സഹോദരിയുടെ രോഗാവസ്ഥയിൽ ദൈവത്തിനു കൊടുത്ത വാക്ക്! ഒരു വൈദികന്റെ ദൈവവിളി അനുഭവം

“എന്റെ സഹോദരി സുഖം പ്രാപിച്ചാൽ ഞാനൊരു വൈദികനാകും” എന്ന് പരിശുദ്ധ അമ്മയോട് പ്രാർഥിച്ച ഒരു സഹോദരൻ. അത് തിരിച്ചറിവാകാത്ത പ്രായത്തിലെ ഒരു പ്രാർഥന മാത്രമല്ലായിരുന്നു. സഹോദരിക്ക് സൗഖ്യം ലഭിച്ചില്ലെങ്കിലും സഹോദരൻ ജോസ് മരിയ അൽസീന ഇന്നൊരു പുരോഹിതനാണ്. സ്‌പെയിനിലെ ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ച അദ്ദേഹം തന്റെ ജീവിതം മുഴുവനായും കർത്താവിനു കൊടുത്തു. തുടർന്നു വായിക്കുക.

ജോസ് മരിയയ്ക്ക് 12 വയസ്സുള്ളപ്പോൾ, കഷ്ടിച്ച് 18 മാസം മാത്രം പ്രായമുള്ള കുഞ്ഞനുജത്തി മെഴ്‌സിഡസ് പെട്ടെന്ന് മരണശയ്യയിലായി. അത് അദ്ദേഹത്തെ വളരെയധികം ദുഃഖത്തിലാഴ്ത്തി. ആ രാത്രിയിൽ മെഴ്സിഡസിന് അസുഖം കൂടുതലാണെന്നറിഞ്ഞപ്പോൾ അദ്ദേഹം പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തിനടുത്തേക്കു പോയി ധൈര്യത്തോടെ പറഞ്ഞു: “അമ്മേ, മെഴ്‌സിഡസ് സുഖം പ്രാപിച്ചാൽ ഞാനൊരു പുരോഹിതനാകും.” അതായിരുന്നു കുഞ്ഞുജോസ് പരിശുദ്ധ അമ്മയ്ക്കു കൊടുത്ത വാഗ്ദാനം.

ആ നിമിഷം മുതൽ, കുടുംബം എല്ലാ വർഷവും മെഴ്‌സിഡസിന്റെ സൗഖ്യത്തിനായി ലൂർദിൽ തീർഥാടനം നടത്തുമായിരുന്നു; അവൾ സുഖം പ്രാപിച്ചാൽ നന്ദിപറയാൻ പോകുമായിരുന്നെന്നും അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു. മെഴ്‌സിഡസ് വീൽ ചെയറിൽ തുടർന്നെങ്കിലും അവളുടെ കുടുംബം ലൂർദിലേക്കുള്ള തീർഥാടനം മുടക്കിയില്ല.

ലൂർദിലേക്കുള്ള തന്റെ ഒരു യാത്രയിൽ ആ യുവാവ് പരിശുദ്ധ അമ്മയോട് ഇപ്രകാരം പ്രാർഥിച്ചതായി പറയുന്നു: “ഞാൻ കുട്ടിയായിരുന്നപ്പോൾ നൽകിയ വാഗ്ദാനം ഓർക്കുന്നു. പക്ഷേ, മെഴ്‌സിഡസ് ഇപ്പോഴും രോഗിയാണ്. ഇതെല്ലാം കൊണ്ട് അങ്ങ് എന്നോട് എന്താണ് പറയാൻ ആഗ്രഹിച്ചത്?”

“ഒരു പുരോഹിതനാകുക എന്നതിന്റെ അർഥം എന്താണെന്ന് കർത്താവ് എന്നെ പഠിപ്പിച്ചത് അവളിലൂടെയാണെന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി. എന്റെ സഹോദരി സുഖം പ്രാപിച്ചില്ല. എന്നാൽ, അവൾ എപ്പോഴും സന്തോഷവതിയായിരുന്നു. അവൾ ആ സന്തോഷം ഞങ്ങൾക്ക് പകർന്നുനൽകി” – അദ്ദേഹം വിശദീകരിക്കുന്നു.

മെഴ്‌സിഡസ് എല്ലാവർക്കും സന്തോഷം പകരുന്ന ഒരു വ്യക്തിയായിരുന്നു. അവളോടൊപ്പം താമസിക്കുമ്പോൾ, “ഒരു പുരോഹിതനാകുക എന്നാൽ ആളുകളുടെ ഹൃദയങ്ങളെ കർത്താവിന്റെ സ്നേഹത്താൽ നിറയ്ക്കുക എന്നാണ്” എന്ന് ജോസ് മരിയ മനസ്സിലാക്കി.

“താൻ നന്നായി സ്നേഹിക്കപ്പെടുന്നുണ്ടെന്ന് അവൾക്കറിയാമായിരുന്നു. കാരണം, മാതാപിതാക്കളുടെയും കുടുംബത്തിന്റെയും സ്നേഹവും ഞങ്ങളുടെ കുടുംബത്തിന്റെ കേന്ദ്രമായിരുന്ന കർത്താവിന്റെ ഹൃദയത്തിന്റെ സ്നേഹവും അവൾക്കുണ്ടായിരുന്നു. ഒരു പുരോഹിതനെന്ന നിലയിൽ ആ സന്തോഷം ആളുകളുടെ ഹൃദയങ്ങളിലേക്കു കൊണ്ടുവരാനാണ് എന്നെ വിളിച്ചതെന്ന് ഞാൻ മനസ്സിലാക്കി” – അദ്ദേഹം സംഗ്രഹിക്കുന്നു.

പിന്നീട് ഒരു സന്യാസിനിയുടെ പ്രോത്സാഹനത്താൽ 18-ാം വയസ്സിൽ ജോസ് മരിയ ടോളിഡോയിലെ സെമിനാരിയിൽ ചേർന്നു. “സെമിനാരിയെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം കർത്താവുമായുള്ള എന്റെ സൗഹൃദം കൂടുതൽ ശക്തമായി എന്നതായിരുന്നു. ഞാൻ യേശുക്രിസ്തുവുമായി പ്രണയത്തിലായി” – അദ്ദേഹം പറയുന്നു.

ഒരു പുരോഹിതനായി പട്ടം സ്വീകരിച്ചതോടെ, കുട്ടിക്കാലത്ത് ലഭിച്ച കാര്യങ്ങൾ സത്യമാണെന്ന് സ്ഥിരീകരിച്ചു. “അന്നുമുതൽ, എന്റെ ഹൃദയത്തിൽ ആ ഉറപ്പുണ്ടായിരുന്നു. ഞാൻ അവന്റേതാണെന്നും, എനിക്കു ലഭിച്ച ഈ പൗരോഹിത്യം എന്റെ നിലനിൽപ്പിനെ പൂർണ്ണമായും രൂപപ്പെടുത്തുന്ന ഒന്നാണെന്നും” അദ്ദേഹം ഉപസംഹരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.