ലത്തീൻ ആഗസ്റ്റ് 04 മത്തായി 15: 1-2; 10-14 കർമ്മാനുഷ്ഠാന ശൂന്യത  

“വായിലേക്ക് പ്രവേശിക്കുന്നതല്ല, വായില്‍ നിന്നു വരുന്നതാണ്‌ ഒരുവനെ അശുദ്ധനാക്കുന്നത്‌” (മത്തായി 15:11).

മതാത്മകതയേയും (Religiosity) ആധ്യാത്മികതയെയും (Spirituality) ഒന്നായി കണക്കാക്കാൻ സാധിക്കുകയില്ല. കാരണം, ഒന്നാമത്തേത് ബാഹ്യ ആചാരങ്ങളെയും രണ്ടാമത്തേത് ആന്തരികജീവിതത്തെയും സംബന്ധിക്കുന്നതാണ്. ഫരിസേയരും സദുക്കായരും തങ്ങളുടെ മതവിശ്വാസം ഉയർത്തിപ്പിടിക്കേണ്ട ആത്മീയമൂല്യങ്ങളേക്കാൾ ഉപരിയായി തങ്ങളുടെ മതാചാരങ്ങളിലെ ചിട്ടകൾക്കും  ക്രമങ്ങൾക്കും മാത്രം പ്രാധാന്യം കൽപിച്ചുപോന്നു. അതിനാലാണ് ഭക്ഷണത്തിനു മുൻപ് ഹസ്തശുചീകരണം നടത്താത്ത യേശുശിഷ്യരെ ഫരിസേയർ കുറ്റപ്പെടുത്തുന്നത്. ബാഹ്യമായ ആചാരങ്ങളേക്കാൾ അധികമായി ക്രിസ്തു ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആന്തരികമായ മനോഭാവങ്ങളിലേക്കാണ്.

അനിയന്ത്രിതമായ ബാഹ്യോന്മുഖത (Externalism) ശൂന്യമായ കർമ്മാനുഷ്ഠാനങ്ങളിലേക്കു (Ritualism) നയിക്കും. നന്മ നിറഞ്ഞ മനസ്സിന്റെ വ്യാപാരങ്ങൾ അഥവാ മനോഭാവങ്ങൾ മനുഷ്യനെ ദൈവൈക്യത്തിലേക്കു നയിക്കുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.