ക്രിസ്തുവിശ്വാസത്തെപ്രതി രക്തസാക്ഷികളായവരുടെ സ്മാരകം; കടലിനടിയിലെ 40 കൽക്കുരിശുകൾ

    വിശ്വാസത്തെപ്രതി ജീവൻ ബലികഴിക്കാൻ തയ്യാറായ അനേകം രക്തസാക്ഷികൾ കത്തോലിക്കാ സഭയിലുണ്ട്. അവരുടെ ഓർമ്മകൾ തുളുമ്പുന്ന സ്മാരകങ്ങൾ നമ്മെ വിശ്വാസത്തിൽ ആഴപ്പെടുത്താൻ സഹായിക്കും. അത്തരത്തിൽ വിശ്വാസത്തെപ്രതി രക്തസാക്ഷികളായ നാൽപത് രക്തസാക്ഷികളുടെ സ്മരണയുണർത്തുന്ന ഒരു സ്മാരകമുണ്ട്. മറ്റു സ്മാരകങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇത് സ്ഥിതിചെയുന്നത് കരയിലല്ല; കടലിലാണ്. വ്യത്യസ്തമായ ഈ സ്മാരകത്തെക്കുറിച്ചും അതിനു കാരണമായി മാറിയ ധീരരായ യുവ വിശ്വാസികളുടെ, രക്തസാക്ഷികളുടെ വിശ്വാസതീക്ഷ്‌ണതയെക്കുറിച്ചും വായിക്കാം.

    രക്തസാക്ഷിത്വത്തിലേക്കു നയിച്ച യാത്ര

    നാൽപത് രക്തസാക്ഷികളുടെ മരണത്തിനു ആസ്പദമായ സംഭവം നടന്നത് 1570-ലാണ്. ലബനോനിൽ നിന്ന് ബ്രസീലിലേക്കു പോവുകയായിരുന്നു രണ്ടു വൈദികരും 23 നോവീസുമാരും ഏഴു വിദ്യാർഥികളും രണ്ടു സഹകാരികളും ഉൾപ്പെടെയുള്ള സംഘം. ഇവരെല്ലാവരും തന്നെ 15-നും 30 -നും ഇടയ്ക്ക് പ്രായമുള്ളവരായിരുന്നു. മിഷനറിമാരെ റിക്രൂട്ട് ചെയ്യുന്നതിനായി പോർച്ചുഗലിലേക്കു മടങ്ങിയ ബ്രസീലിലെ പോർച്ചുഗീസ് മിഷന്റെ ജെസ്യൂട്ട് പ്രൊവിൻഷ്യൽ ഫാ. ഇഗ്നാസിയോ ഡി അസെവേഡോയാണ് അവരെ നയിച്ചിരുന്നത്.

    ഈ യാത്രക്കിടയിൽ കാനറി എന്ന ദ്വീപിൽ കപ്പൽ നിർത്തേണ്ടത് ആവശ്യമായിരുന്നു. ക്രൈസ്തവ വിരുദ്ധരായ ആളുകളുടെ സങ്കേതമായിരുന്നു അത്. അതിനാൽ തന്നെ തങ്ങൾ അപകടത്തിലേക്കാണ് പോകുന്നത് എന്ന് ഫാ. ഇഗ്നാസിയോക്ക് നന്നായി അറിയാമായിരുന്നു. അദ്ദേഹം തന്റെ കൂടെയുണ്ടായിരുന്ന യുവാക്കളോട്, എന്ത് പ്രതിസന്ധി ഉണ്ടായാലും നേരിടാൻ തയ്യാറാണോ എന്ന് ചോദിച്ചു. ഭൂരിഭാഗം പേരും തയ്യാറാണ് എന്ന് ഉത്തരം നൽകുകയും ചെയ്തു.

    അതിനിടയിൽ തസാകോർട്ടെ എന്ന സ്ഥലത്ത് നങ്കൂരമടിച്ച അവർക്ക് ഔവർ ലേഡി ഓഫ് സോറോസിന്റെ ആശ്രമത്തിൽ ദിവ്യബലി അര്‍പ്പിക്കാന്‍ കഴിഞ്ഞു. ആ ബലിയർപ്പണം തന്റെ അവസാനത്തേതായിരിക്കും എന്ന് ഫാ. ഇഗ്നാസിയോക്ക് ദർശനം ലഭിച്ചു. വേദനയോടെ, അദ്ദേഹം താൻ ബലിയർപ്പിച്ച കാസയിൽ കടിച്ചു. അദ്ദേഹത്തിന്റെ പല്ലുകളുടെ അടയാളം ആ കാസയിൽ പതിഞ്ഞു.

    അവരുടെ ആസന്നമായ മരണം കണക്കിലെടുത്ത്, ബ്രസീലിലേക്കു കൊണ്ടുപോകാൻ മാർപാപ്പ ഏൽപിച്ച തിരുശേഷിപ്പുകൾ ഫാ. ഇഗ്നാസിയോ തസാകോർട്ടെയിൽ ഏൽപിച്ചു. അതിന് നിന്നും, മാർപാപ്പ നൽകിയ മാതാവിന്റെ ഒരു ചെറിയ ചിത്രം മാത്രം അദ്ദേഹം എടുത്തു. അവർ യാത്ര തുടർന്നു. ആ യാത്രയിൽ ആക്രമികൾ അവരുടെ കപ്പൽ വളഞ്ഞു. ഈ സമയം ഫാ. ഇഗ്നാസിയോ പരിശുദ്ധ മാതാവിന്റെ ചിത്രം തന്റെ കൈകളിൽ എടുത്ത് ക്രിസ്തുവിനുവേണ്ടി ജീവൻ നൽകാൻ തന്റെ യുവ സഹയാത്രികരെ പ്രോത്സാഹിപ്പിച്ചു. ആക്രമികൾ മിഷനറിമാരെ ആക്രമിക്കുകയും കടലിൽ എറിയുകയും ചെയ്തു. വാളുകൾ ശരീരത്തിൽ തുളച്ചുകയറുമ്പോഴും മാതാവിന്റെ ചിത്രം മുറുകെപ്പിടിച്ചുകൊണ്ട് ഫാ. ഇഗ്നാസിയോ യുവ മിഷനറിമാർക്ക് മാതൃക നൽകി.

    മരിക്കുന്നതിനു മുമ്പ്, ഫാ. ഇഗ്നാസിയോ പറഞ്ഞു, “ഞാൻ വിശുദ്ധ കത്തോലിക്കാ സഭയ്ക്കും സഭ പഠിപ്പിക്കുന്ന കാര്യങ്ങൾക്കും വേണ്ടിയാണ് മരിക്കുന്നത്. ഭയപ്പെടേണ്ട. കർത്താവിന്റെ ഈ കാരുണ്യത്തിന് നന്ദി പറയുക. ഞാൻ മുന്നോട്ട് പോകുന്നു, ഞാൻ സ്വർഗത്തിൽ നിങ്ങൾക്കായി കാത്തിരിക്കും.” അങ്ങനെ ആ വൈദികനും യുവ മിഷനറിമാരും മരണത്തെ പുൽകി. ബ്രസീലിലെ രക്തസാക്ഷികൾ എന്നാണ് അവർ അറിയപ്പെടുന്നത്.

    കടലിനടിയിലെ സ്മാരകം

    കാനറി ദ്വീപികൾക്കു സമീപമായിട്ടാണ് ഈ കടൽസ്മാരകം സ്ഥിതിചെയ്യുന്നത്. സ്പടികം പോലെ തിളങ്ങുന്ന വെള്ളത്തിന്, ഇരുപതു മീറ്ററുകൾ ആഴത്തിൽ നാല്പത് കൽക്കുരിശുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കടൽക്കൊള്ളക്കാര്‍, ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി പീഡിപ്പിക്കുകയും കടലിൽ വലിച്ചെറിയുകയും ചെയ്ത നാൽപത് യുവ മിഷനറിമാരുടെ, രക്തസാക്ഷികളുടെ ഓർമ്മക്കായിട്ടാണ് ഈ സ്മാരകം നിർമ്മിച്ചത്. രക്തസാക്ഷികൾ കൊല്ലപ്പെട്ട അതേ സ്ഥലത്ത് തന്നെ വെള്ളത്തിനടിയിലായിട്ടാണ് ഈ സ്മാരകം നിലകൊള്ളുന്നത്.

    1999-ലാണ് നാൽപതു മിഷനറിമാരുടെ രക്തസാക്ഷിത്വ സ്ഥലത്ത് സ്മാരകം സ്ഥാപിച്ചത്. കൗൺസിൽ ഓഫ് ലാ പാൽമയും മറ്റ് ഗ്രൂപ്പുകളും ചേർന്ന് 40 ശിലാകുരിശുകൾ അടങ്ങുന്ന അണ്ടർവാട്ടർ സ്മാരകം നിർമ്മിച്ചു. ഇന്ന് അണ്ടർവാട്ടർ ഫോട്ടോഗ്രാഫർമാർക്ക് പ്രിയപ്പെട്ട സ്ഥലാണ് ഈ സ്മാരകം. ഈ യുവ രക്തസാക്ഷികളോടുള്ള ബഹുമാനസൂചകമായി 13 അടി ഉയരമുള്ള മറ്റൊരു കുരിശ് 2014-ൽ തീരത്ത് സ്ഥാപിക്കുകയും ചെയ്തു.

    മരിയ ജോസ്

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.