരണം പെട്ടെന്നുള്ളതായിരുന്നു. അദ്ഭുതപ്പെട്ടുപോയ അച്ഛനോട്, മകളോട് സംസാരിക്കുന്നത് തുടരാൻ കുടുംബാംഗങ്ങളും മെഡിക്കൽ സ്റ്റാഫും സന്തോഷത്താൽ ആവർത്തിച്ചു പറഞ്ഞു. അരികിൽ കിടന്നിരുന്ന ലിയ മോണിറ്ററിലെ കാഴ്ച കണ്ട് വികാരാധീനയായി.
തന്റെ അച്ഛന്റെ ശബ്ദത്തോട് കുഞ്ഞ് വളരെ വ്യക്തമായി പ്രതികരിക്കുന്നത് ലിയ കണ്ടപ്പോൾ, ഒരു സാധാരണ സ്കാനിംഗ് ലോകത്തിന് മുഴുവൻ കാണാനായുള്ള ഒരു വലിയ സന്ദേശമായി മാറി. ഗർഭപാത്രത്തിലെ ജീവൻ വിശുദ്ധവും സംരക്ഷിക്കപ്പെടേണ്ടതുമാണ്. ഗർഭസ്ഥ ശിശുക്കൾ യഥാർഥത്തിൽ ജീവനുള്ള, കോട്ടം തട്ടാതെ സംരക്ഷിക്കേണ്ട ദൈവത്തിന്റെ ദാനമാണെന്നതിന്റെ മനോഹരമായ ഓർമ്മപ്പെടുത്തലായി മാറിയിരിക്കുകയാണ് ഇന്ന് ഈ ദൃശ്യങ്ങൾ.




