
ഇന്ത്യയിൽ ക്രൈസ്തവർക്കും ക്രൈസ്തവ ആരാധനാലയങ്ങൾക്കും നേരെ തുടർച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബെംഗളൂരു ആർച്ച്ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ. ആർച്ച്ബിഷപ്പും മറ്റുള്ളവരും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ ആവശ്യം. അതേസമയം, ഹർജി സുപ്രീം കോടതി പരിഗണിച്ചു.
ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ജൂലൈ 15 ന് കേസിൽ വാദം കേട്ടത്. കേസ് കൂടുതൽ വിശദമായി പഠിക്കാൻ സമയം ആവശ്യമാണെന്ന് വ്യക്തമാക്കിയ കോടതി, തുടർന്നുള്ള വാദം കേൾക്കൽ 2026 ഓഗസ്റ്റ് 21 ലേക്ക് മാറ്റിവച്ചു.
വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ പ്രാർഥനായോഗങ്ങൾ, പള്ളികൾ, ആരാധനാചടങ്ങുകൾ എന്നിവയ്ക്കു നേരെ തുടർച്ചയായി ഉണ്ടാകുന്ന ഭീഷണികളും ആക്രമണങ്ങളും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രത്യേകിച്ച് ക്രിസ്തുമസ്, നോമ്പുകാലം, ദുഃഖവെള്ളി, ഈസ്റ്റർ തുടങ്ങിയ പ്രധാന തിരുനാൾ സമയങ്ങളിൽ വിശ്വാസികൾ വലിയ തോതിൽ ഒത്തുകൂടുമ്പോൾ ആക്രമണങ്ങൾ വർധിക്കുന്നതായും ഹർജിയിൽ പറയുന്നു. മതം മാറ്റം ആരോപിച്ചാണ് പലയിടങ്ങളിലും സമാധാനപരമായി നടക്കുന്ന പ്രാർഥനായോഗങ്ങൾ അക്രമികൾ തടസ്സപ്പെടുത്തുന്നത്.
ഹർജിയിൽ നൽകിയിരിക്കുന്ന കണക്കുകൾ പ്രകാരം 2025 ൽ ക്രൈസ്തവർക്കെതിരെ എണ്ണൂറിലധികം അതിക്രമങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2026 ന്റെ ആദ്യ ആറ് മാസങ്ങളിൽ മാത്രം 285 അതിക്രമങ്ങൾ നടന്നുകഴിഞ്ഞു. ഇത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുവെന്ന് ഹർജിക്കാർ വ്യക്തമാക്കുന്നു. ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ 2022 ലും 2023 ലും മതംമാറ്റ ആരോപണങ്ങളെത്തുടർന്നുണ്ടായ അക്രമങ്ങളിൽ നിരവധി ക്രൈസ്തവകുടുംബങ്ങൾ സ്വന്തം വീടുകളിൽ നിന്ന് പലായനം ചെയ്യേണ്ടിവന്ന സാഹചര്യവും സുപ്രീം കോടതിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.




