ആഫ്രിക്കയിലെ സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന സന്യാസിനീ സമൂഹം

അഞ്ച് വർഷക്കാലം തീവ്രവാദികളുടെ തടങ്കലിലായിരുന്ന കൊളംബിയൻ സന്യാസിനിയായ ഗ്ലോറിയ നർവേസ്‌ ആഫ്രിക്കയിൽ സന്യാസിനികൾ സ്ത്രീകൾക്കുവേണ്ടി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കുന്നു. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസ സമൂഹംഗമായ സി. ഗ്ലോറിയയുടെ  സന്യാസസമൂഹം ഏകദേശം 25 വർഷമായി മാലിയിൽ, സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ്.

“അവിടെയുള്ള സ്ത്രീകൾക്ക് സ്കൂളിൽ പോകാൻ അവസരമില്ല. അതുകൊണ്ട് ഞങ്ങൾ സാക്ഷരതാ പ്രവർത്തനങ്ങൾ ആരംഭിച്ചു. പുരുഷന്മാരാണ് അവിടെ സ്കൂളിൽ പോകുന്നത്. സ്ത്രീകൾ വെള്ളമെടുക്കാനും വിറക് എടുക്കാനും വീട് വൃത്തിയാക്കാനുമായി പോകും. എന്നാൽ കുട്ടികളെ പഠിപ്പിക്കുന്നതും വളർത്തുന്നതും സ്ത്രീകളാണ്”. -സി. ഗ്ലോറിയ പറയുന്നു.

സി. ഗ്ലോറിയയും സംഘവും ആദ്യമായി സ്ത്രീകളെ സമീപിച്ചപ്പോൾ അവർ സഹകരിക്കാൻ തയ്യാറല്ലായിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവർ തന്നെ സന്യാസിനികളുടെ അടുത്തേക്ക് വരാൻ തുടങ്ങി. ക്രമേണ അവരെ കൈവിരലിൽ എണ്ണാൻ പഠിപ്പിച്ചു. പരിശീലനത്തിനായി  ചെറിയ മാർക്കറ്റുകൾ ഉണ്ടാക്കി. ക്രമേണ, അവർ വായിക്കാനും എഴുതാനും എംബ്രോയിഡറി ചെയ്യാനും തയ്യ്ക്കാനും പഠിച്ചു.

സ്ത്രീകൾക്ക് അനുകൂലമായ ഈ പ്രവർത്തനം അവർക്ക് അവരോടുതന്നെയുള്ള സ്നേഹത്തെ വർധിപ്പിച്ചു. അവരുടെ സ്വന്തം കാര്യം ചെയ്യാനും സ്വയം പ്രവർത്തിക്കാനും സ്വയം പ്രതിരോധിക്കാനും അവർ പ്രാപ്തരായി. എല്ലായ്പ്പോഴും എന്തിനും ഭർത്താവിനെ ആശ്രയിക്കുന്ന പ്രവണതയിൽ നിന്ന് അവർ പുറത്തുവന്നു.

മാലിയിൽ സ്ത്രീകളോട് വളരെ മോശമായാണ് മറ്റുള്ളവർ പെരുമാറിയിരുന്നത്. സന്യാസിനികൾ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ സ്ത്രീകൾക്ക് സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുന്നതിനും സ്ത്രീകൾക്ക് അവരുടെ അഭിപ്രായങ്ങൾ പറയുന്നതിനുമുള്ള അവസരങ്ങളുണ്ടായി.

കാലക്രമേണ, സ്ത്രീകൾക്കുണ്ടായിരുന്ന ഭയം നഷ്ടപ്പെട്ടു. അവൾക്ക് ഇപ്പോൾ സ്വയം സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്താൻ കഴിയും. ചില സായാഹ്നങ്ങളിൽ സ്ത്രീകൾ ഒരുമിച്ചുകൂടുകയും തിയേറ്റർ പോലുള്ള കലകൾ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീകൾക്ക് അവരിലുള്ള കലകളെ വളർത്താൻ സഹായിക്കുന്നു.

മാലി ആസ്ഥാനമായുള്ള അൽ ഖ്വയ്ദയുടെ ശാഖയായ സപ്പോർട്ട് ഫ്രണ്ട് ഫോർ ഇസ്‌ലാം ആൻഡ് മുസ്‌ലിംസ് (എസ്‌ജിഐഎം) എന്ന സംഘടനയുടെ തോക്കുധാരികളാണ് 2017 ഫെബ്രുവരി ഏഴിന് സി. ഗ്ലോറിയ നർവേസിനെ തട്ടിക്കൊണ്ടുപോയത്. മാലിയുടെയും ബുർക്കിന ഫാസോയുടെയും അതിർത്തിയിലുള്ള കരങ്കാസോ മേഖലയിലാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്. നിരവധി വർഷത്തെ പ്രാർത്ഥനകൾക്കും പ്രയത്നങ്ങൾക്കും  ശേഷം, 2021 ഒക്ടോബർ ഒൻപതിനാണ് സി. ഗ്ലോറിയ മോചിതയായത്.

ഐശ്വര്യ സെബാസ്റ്റ്യൻ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.