
വെസ്റ്റ് ബാങ്കിലെ പ്രശസ്തമായ പലസ്തീൻ ക്രൈസ്തവ ഗ്രാമമായ തെയ്ബെ (Taybeh) അടച്ച് ഇസ്രായേൽ സൈന്യം. പലസ്തീനികൾക്കെതിരെ ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഗ്രാമം അടച്ചുപൂട്ടിയതെന്ന് സൈന്യം അറിയിച്ചു. അതേസമയം, ഈ ഉത്തരവ് ഇസ്രായേലികൾക്ക് മാത്രമാണ് ബാധകമെന്നും പലസ്തീനികൾക്ക് പ്രവേശനവിലക്കില്ലെന്നും സൈനിക വക്താവ് വ്യക്തമാക്കി. പ്രദേശത്ത് ഇസ്രായേലികളുടെ ചില ഹിംസാത്മകമായ ആക്രമണങ്ങൾ ഉണ്ടായതിനെ തുടർന്നാണ് തെയ്ബെയെ അടച്ചുപൂട്ടിയ പ്രദേശം ആയി പ്രഖ്യാപിച്ചതെന്ന് സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.
വെസ്റ്റ് ബാങ്കിൽ അവശേഷിക്കുന്ന ചുരുക്കം ചില ക്രിസ്ത്യൻ ഗ്രാമങ്ങളിൽ ഒന്നാണ് തെയ്ബെ. പലസ്തീനികൾക്ക് നേരെ ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന ആക്രമണങ്ങളും ഭീഷണികളും വർധിച്ചുവരുന്നതായി പ്രാദേശികവാസികളും വൈദികരും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ജൂണിൽ തെയ്ബെയ്ക്ക് സമീപമുണ്ടായ വലിയ തീപിടിത്തം അണയ്ക്കുന്നതിൽ നിന്നും പലസ്തീനികളെ കുടിയേറ്റക്കാർ തടഞ്ഞിരുന്നു.




