ഉണ്ണീശോയോടു പ്രാർഥിക്കാൻ വി. കൊച്ചുത്രേസ്യ തയ്യാറാക്കിയ പ്രാർഥന

ക്രിസ്തുമസ് കാലം ഉണ്ണീശോയോട് പ്രാർഥിച്ചൊരുങ്ങുന്ന സമയമാണ്. ഈ സമയം നാം എന്താണ് ഉണ്ണീശോയോട് പ്രാർഥിക്കേണ്ടത്, എന്തു പ്രാർഥനയാണ് ചൊല്ലേണ്ടത് തുടങ്ങി പല സംശയങ്ങളും പലർക്കുമുണ്ട്; പ്രത്യേകിച്ച് നമ്മുടെ കൊച്ചുകൂട്ടുകാർക്ക്. ക്രിസ്തുമസ് കാലത്ത് ചൊല്ലുന്ന ധാരാളം പ്രാർഥനകളുണ്ടെങ്കിലും ഉണ്ണീശോയെ ഏറെ സ്നേഹിച്ച ഒരു വിശുദ്ധ പഠിപ്പിച്ച ഒരു പ്രാർഥനയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

കുട്ടികളുൾപ്പെടെ എല്ലാവർക്കും പെട്ടന്ന് പഠിക്കാൻകഴിയുന്ന ഒരു ചെറിയ പ്രാർഥന. അത് എഴുതിയത് മറ്റാരുമല്ല, ഉണ്ണീശോയെ തന്റെ ജീവിതത്തിലുടനീളം കൂടെക്കൂട്ടിയ വി. കൊച്ചുത്രേസ്യയാണ്. തന്റെ ജീവിതത്തിലെ ഏതൊരു കൊച്ചുകാര്യവും കൊച്ചുത്രേസ്യ ഉണ്ണീശോയുമായി പങ്കുവച്ചിരുന്നു. ഉണ്ണീശോയുടെ കയ്യിലെ ഒരു പാവയാണ് താനെന്ന് കൊച്ചുത്രേസ്യ വിശ്വസിച്ചിരുന്നു. ക്രിസ്തുമസിനായി ഒരുങ്ങുന്ന ഈ സമയം ഉണ്ണീശോയോടു പ്രാർഥിക്കാൻ വി. കൊച്ചുത്രേസ്യ പഠിപ്പിക്കുന്ന വളരെ മനോഹരമായ ആ പ്രാർഥന നമുക്കും ഏറ്റു ചൊല്ലി പ്രാർഥിക്കാം.

“എന്റെ പ്രിയ ഉണ്ണീശോയേ, എന്റെ ഏകസമ്പാദ്യമേ, എന്നെ പൂർണ്ണമായും അങ്ങയുടെ ഹിതത്തിനു സമർപ്പിക്കുന്നു. അങ്ങയുടെ പുഞ്ചിരിച്ചുകൊണ്ടുള്ള വിളി കേൾക്കുന്നതിനേക്കാൾ സന്തോഷകരമായി മറ്റൊന്നുമില്ല. അങ്ങയുടെ പരിശുദ്ധമായ ബാല്യത്തിന്റെ മഹത്വങ്ങളും സദ്ഗുണങ്ങളും എനിക്കു തരേണമേ. അങ്ങനെ ഞാൻ സ്വർഗത്തിൽ ജനിക്കുമ്പോൾ മാലാഖമാരും വിശുദ്ധരും എന്നെ അങ്ങയുടെ സ്വന്തമായി കണക്കാക്കട്ടെ, ആമ്മേൻ.”

ഈ ചെറിയ പ്രാർഥന ക്രിസ്തുമസ് ദിവസങ്ങളിൽ ചൊല്ലി നമുക്ക് പ്രാർഥിക്കാം. ഈശോയുടെ ജനനത്തിനായി ഒരുങ്ങാം. ഈശോയെ കൂട്ടുകാരനായി കൂടെക്കൂട്ടാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.