
കത്തോലിക്കാ സ്കൂളുകൾക്കു നേരെ വെടിയുതിർക്കുമെന്നും കത്തോലിക്കാ വിശ്വാസിയായ സംസ്ഥാന ഗവർണറുടെ മക്കളെയും കന്യാസ്ത്രീകളെയും വധിക്കുമെന്നും ഓൺലൈൻ വഴി ഭീഷണി മുഴക്കിയ 32 കാരൻ നെബ്രാസ്കയിൽ പൊലീസ് പിടിയിലായി. ഒമാഹ സ്വദേശിയായ ഈൻ ഹാൽസ്റ്റെഡ് (Ean Halstead) എന്ന ആളെയാണ് നെബ്രാസ്ക സ്റ്റേറ്റ് പെട്രോൾ വിഭാഗം അറസ്റ്റ് ചെയ്തത്.
കൊളംബസ് കത്തോലിക്കാ സ്കൂളുകളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും വെബ്സൈറ്റിലൂടെയുമാണ് പ്രതി ഭീഷണിസന്ദേശം അയച്ചത്. “ഞാൻ ഈ സ്കൂളിൽ കയറി വെടിയുതിർക്കും. ഒപ്പം ജിം പില്ലന്റെ (നെബ്രാസ്ക ഗവർണർ) മക്കളെയും ചില കന്യാസ്ത്രീകളെയും തമാശയ്ക്കായി കൊലപ്പെടുത്തും” എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ജൂൺ 29 നാണ് സ്കൂൾ അധികൃതർ ഈ ഭീഷണിസന്ദേശം പൊലീസിന്റെ ശ്രദ്ധയിൽപെടുത്തുന്നത്. തുടർന്ന്, സൈബർ വിഭാഗം നടത്തിയ അന്വേഷണത്തിൽ സന്ദേശം അയയ്ക്കാൻ ഉപയോഗിച്ച ഐപി അഡ്രസ് (IP Address) ഒമാഹയിലെ ഒരു അപ്പാർട്ട്മെന്റിലേ
താണെന്ന് കണ്ടെത്തുകയായിരുന്നു.
ജൂൺ 29 നു തന്നെ പൊലീസ് ഇയാളുടെ അപ്പാർട്ട്മെന്റിൽ എത്തിയെങ്കിലും പ്രതി പൊലീസിനോട് സഹകരിക്കാൻ തയ്യാറാകാതെ രണ്ടു മണിക്കൂറോളം വീടിനുള്ളിൽ ഒളിച്ചിരുന്നു. തുടർന്ന് വാറന്റുമായി എത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.




