വന്യജീവി ആക്രമണത്തിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് വീണ്ടും പ്രത്യക്ഷ സമരത്തിലേയ്ക്ക്

മണ്ണാര്‍ക്കാട്: വന്യമൃഗങ്ങളില്‍ നിന്നും പാലക്കാട് ജില്ലയിലെ കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാനുതകുന്ന ഒരു നയം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രത്യക്ഷ സമരപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ സമിതി തീരുമാനിച്ചു.

കാട്ടാന, പുലി തുടങ്ങിയ വന്യമൃഗങ്ങള്‍ ജനവാസ മേഖലകളായ എടത്തനാട്ടുകര, ചോലമണ്ണ്, ചൂരപ്പട്ട, ചൂളി, മുണ്ടക്കുളം, ഓലപ്പാറ, ചളവ, തിരുവിഴാംകുന്ന്, അമ്പലപ്പാറ, ഇരട്ടവാരി, കരടിയോട്, കണ്ടമംഗലം, മേക്കളപ്പാറ, പൊതുവപ്പാടം, പൂഞ്ചോല, പാലക്കയം-തരിപ്പപ്പതി, മുണ്ടനാട്, അട്ടപ്പാടി മേഖലയില്‍ ഷോളയൂര്‍, ചാവടിയൂര്‍, കടംപാറ, വെച്ചപ്പതി-വെള്ളകുളം, മുള്ളി-എലച്ചിവഴി, പാലൂര്‍-പാടവയല്‍, സമ്പാര്‍കോട്, കുറവന്‍പാടി-പുലിയറ, ചിറ്റൂര്‍-ചുണ്ടകുളം, കുറവന്‍കണ്ടി, കണ്ടിയൂര്‍, കൊല്ലംകടവ്, വീട്ടിയൂര്‍-താവളം, ത്രിത്വമല, കള്ളമല, ചോലക്കാട്, പറയംകുന്ന്, ചീരക്കടവ്, പരപ്പംതറ, കല്ലടിക്കോടന്‍ മലയോര മേഖലയില്‍ കരിമല, മീന്‍വല്ലം, ചെറുമല, പാങ്ങ്, തുടിക്കോട്, പറക്കലടി, എരുമേനി, മുട്ടിയങ്ങാട്, വടക്കന്റെ കാട്, കൈയ്യറ തുടങ്ങിയ പ്രദേശങ്ങളില്‍ നിരന്തരം കാടിറങ്ങി വന്ന് കര്‍ഷകരുടെ ജീവനു ഭീഷണിയായി മാറിയിരിക്കുന്നു.

ഈ മേഖലകളിലെ ജനങ്ങള്‍ക്ക് വന്യമൃഗങ്ങളെ ഭയന്ന് രാത്രികാലങ്ങളില്‍ അത്യാവശ്യങ്ങള്‍ക്കു പോലും വീടിനു പുറത്തിറങ്ങാന്‍ കഴിയുന്നില്ല.
വന്യമൃഗങ്ങളുടെ ആക്രമണഭീതി മൂലം പുലര്‍ച്ചെയുള്ള ടാപ്പിംഗ് നടത്താന്‍ കഴിയാതെ തൊഴിലാളികള്‍ ദുരിതത്തിലാണ്. കര്‍ഷക വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന കപട പരിസ്ഥിതിവാദികളും കപട മൃഗസ്‌നേഹികളും മനുഷ്യജീവികളായ കര്‍ഷകരുടെ മനുഷ്യാവകാശങ്ങള്‍ തിരിച്ചറിയണം. ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്. അത്, ജാതിയും മതവും നോക്കാതെ സംരക്ഷിക്കപ്പെടണം. കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാനുള്ള ഒരു നയം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പാലക്കാട് ജില്ലയില്‍, വന്യമൃഗങ്ങളുടെ സംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. ഈ അടുത്ത കാലത്ത് നിരവധി പേര്‍ക്ക് വന്യജീവി ആക്രമണം മൂലം ജീവന്‍ നഷ്ടപ്പെട്ടു. മലയോര മേഖലകളിലെ വന്യമൃഗശല്യം തടയുവാന്‍ വേണ്ടി നിലവില്‍ ഉപയോഗപ്പെടുത്തുന്ന പ്രതിരോധ സംവിധാനങ്ങള്‍ പലതും ബന്ധപ്പെട്ടവരുടെ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. നടപ്പിലാക്കിയവയില്‍ തന്നെ പലതും കൃത്യമായി, സമയാസമയങ്ങളില്‍ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കപ്പെടുന്നില്ല. പ്രതിരോധ സാമഗ്രികളുടെ നിലവാരം അടിയന്തിരമായി ഉറപ്പ് വരുത്തേണ്ടതാണ്. വന്യമ്യഗങ്ങള്‍ ജനവാസ മേഖലയില്‍ പ്രവേശിക്കുന്നത് ശാശ്വതമായി തടയാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മലയോര മേഖലയിലെ പ്രദേശവാസികളായ കര്‍ഷകരെ തന്നെ സൗരോര്‍ജ്ജ വൈദ്യുതവേലി സംരക്ഷണ ജോലി ഏല്പിക്കുകയാണെങ്കില്‍, ഇടിമിന്നല്‍ മൂലമോ മറ്റു കാരണങ്ങള്‍ മൂലമോ വൈദ്യുതവേലി തകരാറിലാവുകയാണെങ്കില്‍ ഉടന്‍തന്നെ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ കഴിയും. കൂടാതെ, ഗുണഭോക്താക്കള്‍ തന്നെ സംരക്ഷകരായാല്‍ ഇടനിലക്കാരുടെ ലാഭവിഹിതം ഒഴിവാക്കി കൂടുതല്‍ ഗുണമേന്മയുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാനും സാധിക്കും. സൗരോര്‍ജ്ജ വൈദ്യുതവേലിയില്‍ മുഴുവന്‍ സമയവും വൈദ്യുതി ലഭ്യമാകാന്‍ ആവശ്യമായ സൗരോര്‍ജ്ജ പാനലുകള്‍ പ്രദേശങ്ങളില്‍ സ്ഥാപിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

വന്യജീവി ആക്രമണത്തിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഒലവക്കോട് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസിലേയ്ക്കു നടത്തിയ കര്‍ഷക റാലിയിലും ധര്‍ണ്ണയിലും വന്‍ കര്‍ഷക പ്രതിഷേധം ഇരമ്പിയിരുന്നു. തുടര്‍ന്ന്, കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഭാരവാഹികള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ. ആര്‍. അഡലരാസന് നിവേദനം സമര്‍പ്പിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ജില്ലയില്‍ ആന, പുലി, കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ വ്യാപകമായി ജനവാസമേഖലകളിലേയ്ക്ക്‌ കടന്നുവരുന്നതിനുള്ള യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ശാസ്ത്രീയ പഠനം നടത്തണമെന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആവശ്യം ഗൗരവമായി പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഫലപ്രദമായ നടപടികള്‍ ഒന്നുംതന്നെ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ജില്ലയിലെ ഓരോ പ്രദേശത്തെയും പ്രശ്നം സമഗ്രമായി പഠിക്കാന്‍ കര്‍ഷകരേക്കൂടി ഉള്‍പ്പെടുത്തി വിദഗ്ദ സമിതികളെ നിയമിക്കണമെന്നും, വന്യജീവി ആക്രമണം മൂലം ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്കും, വിളനാശം സംഭവിക്കുന്നവര്‍ക്കും നല്കുന്ന നഷ്ടപരിഹാരം കാലാനുസൃതമായി പുതുക്കി നിശ്ചയിക്കണമെന്നും, നഷ്ടപരിഹാരം നിര്‍ണ്ണയിക്കാനും വിതരണം ചെയ്യാനും ഓരോ ജില്ലയിലും സ്വതന്ത്ര ചുമതലയുള്ള ജുഡീഷ്യല്‍ അധികാരത്തോടു കൂടിയ ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും, കുടിയേറ്റ കര്‍ഷകരെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന വനംവകുപ്പിന്റെ മനോഭാവം അവസാനിപ്പിക്കണമെന്നും, കര്‍ഷകരുടെ ജീവനും നിലനില്‍പ്പിനും ഉതകുന്നവിധം വനംവകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി നടപ്പിലാക്കണമെന്നും, കൃഷിഭൂമിയില്‍ പ്രവേശിച്ച് കാര്‍ഷികവിളകള്‍ക്ക് നാശനഷ്ടം വരുത്തുന്ന വന്യമൃഗങ്ങളില്‍ നിന്നും കൃഷിഭൂമി സംരക്ഷിക്കാനുള്ള അവകാശം, ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും ഉള്ളതുപോലെ കേരളത്തിലെ കര്‍ഷകര്‍ക്കും നല്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി ആവശ്യപ്പെട്ടു.

കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി യോഗം ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍, ട്രഷറര്‍ മാത്യു കല്ലടിക്കോട്, ഗ്ലോബല്‍ സെക്രട്ടറി മോഹന്‍ ഐസക്, സെക്രട്ടറി ജോസ് വടക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.

സമരസമിതി ചെയര്‍മാന്‍ ജോമി മാളിയേക്കല്‍, വൈസ് ചെയര്‍മാന്‍ സോണി പ്ലാത്തോട്ടത്തില്‍, കണ്‍വീനര്‍ ജോസ് കാട്രുകുടിയില്‍, ജോയിന്റ് കണ്‍വീനര്‍മാര്‍ ലാലു താന്നിപ്പൊതിയില്‍, ഡേവിസ് ചാലിശ്ലേരി എന്നിവരെ യോഗം തെരഞ്ഞടുത്തു.